കോവിഡിന്റെ കരിമേഘങ്ങള്‍ക്കു കീഴെ ഇന്ന് ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തിന് സവിശേഷതകള്‍ ഏറെയുണ്ട്. വിദ്യാലയങ്ങള്‍ അടഞ്ഞുകിടക്കുന്നു. പ്രവേശനോത്സവങ്ങളും ആഹ്ലാദാരവങ്ങളുമില്ല. പുത്തന്‍ ഉടുപ്പണിഞ്ഞ് തോളുചേര്‍ന്ന് നീങ്ങുന്ന കുട്ടിക്കൂട്ടങ്ങളെയും കാണാനാവില്ല. ലോക്ക്ഡൗണിന്റെ തടവറയില്‍ മൂകമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ കാത്തിരിക്കാനാണ് നമ്മുടെ കുട്ടികളുടെ വിധി. കോവിഡ് മഹാമാരിയുടെ കരാളഹസ്തത്തില്‍ ജീവിതം വീര്‍പ്പുമുട്ടുമ്പോള്‍ കേരളത്തിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങളും കരിഞ്ഞുണങ്ങുകയാണ്.
അന്താരാഷ്ട്രതലത്തില്‍ കോവിഡും അനുബന്ധ ലോക്ക്ഡൗണുകളും വിദ്യാഭ്യാസ രംഗത്ത് കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. കേരളം പ്രത്യേകിച്ചും കോവിഡിന്റെ പ്രധാന ഇരയാണ്. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ ഫിനിഷിങ് പോയിന്റിലെത്തുന്നതിന് മുമ്പേ സ്കൂളുകള്‍ അടക്കേണ്ടിവന്നു. പരീക്ഷകള്‍ നിര്‍ത്തിവെച്ചു. ജീവിതം കീഴ്മേല്‍ മറിക്കപ്പെട്ടപ്പോള് വിദ്യാഭ്യാസ രംഗവും നിശ്ചലമാകുകയായിരുന്നു. അവസാന ഘട്ടത്തില്‍ നിര്‍ത്തിവെച്ച എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാത്രമാണ് പൂര്‍ത്തിയായിരിക്കുന്നത്. സര്‍വകലാശാല പരീക്ഷകള്‍ അനിശ്ചിതമായി നീളുകയാണ്. പ്രൈമറി ക്ലാസുകളും ഉന്നത വിദ്യാഭ്യാസ രംഗവും ഒരുപോലെ സ്തംഭിച്ചിരിക്കുന്നു.
കോവിഡ് വ്യാപനം ഭയന്ന് പതിവുപോലെ ജൂണ്‍ ഒന്നിന് സ്കൂളുകള്‍ തുറക്കാന്‍ സാധിക്കില്ലെങ്കിലും അധ്യയനം തുടങ്ങുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് ക്ലാസുകളില്‍ എത്താന്‍ സാധിക്കില്ലെന്നിരിക്കെ പഠനം ഓണ്‍ലൈന്‍ വഴിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറയുന്നു. ലോകത്തെ പല പ്രമുഖ സര്‍വകലാശാലകളും ഓണ്‍ലൈന്‍ പഠനരീതി പരീക്ഷിച്ചു തുടങ്ങിയ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സ്വപ്നത്തെ കുറ്റംപറയാനാവില്ല. പക്ഷെ, കേരളീയ സാഹചര്യം മനസ്സിലാക്കുന്നതിലും മുന്നൊരുക്കങ്ങള്‍ നടത്തുന്നതിലും മന്ത്രി പരാജയപ്പെട്ടിരിക്കുന്നു. കോവിഡ് രോഗ വ്യാപനത്തിന്റെ ആഴവും പരപ്പും ഭീകരമാണെന്നിരിക്കെ സ്കൂളുകള്‍ തുറക്കാന്‍ സമയമെടുക്കും. ഇതേക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായിട്ടും വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരോടും അധ്യാപക സംഘടനകള്‍ ഉള്‍പ്പെടെയുള്ളവരോടും ആലോചിച്ച് പകരം സംവിധാനം കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. മെയ് അവസാന വാരത്തില്‍ മാത്രമാണ് പുതിയ അധ്യയന വര്‍ഷം എങ്ങനെ ആരംഭിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ആലോചിച്ചത്. കഴിഞ്ഞ ദിവസം പഠനം ഓണ്‍ലൈനാക്കുമെന്ന് ഒഴുക്കന്‍ മട്ടിലൊരു പ്രസ്താവന നടത്തി മന്ത്രി പിന്‍വലിയുകയും ചെയ്തു. പിന്നീടുണ്ടായതെല്ലാം കേട്ടുകേള്‍വികളായിരുന്നു. കുട്ടികളുടെ പഠനകാര്യത്തില്‍ ആശങ്കയോടെ നില്ക്കുന്ന രക്ഷിതാക്കള്‍ക്ക് ആശ്വാസകരമായ മാര്‍ഗനിര്‍ദേശങ്ങളൊന്നും മുകളില്നിന്നുണ്ടായില്ല. ഒറ്റപ്പെട്ട ചില വിശദീകരണങ്ങള്‍ സ്വകാര്യ കോണുകളില്‍നിന്ന് കേട്ടുവെന്ന് മാത്രം.
അധ്യാപകര്‍ക്കുപോലും എന്തു ചെയ്യണമെന്ന് ധാരണയില്ല. വിദ്യാഭ്യാസ രംഗത്ത് എന്ത് പരീക്ഷണങ്ങള്‍ നടത്തുമ്പോഴും അധ്യാപകരെ അതിന് സജ്ജരാക്കേണ്ടതുണ്ട്. ഓണ്‍ലൈന്‍ പഠനം എങ്ങനെ നടത്തണമെന്ന് അവരെയായിരുന്നു ആദ്യം ധരിപ്പിക്കേണ്ടിയിരുന്നത്. വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ വഴി പാഠഭാഗങ്ങള്‍ എങ്ങനെ ആസൂത്രണം ചെയ്യണമെന്നോ അവതരിപ്പിക്കണമെന്നോ ഇന്ന് പുലരും വരെയും അധ്യാപകര്‍ക്ക് അറിയില്ലെന്ന് വ്യക്തം. അധ്യാപക സംഘടനകള്‍ അപ്രായോഗികതകള്‍ ചൂണ്ടിക്കാട്ടുകയും ആശങ്കകള്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ടെങ്കിലും വിദ്യാഭ്യാസ വകുപ്പ് അതൊന്നും മുഖവിലക്കെടുത്തിട്ടില്ല.
കോവിഡ് ഭീഷണി നിലനില്‍ക്കുമ്പോഴും ജൂണ്‍ ഒന്നിന് തന്നെ അധ്യയനം തുടങ്ങിയെന്ന് അവകാശപ്പെടാനായിരിക്കാം ധൃതിപിടിച്ചുള്ള ഈ സാഹസികതകള്‍. ആസൂത്രണമുണ്ടായില്ലെന്നതും സാധാരണക്കാരെ മുന്നില്‍ കണ്ടില്ലെന്നതുമാണ് ഓണ്‍ലൈന്‍ പഠന നീക്കത്തിന്റെ പ്രധാന പോരായ്മ. സര്‍വകലാശാല തലത്തില്‍ പോലും നൂറുശതമാനം വിജയം ഉറപ്പാക്കാന്‍ സാധിക്കാത്ത ഓണ്‍ലൈന്‍ പഠന രീതി പ്രൈമറി ക്ലാസുകളില്‍ എങ്ങനെ ഫലപ്രദമായി നടപ്പാക്കുമെന്ന ചോദ്യത്തിന് മറുപടി കിട്ടേണ്ടതുണ്ട്. അധ്യാപകരുടെ നേരിട്ടുള്ള ശ്രദ്ധ ആവശ്യമായ എല്‍.പി ക്ലാസുകളില്‍ ഇത്് പൂര്‍ണ പരാജയമായിരിക്കും. സ്മാര്‍ട്ഫോണുകളും ലാപ്ടോപ്പുകളും ഇല്ലാത്ത രക്ഷിതാക്കളും കുട്ടികളും എന്തു ചെയ്യുമെന്ന ചോദ്യവും ഏറെ പ്രസക്തമാണ്. സാമ്പത്തികമായി ഏറെ പിന്നോക്കം നില്ക്കുന്ന കുടുംബങ്ങള്‍ക്ക് ഇത്തരം സൗകര്യങ്ങളെല്ലാം അപ്രാപ്യമാണ്. ലോക്ക്ഡൗണിനെത്തുടര്‍ന്ന് ജോലിയും വരുമാനവും നഷ്ടപ്പെട്ടവര്‍ക്ക് പുതുതായി സംഘടിപ്പിക്കാനും സാധിക്കില്ല. സ്മാര്‍ട്ഫോണ്‍ പോലുള്ള ഡിവൈസുകള്‍ ഉപയോഗിച്ച് പരിചയമില്ലാത്ത രക്ഷിതാക്കളും അനവധിയാണ്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് കുട്ടികളെ ഓണ്‍ലൈന്‍ പഠനത്തിലേക്ക് തിരിച്ചുവിടാനും സജ്ജരാക്കാനും സാധിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഓര്‍ക്കേണ്ടതുണ്ട്. ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് സല്‍പ്പേര് സമ്പാദിക്കാന്‍ ശ്രമിക്കുന്നതിന് പകരം ആത്മാര്‍ത്ഥമായ നീക്കങ്ങളാണ് വിദ്യാഭ്യാസ മന്ത്രി നടത്തേണ്ടത്.
കോവിഡിനെത്തുടര്‍ന്ന് പഠനം മാത്രമല്ല, പ്രവേശനവും പരീക്ഷകളും പ്രമോഷനും ഉപരിപഠന സാധ്യതകളുമെല്ലാം മുടങ്ങിക്കിടക്കുകയാണ്. ഒന്നാം ക്ലാസുകളിലേക്കുള്ള പ്രവേശനം പോലും പൂര്‍ത്തിയായിട്ടില്ലെന്നിരിക്കെയാണ് ഓണ്‍ലൈന്‍ പഠനത്തിനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നെട്ടോട്ടം. സ്കൂളുകള്‍ എന്ന് തുറക്കുമെന്ന് ആശങ്കയുള്ളതുകൊണ്ട് പ്രൈമറി ക്ലാസുകളിലേക്കുള്ള പ്രവേശനക്കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് രക്ഷിതാക്കളെ ബോധവത്കരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ എല്ലാ സ്കൂളുകളിലും പ്രവേശനം മുടന്തിനീങ്ങുകയാണ്. അനിശ്ചിതത്വങ്ങള്‍ അനേകം ബാക്കിയിരിക്കെ ജൂണ്‍ ഒന്നിന് തന്നെ അധ്യയനം തുടങ്ങാന്‍ സര്‍ക്കാര്‍ വാശിപിടിക്കുന്നത് എന്തിനാണെന്ന് വ്യക്തമല്ല.
എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളുടെ മൂല്യനിര്‍ണയം സമയത്തിന് നടക്കാത്തതുകൊണ്ട് ഫലം വൈകുമെന്ന് ഉറപ്പാണ്. ഫലം വന്ന ശേഷം ഉപരിപഠനത്തിനുള്ള സംവിധാനങ്ങള്‍ എങ്ങനെ ഒരുക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. രാഷ്ട്രീയ പാര്‍ട്ടികളുമായും വിദ്യാഭ്യാസ വിചക്ഷണരുമായും കൂടിയാലോചിച്ച് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാവുന്നതേയുള്ളൂ. പക്ഷെ, എല്ലാം സ്വന്തം കൈ കൊണ്ട് തന്നെ ചെയ്തുവെന്ന് വരുത്തിതീര്‍ക്കാനുള്ള വ്യഗ്രതയും ദുര്‍വാശിയും സര്‍ക്കാറിനെ അന്ധരാക്കിയിരിക്കുന്നു. കാലോചിതമായ പരിഷ്കാരങ്ങള്‍ വിദ്യാഭ്യാസ മേഖലയിലുണ്ടായിട്ടില്ലെന്നാണ് ഇപ്പോഴത്തെ പ്രതിസന്ധി തെളിയിക്കുന്നത്. പൊതുവിദ്യാലയങ്ങളെല്ലാം ഹൈടെക്കാക്കിയെന്ന സര്‍ക്കാര്‍ വാദവും ഇവിടെ തകര്‍ന്നടിയുകയാണ്. ഹൈടെക് സംവിധാനങ്ങള്‍ എല്ലാ വിദ്യാലയങ്ങളിലും എത്തിയില്ലെന്ന് മാത്രമല്ല, പ്രൊജക്ടറുകളും മറ്റും ഘടിപ്പിക്കുന്നതില്‍ മാത്രമായി അത് ഒതുങ്ങുകയും ചെയ്തു.
വിദ്യാഭ്യാസ മേഖലയിലേക്ക് ആധുനിക മാറ്റങ്ങള്‍ ഇനിയും എത്താത്തതുകൊണ്ട് മാത്രമാണ് കോവിഡ് പോലുള്ള പ്രതിസന്ധി ഘട്ടങ്ങളെ ഫലപ്രദമായി നേരിടാന്‍ സാധിക്കാത്തത്. ഹൈടെക് സംവിധാനങ്ങള്‍ കുറ്റമറ്റരീതിയില്‍ നടപ്പാക്കിയിരുന്നെങ്കില്‍ പഠനം ഓണ്‍ലൈന്‍ വഴിയാക്കാന്‍ ഇത്രയേറെ പ്രയാസപ്പെടേണ്ടിവരുമായിരുന്നില്ല. കേരളത്തിലെ പ്രമുഖ സര്‍വകലാശാലകള്‍ പോലും ആധുനിക സംവിധാനങ്ങളോട് മുഖംതിരിഞ്ഞുനില്‍ക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും പരിഹരിക്കാനും സംസ്ഥാന സര്‍ക്കാര്‍ താല്പര്യം കാണിക്കുന്നില്ല. വിദ്യാഭ്യാസ വകുപ്പില്‍നിന്ന് പ്രഖ്യാപനങ്ങള്‍ മാത്രമാണ് കേള്‍ക്കുന്നത്.
ലോകവ്യാപകമായി കോവിഡിനെത്തുടര്‍ന്ന് 160 കോടി കുട്ടികള്‍ സ്കൂളില്‍ പോകുന്നില്ലെന്നാണ് യൂനിസെഫിന്റെ കണക്ക്. വീടുകളിലിരിക്കാന്‍ നിര്‍ബന്ധിതരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കാന്‍ സംവിധാനം കണ്ടെത്തണമെന്നും രക്ഷിതാക്കളെ അതിന് സജ്ജരാക്കണമെന്നും യൂനിസെഫ് നിര്‍ദ്ദേശിക്കുന്നു. കുട്ടികളെ വീടുകളില്‍ ഇരുത്തി പഠിപ്പിക്കന്‍ മാതാപിതാക്കള്‍ക്ക് പരിശീലനം നല്കേണ്ടിയിരിക്കുന്നു. സാധാരണക്കാരെ ഉള്‍ക്കൊണ്ടും വ്യക്തമായ ആസൂത്രണത്തിലൂടെയും മാത്രമേ സര്‍ക്കാറിന്റെ ഓണ്‍ലൈന്‍ പഠന സംരംഭം വിജയിക്കൂ.