കാലവര്‍ഷത്തിനുള്ള മുന്നൊരുക്കങ്ങള്‍ പ്രായോഗികമാകണം


കാലവര്‍ഷത്തിന്റെ വരവറിയിച്ചുള്ള ഇടവ മാസപ്പിറവിയോടെ പ്രളയഭീതിയുടെ മുകിലുകള്‍ കേരളത്തിനുമേല്‍ കനംതൂടങ്ങിയിരിക്കുന്നു. തുടര്‍ച്ചയായി രണ്ടു പ്രളയങ്ങളെ അഭിമുഖീകരിച്ച സംസ്ഥാനം മൂന്നാം വര്‍ഷവും അധിവര്‍ഷത്തെ ഭയക്കുന്നുണ്ട്. പ്രകൃതി ദുരന്തങ്ങളും പകര്‍ച്ചവ്യാധികളും മനുഷ്യന്റെ കൈപിടിയിലൊതുങ്ങില്ലെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ പ്രത്യേകിച്ചും ആശങ്കകള്‍ അസ്ഥാനത്തല്ല. അപരിഹാര്യമായ കനത്ത നഷ്ടങ്ങളാണ് പ്രളയയങ്ങളും, ഇപ്പോള്‍ കോവിഡ് മഹാമാരിയും നമുക്കുണ്ടാക്കിയിരിക്കുന്നത്.
മഴക്കുമുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളില്‍ കേരളത്തിന്റെ ആശങ്ക നിഴലിക്കുന്നുണ്ട്. ആഗസ്തില്‍ അധിവര്‍ഷത്തിന് സാധ്യതയുള്ളതായും കോവിഡ് വ്യാപനത്തോടൊപ്പം പ്രളയക്കെടുതികള്‍ കൂടി മുന്നില്‍ കാണേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. അത്തരമൊരു സാഹചര്യത്തെ നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് അദ്ദേഹം അവകാശപ്പെടുന്നുമുണ്ട്. പക്ഷെ, ആ മുന്നൊരുക്കങ്ങള്‍ എങ്ങനെയാണെന്നോ എത്ര അളവിലാണെന്നോ വ്യക്തമാക്കിയിട്ടില്ല. പ്രകൃതി ദുരന്തങ്ങള്‍ക്കുവേണ്ടിയുള്ള ഒരുക്കങ്ങള്‍ എത്ര ശക്തമായിരുന്നാലും മതിയാകില്ലെന്ന തിരിച്ചറിവുള്ളതുകൊണ്ട് ഒരു ശരാശരി രാഷ്ട്രീയക്കാരന്റെ മുനയൊടിഞ്ഞ വാക്കുകളായി പിണറായിയുടെ അവകാശവാദത്തെ നമുക്ക് കാണാം.
2018ലും 2019ലും സംഭവിച്ചതുപോലെ ഇത്തവണയും കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം. അതൊരു പ്രളയത്തിലേക്ക് നീങ്ങുമോ എന്ന കാര്യത്തില്‍ അവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടെങ്കിലും ജാഗ്രത പാലിച്ചേ പറ്റൂ. തുടര്‍ച്ചയായി മൂന്നാം വര്‍ഷവും കനത്ത മഴയുണ്ടാകുമെന്ന് പ്രമുഖ കാലാവസ്ഥാ നിരീക്ഷകന്‍ പ്രദീപ് ജോണ്‍ പറയുന്നു. അങ്ങനെ സംഭവിച്ചാല്‍ വീണ്ടും പ്രളയമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ അഭിപ്രായം. കേരളത്തിലെ വിദഗ്ധര്‍ ഇതിനെ ചോദ്യംചെയ്യുന്നുണ്ട്. മഴയുടെ അളവ് കൂടിയതുകൊണ്ട് മാത്രം പ്രളയമുണ്ടാകില്ലെന്നാണ് അവരുടെ നിലപാട്. കഴിഞ്ഞ രണ്ട് വര്‍ഷത്തേതുപോലെ മേഘവിസ്‌ഫോടനത്തിന് സമാനമായ സാഹചര്യം ഉണ്ടായാലാണ് പേടിക്കേണ്ടത്. മഴപ്പെയ്ത്തിന്റെ പ്രകൃതത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് പ്രശ്‌നം. കാലവര്‍ഷക്കാലത്ത് മൊത്തം ലഭിക്കേണ്ട മഴ ചുരുങ്ങിയ സമയത്തിനുള്ളില്‍ അതിശക്തമായി പെയ്തിറങ്ങുന്ന പ്രണതയാണ് ദുരന്തമായി മാറുന്നത്. 2019 ആഗസ്ത് ഒന്നിനും ഏഴിനുമിടക്ക് കനത്ത മഴ പെയ്തതാണ് നിലമ്പൂരിലെ പുത്തുമലയിലും കവളപ്പാറയിലും ഉരുള്‍പ്പൊട്ടലിനും മരണങ്ങള്‍ക്കും കാരണമായതെന്നത് ശ്രദ്ധേയമാണ്. ഇപ്പോഴത്തെ നിലവാരമനുസരിച്ച് നോക്കുമ്പോള്‍ ഈ വര്‍ഷവും ശക്തമായ മഴ പ്രതീക്ഷിക്കണം.
മഴലഭ്യതയുടെ തോതും പ്രളയ സാധ്യതകളും മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കില്ലെന്ന് വാദിക്കുന്ന വിദഗ്ധരുമുണ്ട്. പ്രകൃതിയുടെ അവസ്ഥാന്തരങ്ങളെ കാലേക്കൂട്ടി കാണാന്‍ സാധിക്കില്ലെന്ന് വ്യക്തം. ഏറെ വര്‍ഷങ്ങളായി മഴക്കമ്മി നേരിട്ടിരുന്ന കേരളം പെട്ടെന്നാണ് പ്രളയാന്തരീക്ഷത്തിലേക്ക് എത്തിയത്. തിരിമുറിയാതെ മഴ പെയ്യുന്ന കാലം നമുക്കുണ്ടായിരുന്നു. എങ്കില്‍ പിന്നെ എന്തുകൊണ്ടാണ് ഇപ്പോള്‍ മാത്രം പ്രളയമുണ്ടാകുന്നത്. ഭൂവിനിയോഗത്തിലുണ്ടായ വ്യതിയാനങ്ങളാണ് അതിന് കാരണമെന്ന് കണ്ടെത്താന്‍ പ്രയാസമില്ല. കഴിഞ്ഞ ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ ജലസംഭരണത്തിനും ജലനിര്‍ഗമനത്തിനുമുള്ള ഉപാധികള്‍ ഇല്ലാതായിരിക്കുകയാണ്. കേരളത്തിന്റെ മുഖമുദ്രകളായിരുന്ന നെല്‍വയലുകളും തോടുകളും കുളങ്ങളും ഗണ്യമായി കുറഞ്ഞിരിക്കുന്നു. 1950കളില്‍ എട്ട് ലക്ഷത്തോളം ഹെക്ടറിനടുത്തായിരുന്നു നെല്‍വയലുകളുടെ വിസ്തൃതി. ഇപ്പോഴത് രണ്ട് ലക്ഷം ഹെക്ടറോളമായി ചുരുങ്ങിയിട്ടുണ്ട്. മഴവെള്ളത്തെ സംഭരിച്ച് ഭൂഗര്‍ഭശേഖരത്തെ പരിപോഷിപ്പിക്കുന്ന നെല്‍വയലുകളും മറ്റ് തണ്ണീര്‍ത്തടങ്ങളും അപ്രത്യക്ഷമാകുന്നത് പ്രളയസാധ്യത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
മഴയുടെ അധികപ്പെയ്ത്തിനെ തുടര്‍ന്നുള്ള ജലം ഉള്‍ക്കൊള്ളാള്‍ ശേഷിയുണ്ടായിരുന്ന ഈ ജലസംഭരണികള്‍ വെള്ളം കെട്ടിനില്‍ക്കുന്നതും പ്രളയമുണ്ടാകുന്നതും ഒഴിവാക്കിയിരുന്നു. മഴയിലൂടെയുള്ള ഭൂഗര്‍ഭ ജലശേഖരം സമ്പുഷ്ടമായിരുന്നതുകൊണ്ട് അക്കാലത്ത് വരള്‍ച്ചകളെ അതിജീവിക്കാനും കേരളത്തിന് സാധിക്കുകയുണ്ടായി. ഇപ്പോള്‍ സ്ഥിതി അതല്ല. ഇന്ന് മഴക്കമ്മി നികന്നിട്ടും ജലക്കമ്മി തുടരുന്നത് പ്രകൃതിദത്ത ജലസംഭരണികള്‍ നശിച്ചതുകൊണ്ടാണ്. നല്‍വയലുകലളും തണ്ണീര്‍ത്തടങ്ങളും മണ്ണിട്ട് നികത്തിക്കൊണ്ടിരിക്കുന്നത് ഗുരുതരമായ ഭവിഷ്യത്തുണ്ടാക്കുമെന്ന് ബോധ്യമുണ്ടായിട്ടും നാം അതില്‍നിന്ന് പിന്മാറാന്‍ തയാറായിട്ടില്ല. മഴവെള്ളത്തിന്റെ ആഗമനനിര്‍ഗമന മാര്‍ഗങ്ങള്‍ ഇല്ലാതാകുന്നത് വെള്ളക്കെട്ടുകളുണ്ടാക്കും. ഒരുകാലത്ത് നാട്ടിന്‍പുറങ്ങളിലുണ്ടായിരുന്ന സ്വാഭാവിക തോടുകളും കനാലുകളും ചാലുകളും വെള്ളത്തിന് സുഗമമായി ഒഴുകിപ്പോകാന്‍ അവസരമൊരുക്കിയിരുന്നു.
വിശാലമായ നെല്‍വയലുകളില്‍ നഗരങ്ങള്‍ കെട്ടിപ്പൊക്കിയപ്പോള്‍ തദ്ദേശസ്ഥാപനങ്ങള്‍ നിര്‍മിച്ച കൃത്രിമ കനാലുകള്‍ മഴക്കാലത്തെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കാന്‍ പര്യാപ്തമല്ല. പ്രളയങ്ങളെ നേരിടാന്‍ താല്‍ക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ഒരുക്കിയും ഭക്ഷ്യവസ്തുക്കള്‍ സംഭരിച്ച് വിതരണം ചെയ്തും നെടുവീര്‍പ്പിട്ടതുകൊണ്ട് കാര്യമായില്ല. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളാണ് കേരളത്തിന് ആവശ്യം. അവശേഷിക്കുന്ന നെല്‍വയലുകളും തോടുകളും സംരക്ഷിച്ച് വരും കാലങ്ങളിലെങ്കിലും മഹാപ്രളയങ്ങളൊഴിവാക്കാന്‍ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. പക്ഷെ, നമ്മുടെ വികസന പദ്ധതികള്‍ അതിന് അനുഗുണമല്ല. കാര്‍ഷികമേഖലയെ സംരക്ഷിക്കുന്നതിലൂടെ മാത്രമേ നെല്‍വയലുകളും മറ്റും നഷ്ടപ്പെടാതെ പരിപാലിക്കാനാവൂ. പുരോഗതിയുടെ മേ• നടിച്ച് മണ്ണുപറ്റാതെ ജീവിക്കുന്നതാണ് അന്തസ്സെന്ന തെറ്റിദ്ധാരണ കേരളീയരെ വരിഞ്ഞുമുറുക്കിയിരിക്കുകയാണ്. ആദായകരമല്ലാത്ത ഏര്‍പ്പാടാക്കി കൃഷിയെ മാറ്റിയതില്‍ ഭരണകൂടങ്ങള്‍ക്കുമുണ്ട് പങ്ക്. വ്യവസായങ്ങള്‍ക്ക് ഫണ്ടുകളും ആനുകൂല്യങ്ങളും വാരിക്കോരി നല്‍കുന്ന തിരക്കില്‍ അന്നദാതാവായ കര്‍ഷകനെ നാം മറന്നു. ഭക്ഷ്യക്ഷാമവും പട്ടിണിയുമായിരിക്കും അതിന്റെ ദുരന്തഫലം.
കഴിഞ്ഞ പ്രളയക്കാലത്ത് ഉരുള്‍പൊട്ടലിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചത്. മഴപ്പെയ്ത്ത് കൂടുമ്പോള്‍ ഉരുള്‍പ്പൊട്ടലുണ്ടാകാനുള്ള സാഹചര്യങ്ങള്‍ മനുഷ്യന്റെ അശാസ്ത്രീയ ഇടപെടല്‍ കാരണം രൂപപ്പെട്ടിരിക്കുകയാണ്. കേരളത്തിലെ മലനിരകളിലുള്ള പാറമടകളാണ് ഉരുള്‍പ്പൊട്ടല്‍ രൂക്ഷമാക്കിയത്. മഴക്കമ്മിയുടെ കാലത്ത് സ്‌ഫോടകവസ്തുക്കള്‍ വെച്ച് കരിങ്കല്ലുകള്‍ എടുക്കാന്‍ അനിയന്ത്രിതമായി അനുമതി നല്‍കുകയായിരുന്നു. ദുരന്ത സാഹചര്യത്തെക്കുറിച്ച് ഭരണകൂടങ്ങള്‍ അന്ന് ആലോചിച്ചതേയില്ല. വനമേഖലയുടെ വൃസ്തൃതിയിലും സാന്ദ്രയിലുമുണ്ടായ കുറവും മണ്ണിടിച്ചിലിന്റെയും ഉരുള്‍പ്പൊട്ടലിന്റെയും തീവ്രത കൂട്ടിയിട്ടുണ്ട്.
ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമെല്ലാം അംഗീകത സത്യങ്ങളാണ്. തല്‍ഫലമായി കാലാവസ്ഥയില്‍ മാറ്റമുണ്ടാകുമ്പോള്‍ തീവ്രമഴയും വരള്‍ച്ചയുമെല്ലാം ഉണ്ടാകും. വികസന കാഴ്ചപ്പാടുകളിലും വീക്ഷണങ്ങളിലും മാറ്റംവരുത്തി സ്വയം സജ്ജരാകുക മാത്രമാണ് അതില്‍നിന്ന് രക്ഷപ്പെടാനുള്ള പ്രധാന വഴി. ദുരന്തങ്ങളുണ്ടായാലേ നാം പഠിക്കൂ എന്ന് വരുന്നത് വലിയ അപടമാണ്. സുസ്ഥിരവികസനമെന്ന സങ്കല്‍പ്പം പ്രകൃതിയെ കൂട്ടുപിടിച്ചേ സാധ്യമാകൂ. സുഖഭോഗങ്ങളുടെ പിന്നാലെ അന്തമായി ഓടുമ്പോള്‍ ചതിക്കുഴികളിലേക്കാണ് ചാടുക. ശേഷം അതില്‍നിന്ന് കരകയറാന്‍ സാധിച്ചെന്ന് വരില്ല. പ്രളയങ്ങളെപ്പോലെ തന്നെ കോവിഡും നമുക്ക് തരുന്ന പാഠം അതാണ്.

SHARE