ഡോ. ആതിര ചെമ്പകശ്ശേരി മഠത്തില്‍
പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് വര്‍ഷങ്ങളോളം ഗൃഹപാഠമൊരുക്കിയ ശേഷമാണ് സംഘ്പരിവാര്‍ സര്‍ക്കാര്‍ ഇത് നടപ്പിലാക്കാനിറങ്ങിത്തിരിച്ചത്. നാഗ്പൂരില്‍ ഇക്കാര്യത്തിനായി നിരവധി മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തിയെന്നാണ് ലഭിക്കുന്ന സൂചനകള്‍. പൊതുസമൂഹം മനസ്സിലാക്കിയതുപോലെ കടുത്ത മുസ്ലിം വിരോധം മാത്രമാണ് ഈ നീക്കത്തിലൂടെ ആര്.എസ്.എസും സര്‍ക്കാരും മുന്നോട്ടുവെക്കുന്നത്. ഇതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായിരുന്നു മുസ്ലിം ഭീകരതയും ലൗ ജിഹാദ് കാംപയിനുമൊക്കെ.
എന്നാല്‍ പൗരത്വ നിയമം യാഥാര്‍ഥ്യമായശേഷം രാജ്യത്താകമാനം സംഭവിച്ചിരിക്കുന്ന പ്രധാന വഴിത്തിരിവ് ഇസ്ലാമിനെക്കുറിച്ചും മുസ്ലിംകളെക്കുറിച്ചും ഞാന്‍ ഉള്‍പ്പടെ ഇതര സമുദായാംഗങ്ങളും വിദ്യാര്‍ഥി സമൂഹവും പഠനത്തിന് തയ്യാറാകുന്നു എന്നതാണ്. എന്തുകൊണ്ടാണ് സംഘ്പരിവാറുകാര്‍ ഇസ്ലാമിനേയും മുസ്ലിംകളേയും വെറുക്കുന്നതെന്ന സംശയമുയര്‍ത്തുന്ന വിവരാന്വേഷികള് എത്തിച്ചേരുന്നത് മേട്ടുപ്പാളയത്തെ കൂട്ടമതംമാറ്റ ഗ്രാമങ്ങളിലാണ്. മേട്ടുപ്പാളയം ഒറ്റപ്പെട്ട പ്രവണതയായി കാണുന്നില്ല. മറിച്ച് ഇന്ത്യയാകെ നടക്കാനിരിക്കുന്ന മാറ്റത്തിന്റെ തുടക്കമായി ഒരുപക്ഷേ മേട്ടുപ്പാളയം മാറിയേക്കാം. ഒരു അസ്പൃശ്യ ശരീരത്തിന്റെ താഴ്ന്ന പദവിയെ ഓര്‍മിപ്പിച്ച ആദ്യത്തെ സംഭവമല്ല മേട്ടുപ്പാളയം. ദലിതുകളും മുസ്ലിംകളും ഇന്ത്യന്‍ സമൂഹത്തിന് കളങ്കമേറ്റവരായാണ് സംഘ്പരിവാര്‍ ക്യാമ്പുകള്‍ ഗണിക്കപ്പെടുന്നത്. ഒരുപാട് ദലിതര്‍ ഇനിയും മനസിലാക്കാത്ത വസ്തുതയാണ് അവര്‍ തോളേറ്റുന്ന ഹിന്ദുമതം തന്നെയാണ് അവര്‍ക്ക് ഇത്രയധികം അടിച്ചമര്‍ത്തല്‍ നേരിടേണ്ടിവരാന്‍ കാരണമെന്നത്. ദലിതര്‍ ആത്മാഭിമാനത്തിനര്ഹരല്ല എന്നത് സ്വാഭാവികവത്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അവരുടെ അസ്പൃശ്യ പദവി ജീവിതകാലം പേറുകയും മനുഷ്യവിസര്‍ജ്യമൊഴുകുന്ന മാന്‍ഹോളില്‍ കുടുങ്ങി മരിക്കാനുള്ളതാണെന്നും അവര്‍തന്നെ അവരെക്കുറിച്ച് വിലയിരുത്തുന്നു എന്നതായിരുന്നു നാളിതുവരെ സംഭവിച്ചിരുന്നത്.
അസമത്വത്താല്‍ പടുത്തുയര്‍ത്തിയ സമൂഹമാണ് ഹിന്ദുമതത്തിന്റെ തത്വശാസ്ത്രമെന്ന് ദലിത് ആക്ടിവിസ്റ്റ് ഫേസ്ബുക്ക് പോസ്റ്റിടുന്നതുപോലും വലിയൊരു ഏറ്റുമുട്ടലിന്റെ ശക്തിയാണ് ഇപ്പോള്‍ ഈ വിഭാഗങ്ങള്‍ക്ക് പകര്ന്നുനല്കുന്നത്. ഹിന്ദുമതത്തെ സംബന്ധിച്ചിടത്തോളം അതിന്റെ അതിജീവനംതന്നെ ജാതിയെ കൂട്ടുപിടിച്ചുകൊണ്ടാണ്. ജാതിക്കെപ്പോഴും രണ്ട് അംഗങ്ങളുണ്ടായിരിക്കണം. ഒന്ന് താഴ്ന്നതും മറ്റൊന്ന് ഉയര്‍ന്നതും. ജാതിയുടെ നിലനില്‍പ്പിന് ഈ രണ്ട് സ്വത്വങ്ങളും അതിന്റേതായ തലങ്ങളില്‍ നിലനിന്ന് പോരുകയും പല അര്‍ഥങ്ങളില്‍ ആ സംവിധാനത്തെത്തന്നെ ന്യായീകരിക്കാന്‍ തക്കവണ്ണം തുടരുകയും വേണം. ഇതിന് പകരംവെക്കാന്‍ കെല്‍പ്പുള്ള പ്രത്യയശാസ്ത്രം ഇസ്ലാമല്ലാതെ മറ്റൊന്നുമല്ലെന്ന് ദലിതുകള്‍ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ വിശേഷം. ഹൈന്ദവതയെ അപേക്ഷിച്ച് അതിന്റെ നേര് വിപരീതമായി ഇസ്ലാം പറയുന്നത്, ഒരാള്‍ അഞ്ചുനേരം മുടങ്ങാതെ ശുദ്ധി വരുത്തേണ്ടതിനെക്കുറിച്ചാണ്. അപ്പോള്‍, ഒരാള്‍ മുസ്ലിമിനെക്കുറിച്ച് പറയുമ്പോള്‍ അയാള്‍ക്ക് ആദ്യമേ മനസിലേക്ക് വരുന്നത് അവര്‍ ശുദ്ധിയുള്ളവരാണെന്ന ആശയമാണ്. മാത്രമല്ല ഹിന്ദുക്കളെപ്പോലെ അതില്‍ രണ്ട് അംഗങ്ങളെന്നൊരു ആശയമില്ല. അത് ഖുര്‍ആനില്‍ വേരൂന്നിയതും മസ്ജിദുകളിലെ വുളൂഅ് ചെയ്യുന്ന സ്ഥലത്ത് പ്രാവര്ത്തികമാക്കപ്പെട്ടുകൊണ്ടിരിക്കുന്നതുമായ ആശയമാണ്. അതുകൊണ്ടുതന്നെ ഹൈന്ദവത എപ്പോഴും ഇസ്ലാമിനെ അതിന്റെ വിപരീതമായി കാണുന്നു. അസമത്വം കേന്ദ്രീയ ബിന്ദുവായി നിലകൊള്ളുന്ന ഹിന്ദുമതത്തിന് എതിരുനില്‍ക്കാന്‍ മറ്റൊരു മതത്തിനും കഴിയില്ല. അറബ്നാട്ടില്‍ നിന്നുയിര്കൊണ്ടെന്ന് പറയപ്പെടുന്ന ഇസ്ലാമിനാണ് മറ്റേത് മതങ്ങളെക്കാളും അസമത്വത്തെ സമത്വംകൊണ്ട് പിഴുതെറിയാനുള്ള ശേഷിയുള്ളതെന്നും അടിച്ചമര്‍ത്തപ്പെട്ട ദലിതുകള്‍ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. മേട്ടുപ്പാളയത്ത് ജാതി ഹിന്ദുക്കള്‍ അവരവരുടെ വീടുകളില്‍നിന്ന് ദലിതുകളെ കാണാപ്പാടകലെ നിര്‍ത്താനായി പണിത ഉയരമുള്ള വലിയ മതില് ഇടിഞ്ഞുവീണാണ് പതിനേഴ് ദലിതര്‍ ദാരുണമായി മരണമടയുന്ന സാഹചര്യമുണ്ടായത്. അത്തരം നിര്‍മിതികള്‍ കേരളത്തിനുപുറത്ത് ഇന്ത്യയിലുടനീളം ധാരാളം കാണാനാകും. ഈ നിര്മിതികളെല്ലാംതന്നെ ഹിന്ദു മതത്തിലെ മേല്ജാതികള്ക്ക് മറ്റു ജാതികളില്‍നിന്ന് അശുദ്ധി തീണ്ടാതിരിക്കാന്വേണ്ടി വിവേചനപരമായി നിര്‍മിക്കപ്പെട്ടവയാണ്. നടപടിയെടുക്കാന്‍ ബാധ്യസ്ഥരായ പൊലീസ് ജാതി ഹിന്ദുക്കള്ക്കെതിരില് എഫ്.ഐ.ആര് എഴുതാന്‍ സന്നദ്ധമല്ല. കാരണം സവര്‍ണര്‍ക്ക് ദലിതുകളെ കൊലപ്പെടുത്താനുള്ള അവകാശമുണ്ടന്നവര് വിശ്വസിക്കുന്നു. ഇത്തരം പ്രവണതകള്‍ ഇന്ത്യയിലുടനീളം വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു. സവര്‍ണ ഹിന്ദുക്കള്‍ ഭരണഘടനയേക്കാളും ഹൈന്ദവ നിയമങ്ങളെയാണ് പിന്തുടരുന്നത്. സമൂഹവും പൊലീസുമെല്ലാം ഹിന്ദുകോഡ് പിന്തുടരുന്ന ഈയൊരവസ്ഥയില്‍ ദലിതുകള്‍ക്ക് ഒരിക്കലും അവരിലൊന്നും പ്രതീക്ഷവെക്കാന്‍ കഴിയില്ലെന്നാണ് അവര്‍ വിലയിരുത്തിക്കാണുന്നത്. അതുകൊണ്ടാണ് അംബേദ്കര്‍ പറഞ്ഞ പോലെ ഒരേയൊരു പരിഹാരം ഹിന്ദുമതം ഉപേക്ഷിക്കലാണെന്ന നിലയില്‍ അവര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇത് തന്നെയാണ് അവരങ്ങനെ തീരുമാനിക്കാനുള്ള കാരണം. മതപരിവര്‍ത്തനം പ്രഖ്യാപിച്ചതിന്ശേഷം ഒട്ടേറെ സമ്മര്‍ദങ്ങള്‍ പലഭാഗത്തുനിന്നും ഉണ്ടായെങ്കിലും നിലവില്‍ നാനൂറിലധികം പേര് ഇസ്ലാം സ്വീകരിച്ചു കഴിഞ്ഞുവെന്നാണ് മനസ്സിലാകുന്നത്. മുസ്ലിംകള് തന്നെ മറ്റൊരു ജാതിക്കാരനായി കണക്കാക്കുന്നില്ലെന്നും അവരില്‍ ഒരാളായാണ് തന്നെ പരിഗണിച്ചതെന്നും മതംമാറിയ അജിത്കുമാര്‍ എന്ന മുഹമ്മദ് റഹ്മാന് പറയുന്നു. അവര്‍ ഞങ്ങളുടെ വീട്ടിലേക്ക് വരാന്‍ തയ്യാറാണ്. ഞാന്‍ ഒരു ജാതിക്കാരന് അല്ലെന്നും ഒരു മുസ്ലിമാണെന്നുമാണ് അവര്‍ പറയുന്നത്. തനിക്ക് എല്ലാ സഹായങ്ങളും അവര്‍ ചെയ്തു തന്നുവെന്നും മുഹമ്മദ് ഖാന് പറയുന്നു.
ദലിതുകളെ അവസ്ഥയെക്കുറിച്ച് മറച്ചുവെച്ചിട്ടോ അപ്രധാനമായി കരുതിയിട്ടോ കാര്യമില്ല. മുസ്ലിംകളും ദലിതുകളും തമ്മിലുള്ള വ്യത്യാസം അവയെ തമ്മില്‍ മനസിലാക്കുന്നതനുസരിച്ചിരിക്കും. മുസ്ലിംകള് സമരം ചെയ്യുന്നത് അവരുടെ പൗരത്വം നിഷേധിക്കപ്പെടുമെന്നതിനാലാണ്. എന്നാല്‍ ദലിതുകള്‍ സമരമുഖത്ത് സജീവമല്ലാത്തതിനര്ഥം അവര്‍ പൗരത്വ നിയമത്തെ യാഥാവിധി മനസ്സിലാക്കിയില്ലെന്നതുകൊണ്ടാകാം. പക്ഷേ, ദലിതുകള്‍ ഇനിയും മനസിലാക്കേണ്ട ഒരു കാര്യമെന്തെന്നാല്‍ അവര്‍ അധപതിച്ച മനുഷ്യരെന്ന നിലക്കാണ് പരിഗണിക്കപ്പെടുന്നതെന്നാണ്. അവരിത് മനസിലാക്കുന്നുവെങ്കില്‍ എന്നോ സമരം തുടങ്ങുമായിരുന്നു. അവരുടെ മൊത്തം സമരങ്ങളും അവരെ പൗരന്മാരായി ഗണിക്കാന്‍ മറ്റുള്ളവരോട് ആവശ്യപ്പെടുന്ന തരത്തിലാണ്. രൂപയില്‍ നിന്ന് ഡോളറിലേക്ക് മാറ്റി എന്ന് പറയുന്ന പോലെയല്ല ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തുവെന്ന് പറയുക. ബുദ്ധമതത്തിലേക്കോ ക്രൈസ്തവതയിലേക്കോ പരിവര്‍ത്തനം ചെയ്യുന്നതില്‍നിന്ന് വ്യത്യസ്തമായി ഒരാള്‍ക്ക് ഇസ്ലാം തന്നില്‍ പ്രകടമാക്കേണ്ടതായിവരും. ഹിന്ദുമതത്തില്‍ ദലിതുകള്‍ക്ക് തൊട്ടുകൂടാത്തവരെന്നനിലക്ക് ജാതി പീഡനം സഹിക്കേണ്ടതായിവരും. അതേസമയം ഒരു മുസ്ലിം ആവുകയും ഭരണഘടന സംരക്ഷിക്കാന്‍വേണ്ടി തെരുവിലറങ്ങുകയും ചെയ്യുന്നതാണ് എത്രയോ ഭേദം. ആ യാഥാര്‍ഥ്യം ദലിത് സമൂഹം തിരിച്ചറിഞ്ഞുതുടങ്ങിയതിന്റെ തെളിവായി മേട്ടുപ്പാളയത്തെ കാണാതാരിന്നുകൂട. എന്നാല്‍ പോലും എന്റെ പിതാമഹന്മാര് ഉള്‍പ്പെടെ കീഴ്ജാതിയില്‍ ജനിച്ചുപോയെന്ന കുറ്റത്തിന് മാനുഷികപരിഗണനയില്ലാതെ അടിയാളരെ ദ്രോഹിക്കാന്‍ കാണിച്ച ഉത്സാഹം വര്‍ത്തമാനകാലത്തെ ജാതീയ മേലാളര്‍ക്കോ അവര്‍ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കോ അല്‍പ്പം പോലും കുറയാന്‍ ഒരു സാധ്യതതയും കാണുന്നുല്ല.