പാരസ്പര്യത്തിന്റെ ചങ്ങലയും മുറിയുന്നു


ഇന്ത്യയെ പരസ്പരം ബന്ധിപ്പിക്കുന്നത് തങ്ങളാണെന്ന് അവകാശപ്പെട്ടിരുന്ന പൊതുമേഖലാസ്ഥാപനമാണ് ബി.എസ്.എന്‍.എല്‍. അതു ശരിയുമായിരുന്നു. രാജ്യത്തെ മുക്കും മൂലയും പരസ്പരം കൂട്ടിയോജിപ്പിച്ചിരുന്ന ഇന്ത്യയുടെ അഭിമാന സ്തംഭമായിരുന്ന ഈ സ്ഥാപനം ഇന്ന് തകര്‍ച്ചയുടെ നാരായ വേരിലെത്തി ഊര്‍ദ്ധശ്വാസം വലിക്കുകയാണ്. കമ്യൂണിക്കേഷന്‍ മേഖലയില്‍ പുതു ചരിത്രമെഴുതിയ സ്ഥാപനം ഇന്ന് മറ്റൊരു ചരിത്ര നിമിഷത്തിലാണ്. ഏറ്റവും കൂടുതല്‍ പേര്‍ ഒരേദിവസം പടിയിറങ്ങുന്ന സ്ഥാപനമെന്ന, ഒരുപക്ഷേ ഇനി തിരുത്താനിടയില്ലാത്ത റെക്കോര്‍ഡിനുടമയായി മാറുകയാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്. 78,569 പേരാണ് ഇന്ന് സ്വയം വിരമിക്കല്‍ പദ്ധതിയുടെ ഭാഗമായി ബി.എസ്.എന്‍.എല്ലിന്റെ പടിയിറങ്ങുന്നത്. സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പകുതിയലധികം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയെന്നത് അസാധാരണ സംഭവമാണ്. എന്നാല്‍ മോദി ഭരണകാലത്ത് ഇത്തരം അസാധാരണത്വങ്ങള്‍ പുതുമയല്ലാതായിമാറിക്കൊണ്ടിരിക്കുന്നു. ഇനി ബി.എസ്.എന്‍.എല്ലില്‍ ശേഷിക്കുന്നത് 75,217 പേരാണ്. ജോലി സ്ഥിരത എത്രനാള്‍ ഉണ്ടാകുമെന്ന ആശങ്കയിലാണ് അവരും. ഒരു ദിവസം നേരം വെളുക്കുമ്പോള്‍ ബി.എസ്.എന്‍. എല്‍ ഓര്‍മ മാത്രമാകുമെന്ന ഭീതി ജീവനക്കാരിലുണ്ട്. അത്രമാത്രം ആസൂത്രണം ചെയ്ത് നടപ്പാക്കപ്പെട്ട രാഷ്ട്രീയ ഗൂഢാലോചന ബി.എസ്.എന്‍.എല്ലിന്റെ തകര്‍ച്ചക്ക് പിന്നിലുണ്ട്.
ഇഞ്ചിഞ്ചായി ഒരു സ്ഥാപനത്തെ വകവരുത്തിയ രാഷ്ട്രീയ കൗശലം കോര്‍പറേറ്റുകള്‍ക്കായി പുറംപണി ചെയ്യുന്ന ഭരണ നേതൃത്വത്തിന്റേത് മാത്രമല്ല. കോര്‍പറേറ്റുകള്‍ നേരിട്ട് കളത്തിലിറങ്ങി നടത്തിയ നീക്കങ്ങളില്‍ സംരക്ഷിക്കാനാരുമില്ലാതെ സ്വയം തകര്‍ന്നടിയുകയായിരുന്നു ബി.എസ്.എന്‍.എല്‍. കോര്‍പറേറ്റുകളും ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളും പരസ്പരം കൈകോര്‍ത്ത് നീങ്ങിയപ്പോള്‍ തകര്‍ച്ചയില്‍നിന്ന് തകര്‍ച്ചയിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു ഈ സ്ഥാപനം. 14 വര്‍ഷം മുമ്പ് പതിനായിരം കോടി രൂപയിലേറെ ലാഭമുണ്ടാക്കിയ കമ്പനി ഈ സാമ്പത്തിക വര്‍ഷം എണ്ണായിരം കോടിയുടെ നഷ്ടമാണുണ്ടാക്കിയത്. 2017-18ല്‍ 634 കോടി ലാഭം നേടിയ കേരള സര്‍ക്കിളില്‍ പോലും ഈ സാമ്പത്തിക വര്‍ഷം 261 കോടിയുടെ നഷ്ടക്കണക്കാണ് പറഞ്ഞുകേള്‍ക്കുന്നത്. രക്ഷിക്കാന്‍ ഒരുപാട് വാതിലുകള്‍ തുറന്നുകിടപ്പുണ്ട് ഇപ്പോഴും. നശിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയവര്‍ രക്ഷാകവചം തീര്‍ക്കുമെന്ന് ആരും കരുതുന്നില്ല. അംബാനിക്ക്‌വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയോയുടെ അംബാസിഡറായി പത്രങ്ങളുടെ മുന്‍പേജില്‍ നിറഞ്ഞുനിന്ന ദിനം മുതലാണ് ബി.എസ്.എന്‍.എല്ലിന്റെ തകര്‍ച്ചയുടെ വേഗം കൂടിയത്. ജിയോയുടെ കുതിപ്പും ബി.എസ്.എന്‍.എല്ലിന്റെ തകര്‍ച്ചയും ഒരേ വേഗത്തിലാണ് സംഭവിച്ചത്.
ബി.എസ്.എന്‍.എല്ലിന്റെ രക്ഷക്കെന്ന പേരില്‍ നടപ്പാക്കിയ പുനരുദ്ധാരണ പാക്കേജിന്റെ മറവിലാണ് വി.ആര്‍.എസ് എന്ന ഓമനപ്പേരിട്ട് കൂട്ടത്തോടെ ജീവനക്കാരെ പിരിച്ചുവിടുന്നത്. ഉദാരവ്യവസ്ഥയില്‍ ബാങ്ക് വായ്പ, 4ജി സ്‌പെക്ട്രം അനുവദിക്കുക, സാങ്കേതിക സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയവയും പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായിരുന്നു. വി.ആര്‍.എസ് നടപ്പാക്കിയതൊഴിച്ചാല്‍ പാക്കേജ് ഇപ്പോഴും കോള്‍ഡ്‌സ്റ്റോറേജിലാണ്.
രാജ്യവ്യാപകമായി ശതലക്ഷം കോടികളുടെ ആസ്തിയുണ്ട് ബി.എസ്.എന്‍.എല്ലിന്. എന്നാല്‍ എല്ലാം ടെലികോം വകുപ്പിന്റെ കീഴിലാണ്. ആസ്തി കൈമാറാത്തതിനാല്‍ നേരിട്ട് ബാങ്ക് വായ്പ ലഭിക്കില്ല. വായ്പ കിട്ടാതിരിക്കാന്‍ സഹായിക്കുന്നില്ലെന്ന് മാത്രമല്ല, തടസ്സങ്ങളുണ്ടാക്കുന്നുമുണ്ട് സര്‍ക്കാര്‍. 4ജി സ്‌പെക്ട്രം എന്ത്‌കൊണ്ട് ബി.എസ്.എന്‍. എല്ലിന് അനുവദിക്കുന്നില്ലെന്നത് അമ്പരിപ്പിക്കുന്ന ചോദ്യമാണ്. തീരുമാനമുണ്ടായിട്ടും നടപടികള്‍ക്ക് അനക്കംവെച്ചിട്ടില്ല. ജിയോക്ക് 5ജി ലഭിക്കുംവരെയെങ്കിലും ഫയലുകള്‍ അട്ടപുറത്ത് സുരക്ഷിതമായി ഉണ്ടാകുമെന്നാണ് സൂചന.
സാങ്കേതിക സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ പണമില്ലായ്മ തന്നെയാണ് ബി.എസ്.എന്‍.എല്ലിന് വിലങ്ങുതടി. സര്‍ക്കാര്‍ സഹായം ഉണ്ടാകില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ ഇനി പൂട്ടിക്കെട്ടാന്‍ എത്രകാലമെന്ന ചോദ്യം മാത്രമേ ശേഷിക്കുന്നുള്ളൂ. നഷ്ടത്തിലായ സ്വകാര്യ കമ്പനികളെ കരകയറ്റാന്‍ കാട്ടിയ ആവേശത്തിന്റെ നൂറിലൊന്നെങ്കിലും പൊതുമേഖലാ സ്ഥാപനത്തോട് കാട്ടിയിരുന്നെങ്കില്‍ ഒന്ന് ജ്വലിച്ച് കത്തിയമരാന്‍ പോലും ശേഷിയില്ലാതെ ഇങ്ങനെ നീറി ഒടുങ്ങില്ലായിരുന്നു ഈ സ്ഥാപനം.
വായ്പയും 4 ജിയും നിഷേധിച്ച് തകര്‍ച്ചയില്‍നിന്ന് തകര്‍ച്ചയിലേക്ക് തള്ളിവിട്ടവര്‍ ബി.എസ്.എന്‍.എല്ലിനെ സ്വാകര്യ കമ്പനികള്‍ക്ക് തീറെഴുതുന്നകാലം അതിവിദൂരമല്ല. അതിനിനി മുന്നിലുള്ളത് ബി.എസ്.എന്‍.എല്ലിന്റെ കടബാധ്യതകളും ശേഷിക്കുന്ന ജീവനക്കാരുമാണ്. സ്ഥിരം ജീവനക്കാരുടെ നിയമനം നടന്ന് പതിറ്റാണ്ടായി. രണ്ട് ലക്ഷത്തോളം കരാര്‍ ജീവനക്കാരാണ് ഇപ്പോള്‍ ബി.എസ്.എന്‍.എല്ലിന്റെ ജീവനാഡി. ഇവര്‍ക്ക് ശമ്പളം കിട്ടിയിട്ട് ഒരു കൊല്ലം വരെയായി. കരാറെടുത്ത് പ്രവൃത്തികള്‍ നടത്തിയവര്‍ക്കും കോടികള്‍ നല്‍കാനുണ്ട്. വൈദ്യുതി കുടിശ്ശികയും കോടികളുടേതാണ.് ശമ്പള പരിഷ്‌കരണം നടന്നിട്ട് ഒരു വ്യാഴവട്ടം കഴിഞ്ഞു. തൊഴില്‍ സുരക്ഷ തന്നെ നഷ്ടപ്പെട്ടവര്‍ ശമ്പള വര്‍ധനവിനെക്കുറിച്ച് ആലോചിക്കുന്നു പോലുമില്ല. എന്നിട്ടും നഷ്ടത്തില്‍നിന്ന് നഷ്ടത്തിലേക്കാണ് ബി.എസ്.എന്‍.എല്‍ കൂപ്പുകുത്തുന്നത്. തിരിച്ചുവരവിന് വഴികളുണ്ടെങ്കിലും കോര്‍പറേറ്റുകളുടെ പ്രതിരോധമതില്‍ കടന്ന് ഒരു മടക്കം ആരും പ്രതീക്ഷിക്കുന്നില്ല. യു.പി.എ സര്‍ക്കാര്‍ നവരത്‌ന കമ്പനി പദവി ലക്ഷ്യംവെച്ച് ആരംഭിച്ച ബി.എസ്.എന്‍.എല്‍ ആണ് എങ്ങുമെത്താതെ പാതിവഴിയില്‍ നിശ്ചലാവസ്ഥയില്‍ നില്‍ക്കുന്നത്. ഈ പൊതുമേഖലാസ്ഥാപനം നിലനിന്നില്ലെങ്കില്‍ എന്താണ് ചേതം എന്ന് ചിന്തിക്കുന്നവരാണ് കേന്ദ്ര സര്‍ക്കാരിനെ മുച്ചൂടും മുടിക്കാന്‍ ചൂട്ടുകറ്റ കെട്ടി നല്‍കുന്നത്.
ബി.എസ്.എന്‍.എല്‍ ഇല്ലാതാകുന്നതോടെ ഇന്ത്യയിലെ ഫോണ്‍ നിരക്ക് നിശ്ചയിക്കുന്ന അധികാരം ഒരു കമ്പനിയിലേക്ക് ചുരുക്കപ്പെടും. ട്രായ് പോലുള്ള സ്ഥാപനങ്ങള്‍ നോക്കുകുത്തിയാകും. ഒരു കമ്പനി പറയുന്ന പണം നല്‍കി ഫോണ്‍ ഉപയോഗിക്കേണ്ട ഗതികേടിലേക്ക് ഇന്ത്യക്കാര്‍ മാറും. ലാഭമുള്ള മേഖലകളില്‍ മാത്രമായി ഫോണ്‍ ഉപയോഗം ചുരുക്കപ്പെടും. ഗ്രാമങ്ങള്‍ വീണ്ടും ഓണം കേറാ മൂലകളാകും. ഇന്ത്യ തിരിച്ചു നടക്കുകയാണ്. ബി.എസ്.എന്‍.എല്ലിനെ മടങ്ങിപ്പോക്കിനുള്ള പാതയാക്കാന്‍ ആരെയും അനുവദിക്കരുത്. ആയിരങ്ങളുടെ ജോലി പ്രശ്‌നം മാത്രമല്ല, അതിനുമപ്പുറം ഒരു ജനതയെ പരസ്പരം ബന്ധിപ്പിക്കുന്ന ചങ്ങല കണ്ണിയുടെ നൈരന്തര്യത്തിന്റെ വിഷയമാണ്.

SHARE