കൊറോണ വൈറസ് ജാഗ്രത വേണം


അത്യന്തംമാരകമായ കോറോണവൈറസ് രോഗം ലോകത്തെ ഭയപ്പാടിന്റെ കരിനിഴലില്‍ നിര്‍ത്തിയിരിക്കുകയാണിപ്പോള്‍. ചൈനയും ഇന്ത്യയും അടക്കമുള്ള ലോകത്തെ വലിയ ജനസംഖ്യയും സാന്ദ്രതയുമുള്ള ഭൂപ്രദേശങ്ങളെ വിശേഷിച്ചും. പനി മുതല്‍ കഠിനമായ ശ്വാസതടസ്സവും പൊടുന്നനെയുള്ള മരണവുമാണ് രോഗത്തെ ഭീതിയുടെ കേന്ദ്രമാക്കാന്‍ കാരണം. ചൈനയില്‍ വലിയ പ്രതിരോധനടപടികളും പുനരധിവാസങ്ങളും നടത്തുമ്പോള്‍തന്നെയും രോഗം വലിയതോതില്‍ പടര്‍ന്നുപിടിക്കുന്നതായാണ് വിവരം. ഈ ആധുനികശാസ്ത്രയുഗത്തിലും മനുഷ്യന്‍ പ്രകൃതിക്കും രോഗാണുവിനുംമുന്നില്‍ എത്ര നിസ്സാരനാണ് എന്നാണ് ഇത് കാണിക്കുന്നത്. ചൈനയില്‍ ഇതിനകം 150 ഓളംപേര്‍ മരിച്ചതായാണ് വിവരം. ആറുകോടിയോളം ജനതയെ കര്‍ശനനിരീക്ഷണത്തിലും അപ്രഖ്യാപിത തടങ്കലിലുമാക്കിയിരിക്കുന്നു. ജനുവരി 25ന് 1975 ആയിരുന്ന രോഗികളുടെ സംഖ്യ 26ന് 2744ലേക്കും 27ന് 4515 ലേക്കും കുതിച്ചുയര്‍ന്നു എന്നതുമതി എത്ര വേഗത്തിലാണ് രോഗം പടര്‍ന്നുപിടിക്കുന്നതെന്ന് മനസ്സിലാക്കാന്‍. ഇന്ത്യയടക്കമുള്ള സമീപരാജ്യങ്ങളില്‍ പാലിക്കേണ്ട അതീവജാഗ്രതയെയാണ് ഇത് കാണിക്കുന്നത്. ചൈനയിലും ഇന്ത്യയിലുമായി ലോകജനസംഖ്യയുടെ പകുതിയോളം ജനത വസിക്കുന്നുവെന്നതിനാല്‍ ലോകത്തിനാകെയും ഇതൊരു ഭീഷണിതന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. ഐക്യരാഷ്ട്രസഭയുടെ ലോകാരോഗ്യസംഘടന ഇതിനകം മതിയായ സുരക്ഷാപ്രതിരോധ നടപടികള്‍ സ്വീകരിച്ചുതുടങ്ങി എന്നത് തെല്ലൊരു ആശ്വാസം പകര്‍ന്നിട്ടുണ്ടെങ്കിലും ഭീതിയും ആശങ്കയും പൂര്‍ണമായും വിട്ടൊഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല, തൊട്ടടുത്ത നേപ്പാളില്‍ രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്ന വാര്‍ത്ത ഇന്ത്യയെ അലോസരപ്പെടുത്തുകയാണ്.
ചൈനയില്‍നിന്ന് ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്നതിന് 400 സീറ്റുള്ള എയര്‍ഇന്ത്യ വിമാനം പോകുമെന്നാണ് വിദേശകാര്യവകുപ്പിന്റെ അറിയിപ്പ്. ഇതിന് ഒരുകാരണവശാലും കാലതാമസമുണ്ടായിക്കൂടാ. മാത്രമല്ല, കൊണ്ടുവരുന്നവരെ സസൂക്ഷ്മായി നിരീക്ഷിക്കാനും വേണ്ട പ്രതിരോധ,ചികില്‍സാനടപടികള്‍ സ്വീകരിക്കാനും നമുക്ക് കഴിയണം. ചൈനയിലെ ഹൂബീ പ്രവിശ്യയിലാണ് പ്രധാനമായും രോഗം കണ്ടെത്തിയിട്ടുള്ളത്. ഇവിടെ മാത്രമല്ല, ലോകത്ത് 18 രാജ്യങ്ങളിലായി 67 പേരില്‍ കൊറോണ വൈറസ് രോഗബാധ ഇതിനകം സ്ഥിരീകരിച്ചിട്ടുമുണ്ട്. 6000ത്തോളം രോഗികളുണ്ടെന്നും 1300 പേര്‍ക്ക് പുതുതായി രോഗബാധയുണ്ടായതുമായാണ് വിവരം. 33,000 പേരെ നിരീക്ഷിച്ചുകഴിഞ്ഞതായും വിവരമുണ്ട്.ഏകാധിപത്യരാജ്യമായതിനാല്‍ ചൈനയില്‍നിന്നുള്ള വിവരങ്ങള്‍ പുറത്തുവരാനുള്ള കാലതാമസവും വരുന്നവ വിശ്വാസയോഗ്യമാകേണ്ട ആവശ്യകതയും പ്രത്യേകം പരിഗണിക്കപ്പെടേണ്ടതുതന്നെയാണ്. പ്രത്യേകിച്ചും രോഗം എളുപ്പം പടരുന്നതാണെന്നതിനാല്‍. നിപ്പ വൈറസ് ബാധയാണ് സമാനമായി കഴിഞ്ഞകാലത്ത് ഇന്ത്യയെയും പ്രത്യേകിച്ച് കേരളത്തെയും മുള്‍മുനയില്‍ നിര്‍ത്തിയിരുന്നത്. കഴിഞ്ഞവര്‍ഷം സിക വൈറസ് ഗുജറാത്തില്‍ കണ്ടെത്തിയതും ഇന്ത്യയുടെ എപ്പോഴത്തെയും ആകുലതയാണ്.
നേപ്പാളിലെ കൊറോണവൈറസ് രോഗിയായ 20കാരന്‍ ചൈനയിലെ ഷാങ്ഹായിയില്‍നിന്ന് എത്തിയതാണ് എന്നതാണ് ആരാജ്യത്തെയും അയല്‍രാജ്യമായ നമുക്കുമെല്ലാം ഭയാശങ്ക ഉയര്‍ത്തുന്നത്. വനിതയാണ് മറ്റൊരു രോഗി. മലേഷ്യയിലും മൂന്നുപേരില്‍ രോഗം കണ്ടെത്തിയിട്ടുണ്ട്. ചൈനയില്‍നിന്നെത്തിയ ഒരു അമേരിക്കക്കാരനെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇന്ത്യയിലെ പൂനെയിലെ നാഷണല്‍വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരീക്ഷണത്തില്‍, ഇന്ത്യയില്‍ സംശയിക്കപ്പെട്ട 20 പേരുടെ രക്തസാമ്പിളില്‍ രോഗം ഇല്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ ചൈനയിലെ വുഹാനില്‍നിന്ന് എത്തിക്കാനിരിക്കുന്ന ഇന്ത്യക്കാരുടെ കാര്യത്തിലും ഇതേഫലംതന്നെ ഉണ്ടാകുമെന്ന് പറയാനാവില്ല. ഇരുരാജ്യക്കാര്‍ നിരവധി ഇരുരാജ്യങ്ങളിലുമായി ജോലിയെടുക്കുകയും യാത്ര ചെയ്യുകയും ചെയ്യുന്നുണ്ടെന്നുള്ളത് വലിയ വെല്ലുവിളിതന്നെയാണ്. 155 വിമാനങ്ങളിലായി എത്തിയവരുടെ കാര്യത്തില്‍ വിമാനത്താവളങ്ങളില്‍ കനത്ത ജാഗ്രത ഉണ്ടാകേണ്ടതുണ്ട്. പ്രത്യേക രോഗനിര്‍ണയ കേന്ദ്രങ്ങള്‍ വിമാനത്താവളങ്ങള്‍ക്കടുത്ത്തന്നെ ഉണ്ടാകണം. കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനവും സമഗ്രവും ഏകേപിതവുമാകേണ്ടതുണ്ട്. ജപ്പാനടക്കമുള്ള രാജ്യങ്ങള്‍ ഇതിനകം ചൈനയിലെ തങ്ങളുടെ പൗരന്മാരെ തിരിച്ചെത്തുകഴിഞ്ഞെങ്കിലും ഇന്ത്യക്ക് ഇതുവരെയും അതിന് കഴിഞ്ഞില്ലെന്ന് വരുന്നത് പരിഹാസ്യമാണ്.
കേരളത്തില്‍ 2018ല്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നിപ്പവൈറസ് രോഗബാധമൂലം 21പേരാണ് മരണമടഞ്ഞത്. വവ്വാലുകളില്‍നിന്നാണ് അസുഖം പടര്‍ന്നതെന്നാണ് കണ്ടെത്തിയത്. ഇന്ത്യക്ക് പുറമെ മലേഷ്യ, സിംഗപ്പൂര്‍, ബംഗ്ലദേശ് എന്നിവിടങ്ങളില്‍ നിപ്പ രോഗം നാനൂറോളം പേരുടെ ജീവന്‍ കവരുകയുണ്ടായി. മൃഗങ്ങളില്‍നിന്നും മനുഷ്യരില്‍നിന്നും പകരാമെന്നതിനാല്‍ കൊറോണയുടെ കാര്യത്തില്‍ സമാനമായ ഭീതി നിലനില്‍ക്കുകയാണ്. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള നടപടികളാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ സ്വീകരിക്കേണ്ടത്. ഭാഗ്യവശാല്‍ ഇതെഴുതുന്നതുവരെയും ഇന്ത്യ കൊറോണവൈറസ് മുക്തമാണ് എന്നത് വലിയആശ്വാസം തരുന്നുണ്ട്. ജനങ്ങള്‍ക്കിടയില്‍ ഭീതി പടരുമെന്ന് പറഞ്ഞ് 2000ല്‍ ചൈനീസ് ഭരണകൂടം സാര്‍സ് (അതിതീവ്ര ശ്വാസകോശതടസ്സം) വൈറസ് ബാധയെ കാര്യമാക്കാതിരുന്നതുമൂലം ലോകത്ത് 800ഓളം പേരാണ് മരണമടഞ്ഞത്. വുഹാനില്‍ മാത്രം 1.1 കോടി ജനതയുണ്ട്. ഹൂബി പ്രവിശ്യയുടെ തലസ്ഥാനമാണിത്. ഇവിടെ നിന്നാണ് രോഗം പടര്‍ന്നത്. 500ഓളം വിദ്യാര്‍ത്ഥികളാണ് ഇന്ത്യക്കാരായി വുഹാനില്‍ മാത്രമുള്ളത്. നായ്ക്കളില്‍നിന്നാണ് കൊറോണവൈറസ് പടര്‍ന്നതെന്നാണ് ഇതുവരെയുള്ള വിവരം. വുഹാനിലെ മല്‍സ്യമാര്‍ക്കറ്റില്‍ മൃഗമാംസം വിറ്റതിലൂടെയാണ് രോഗം പടര്‍ന്നതെന്നും വിവരമുണ്ട്. ചൈനയിലെ ഭക്ഷണരീതിയാണ് രോഗത്തിന്റെ വ്യാപനത്തിന് കാരണമായി പറയപ്പെടുന്നത്. ഈ സമയത്തെങ്കിലും മാംസഭക്ഷണം ഒഴിവാക്കുകയാണ് രോഗസാധ്യതയുള്ളിടത്ത് ചെയ്യേണ്ടത്. നിപ്പ രോഗബാധ പടര്‍ന്നപ്പോള്‍ കേരളത്തില്‍ കേടുവന്ന പഴങ്ങള്‍ ഭക്ഷിക്കുന്നതില്‍നിന്ന് ജനങ്ങളെ വിലക്കിയത് ഓര്‍ക്കണം. മരണം 21 പേരില്‍ ഒതുങ്ങിയതിന്റെ കാരണം പ്രധാനമായും അതായിരുന്നു. ആ പാഠമാകട്ടെ കൊറോണയുടെ കാര്യത്തിലും നമുക്കുണ്ടാകേണ്ടത്.

SHARE