പൗരത്വ നിയമത്തിലെ കോടതി ഉത്തരവ്


ഏറെ വിവാദമായ പൗരത്വഭേദഗതിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഇന്നലെ പുറപ്പെടുവിച്ച ഉത്തരവ് ജനാധിപത്യ വിശ്വാസികളില്‍ പൊതുവില്‍ സമ്മിശ്ര വികാരമാണ് ഉയര്‍ത്തിയിരിക്കുന്നത്. മുസ്‌ലിംകളെമാത്രം ഒഴിവാക്കിക്കൊണ്ടും ഹിന്ദു, ക്രിസ്തീയ, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി മതവിഭാഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുമുള്ള നിയമം രാജ്യത്ത് അസാധാരണമായ പ്രക്ഷോഭക്കൊടുങ്കാറ്റിനാണ് വഴിമരുന്നിട്ടിരിക്കുന്നത്. ഇന്ത്യയുടെ ബഹുസ്വരാധിഷ്ഠിതമായ, മഹത്തായ ഭരണഘടനയുടെ അടിസ്ഥാന ശിലകളെതന്നെ ചോദ്യംചെയ്യുന്നതാണ് പ്രസ്തുത നിയമമെന്ന് പ്രമുഖ നിമജ്ഞരും ഭരണഘടനാവിദഗ്ധരും ബുദ്ധിജീവികളുമൊക്കെ വിലയിരുത്തിയിട്ടുള്ളതാണ്. മുസ്‌ലിംകളും അല്ലാത്തവരുമായ രാജ്യത്തെ ബഹുഭൂരിപക്ഷം ജനതയും നിയമത്തിലെ മത വിവേചനത്തിനെതിരെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉരുക്കുമുഷ്ടികളെ അവഗണിച്ച് തെരുവുകള്‍തോറും പോരാടുന്നു. മുപ്പതോളം പേര്‍ പ്രക്ഷോഭത്തില്‍ പൊലീസ് വെടിയേറ്റുമരിച്ചു. ഇതിനിടെയാണ് ഒരു മാസത്തോളം നീണ്ട ഇടവേളക്കുശേഷം ഇന്നലെ മുഖ്യന്യായാധിപന്‍ ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്‌ഡെ, ജസ്റ്റിസുമാരായ അബ്ദുല്‍നസീര്‍, സഞ്ജീവ്ഖന്ന എന്നിവരടങ്ങുന്ന ബെഞ്ച് നേരത്തെ നിശ്ചയിച്ചതുപ്രകാരം ഹരജികള്‍ പരിഗണിച്ചത്. പ്രതീക്ഷിച്ചതുപോലെ പൊടുന്നനെ ഹരജിക്കാര്‍ക്ക് അനുകൂലമായി വിധി ഉണ്ടായില്ലെങ്കിലും ഹര്‍ജികള്‍ തള്ളണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യവും നിരാകരിക്കപ്പെട്ടിരിക്കുകയാണ്. സര്‍ക്കാരിന് വിശദീകരണം നല്‍കാന്‍ നാലാഴ്ച അനുവദിച്ച കോടതി, പ്രശ്‌നത്തിന്റെ ഭരണഘടനാപരവും നൈതികവുമായ വശം ഉള്‍ക്കൊണ്ടുവെന്നുതന്നെയാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
ഭരണഘടനയുടെ മതേതരത്വത്തിനും തുല്യനീതിക്കും കടകവിരുദ്ധമായ ഒരുനിയമം പാര്‍ലമെന്റ് പാസാക്കിയതെന്നതിനാല്‍ സംഭവിക്കാനിരിക്കുന്നത്, ആര്‍.എസ്.എസ്സും ബി. ജെ.പിയും ലക്ഷ്യംവെക്കുന്ന ഹിന്ദു രാഷ്ട്രത്തിലേക്കാണ് രാജ്യത്തിന്റെ സഞ്ചാരമെന്ന ആധി ബഹുജനങ്ങള്‍ക്കുണ്ട്. നിയമവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനുമേല്‍ ഉയര്‍ന്നുവന്നിട്ടുള്ള ഇത്തരം സംശയങ്ങള്‍ ദൂരീകരിക്കാനാണ് ബഹുമാനപ്പെട്ട നീതിപീഠം ശ്രമിക്കുന്നതെന്നാണ് ന്യായമായും പ്രത്യാശിക്കേണ്ടത്. മുസ്്‌ലിംകള്‍ക്കുമാത്രമല്ല, നിയമത്തില്‍ പറയുന്ന പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്ക്പുറമെനിന്ന് ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളായി കടന്നുവന്നവരെ സംബന്ധിച്ചിടത്തോളവും കോടതി ഉത്തരവ് നിര്‍ണായകമാണ്. മുസ്്‌ലിംലീഗ്, കോണ്‍ഗ്രസ്്, തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.ഐ തുടങ്ങിയ കക്ഷികളുടെ പ്രതിനിധികള്‍, സംഘടനകള്‍, വ്യക്തികള്‍ തുടങ്ങിയവരുടേതായ 144 ഹരജികളാണ് കോടതി പരിഗണനക്കെടുത്തത്. നിയമത്തിന് സ്റ്റേ അനുവദിക്കണമെന്നാണ് പലരും ആവശ്യപ്പെട്ടിരുന്നതെങ്കിലും അതിന്മേല്‍ പെട്ടെന്നൊരു തീരുമാനമെടുത്തിട്ടില്ല. സ്റ്റേ വേണമെന്ന് ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ കപില്‍സിബസല്‍, അഭിഷേക് മനുസിംഗ്‌വി എന്നിവര്‍ വാദിച്ചതുമില്ല. പകരം നിയമത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍പോകുന്ന ദേശീയ ജനസംഖ്യാരജിസ്റ്റര്‍ (എന്‍. പി.ആര്‍) നടപടികള്‍ മൂന്നു മാസത്തേക്ക് നിര്‍ത്തിവെക്കണമെന്നാണ് അവരാവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം കേള്‍ക്കുന്നതിന് നാലാഴ്ചത്തെ സാവകാശം അനുവദിച്ചിരിക്കുകയാണ്. ആറാഴ്ചയാണ് കേന്ദ്ര സര്‍ക്കാരിനുവേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ആവശ്യപ്പെട്ടതെങ്കിലും അതനുവദിക്കാന്‍ കോടതി തയ്യാറായില്ല എന്നതും പ്രതീക്ഷാഭരിതമാണ്. കേസ് അഞ്ചംഗ ഭരണഘടനാബെഞ്ച് പരിശോധിക്കണമെന്ന കപില്‍സിബലിന്റെ ആവശ്യവും കോടതി അംഗീകരിച്ചിട്ടുണ്ട്. അസമിന്റെയും ത്രിപുരയുടെയും കാര്യത്തില്‍ കേസ് പ്രത്യേകംകേള്‍ക്കുമെന്നും ഹൈക്കോടതികള്‍ ഇവ്വിഷയത്തില്‍ ഹര്‍ജികള്‍ സ്വീകരിക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇത്രയും ഭരണഘടനാവിരുദ്ധവും മത വിവേചനപരവുമായ നിയമത്തെ കോടതി ലാഘവത്തോടെ കൈകാര്യംചെയ്തത് ശരിയായോ എന്ന ചോദ്യവുമുയരുന്നുണ്ട്. പ്രക്ഷോഭക്കൊടുങ്കാറ്റ് ഉയര്‍ന്നുവന്നപ്പോള്‍ മുതല്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമൊക്കെ പരസ്പര വിരുദ്ധമായാണ് വിഷയത്തില്‍ സംസാരിക്കുന്നത്. നിയമത്തിന്റെ ഭാഗമായി ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) നടപ്പാക്കുമെന്ന് ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് പാര്‍ലമെന്റിലെയും പുറത്തുമുള്ള ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രസ്താവനകള്‍ തെളിവാണ്. ഒരേസമയം രാജ്യത്തെ മതേതരത്വത്തിനും ഭരണഘടനക്കും വിരുദ്ധമായ നിയമം ഭൂരിപക്ഷം ഉപയോഗിച്ച് പടച്ചുണ്ടാക്കുകയും അതൊടൊപ്പംതന്നെ ജനത്തിന്റെ മുഖത്തുനോക്കി നുണകള്‍ തട്ടിവിടുകയും ചെയ്യുകയാണ് സര്‍ക്കാര്‍. ഏപ്രില്‍ ഒന്നിനാണ് ദശവാര്‍ഷിക സെന്‍സസും ദേശീയ ജനസംഖ്യാരജിസ്റ്റര്‍ നടപടികളും കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കുക. പൗരത്വ നിയമം സംബന്ധിച്ച ചട്ടങ്ങളും രൂപീകരിക്കപ്പെട്ടിട്ടുമില്ല. എന്നിട്ടും ഇതിനോടകംതന്നെ ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയമത്തില്‍ പറയുന്ന മൂന്നു രാജ്യങ്ങളിലെ നാല്‍പതിനായിരത്തോളം അമുസ്്‌ലിംകള്‍ക്ക് പൗരത്വം നല്‍കാന്‍ നീക്കം നടത്തുന്നു. പൗരത്വം ഒരിക്കല്‍ നല്‍കിയാല്‍ അത് റദ്ദാക്കല്‍ ബുദ്ധിമുട്ടാണ്. കര്‍ണാടകയില്‍ ബംഗളൂരുവിലെ പ്രാന്തപ്രദേശത്തുനിന്ന് പാവങ്ങങ്ങളുടെ കുടിലുകള്‍ പൊളിച്ചുമാറ്റി മൂന്നു പേരെ ബംഗ്ലാദേശ് കുടിയേറ്റക്കാര്‍ എന്ന പേരില്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നു. ഇതിലും വ്യക്തത വേണമെന്ന് മുസ്്‌ലിംലീഗ് ഇടക്കാല അപേക്ഷയിലൂടെ ആവശ്യപ്പെടുകയുണ്ടായി. ഇക്കാര്യത്തിലും കോടതി കേന്ദ്രത്തിന് നോട്ടീസ് നല്‍കിയിരിക്കുകയാണ്.
കേസില്‍ സ്റ്റേ നല്‍കിയില്ലെന്നുവെച്ച് വിവാദനിയമം നടപ്പാക്കാന്‍ ഭരണകൂടത്തിന് അവകാശമുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരം ശബരിമല സ്ത്രീ പ്രവേശന കേസിലെ സുപ്രീംകോടതിയുടെ നിലപാടാണ്. 2019 നവംബറില്‍ ശബരിമല കേസ് വിശാലബെഞ്ചിലേക്ക് വിട്ടുകൊണ്ട് സുപ്രീംകോടതി ഉത്തരവിടുമ്പോള്‍ സ്റ്റേ നല്‍കുന്നില്ലെന്ന് കോടതി എടുത്തുപറഞ്ഞെങ്കിലും അതനുസരിച്ച് പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള വനിതകള്‍ ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ തല്‍ക്കാലം അത് അനുവദിക്കേണ്ടതില്ലെന്നാണ് പിന്നീട് കോടതി പറഞ്ഞത്. ‘സാഹചര്യം വളരെ സ്‌ഫോടനാത്മകമാണ്. അക്രമമല്ല ആവശ്യം’ എന്നായിരുന്നു ബിന്ദു അമ്മിണിയുടെയും രഹ്്‌നഫാത്തിമയുടെയും ഹരജികളില്‍ ചീഫ്ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ പരാമര്‍ശം. അപ്പോള്‍ വിവാദ പൗരത്വനിയമവും ജനകീയ പ്രക്ഷോഭത്തെ അവഗണിച്ച് തിടുക്കപ്പെട്ട് നടപ്പാക്കേണ്ടതില്ലെന്നുതന്നെയാണ് ഇന്നലത്തെ കോടതി ഉത്തരവിന്റെയും സാരാംശം. കേസില്‍ പൂര്‍ണവിധി വരുന്നതുവരെയും ജനകീയ പ്രതിഷേധം പൂര്‍വാധികം ആര്‍ജവത്തോടെയും ആവേശത്തോടെയും തുടരുകയാണ് രാജ്യസ്‌നേഹികളുടെ മുമ്പാകെയുള്ള ഉത്തരവാദിത്തം.

SHARE