ഗവര്‍ണറും സര്‍ക്കാരും ഏറ്റുമുട്ടുമ്പോള്‍


സംസ്ഥാന സര്‍ക്കാരുമായി തുറന്ന പോരിനാണ് ഗവര്‍ണറുടെ ഓഫീസ് തയ്യാറെടുക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളമാകെ കൈക്കൊണ്ട നിലപാടിനൊപ്പം സംസ്ഥാന സര്‍ക്കാര്‍ നിലകൊണ്ടുവെന്നതാണ് ഈ പോരിന് നിദാനമായിട്ടുള്ള കാര്യം. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കും അവര്‍ കൈക്കൊള്ളുന്ന എല്ലാ നിലപാടുകള്‍ക്കും സംസ്ഥാന ഭരണകൂടങ്ങള്‍ കുടപിടിക്കണമെന്ന വാശിയാണ് ഇപ്പോള്‍ കേരള ഗവര്‍ണര്‍ പുലര്‍ത്തുന്നത്.
ഭരണഘടനയുടെ കണ്ണും കാതുമാകേണ്ട കസേര തന്നെയാണ് ഗവര്‍ണറുടേത്. അക്കാര്യത്തില്‍ നിയമത്തെക്കുറിച്ച് അജ്ഞരായവര്‍ പോലും എതിരഭിപ്രായം ഉന്നയിക്കില്ല. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അധികാരത്തിന്റെ തിണ്ണബലത്തില്‍ പാര്‍ലമെന്റ് കടത്തിയ ഒരു നിയമം ഭരണഘടനയുടെ ഭാഗമാണെന്ന് വാദിക്കാന്‍ ഗവര്‍ണര്‍ക്ക് ആരാണ് അധികാരം നല്‍കിയിട്ടുള്ളത്. പ്രത്യേകിച്ചും കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക താല്‍പര്യം പ്രകടമാക്കപ്പെട്ട ഒരു നിയമ നിര്‍മാണത്തില്‍. പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കുകയും നിയമമാകുകയും അത് വിജ്ഞാപനം വഴി പ്രാബല്യത്തില്‍ വരുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഈ നിയമത്തിനെതിരായി അറുപതിലധികം ഹര്‍ജികളാണ് സുപ്രീംകോടതിയുടെ മുന്നിലുള്ളത്. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേഷ്, ടി എന്‍ പ്രതാന്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയിത്ര, എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി, നേപ്പാളിലെ മുന്‍ ഇന്ത്യന്‍ അംബാസഡറും ബംഗ്ലാദേശിലെ മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായിരുന്ന ദേബ് മുഖര്‍ജി, മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥരായ സോമസുന്ദര്‍ ബറുവ, അമിതാഭ പാണ്ഡെ തുടങ്ങിയ പ്രമുഖരാണ് പൗരത്വ നിയമഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. നിയമത്തിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്തിരിക്കുകയാണ് ഹര്‍ജിക്കാര്‍. രാഷ്ട്രീയ നേതാക്കള്‍ മാത്രമല്ല, സിംബയോസിസ് ലോ സ്‌കൂളിലെ ഒരു നിയമ വിദ്യാര്‍ത്ഥിയും രണ്ട് അഭിഭാഷകരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
ഭരണഘടന ഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 21 എന്നിവക്ക് വിരുദ്ധമാണ് നിയമമെന്നതാണ് ഹര്‍ജികളിലെല്ലാം ഉന്നയിക്കുന്ന കാര്യം. 1985ലെ അസം ഉടമ്പടിക്കും 2019 ജനുവരി ഏഴിലെ സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) റിപ്പോര്‍ട്ടിനും വിരുദ്ധമാണ് നിയമമെന്ന് ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടുന്നു. സമത്വം സംബന്ധിച്ച എല്ലാ ഭരണഘടനാ തത്വങ്ങളുടേയും ഉറപ്പുകളുടേയും ലംഘനമാണ് പൗരത്വ ഭേദഗതി നിയമമെന്നതാണ് കാതലായ വിഷയം.
ഇത്തരത്തില്‍ ഭരണഘടനാപരമായി ചോദ്യം ചെയ്യപ്പെടുന്ന ഒരു നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്യൂട്ട് നല്‍കിയതാണ് ഗവര്‍ണറെ ചൊടിപ്പിച്ചിട്ടുള്ളത്. ഈ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കാനിടയായ സാഹചര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയോട് ഗവര്‍ണര്‍ വിശദീകരണം ചോദിച്ചിരിക്കുകയാണ്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള വിഷയമാണെങ്കില്‍ അത് ഗവര്‍ണറെ അറിയിക്കണമെന്നാണ് ചട്ടമെന്ന് നോട്ടീസിലുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പടച്ചുണ്ടാക്കിയ നിയമവും ഭരണഘടനയും തമ്മിലുള്ള വിഷയത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ നിയമവും പൗരന്മാരും തമ്മിലുള്ള വിഷയത്തിലാണ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. എങ്കിലും നിയമവിദഗ്ധരുമായി ആലോചിച്ച് സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കുമെന്നാണ് സൂചന. വിശദീകരണത്തില്‍ ഗവര്‍ണറുടെ തുടര്‍നടപടി എന്താകുമെന്ന കാര്യം കണ്ടറിയണം. ഭരണഘടനയുടെ കണ്ണും കാതുമാകേണ്ടയാള്‍ കേന്ദ്രസര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തിയാകുമ്പോള്‍ പ്രവചനങ്ങള്‍ക്ക് ഇടമില്ല തന്നെ.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ അസ്വാഭാവികമല്ല. കേരളമാകെ നിയമത്തിനെതിരായി സമരമുഖത്താണ്. ജനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന് ജനാഭിലാഷത്തിനൊപ്പം നില്‍ക്കാനുള്ള സാമാന്യ ബാധ്യതയുണ്ട്. ആ നിലയ്ക്ക് ധാര്‍മ്മികമായ രാഷ്ട്രീയ ഉത്തരവാദിത്തം നിര്‍വഹിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. രാഷ്ട്രീയപരമായി മാത്രമല്ല, മറ്റ് എല്ലാ വിധ വിയോജിപ്പുകളും മാറ്റിവെച്ചാണ് കേരളം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പൊരുതുന്നത്. തല പോകുന്ന സാഹചര്യത്തില്‍ തലമുടിയെക്കുറിച്ച് തര്‍ക്കിക്കാന്‍ മാത്രം പാമരന്മാരല്ല കേരളീയര്‍. അങ്ങനെ ധരിച്ചു വശായിപ്പോയിരിക്കുന്ന ആളാണ് കേരള ഗവര്‍ണര്‍ എന്നത് കേരളീയരെ സംബന്ധിച്ച് അപമാനമാണ്.
രാഷ്ട്രീയവും രാഷ്ട്രവും തമ്മില്‍ ഇഴചേരുന്ന ഘട്ടങ്ങളില്‍ ഒരു ജനതയുടെ പ്രതികരണമാണ് കേരളത്തില്‍ നിന്നുണ്ടാകുന്നത്. ഗവര്‍ണര്‍ പദവിയിലിരുന്ന് രാഷ്ട്രീയ പ്രസ്താവങ്ങള്‍ നടത്തുമ്പോള്‍ ഇരിക്കുന്ന കസേരയുടെ വിലയും നിലയും നഷ്ടപ്പെട്ടു പോകുക സ്വാഭാവികമാണ്. ജനാധിപത്യ സംവിധാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണോ, ഗവര്‍ണര്‍ക്കാണോ അധികാരത്തിന്റെ ചെങ്കോല്‍ എന്ന ചോദ്യം തന്നെ ഉദിക്കുന്നില്ല.
ഗവര്‍ണറുടെ അധികാര പരിധിയെ ചോദ്യം ചെയ്യുന്ന സുപ്രീം കോടതി വിധികള്‍ ഏറെയുണ്ട്. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ ശക്തിപ്പെടുത്തുന്ന സുപ്രീം കോടതി വിധികള്‍ ഗവര്‍ണറുടെ ഓഫീസ് പഠന വിധേയമാക്കേണ്ടതാണ്. വൈയക്തിക താല്‍പര്യങ്ങളല്ല, ഭരണഘടനയാണ് ഗവര്‍ണറെ നയിക്കേണ്ടത്. സംസ്ഥാന സര്‍ക്കാരിന്റെയും നിയമസഭയുടെയും ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. അതാണ് ഇതുവരെയുള്ള കീഴ്‌വഴക്കം. അനുച്ഛേദം 131 അനുസരിച്ച് സംസ്ഥാന സര്‍ക്കാരിന് സ്യൂട്ട് ഫയല്‍ ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി വേണ്ടതില്ലെന്നാണ് കപില്‍ സിബലിനെ പോലുള്ള നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മുല്ലപ്പെരിയാര്‍ വിഷയത്തിലുള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ ഗവര്‍ണറുടെ അനുമതി തേടിയിട്ടില്ല. തന്റെ പരിധിയില്‍ വരാത്ത ഒരു കാര്യത്തില്‍ ഗവര്‍ണര്‍ ഇടപെടുമ്പോള്‍ ഗവര്‍ണറുടെ നിക്ഷ്പക്ഷത ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. എല്ലാത്തിനും മീതെയാണ് ഗവര്‍ണര്‍ എന്നുവരുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. അത്തരം പ്രതിച്ഛായ സൃഷ്ടിക്കുന്നത് സംസ്ഥാനത്തെ സംബന്ധിച്ച് ഗുണകരമല്ല. പ്രത്യേകിച്ചും പൗരത്വ ഭേദഗതി നിയമത്തിനെതിരായി സംസ്ഥാനത്ത് അലയടിക്കുന്ന പ്രക്ഷോഭത്തിന്റെ മറപിടിച്ച് സര്‍ക്കാര്‍ രാഷ്ട്രീയ ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുമ്പോള്‍.

SHARE