ഇനിയുമെന്തിന് കടിച്ചുതൂങ്ങുന്നു

തിരുവനന്തപുരം വിമാനത്താവളത്തിലെ യു.എ.ഇയില്‍ നിന്നുള്ള അന്താരാഷ്ട്ര സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെ ദേശീയ അന്വേഷണഏജന്‍സി (എന്‍.ഐ.എ) രണ്ടുഘട്ടമായി പതിനെട്ടുമണിക്കൂറോളം ചോദ്യം ചെയ്ത സാഹചര്യത്തില്‍ അദ്ദേഹവുമായി ഏറ്റവുമടുപ്പമുള്ള പിണറായി വിജയന്‍ ഇനിയും മുഖ്യമന്ത്രിക്കസേരയില്‍ കടിച്ചുതൂങ്ങാനാണ് ശ്രമിക്കുന്നതെന്ന് തോന്നുന്നു. അതാണ് സംഭവിക്കുന്നതെങ്കില്‍ സാക്ഷര കേരളത്തിന്റെ മന:സാക്ഷിയെ കൊഞ്ഞനംകുത്തുന്ന നടപടിയാണ് പിണറായി വിജയനും ഇടതുപക്ഷമുന്നണിയും സ്വീകരിക്കുന്നത്.

മുഖ്യമന്ത്രിയുടെ മന:സാക്ഷിസൂക്ഷിപ്പുകാരനായി അറിയപ്പെടുന്ന ശിവശങ്കര്‍ തന്റെ ഉന്നതമായ ഐ.എ.എസ് പദവി ദുരുപയോഗപ്പെടുത്തി ജനങ്ങളുടെ ചെലവില്‍ നടത്തിയ കുടിലനീക്കങ്ങളെയെല്ലാം മുഖ്യമന്ത്രിയും സര്‍ക്കാരും ഇടതുമുന്നണിയും പിന്തുണക്കുകയാണെന്നുവേണം ഇതിലൂടെ മനസ്സിലാക്കാന്‍. സംഭവംപുറത്തുവന്ന ജൂലൈ അഞ്ചുമുതലിങ്ങോട്ട് ശിവശങ്കറിനും സര്‍ക്കാരിനും ന്യായീകരണം ചമക്കുന്ന സി.പി.എം നേതാക്കളും മുഖ്യമന്ത്രിയും ഇനിയും അധികാരത്തില്‍ അള്ളിപ്പിടിച്ചുതൂങ്ങുന്നതിനെ എങ്ങനെയാണ് ‘ഇടതുപക്ഷ സംസ്‌കാരവും’ പുരോഗമന കേരളവും കാണേണ്ടതെന്നു കൂടി മുന്നണിനേതാക്കള്‍ തെളിച്ചുപറയണം.

ആവശ്യത്തിന് ‘ഗ്രൗണ്ട് ‘ ഇല്ലാത്തതിനാല്‍ ശിവങ്കറിനെതിരെ നിയമനടപടി സ്വീകരിക്കാനാവില്ലെന്ന് ആണയിട്ട മുഖ്യമന്ത്രിക്ക് എന്‍.ഐ.എ ശിവശങ്കറിനെ നാലുദിവസത്തിനിടെ ഇന്നലെ രണ്ടാംവട്ടവും മണിക്കൂറുകള്‍ ചോദ്യംചെയ്തിട്ടും തന്നിലര്‍പ്പിതമായ ഭരണഘടനാബാധ്യത നിറവേറ്റാന്‍ പിണറായിക്ക് കഴിയാത്തതെന്തുകൊണ്ടാണ്. ചോദ്യംചെയ്യല്‍ ഇന്ന് മൂന്നാമതും തുടരുമെന്നാണ് അറിയുന്നത്. ഇത്രയുംവലിയ സ്വര്‍ണക്കടത്ത് രാജ്യത്തെ വിമാനത്താവളത്തില്‍ ഇതാദ്യമാണെന്നറിഞ്ഞിട്ടും സ്വന്തം മന:സാക്ഷിസൂക്ഷിപ്പുകാരനെന്നതിനാല്‍ സംരക്ഷിച്ച മുഖ്യമന്ത്രിക്ക് ശിവശങ്കറിനെതിരായി പുറത്തുവന്നിരിക്കുന്ന പുതിയ ഓരോതെളിവുകളും തനിക്കെതിരായുള്ളതാണെന്ന് കാണാന്‍ പ്രയാസമുണ്ടാകുന്നതെങ്ങനെ? സ്പ്രിന്‍കഌ ഇടപാടില്‍ സര്‍ക്കാരും മുഖ്യമന്ത്രിയും പ്രതിക്കൂട്ടിലായപ്പോള്‍ എല്ലാകുറ്റവും സ്വയം ചുമലിലേറ്റി ഘടകക്ഷിയായ സി.പി.ഐയുടെ ആസ്ഥാനത്തേക്ക് ചരിത്രത്തിലാദ്യമായി ഉന്നതോദ്യോഗസ്ഥനായി ചെന്ന് തെറ്റ് ഏറ്റുപറയുകയും ചെയ്ത മാന്യനാണ് സംസ്ഥാനത്തെ ഉന്നതഐ.എ.എസ്സുകാരിലൊരാളായ ശിവശങ്കര്‍.

സി.പി.എം നേതാവുമായല്ല, സംസ്ഥാനത്തെ ഭരണത്തലവനുമായാണ് കള്ളക്കടത്തുകേസ് പ്രതിയാകുന്നയാള്‍ നിരന്തരം ബന്ധപ്പെട്ടുവന്നതെന്നത് ഇനിയേത് പാഴ്മുറം കൊണ്ട് മറച്ചാലും ഒളിക്കാനാവില്ല. നാലരവര്‍ഷത്തോളം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന വ്യക്തിയുടെ നീക്കങ്ങളൊന്നും തന്റെ കീഴില്‍ ആഭ്യന്തരവും വിജിലന്‍സും രഹസ്യാന്വേഷണസംവിധാനവുമൊക്കെ ഉണ്ടായിട്ടും അറിഞ്ഞിരുന്നില്ലെന്ന ്‌വാദിക്കാന്‍ ഇനിയും മുഖ്യമന്ത്രിക്ക് ലവലേശം കഴിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് പ്രിന്‍സിപ്പല്‍സെക്രട്ടറിയുടെ ഇരിപ്പിടം എന്നിരിക്കെ പിണറായി വിജയന്‍ ഇനിയും ജനങ്ങളെ അതുമിതുംപറഞ്ഞ് പരിഹസിക്കരുത്.

സ്വര്‍ണക്കടത്തുകേസിലെ ഒന്നാംപ്രതി സരിത്കുമാറും രണ്ടാംപ്രതി സ്വപ്‌നസുരേഷുമായി ശിവശങ്കറിന് ശക്തമായ ബന്ധമാണുണ്ടായിരുന്നതെന്നതിന് ഇനിയും തെളിവ് വേണ്ടതില്ല. കോവിഡ്കാലത്ത് അവരെ രായ്ക്കുരാമാനം കേരളത്തില്‍നിന്ന് രക്ഷപ്പെടാന്‍ സഹായിച്ച സര്‍ക്കാരാണിത്. ശിവശങ്കറിന് സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാമെന്ന ഒന്നാംപ്രതിയുടെ മൊഴി മുഖവിലക്കെടുക്കാതിരിക്കാനാകില്ലെന്ന് ഇവര്‍ തമ്മില്‍ നടന്ന അനവധി ഇടപാടുകളിലൂടെയും ഫോണ്‍വിളികളിലൂടെയും വ്യക്തമായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് കസ്റ്റംസിലേക്കുവന്ന ഫോണ്‍ ആരുടേതാണെന്നതിനെക്കുറിച്ചും സംശയത്തിന് അവകാശമില്ല.

രാഷ്ട്രീയപ്രേരിതമായ ആരോപണമാണെന്ന സ്വപ്‌നയുടെമൊഴി കള്ളമാണെന്നതിന് ബാങ്ക് ലോക്കറിലെ ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും ജീവിക്കുന്ന തെളിവാണ്. കോടികള്‍ മറിയുന്ന ബിസിനസില്‍ ശിവശങ്കറിന് കാര്യമായ പങ്കുണ്ടെന്നതിന് തെളിവാണ് സ്വപ്‌നക്കും സരിത്തിനും സന്ദീപിനുമെല്ലാം നിരവധി തവണ ഫഌറ്റ് എടുത്തുകൊടുത്തുവെന്നത്. കോവിഡ് രോഗികളുടെ കണക്ക് ശേഖരിക്കുന്നതിന് സപ്രിന്‍കഌറിനെ നിയോഗിച്ചത്, ഇ-മൊബിലിറ്റി പദ്ധതിക്കുവേണ്ടി പ്രൈസ്‌വാട്ടര്‍ കൂപ്പേഴ്‌സിനെ നിയോഗിച്ചത, കെ.ഫോണിലെ അഴിമതി തുടങ്ങി സ്വപ്‌ന സുരേഷിനെ ലക്ഷക്കണക്കിനു രൂപ ശമ്പളത്തില്‍ സര്‍ക്കാര്‍ വകുപ്പില്‍ നിയമിച്ചത്, ഇവയെല്ലാം വെളിപ്പെടുത്തുന്നത് സംശയലേശമെന്യേ ശിവശങ്കറിന് കള്ളക്കടത്തിലും പങ്കുണ്ടെന്നുതന്നെയാണ്. പഠനകാലം മുതല്‍ക്കുതന്നെ ഇടതുപക്ഷരാഷ്ട്രീയവുമായി അഭേദ്യമായി ബന്ധമുള്ള ശിവശങ്കറിനെ സംബന്ധിച്ച് തന്റെ ഉദ്യോഗത്തെയും സര്‍ക്കാരിനെയും മാത്രമല്ല. ഗോഡ്ഫാദറായി കരുതുന്ന പിണറായി വിജയനെയും ഇടതുപക്ഷത്തെയും സംരക്ഷിക്കാന്‍ ബാധ്യതയുണ്ടാകും.

അധികാരത്തില്‍ വന്ന് മാസങ്ങള്‍ക്കകം സ്വജനപക്ഷപാതത്തിന്റെ പേരില്‍ ഒരു മന്ത്രിക്ക് രാജിവെച്ചോടേണ്ടിവന്ന സര്‍ക്കാരാണ് പിണറായിയുടേത്. ജനങ്ങളുടെ ചെലവില്‍ സ്വന്തക്കാരനെ പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്ത് വെച്ചയാളാണ് വ്യവസായവകുപ്പു മന്ത്രിയും സി.പി.എം കേന്ദ്രകമ്മിറ്റിയംഗവുമായ ഇ.പി ജയരാജന്‍. കുറ്റപത്രം നല്‍കുമെന്നുറപ്പായതോടെ ഐ.പി.എസ്സുകാരനായ വിജിലന്‍സ് ഡയറക്ടറെ മാറ്റി കേസ് ഒതുക്കിത്തീര്‍ത്താണ് ഇദ്ദേഹത്തെ മന്ത്രിയായി വീണ്ടും ജനങ്ങളു െടതലയില്‍ കെട്ടിവെച്ചത്. മറ്റൊരു മന്ത്രിക്ക് ലൈംഗികാരോപണത്തിന് പുറത്താകേണ്ടിവന്നെങ്കിലും അദ്ദേഹത്തെയും തിരിച്ചെടുത്ത് മാമോദീസമുക്കി പുണ്യവാളന്മാരാക്കിയ പിണറായി സര്‍ക്കാര്‍ ഇപ്പോഴിതാ നിലയില്ലാക്കയത്തില്‍ നിലനില്‍പിനായി കാലിട്ടടിക്കുകയാണ്. ഇടതുപക്ഷ മുന്നണിയുടെ വാഗ്ദാനങ്ങളിലൊന്നായിരുന്നു അഴിമതിയെ വേരോടെ പിഴുതെറിയുമെന്നത്.

സോളാര്‍ കേസില്‍ യു.ഡി.എഫിനെതിരെ പെരുമ്പറ മുഴക്കിയവരുടെയും അവതാരങ്ങളെ ശ്രദ്ധിക്കണമെന്ന് വീമ്പിളക്കിയവരുടെയും തനിനിറം ഇതാ മൂന്നരക്കോടി ജനത കണ്ണിമയ്ക്കാതെ കണ്ടുകൊണ്ടിരിക്കുന്നു. ഈ ഘട്ടത്തിലെങ്കിലും സ്വന്തം തെറ്റുകുറ്റങ്ങള്‍ ഏറ്റുപറഞ്ഞ് കസേരവിട്ടൊഴിയുകയാണ് പിണറായി വിജയന് മുന്നിലുള്ള സാമാന്യവും സ്വാഭാവികവും കരണീയവുമായ ഉത്തരവാദിത്തം. അതിന് ഓശാന പാടലാകരുത് സി.പി.എമ്മിനെ പോലുള്ളൊരു പാര്‍ട്ടിയുടെ നാടിനോടുള്ള കടമ. ഇന്ത്യന്‍ പാര്‍ലമെന്റിലെ പ്രതിപക്ഷനേതൃപദംവരെ വഹിച്ച ഇന്ത്യന്‍കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയടിയാണിതെന്ന് സി.പി.എമ്മുകാരൊഴികെ എല്ലാവരും അറിയുന്നുണ്ടെന്ന് സ്വയം ന്യായീകരണം ചമക്കുന്നവര്‍ ഓര്‍ക്കുക. അഴിമതിയുടെ ദുര്‍ഗന്ധം ഇനിയും പരക്കുംമുമ്പ് പടിയിറങ്ങിപ്പോകുന്നതാണ് രാഷ്ട്രീയത്തിലെ പരിണതപ്രജ്ഞനായ പിണറായിക്ക് നല്ലത്.

SHARE