പതിറ്റാണ്ടിനിടെ രണ്ടാമതൊരു സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലേക്കമരുന്ന ലോകത്തെ വീണ്ടും ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ് മധ്യപൂര്‍വേഷ്യയിലെ ഏറ്റവുംപുതിയ സംഭവ വികാസങ്ങള്‍. മധ്യ-പശ്ചിമേഷ്യയില്‍ അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാമ്പത്തിക ഇടപെടലുകളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇറാനുമായി ആ രാജ്യം നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധവെറി. രണ്ടാമത്തെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ലോകജനതയുടെ പുതുവര്‍ഷപ്രതീക്ഷകളുടെ മുന്നില്‍ വീണ്ടുമൊരു യുദ്ധത്തിലേക്ക് ലോകത്തെയും വിശിഷ്യാപശ്ചിമേഷ്യയെയും എറിഞ്ഞു കൊടുക്കുകയാണിപ്പോള്‍ വ്യവസായപ്രമുഖനായ പ്രസിഡന്റ് ഡൊണാള്‍ഡ്ട്രംപ്. ജനുവരി മൂന്നിന് അമേരിക്ക ഇറാന്‍ സൈനികമേധാവി മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയെ റോക്കറ്റാക്രമണത്തില്‍ കൊലപ്പെടുത്തിയതിനെതുടര്‍ന്ന് എന്തെന്നില്ലാത്ത ആശങ്കയാണ് മേഖലയില്‍ ഉരുത്തിരിഞ്ഞിട്ടുള്ളത്. ലോകഎണ്ണസമ്പത്തിന്റെ മുഖ്യമേഖലകളിലൊന്നൊയ ഗള്‍ഫിനെ വീണ്ടുമൊരു നെറിയില്ലാത്ത പോരാട്ടവേദിയാക്കി മാറ്റുകയെന്നാല്‍ അത് ലോകത്തിനാകെ വരുത്തിവെച്ചേക്കാവുന്ന ദുരന്തത്തെക്കുറിച്ച് ട്രംപിനോ ഇതില്‍ ഭാഗവാക്കായിട്ടുള്ള മറ്റുള്ളവര്‍ക്കോ യാതൊരുപിടിയുമില്ലെന്ന് തോന്നിപ്പോകുന്നു.
സുലൈമാനിയുടെയും ഡെപ്യൂട്ടി കമാണ്ടര്‍ അല്‍ മഹ്്ദി അല്‍മുഹന്തിസിന്റെയും മറ്റും വധം അമേരിക്കയെയും ഇറാനെയും പൊടുന്നനെ ഒരുയുദ്ധത്തിലേക്ക് തള്ളിവിടാന്‍തക്ക അന്തരീക്ഷമാണ് ഇപ്പോഴുണ്ടായിട്ടുള്ളത്. ഇറാഖ് പ്രധാനമന്ത്രിയെ കണ്ടുമടങ്ങവെ ബാഗ്ദാദ് വിമാനത്താവളത്തിന് സമീപം വെച്ചായിരുന്നു യു.എസ് സേനയുടെ അപ്രതീക്ഷിത ആക്രമണം. ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് ആക്രമണമെന്ന് പെന്റഗണ്‍ വ്യക്തമാക്കിയതോടെ ഉപരോധത്തിലും കരാര്‍പിന്‍വലിയലിലും തുടങ്ങിയ പ്രശ്‌നം കൈവിടുമെന്ന അവസ്ഥയിലായി. ചൊവ്വ രാത്രി ഇറാന്‍ ഇറാഖിലെ യു.എസ് സേനാകേന്ദ്രങ്ങളിലേക്ക് നടത്തിയ ആക്രമണം തിരിച്ചടിയായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇതില്‍ 80 യു.എസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ഇറാന്‍ അവകാശപ്പെടുമ്പോള്‍ ഒരാള്‍പോലും മരിച്ചിട്ടില്ലെന്നാണ് അമേരിക്കന്‍വാദം. യു.എസിന് അനുകൂലമായി ഇസ്രാഈലും ഇന്നലെ രംഗത്തുവന്നതോടെ കാര്യങ്ങള്‍ വിചാരിച്ചതിലും വ്യാപ്തിയിലേക്ക് നീങ്ങുകയാണോ എന്ന ആകുലതയിലകപ്പെട്ടിരിക്കുകയാണ് ലോകം.ഇറാന്‍ പരമോന്നതനേതാവ് ആയത്തുല്ല അലി ഖാംനഇ നടത്തിയ രാഷ്ട്രത്തോടുള്ള പ്രഭാഷണത്തില്‍, ‘അമേരിക്കയുടെയും മറ്റും ആക്രമണത്തെ നേരിടാനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്ന്’ വ്യക്തമാക്കുകയുണ്ടായി. ഇറാഖിലെ സൈനികാക്രമണത്തിന് ശേഷമായിരുന്നു ഈപ്രസ്താവം. ട്രംപാകട്ടെ ഭീഷണി ആവര്‍ത്തിക്കുകയാണ്. യൂറോപ്യന്‍രാഷ്ട്രങ്ങളും റഷ്യയുമായി ചേര്‍ന്ന് ഇറാനുമായി 2015ല്‍ മുന്‍ യു.എസ്പ്രസിഡന്റ് ബറാക് ഹുസൈന്‍ ഒബാമ ഒപ്പുവെച്ച ആണവകരാറാണ് ഇറാനെതിരായ തര്‍ക്കത്തിന് കാരണമെങ്കിലും അതൊന്നുമല്ല, പതിറ്റാണ്ടുകളായുള്ള മേഖലയിലെ അധീശത്വ തര്‍ക്കമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളതെന്നത് പരസ്യമായ രഹസ്യം. ഇറാന്റെ ആണവശേഷി കുറക്കുക ലക്ഷ്യമിട്ടായിരുന്നു ഒബാമയുടെ കരാറെങ്കില്‍ ട്രംപ് അത് ഏകപക്ഷീയമായി റദ്ദാക്കിയതോടെ പ്രശ്‌നം പൊടുന്നനെ വഷളാകുകയായിരുന്നു. സുലൈമാനിയുടെ വധമുണ്ടാക്കിയ രോഷം ജനലക്ഷങ്ങളുടെ വിലാപയാത്രയിലൂടെ ഇറാന്‍ ലോകത്തെ അറിയിച്ചിരിക്കുകയാണ്. ഇതിനുപിറകെയാണ് കരാറില്‍നിന്ന് പിന്‍വലിയുന്നതായി ഇറാന്റെ പ്രഖ്യാപനം. ഇതോടെ ആണവായുധം നിര്‍മിക്കാന്‍ ഇറാന് കഴിയും. പക്ഷേ ബ്രിട്ടന്‍മുതലായ അമേരിക്കന്‍ സഖ്യരാജ്യങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരിക്കുകയാണ് ലോകം. യൂറോപ്യന്‍യൂണിയന്‍ വിഷയം ചര്‍ച്ചചെയ്യുമെന്നാണ് അറിയിപ്പെങ്കിലും പലകാരണങ്ങളാല്‍ അമേരിക്കയേക്കാള്‍ ഇറാനെതിരെയാകും യൂറോപ്പിന്റെ നിലപാടെന്ന് ഏറെക്കുറെ ഊഹിക്കാവുന്നതാണ്. ഇറാന ്പിന്തുണയുമായി അയല്‍പക്കത്തെ ഗള്‍ഫില്‍നിന്നുപോലും കാര്യമായി ആരുമെത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. സ്വന്തം സൈനിക-സൈബര്‍ ശേഷിയിലാണ് അവരുടെ വിശ്വാസംമുഴുവനുമെന്ന് തോന്നുന്നു. വിപ്ലവകമാണ്ടോകളും ലബനന്‍ ആസ്ഥാനമായ ഹിസ്ബുല്ലയുമാണ് അവരുടെ ശക്തി. സുലൈമാനിയുടെ ഖബറടക്കച്ചടങ്ങിനിടെ ഇറാന്‍ സൈന്യം ട്രംപിന്റെ തലക്ക് 80കോടി ഡോളര്‍ (560 കോടിയിലധികംരൂപ) വിലയിട്ടതും ചുവപ്പുപതാക ഉയര്‍ത്തിയതും പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി.
ലോകമാനചരിത്രത്തിലെ മികച്ച അധ്യായങ്ങളാണ് പേര്‍ഷ്യ (ഇറാന്‍), മോസോപൊട്ടാമിയ( ഇറാഖ് )സംസ്‌കൃതികള്‍. ഇവയുടെ നിലനില്‍പിന് ഭീഷണിയാണ് മേഖലയിലുണ്ടാകുന്ന യുദ്ധങ്ങളോരോന്നും. 2003ല്‍ ഇറാഖ് പ്രസിഡന്റ് സദ്ദാംഹുസൈന്‍ കുവൈത്ത് പിടിച്ചടക്കിയതോടെ അവിടേക്ക് കടന്നുകയറിയ അമേരിക്കയും നാറ്റോ സഖ്യസൈന്യവും ഇറാഖിന്റെ പൈതൃകകേന്ദ്രങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കുകയുണ്ടായി. ഇറാന്റെ 52 പൈതൃകകേന്ദ്രങ്ങള്‍ തകര്‍ക്കുമെന്നാണ് ഇപ്പോള്‍ ട്രംപിന്റെ ഭീഷണി. പകരം അമേരിക്കയുടെ 262 കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന് ഇറാനും പറയുന്നു. അമേരിക്കയുടെ ‘പാല്‍ചുരത്തുന്ന പശു’ വെന്നാണ് സഊദി അറേബ്യയെ ഇറാന്‍ നേതാവ് ഖാംനഇ ഇന്നലെ വിശേഷിപ്പിച്ചത്. യു.എ.ഇയുമായും അമേരിക്ക നല്ല ബന്ധത്തിലാണ്. അറേബ്യയുടെ പൊതുശത്രുവായ ഇസ്രാഈലിനെതിരെ ഒരുമിക്കുമെങ്കിലും അമേരിക്കക്കെതിരെ ഗള്‍ഫ്-മുസ്്‌ലിംരാഷ്ട്രങ്ങള്‍ ഒരുമിക്കുമെന്ന് ഇപ്പോള്‍ കരുതുക വയ്യ. ഖത്തറുമായി അടുത്തകാലത്ത് സഊദി ബന്ധം വേര്‍പെടുത്തിയതും അവരെ പിന്തുണക്കാന്‍ ഇറാന്‍ രംഗത്തെത്തിയതും എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെട്ടതും ശ്രദ്ധേയമാണ്. ഇരുവരുടെയും അതിര്‍ത്തിയിലാണ് പെട്രോളിയം കടത്തിന്റെ പ്രധാന ഇടനാഴിയായ ഹോര്‍മൂസ് കടലിടുക്ക് എന്നതും പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളവും നമ്മുടെ പരമ്പരാഗതമായ സാമ്രാജ്യത്വവിരുദ്ധനിലപാടും പെട്രോളിയം ഇടപാടും കാരണം ഇറാനുമായുള്ള ബന്ധം മുറുകെ പിടിക്കുക തന്നെവേണം. അസംസ്‌കൃത എണ്ണക്കും സ്വര്‍ണത്തിനും പൊടുന്നനെയുണ്ടായ വിലക്കുതിപ്പ് യുദ്ധമുണ്ടായാല്‍ ഇന്ത്യയിലുള്‍പ്പെടെ എന്താവുമെന്നതിന്റെ സൂചനയാണ്.
അഫ്ഗാനിസ്ഥാനിലും ഇറാഖിലും സിറിയയിലുമൊക്കെ കൈപൊള്ളിയ അമേരിക്കക്ക് തങ്ങളുടെ പണം തിരിച്ചടുത്തല്ലാതെ ഇറാഖ് വിടാനാവില്ലെന്നാണ് ട്രംപ് പറയുന്നത്. യുദ്ധത്തിലൂടെ ആര്‍ക്കാണ് പണംഒഴുകുക എന്നത് പ്രത്യേകിച്ച് പറയേണ്ടതില്ല. ശാസ്ത്രസാങ്കേതികവിദ്യയും മാനവീയവിജ്ഞാനവുമൊക്കെ ഭൂമിയിലെ പട്ടിണിപ്പാവങ്ങളുടെയും മാറാരോഗികളുടെയും പ്രകൃതിദുരന്തബാധിതരുടെയും മറ്റും പ്രയാസമകറ്റാന്‍ ഉപയോഗിക്കേണ്ട ഘട്ടത്തില്‍ യുദ്ധക്കൊതിയുമായി നീങ്ങുന്ന ലോകനേതാക്കളെ എന്തുവാക്കുകള്‍കൊണ്ടാണ് വിശേഷിപ്പിക്കേണ്ടത്? ആഢംബരസുഖലോലുപതകളില്‍ മുഴുകിക്കഴിയുന്ന അധികാരികളെ സംബന്ധിച്ച് ആയുധങ്ങള്‍ക്കായി ചെലവഴിക്കുന്ന ഒരുരൂപപോലും അമൂല്യമാണെന്ന തിരിച്ചറിവുണ്ടായെന്ന് വരില്ല. വികാരവിക്ഷോഭത്തേക്കാള്‍ വിവേകമാകട്ടെ എല്ലാവരുടെയും മുഖ്യായുധം.