തൊഴില്‍ നിയമ പരിഷ്കരണം റദ്ദു ചെയ്യുക, മിനിമം വേതനവും പെന്‍ഷനും വര്‍ധിപ്പിക്കുക, സ്വകാര്യവത്കരണനടപടി പിന്‍വലിക്കുക, വിലക്കയറ്റം തടയുക, കാര്ഷികഉത്പന്നങ്ങള്ക്ക് ന്യായവില ഉറപ്പുവരുത്തുക, പൊതുവിതരണം ശക്തിപ്പെടുത്തുക, തൊഴിലില്ലായ്മക്ക് പരിഹാരംകാണുക, ഭരണഘടന സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് രാജ്യത്തെ 25 കോടി തൊഴിലാളികള്‍ ഇന്ന് ദേശ വ്യാപക പണിമുടക്ക് നടത്തുകയാണ്. ബി.എം.എസ് ഒഴികെയുള്ള 175 തൊഴിലാളി സംഘടനകളാണ് പണിമുടക്കിന്റെ സംഘാടകര്‍. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതിനുശേഷം രാജ്യത്തിന്റെ നിധികുംഭങ്ങളായ പൊതുമേഖലയെ ഒന്നൊന്നായി വിറ്റുതുലക്കുകയും തൊഴിലാളികളുടെ നൂറ്റാണ്ടുകളായുള്ള ആനുകൂല്യാവകാശങ്ങള് റദ്ദാക്കുകയും ചെയ്യുന്ന നടപടി അഭംഗുരം തുടരുകയാണ്. എണ്ണമറ്റ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളുമാണ് നാളിതുവരെയായി രാജ്യത്തെമ്പാടും നടന്നിട്ടുള്ളത്. എന്നിട്ടൊന്നും ഭരണകൂടം തങ്ങളുടെ സ്വകാര്യ കുത്തകവത്കരണ അജണ്ടയില്‍നിന്ന് പിന്നോട്ടില്ലെന്നാണ് അവരുടെ ഓരോ നടപടികളിലൂടെയും തെളിഞ്ഞുകൊണ്ടിരിക്കുന്നത്. ഇതിനെതിരായ ബഹുജന ശ്രദ്ധ വ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഇന്നലെ അര്‍ധരാത്രി മുതല്‍ ഇന്നുരാത്രി 12 വരെ നീളുന്ന 24 മണിക്കൂര്‍ പൊതുപണിമുടക്കിന് സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്തിട്ടുള്ളത്. ഇത് വിജയിപ്പിക്കേണ്ടത് തൊഴിലാളികളുടെയും ജീവനക്കാരുടെയും മാത്രമല്ല, രാജ്യത്ത്ജീവിക്കുന്ന മുഴുവന്‍ ജനതയുടെയും ഉത്തരവാദിത്തമായി വന്നിരിക്കുകയാണ്.
1881ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കൊണ്ടുവന്ന ഫാക്ടറീസ് ആക്ട് മുതലിങ്ങോട്ട് ഇന്ത്യയിലെ തൊഴിലാളി നിയമങ്ങളില്‍ മിക്കവയും രൂപം കൊണ്ടത് എണ്ണമറ്റ പ്രക്ഷോഭങ്ങളാലും രക്തച്ചൊരിച്ചിലിലും ആയിരക്കണക്കിന് പേരുടെ രക്തസാക്ഷിത്വത്താലുമാണ്. സാമ്രാജ്യത്വ ഭരണത്തിന് കീഴില്‍ നരകയാതന അനുഭവിച്ചുവന്ന വ്യാവസായിക-കാര്‍ഷിക തൊഴിലാളി സമൂഹം നേടിയെടുത്ത അവകാശങ്ങളെയെല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കാനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. മുഴുവന്‍ തൊഴില്‍ നിയമങ്ങളെയും നാല് കോഡുകളിലാക്കി ചുരുക്കി വ്യവസായ മുതലാളിമാര്‍ക്കും കുത്തകകള്‍ക്കും സഹായകമായ വ്യവസ്ഥകളോടെയാണ് നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനകം രണ്ട് നിയമങ്ങള്‍ പാസാക്കിക്കഴിഞ്ഞു. ഇതുപ്രകാരം തൊഴിലാളിക്ക് നിലവിലുള്ള അവകാശങ്ങളെല്ലാം നിഷേധിക്കപ്പെടുമെന്ന് തീര്‍ച്ച. തൊഴില്‍ സമയം ഇരട്ടിപ്പിക്കുക, തൊഴില്‍ സുരക്ഷ ഇല്ലാതാക്കി കരാര്‍വത്കരണം നടപ്പിലാക്കുക തുടങ്ങിയവയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രാജ്യത്തെ പാര്‍ലമെന്റംഗങ്ങളുടെ 80 ശതമാനവും ഏതെങ്കിലും സ്ഥാപനഉടമയോ കുത്തകകളുടെ കിമ്പളംപറ്റുന്നവരോ ആണെന്നതാണ് ദ്രുതഗതിയിലുള്ള ഈമാറ്റങ്ങള്ക്ക് കാരണം. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതുതന്നെ ബഹുരാഷ്ട്ര കുത്തകകളായ അംബാനിമാരുടെയും അദാനിമാരുടെയും സാമ്പത്തിക സഹായം കൊണ്ടാണെന്നത് പരസ്യമായ രഹസ്യമാണ്. ഇതിന് പ്രത്യുപകാരമായാണ് ഈ പ്രതിലോമകരമായ പരിഷ്കരണങ്ങളോരോന്നും.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ 2008ലെ സാമ്പത്തിക മാന്ദ്യത്തിനിടയിലും ശക്തമായി പിടിച്ചുനിന്നതിന് കാരണം നമ്മുടെ പൊതുമേഖലാ, ബാങ്കിങ്, ഇന്‍ഷൂറന്‍സ് മേഖലകള്‍ കരുത്തുകാട്ടിയതുകൊണ്ടാണ്. അവയെയാണ്് സ്വകാര്യമുതലാളിമാര്‍ക്ക് തീറെഴുതുന്നതിപ്പോള്. ഭാരത്പെട്രോളിയം, എയര്‍ഇന്ത്യ, ഇന്ത്യന്‍ റെയില്‍വെ, ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍, ബാങ്കുകള്‍, വിമാനത്താവളങ്ങള്‍, ബി.എസ്.എന്‍.എല്‍, റിഫൈനറികള്‍ തുടങ്ങിയവ ഇതിനകം സ്വകാര്യ മുതലാളിമാര്‍ക്ക് കൈമാറുകയോ പാതിവഴിയിലോ ആണ്. ഇതിലൂടെ രാജ്യത്തിനുണ്ടാകുന്ന നഷ്ടം സഹസ്രകോടികളാണ്. വിപണി വിലയേക്കാള്‍ പതിന്മടങ്ങ് കുറവും. ആരോടും അഭിപ്രായം ആരായാതെയോ ചര്‍ച്ച നടത്താതെയോ ആണ് ഈ കച്ചവടങ്ങളോരോന്നും. തൊഴിലാളികളുടെ കൂട്ട ആത്മഹത്യ മുമ്പ് കാര്‍ഷിക രംഗത്തായിരുന്നുവെങ്കില് വ്യവസായ രംഗത്താണ് ഇപ്പോള്‍ കേള്‍ക്കുന്നത്. കഴിഞ്ഞ ഒറ്റവര്‍ഷം കൊണ്ട് 30നും 40നും ഇടയില്‍ ശതമാനം തൊഴിലാളികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. റിയല്‍എസ്റ്റേറ്റ്, ഓട്ടോമൊബൈല്‍, ചെറുകിട വ്യാപാര വ്യവസായ മേഖലകള്‍ എന്നിവ യുദ്ധം കഴിഞ്ഞ നാടിന്റെ അവസ്ഥയിലാണിന്ന്. റെയില്‍വെയുടെ ലാഭകരമായ റൂട്ടുകളാണ് സ്വകാര്യവത്കരിക്കുന്നതെന്നത് മതി കേന്ദ്ര സര്‍ക്കാരിന്റെയും മുതലാളിമാരുടെയും മനസ്സിലിരിപ്പും ഭാവിയും മനസ്സിലാക്കാന്‍. പത്തു ലക്ഷത്തിലധികം തൊഴില്‍ നഷ്ടമാണ് ഇതിനകം ഉണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ പറയുന്നു. ആറു വര്‍ഷംകൊണ്ട് ജി.ഡി.പി നിരക്ക് ഏഴു ശതമാനത്തില്‍നിന്ന് 4.5 ശതമാനത്തിലെത്തി. ഇതിലൂടെ 2.8 ലക്ഷം കോടിയാണ് രാജ്യത്തിനുണ്ടായ നഷ്ടം. 2016ലെ നോട്ടുനിരോധനവും 2017ലെ ചരക്കുസേവന നികുതിയും വ്യാപാര രംഗം നിഷ്പ്രഭമാക്കി. രൂപയുടെ ഡോളര്‍ വില 50ല്‍ നിന്ന് 70 രൂപ കടന്നു. ചെറുകിട മേഖലയുടെ തളര്‍ച്ച കോടിക്കണക്കിന് കുടുംബങ്ങളെയാണ് ബാധിച്ചത്. ഇതിനുപുറമെയാണ് വിദേശ ഇറക്കുമതി മൂലമുണ്ടായിട്ടുള്ള കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ചയും പട്ടിണിയും ദാരിദ്ര്യവും. പ്രതിവര്‍ഷം രണ്ടുകോടി വീതം തൊഴില്‍ നല്‍കുമെന്ന് പറഞ്ഞ ബി.ജെ.പിക്ക് തൊഴില്‍ നഷ്ടങ്ങളെക്കുറിച്ച് മിണ്ടാട്ടമില്ല. ലോക സാമ്പത്തിക സംഘടനകളും ബാങ്കുകളുമെല്ലാം ഇന്ത്യ കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് പറയുമ്പോള്‍ അതൊന്നും തങ്ങളെ ബാധിക്കില്ലെന്ന രീതിയിലാണ് ഉള്ളി വിലയുടെ കാര്യത്തിലെ കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവം.
സാധാരണക്കാരെയും പാവങ്ങളെയും മറന്നുകൊണ്ടുള്ള ഈ പോക്കിന്റെ ഭാഗമാണ് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള മോദി സര്‍ക്കാരിന്റെ നിയമ നിര്‍മാണമുള്‍പെടെയുള്ള നടപടികളും. പൗരത്വപ്പട്ടിക തയ്യാറാക്കുമ്പോള്‍ മുസ്ലിംകളെ ഒഴിവാക്കുന്ന നിയമം ഇതിന്റെ ഭാഗമാണ്. ഇതിനെതിരെ മുസ്ലിംകള് മാത്രമല്ല, രാജ്യത്തെ ജനതയൊന്നടങ്കം പ്രക്ഷോഭ രംഗത്തിറങ്ങിയെന്നത് ശുഭോദര്‍ക്കമാണ്. തൊഴിലാളികളുടെ പണിമുടക്കിനാധാരമായ കാര്യങ്ങളിലും രാജ്യത്തെ കര്‍ഷകരുടെയും വ്യാപാരി വ്യവസായികളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും യുവാക്കളുടെയും കുടുംബിനികളുടെയും വിദ്യാര്‍ത്ഥികളുടെയും അചഞ്ചലമായ ഈ ഐക്യദാര്ഢ്യമുണ്ടാകുമെന്നത് നിസ്തര്‍ക്കമാണ്. രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികള്‍ക്കിടയിലും അധ്വാനിക്കാതെ തിന്നു മുടിക്കുകയും വര്‍ഗീയ വിഷംചീറ്റി ജനതയെ ഭിന്നിപ്പിക്കുകയും ചെയ്യുന്ന ബി.ജെ.പിക്കും മോദി സര്‍ക്കാരിനുമെതിരായ പ്രതിരോധക്കോട്ടയാകട്ടെ ഇന്നത്തെ ദേശീയ പണിമുടക്ക്.