ജാസിം അലി
അമേരിക്കന്‍ ആക്രമണത്തില്‍ ഇറാന് റവല്യൂഷണറി ഗാര്‍ഡിന്റെ ഭാഗമായുള്ള ഖുദ്സ് സേനയുടെ തലവന്‍ കാസിം സുലൈമാനി കൊല്ലപ്പെട്ടതോടെ പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷ ഭരിതമാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്നാണ് ഇറാന്റെ ആദ്യ പ്രതികരണം. അമേരിക്കയുടേത് അത്യന്തം അപകടകരവും അബദ്ധം നിറഞ്ഞതുമായ നടപടിയാണെന്ന് ഇറാന് വിദേശകാര്യ മന്ത്രി പ്രതികരിച്ചു. അമേരിക്കയുടെ നടപടി ഇറാനും ഇറാഖും തമ്മിലുള്ള ബന്ധം വഷളാക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദേശീയ സുരക്ഷിത വികാരം വളര്‍ത്തിയെടുക്കാന്‍ ട്രംപ് ഇറാനെ കരുവാക്കാനുള്ള സാധ്യത കൂടുതലാണ്. കഴിഞ്ഞവര്‍ഷമാണ് ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ്സിനെ അമേരിക്ക ഭീകര സംഘടനയായി പ്രഖ്യാപിച്ചത്. മറ്റൊരു രാജ്യത്തിന്റെ സൈനിക വിഭാഗത്തെ ആദ്യമായാണ് അമേരിക്ക ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നത്. ട്രംപ് അധികാരമേറ്റതിന്ശേഷം ആണവ കരാറില്‍നിന്ന് അമേരിക്ക പിന്മാറിയതോടെയാണ് ഇറാനുമായുള്ള ബന്ധം വഷളായത്.
ഇറാന് റവല്യൂഷണറി ഗാര്‍ഡിന്റെ ഭാഗമായുള്ള ഖുദ്സ് സേനയുടെ തലവന്‍ മാത്രമായിരുന്നില്ല കൊല്ലപ്പെട്ട കാസിം സുലൈമാനി. ഇറാന്റെ സൈനികവും വിദേശനയങ്ങളും രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച സൈനിക കമാന്ററുമായിരുന്നു അദ്ദേഹം. നിര്‍ണായക ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തപ്പോഴും പൊതുസ്ഥലങ്ങളില്‍നിന്ന് അകന്ന്നിന്ന നേതാവായിരുന്നു. ഇറാനെ സംബന്ധിച്ച് ഏറ്റവും തന്ത്രപരമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത സൈനിക കമാന്ററാണ് അമേരിക്കന്‍ വ്യോമ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ട്രംപ് അധികാരത്തിലെത്തിയതിന്ശേഷം വഷളായ ഇറാന്- അമേരിക്കന്‍ ബന്ധം ഇതോടെ പൊട്ടിത്തെറിയുടെ വക്കിലെത്തി. അമേരിക്കയില്‍ നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന്ശേഷം ഇറാന് അമേരിക്ക ബന്ധം മെച്ചപ്പെടുത്തിയതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തി കൂടിയായിരുന്നു സുലൈമാനി.
‘മിസ്റ്റര്‍ ട്രംപ്, നിങ്ങള്‍ക്ക് ഞങ്ങളുടെ ശക്തിയും ശേഷിയും എന്തെന്ന് അറിയാം. ഞങ്ങള്‍ നിങ്ങളെ കാത്തിരിക്കുകയാണ്. നിങ്ങള്‍ക്ക് യുദ്ധം ആരംഭിക്കാം. എന്നാല്‍ അതിന്റെ അവസാനം തീരുമാനിക്കുന്നത് ഞങ്ങളായിരിക്കും’ കഴിഞ്ഞവര്‍ഷം തെഹ്റാനില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ഹംദാന്‍ നഗരത്തില്‍, പതിവിന് വിരുദ്ധമായി കാസിം സുലൈമാനി നടത്തിയ പ്രസംഗം അമേരിക്കന്‍ ഭരണകൂടത്തെ തെല്ലൊന്നുമല്ല ദേഷ്യം പിടിപ്പിച്ചത്. ഇത്തരമൊരു പ്രസംഗം നടത്താന്‍ അദ്ദേഹത്തെ പ്രകോപിപ്പിച്ചത് ഇറാന് പ്രസിഡന്റിനെ വെല്ലുവിളിച്ചു അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നടത്തിയ ട്വീറ്റാണ്. ഇറാന് പ്രസിഡന്റ് മറുപടി പറയാന്‍ നിലവാരമില്ലാത്ത പ്രസ്താവനയാണ് ട്രംപ് നടത്തിയിരിക്കുന്നതെന്നും അതുകൊണ്ടാണ് താന്‍ മറുപടി പറയുന്നതെന്നും വിശദീകരിച്ചായിരുന്നു പ്രസംഗം.
പൊതുവേദികളില്‍ പൊതുവേ പ്രത്യക്ഷപ്പെടുന്ന ആളല്ല കാസിം സുലൈമാനി. അദ്ദേഹം വെറുമൊരു കമാന്ററുമല്ല. കടുത്ത രാഷ്ട്രീയ വെല്ലുവിളികള്‍ക്കിടയിലും സാമ്പത്തിക പരാധീനതകള്‍ക്കിടയിലും ഇറാനെ മേഖലയിലെ പ്രധാന ശക്തിയായി പിടിച്ചുനിര്‍ത്തുന്ന, മികവാര്‍ന്ന നയതന്ത്രജ്ഞതയുടെ ഉപജ്ഞാതാവായാണ് സുലൈമാനി വിലയിരുത്തപ്പെടുന്നത്. പശ്ചിമേഷ്യയില്‍ പ്രബല ശക്തിയായി ഇറാന് തുടരുന്നതിന് പിന്നിലെ നയസമീപനങ്ങളില്‍ സുലൈമാനിയുടെ ബുദ്ധിയുമുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു. സിറിയ, ഇറാഖ,് ലബനണ്‍ എന്നീ രാജ്യങ്ങളുമായി ചേര്‍ന്നുള്ള പ്രതിരോധത്തിന്റെ അച്ചുതണ്ടെന്ന് ഇറാന് വിശേഷിപ്പിക്കുന്ന സഖ്യ രാഷ്ട്ര സഖ്യത്തിന്റെ പിന്നിലും സുലൈമാനിയെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.
ഇറാനിലെ ഭരണ സംവിധാനത്തിന്റെ ഭാഗമായ റവല്യൂഷണറി ഗാര്‍ഡിന്റെ കിഴിലെ ഖുദ്സ് സേനയുടെ തലവനായിരുന്നു വര്‍ഷങ്ങളായി. റവല്യുഷണറി ഗാര്‍ഡിന്റെ വിദേശ വിഭാഗമായാണ് ഖുദ്സ് സേന അറിയപ്പെടുന്നത്. സിറിയയിലെ ബഷര്‍ അല്‍ അസദിന് ആഭ്യന്തര യുദ്ധത്തില്‍ പരാജയപ്പെടുമെന്ന ഘട്ടത്തില്‍ അദ്ദേഹത്തിന് അനുകൂലമായി സായുധ സംഘങ്ങളെ സംഘടിപ്പിക്കുന്നതിനും ഐ.എസ്.ഐ.എസ്സിനെ പരാജയപ്പെടുത്തുന്നതിനും സഹായമായത് സുലൈമാനിയുടെ ഇടപെടലുകളാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറാന്റെ താല്പര്യങ്ങള്ക്കനുസരിച്ച് വിദേശ രാജ്യങ്ങളില്‍ സൈനിക ഇടപെടല്‍ നടത്തിയതടക്കമുള്ള കുറ്റങ്ങള്‍ ആരോപിച്ച് ഐക്യരാഷ്ട്ര സഭ ഉപരോധം ഏര്‍പ്പെടുത്തിയ ആളാണ് സുലൈമാനി. വിവിധ സായുധ പ്രതിരോധ സംഘങ്ങളെ സര്‍ക്കാര്‍ സംവിധാനങ്ങളിലേക്ക് ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സുലൈമാനിയുടെ രീതിയാണ് ഇറാന് മേഖലയില്‍ വലിയ സ്വാധീനം നേടികൊടുത്തതെന്നാണ് കരുതുന്നത്. ലബനണിലെ ഹിസ്ബുല്ലയൊക്കെ ഇതിന്റെ ഉദാഹരണമായി രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. 1978 ല്‍ ഖുദ്സ് സേനയുടെ തലവനായി സുലൈമാനി മാറിയതോടെയാണ് ഈ സംഘം ഇറാനിലെ രാഷ്ട്രീയ സാമ്പത്തിക നയതന്ത്ര മേഖലകളില്‍ നിര്‍ണായക സ്വാധീനമായിമാറിയത്.
കാസിം സുലൈമാനിയുടെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതാണ്. കിഴക്കന്‍ ഇറാനിലെ സാധാരണ കുടുംബത്തിലായിരുന്നു ജനനം. കുടുംബത്തെ സഹായിക്കാന്‍ 13 ാം വയസ്സില്‍ ജോലി തുടങ്ങി. 1979 ലെ ഇറാന് വിപ്ലവ കാലത്ത് പട്ടാളത്തിലായിരുന്നു. ആറാഴ്ചത്തെ പരിശീലനത്തിന്ശേഷമാണ് സുലൈമാനി ആദ്യമായി യുദ്ധ മുന്നണിയിലേക്ക് പോകുന്നത്. ഇറാന് വിപ്ലവത്തിന്ശേഷമുള്ള കാലഘട്ടമാണ് സുലൈമാനിയുടെ വളര്ച്ചത്വരിതപ്പെടുത്തിയത്. ഇറാഖുമായുള്ള യുദ്ധത്തിന് ശേഷമാണ് രാജ്യത്ത് ശ്രദ്ധിക്കപ്പെടുന്ന നായകനായി കാസ്സെം സുലൈമനി മാറുന്നത്. ഇറാഖില്‍ 2005 ല്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ സ്വാധീനം ആ രാജ്യത്തും പ്രകടമായി. ഇറാഖിലെ ശിയ സേനാ വിഭാഗമായി അറിയപ്പെടുന്ന ബദര്‍ സംഘടനയെ അവിടുത്തെ ഔദ്യോഗിക സംവിധാനത്തിന്റെ ഭാഗമായി മാറ്റിയത് സുലൈമാനിയുടെ സ്വാധീനഫലമായാണ്. പിന്നീടാണ് സിറിയയില്‍ ഇടപെടുന്നത്. സിറിയയിലെ പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സസിനെ സംഘടിപ്പിക്കുന്നതിലും ഐ.എസിനെതിരായ പോരാട്ടത്തില്‍ അസദിനെ മേല്‍ക്കൈ നേടികൊടുക്കുന്നതിലും ഇത് സഹായകമായി. എന്നാല്‍ ഇതിനേക്കാളൊക്കെ പ്രധാനം ഒരിക്കല്‍ അമേരിക്കയുമായി നല്ല ബന്ധം പുലര്‍ത്തിയ ആളായിരുന്നു സുലൈമാനിയെന്നതാണ്. അമേരിക്കയില്‍ ഭീകരാക്രമണം നടന്നതിന്ശേഷമുള്ള കാലമായിരുന്നു അത്. താലിബാനെ പരാജയപ്പെടുത്തുന്നതിനുള്ള അവസരമായി സുലൈമാനി ഇതിനെ കണ്ടു.
താലിബാനെകുറിച്ചുള്ള എല്ലാ രഹസ്യവിവരങ്ങളും അമേരിക്കക്ക് കൈമാറാന്‍ ഇറാന് തീരുമാനിച്ചതിന്റെ പിന്നില്‍ ഇദ്ദേഹമായിരുന്നു. ഇതിന് പകരമായി ഇറാന്റെ കിഴക്കന്‍ പ്രദേശങ്ങളിലുണ്ടായിരുന്ന അല്ഖ്വയ്ദയെക്കുറിച്ചുള്ള വിവരങ്ങള്‍ അമേരിക്ക ഇറാനും കൈമാറി. അമേരിക്ക ഇറാന് ബന്ധത്തില്‍ പുതിയ കാലം പിറക്കുകയാണെന്ന് പലരും കരുതി. അത്തരത്തിലുള്ള സൂചനകള്‍ സൂലൈമാനിയും നല്കി. എന്നാല്‍ ജോര്‍ജ്ജ് ബുഷ് ഇറാന് ആണവ പരിപാടികള്‍ നടത്തുകയാണെന്ന് ആരോപിച്ചതോടെ ഈ സൗഹൃദ കാലം അവസാനിച്ചു.
നിരവധി തവണ കാസിം സുലൈമാനി കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. 2006 ല്‍ വ്യോമാക്രമണത്തില്‍ സുലൈമാനി കൊല്ലപ്പട്ടെന്ന് വാര്‍ത്ത പരന്നിരുന്നു. സിറിയയിലെ അലിപോയില് നടന്ന ആക്രമണത്തില്‍ സുലൈമാനി കൊല്ലപ്പെട്ടെന്നായിരുന്നു പിന്നീട് പ്രചരിച്ച വാര്‍ത്ത. സിറിയയിലെ ഖുദ്സ്് സൈനിക താവളങ്ങള്‍ക്ക് നേരെ ഇസ്രാഈല്‍ നടത്തിയ ബോംബാക്രമണത്തില്‍ സുലൈമാനി കൊല്ലപ്പെട്ടുവെന്ന് പലരും കരുതി. കഴിഞ്ഞ ഒക്ടോബറിലും ഇസ്രാഈല്‍ സുലൈമാനിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.