കേരളത്തെ കൊഞ്ഞനം കുത്തരുത്


മൃഗീയ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയെടുത്ത പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് രാജ്യത്തൊട്ടാകെ വലിയ പ്രക്ഷോഭങ്ങളിലേക്ക് ഇറങ്ങിത്തിരിച്ചിരിക്കുന്ന ജനതയെ നോക്കി കേന്ദ്ര സര്‍ക്കാരും അതോടൊപ്പം കേരള ഗവര്‍ണറും കൊഞ്ഞനം കുത്തുന്നുവെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുണ്ടാകുമെന്ന് തോന്നുന്നില്ല. കേരള ചരിത്രത്തില്‍ അത്യപൂര്‍വമായി മാത്രമാണ് വിരുദ്ധ രാഷ്ട്രീയ കക്ഷികളില്‍പെടുന്നവരടങ്ങുന്ന നിയമസഭയൊന്നടങ്കം അഭിപ്രായ ഐക്യത്തോടെ ഒരു പ്രമേയം പാസാക്കിയിട്ടുള്ളത്. സംഘ്പരിവാര്‍ തകര്‍ത്ത അയോധ്യയിലെ ബാബരി മസ്ജിദ് പുതുക്കിപ്പണിയണമെന്നാവശ്യപ്പെട്ടും പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅ്്ദനിയെ അന്യായതടങ്കലില്‍നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുമാണ് മുമ്പ് കേരള നിയമസഭ ഐകകണ്ഠമായി പ്രമേയം പാസാക്കിയിട്ടുള്ളത്. ഇതിന് സമാനമായ സംഭവമാണ് മുസ്്‌ലിംകളെ മാത്രം പൗരത്വപ്പട്ടികയില്‍നിന്ന് ഒഴിവാക്കുന്ന പൗരത്വ ഭേദഗതി നിയമം-2019 കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്നഭ്യര്‍ത്ഥിക്കുന്ന പ്രമേയം ചൊവ്വാഴ്ച കേരള നിയമസഭ പാസാക്കിയത്. കേരള നിയമസഭാംഗങ്ങളിലെ 140ല്‍ 139പേരും അനുകൂലിച്ച് ഒരു പ്രമേയം പാസാക്കിയെന്നത് കേരളത്തിന്റെയും രാജ്യത്തിന്റെയും മതേതര പാരമ്പര്യത്തിനും ഭരണഘടനക്കും ചേര്‍ന്നുനിന്നുകൊണ്ടുള്ളതാണെന്നതിനെക്കുറിച്ച് മുഴുത്തവര്‍ഗീയാന്ധത മത്തുപിടിപ്പിക്കാത്ത ബി.ജെ.പിക്കാര്‍ക്കല്ലാതെ മറ്റൊരാള്‍ക്കും തര്‍ക്കമുണ്ടാകില്ല. ബി.ജെ.പിയുടെ ഏകപ്രതിനിധി നേമത്തെ ഒ.രാജഗോപാല്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്തു സംസാരിച്ചത്. അതുതന്നെ വസ്തുതകളുടെ അടിസ്ഥാനത്തിലുള്ളതായില്ലതാനും. മുസ്്‌ലിംകളെ പൗരത്വ മാനദണ്ഡത്തില്‍നിന്ന് ഒഴിവാക്കിയെന്നത് വ്യാജ പ്രചാരണമാണെന്ന് രാജഗോപാല്‍ പറഞ്ഞത് അദ്ദേഹത്തിന്റെ കേവല രാഷ്ട്രീയം കൊണ്ട് മാത്രമാണ്. പ്രമേയത്തിന്മേല്‍ വോട്ടെടുപ്പ് ആവശ്യപ്പെടുകയോ എതിര്‍ത്തു വോട്ടുചെയ്യുകയോ ചെയ്തില്ലെന്നതുപോകട്ടെ, വിവാദ നിയമത്തെ പിന്തുണക്കുന്നതായോ എതിര്‍ക്കുന്നതായോ പോലും രാജഗോപാല്‍ വ്യക്തമാക്കിയില്ല. ഒരു മിനിറ്റ് മാത്രമാണ് അദ്ദേഹത്തിന് സഭയില്‍ പ്രസംഗിക്കാന്‍ അവസരം നല്‍കിയതെങ്കിലും തന്റെ വാദഗതികള്‍ അവതരിപ്പിക്കാന്‍ മൂന്നു മിനിറ്റോളം രാജഗോപാല്‍ എടുക്കുകയും സ്പീക്കറത് അനുവദിക്കുകയും ചെയ്തുവെന്നത് കേരള നിയമസഭയുടെയും ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെയും മുന്നിലെ തിളങ്ങുന്ന അധ്യായമാണ്.
ഡിസംബര്‍ 9ന് ലോക്‌സഭയും 11ന് രാജ്യസഭയും പാസാക്കുകയും 12ന് രാത്രി 11.30ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെക്കുകയും ചെയ്തതോടെ 1955ലെ പൗരത്വ നിയമത്തില്‍ ഭേദഗതി നടപ്പാകുകയും അത് രാജ്യത്തെ നിയമമായി അറിയപ്പെടുകയും ചെയ്തിരിക്കുകയാണിപ്പോള്‍. നിയമത്തിലെ വിവേചനത്തിനെതിരെ മുസ്്‌ലിം ലീഗും മറ്റും സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി അത് ജനുവരി 22ന് പരിഗണിക്കാനായി മാറ്റിവെച്ചിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് രാജ്യത്തെ വലിയൊരു ജനതയൊന്നായി കക്ഷി ജാതി മതഭേദങ്ങള്‍ക്കതീതമായി കേന്ദ്ര നിയമത്തിലെ മത വിവേചനത്തിനും ഭരണാഘടനാവിരുദ്ധതക്കുമെതിരെ തെരുവിലിറങ്ങിയത്. യു.പിയിലും കര്‍ണാടകയിലും ഉള്‍പ്പെടെ ഇതിനകം 25ഓളം ജീവനുകളാണ് ബി.ജെ.പി സര്‍ക്കാരുകളുടെ വെടിയുണ്ടകളേറ്റ് പൊലിഞ്ഞുപോയത്. സര്‍വകലാശാലകളില്‍നിന്നും വിദ്യാര്‍ത്ഥികളും യുവാക്കളും കൂട്ടത്തോടെ തെരുവിലിറങ്ങിയെന്നത് രാജ്യം സ്വാതന്ത്ര്യത്തിന്‌ശേഷം ദര്‍ശിച്ച പ്രക്ഷോഭങ്ങളില്‍ സുപ്രധാനമാണ്. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ നടന്ന പടുകൂറ്റന്‍ റാലികളിലും എണ്ണമറ്റ പ്രതിഷേധ പരിപാടികളിലുമായി ജനലക്ഷങ്ങളാണ് പങ്കുകൊണ്ടത്. അറസ്റ്റിനപ്പുറം യാതൊരു തരത്തിലുള്ള ലാത്തിയടിയോ വെടിവെപ്പോ പരിക്കോ ഉണ്ടായിട്ടില്ല എന്നത് ഈസംസ്ഥാനം നാളിതുവരെയായി പിന്തുടര്‍ന്നുവരുന്ന സമാധാനപരമായ ജനാധിപത്യ സംവിധാനത്തിന് തെളിവാണ്. ഇതിനിടെയാണ് യു.ഡി.എഫിന്റെ ശിപാര്‍ശയില്‍ സംസ്ഥാനസര്‍ക്കാര്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം പ്രസ്തുതവിഷയം മുന്‍നിര്‍ത്തി വിളിച്ചുചേര്‍ക്കുന്നത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മറ്റും ഉള്‍പ്പെട്ട സത്യഗ്രഹവും നിയമസഭയുടെ പ്രത്യേക സമ്മേളനവും കേന്ദ്ര സര്‍ക്കാരിനെയും ബി.ജെ.പിയെയും വിറളിപിടിപ്പിച്ചുവെന്നതിന് തെളിവാണ് ആ പാര്‍ട്ടിയുടെ നേതാക്കള്‍ തുടരെത്തുടരെയായി പുറപ്പെടുവിക്കുന്ന പ്രസ്താവനകള്‍. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍പ്രസാദ് കഴിഞ്ഞദിവസം കേരളത്തിലെത്തി പ്രസ്താവിച്ചത്, കേരളത്തിന് ഇത്തരമൊരു നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ അധികാരമില്ലെന്നാണ്. അങ്ങനെയെങ്കില്‍ മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തിലെ നിയമങ്ങള്‍ നടപ്പാക്കാന്‍ തയ്യാറാകാത്ത സ്ഥിതി വരുമെന്നുവരെ മന്ത്രി സൂചിപ്പിച്ചുകളഞ്ഞു. അതായത് കേരളത്തില്‍നിന്ന് ഒരു പ്രതി ഇതര സംസ്ഥാനത്തെത്തിയാല്‍ അയാളെ പിടിച്ചുകൊടുക്കേണ്ട ആ സര്‍ക്കാരിന്റെ ബാധ്യത നിറവേറ്റപ്പെടില്ലെന്ന്. ഇത് ഒരു തരത്തില്‍ പറഞ്ഞാല്‍ ഫെഡറലിസത്തിന് നേര്‍ക്കുള്ള ഭീഷണിയാണ്. അതു നടത്തിയത് നിയമമന്ത്രിയും. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്തിലൊരിടത്തും മഷിയിട്ട് നോക്കിയാല്‍ പോലും പാര്‍ലമെന്റിന്റെ അധികാരത്തില്‍ കൈകടത്തലില്ല. എന്നിട്ടും അദ്ദേഹത്തിനെതിരെ രാജ്യസഭയില്‍ അവകാശ ലംഘന നോട്ടീസ് നല്‍കിയിരിക്കുകയാണ് ബി.ജെ.പി എം.പി ജി.വി.എല്‍ നരസിംഹറാവു.
എന്നാല്‍ ഇതിലൊക്കെ ഭീകരമാണ് കേരളത്തിന്റെ ഭരണതലപ്പത്തിരിക്കുന്ന വ്യക്തിയുടെ ഭാഗത്തുനിന്ന് നിരന്തരമായി വന്നുകൊണ്ടിരിക്കുന്ന പ്രസ്താവനകള്‍. പൗരത്വ നിയമം കേന്ദ്ര സര്‍ക്കാരിന്റെ വിഷയമാണെന്നും അതിനെതിരെ പ്രമേയം പാസാക്കാന്‍ നിയമസഭക്ക് കഴിയില്ലെന്നുമൊക്കെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇതേ നിയമസഭയുടെ മുമ്പാകെ ഭരണകൂടത്തിന്റെ വക്താവാകേണ്ടയാളാണ് ഗവര്‍ണറെന്നത് രാഷ്ട്രീയത്തിമിരബാധയാലാണെന്ന് തോന്നുന്നു ബഹുമാനപ്പെട്ട ആരിഫ് മുഹമ്മദ്ഖാന്‍ പലകുറി മറന്നുപോകുകയാണ്. ഭരണഘടനാവശാലും ചട്ടങ്ങളാലും ഒരു സംസ്ഥാന നിയമസഭക്ക് ഇക്കാര്യത്തിലെന്നല്ല, സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന ഏതൊരു വിഷയത്തിലും അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അത് നിറവേറ്റേണ്ട ബാധ്യതകൂടി ആ സഭക്കും ജനപ്രതിനിധികള്‍ക്കും സ്വാഭാവികമായും വന്നുചേരുന്നു. എന്നിട്ടും ഇതൊന്നും കണക്കിലെടുക്കാതെ നാഴികക്ക് നാല്‍പതുവട്ടം കേരള സര്‍ക്കാരിനെയും ഇപ്പോള്‍ നിയമസഭയെയും അപ്പാടെ അധിക്ഷേപിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിക്കൊണ്ടിരിക്കുന്ന ഗവര്‍ണറെ ഏത് ആലയത്തിലേക്കാണ് അയക്കേണ്ടത്. തനിക്ക് ഭരണഘടനയോ സംസ്ഥാനത്തെ ജനങ്ങളുടെ വികാരമോ ബാധകമല്ലെന്നാണ് ആരിഫ്ഖാന്റെ വാദമെന്ന് തോന്നുന്നു. ഇദ്ദേഹത്തെ എത്രയും പെട്ടെന്ന് തിരിച്ചുവിളിക്കുകയാണ് നിയമത്തോടും ഭരണഘടനയോടും തെല്ലെങ്കിലും കൂറുണ്ടെങ്കില്‍ കേന്ദ്രം ചെയ്യേണ്ടത്.

SHARE