സാമ്പത്തിക മാന്ദ്യം ദുരന്തത്തിലേക്കോ


ഇന്ത്യ സാമ്പത്തിക ദുരന്തത്തിലേക്ക് കൂപ്പുകുത്തുകയാണോ? അതെയെന്ന് ദ്യോതിപ്പിക്കുന്ന വിധത്തിലുള്ള വാര്‍ത്തകളും റിപ്പോര്‍ട്ടുകളുമാണ് ഓരോ നിമിഷവും ലോകം കേട്ടുകൊണ്ടിരിക്കുന്നത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ തലതിരിഞ്ഞ സാമ്പത്തിക നയനടപടികള്‍ കാരണം സംഭവിച്ചിരിക്കുന്ന ദുരന്തത്തിന്റെ വ്യാപ്തി ഇഴകീറി വ്യക്തമാക്കുന്ന പലവിധ കണക്കുകളും രേഖകളുമാണ് റിസര്‍വ് ബാങ്ക്, ധന-വാണിജ്യ മന്ത്രാലയങ്ങള്‍, ലോക ബാങ്ക്, ഐ.എം.എഫ് തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്നായി അടുത്തകാലത്തായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതിന് വീണ്ടും ആക്കംകൂട്ടുന്ന തരത്തിലാണ് രാജ്യത്തെ ഭരണകൂടം നീങ്ങിക്കൊണ്ടിരിക്കുന്നതെന്നതാണ് അതിലും സങ്കടകരമായ വസ്തുത.
നോട്ടുനിരോധനം നടപ്പാക്കിയ 2016 നവംബറില്‍ 50 ദിവസത്തിനകം രാജ്യത്തെ സാമ്പത്തിക പ്രയാസങ്ങള്‍ക്കെല്ലാം താന്‍ പരിഹാരം കാണുമെന്നും അല്ലെങ്കില്‍ തന്നെ പച്ചക്ക് തീവെച്ചുകൊന്നുകൊള്ളൂ എന്നും ആണയിട്ട പ്രധാനമന്ത്രിയും അതിലെ ഇപ്പോഴത്തെ ധനകാര്യമന്ത്രിയും ഇപ്പോള്‍ ജനങ്ങളുടെ മുന്നില്‍ ഇരുകൈകളും മലര്‍ത്തുകയാണ്. വലിയുള്ളിയുടെ വില ക്രമാതീതമായി വര്‍ധിച്ചിരിക്കുന്ന ഇക്കാലത്ത് താന്‍ ഉള്ളി കഴിക്കാറില്ലെന്ന് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയ ധനകാര്യമന്ത്രി നിര്‍മല സീതാരാമന്റെ നിസ്സംഗവികാരമാണ് ഇന്ത്യയുടെ സമകാലീന ധനകാര്യ-സാമ്പത്തിക മാനേജ്‌മെന്റില്‍ സര്‍ക്കാരിന്റെ മുഖമുദ്ര. ജനത അനുഭവിക്കുന്ന സാമ്പത്തിക പ്രയാസങ്ങളൊന്നും തങ്ങളെ ബാധിക്കില്ലെന്ന അധികാരികളുടെ തോന്നലാണിത്. ആറു വര്‍ഷത്തില്‍ ഇതാദ്യമായി രാജ്യത്തെ സാമ്പത്തിക വളര്‍ച്ച കുത്തനെ ഇടിഞ്ഞിരിക്കുന്നുവെന്ന് വ്യക്തമാക്കിയത് സര്‍ക്കാരിന്റെതന്നെ സാമ്പത്തിക വിഭാഗമാണ്. ഏഴു ശതമാനം വരെ വളര്‍ച്ച പ്രതീക്ഷിച്ചിരുന്ന സ്ഥാനത്തിപ്പോള്‍ നടപ്പുവര്‍ഷം 4.5 ശതമാനമാണ് വളര്‍ച്ച. പെട്ടെന്നൊന്നും ഇതിന് മാറ്റം വരുമെന്ന് പ്രതീക്ഷിക്കാനൊന്നും കാണുന്നുമില്ല. സാമ്പത്തികമാന്ദ്യമെന്നാണ് ഇതിനെ ഐ.എം.എഫും ലോകബാങ്കുമൊക്കെ വിശേഷിപ്പിക്കുന്നതെങ്കിലും പക്ഷേ മാന്ദ്യമില്ലെന്നാണ് ധനകാര്യവകുപ്പിന്റെ വിശേഷണം. മാത്രമല്ല, രാജ്യംകണ്ട ഏറ്റവും മികച്ച ധനകാര്യ മാനേജ്‌മെന്റാണ് മോദി നടത്തുന്നതെന്നാണ് ബി.ജെ.പിക്കാരിലെ ഉത്തരവാദപ്പെട്ടവരുടെ പോലും പക്ഷം. ഉത്പാദനരംഗത്തും മറ്റും ഉണ്ടായ വന്‍തകര്‍ച്ചയെ ഇത്തരം വീണ്‍വാക്കുകള്‍കൊണ്ട് മറയിടാന്‍ ശ്രമിക്കുന്നത് അണപൊട്ടിയ വെള്ളത്തെ തടുത്തുനിര്‍ത്താന്‍ ശ്രമിക്കുന്നതുപോലെയാണ്. തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഉയര്‍ച്ചയിലേക്ക് കുതിക്കുമ്പോള്‍ 40 ശതമാനത്തിലധികമാണ് ഉത്പാദനരംഗത്തെ ഇടിവ്. പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യ ഉത്പാദനം 1.5 ശതമാനം കുറഞ്ഞതായി വാര്‍ത്ത വന്നിരിക്കുന്നു. വാണിജ്യ-വ്യാപാര രംഗങ്ങളിലെ മാന്ദ്യത്തിന്റെ പ്രതിഫലനമാണ് ചരക്കുസേവന നികുതിയിലെയും (ജി.എസ്.ടി) സംസ്ഥാന നികുതികളിലെയും വന്‍ ഇടിവ്. കേന്ദ്ര സര്‍ക്കാരിനെ മാത്രമല്ല, സംസ്ഥാന സര്‍ക്കാരുകളെയും അപ്പാടെ ഇത് ഉലച്ചുകഴിഞ്ഞുവെന്നാണ് ധനകാര്യമന്ത്രിമാരും സാമ്പത്തിക വിദഗ്ധരുമെല്ലാം സാക്ഷ്യപ്പെടുന്നത്. ദാരിദ്ര്യനിര്‍മാര്‍ജന-തൊഴില്‍ദാന പദ്ധതികളുടെ പോലും കൂലികൊടുത്തുതീര്‍ക്കാത്ത അവസ്ഥയില്‍ പട്ടിണിയിലേക്ക് ജനങ്ങളെ കൈപിടിച്ചുനടത്തുകയാണിപ്പോള്‍ കേന്ദ്ര ഭരണകൂടം.
ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഭക്ഷ്യ-കാര്‍ഷിക സംഘടന (എഫ്.എ.ഒ) യുടെ ഏറ്റവും പുതിയ കണക്കുകള്‍ ഇന്ത്യന്‍ സാമ്പത്തികത്തകര്‍ച്ചയുടെ സൂചികയാണ്. ഇന്ത്യയുടെ 14.5 ശതമാനം ആളുകള്‍- ജനസംഖ്യയിലെ 20 കോടിയോളംവരും- പോഷകാഹാരക്കുറവ് അനുഭവിക്കുകയാണെന്നാണ് പ്രസ്തുത റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. 15 നും 49നും ഇടയില്‍ പ്രത്യുല്‍പാദനശേഷിയുള്ള സ്ത്രീകളില്‍ 51.4 ശതമാനം പേരും പട്ടിണി നേരിടുകയാണെന്നും എഫ്.എ.ഒ പറയുന്നു. ഇതിനര്‍ത്ഥം ഇന്ത്യയില്‍ വൈകാതെതന്നെ പട്ടിണിമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേക്കാമെന്നാണ്. ബി.ജെ. പി ഭരിക്കുന്നതും അവര്‍ ഭരിച്ചിരുന്നതുമായ ഉത്തര്‍പ്രദേശിലെയും രാജസ്ഥാനിലെയും കുഞ്ഞുങ്ങളുടെ കൂട്ടമരണത്തിന്റെ കാരണം പോഷാകാഹാരക്കുറവ് മൂലമാണെന്ന് ഇതിനകം വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. ഇതേ അവസ്ഥ തന്നെയാണ് കേരളത്തിലെ അട്ടപ്പാടിയിലെ ആദിവാസികളുടെ കാര്യത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. അട്ടപ്പാടിയില്‍ ഇടതുപക്ഷസര്‍ക്കാര്‍ വന്നതിനുശേഷം മാത്രം 20 ഓളം കുഞ്ഞുങ്ങള്‍ മരണത്തിനിരയായത് മറന്നുകൂടാ. പല കാര്യത്തിലും ദേശീയ ശരാശരിയുടെ മുന്നില്‍നില്‍ക്കുന്ന സാക്ഷര കേരളത്തിന്റെ അവസ്ഥ ഇതാണെങ്കില്‍പിന്നെ മറ്റ് സംസ്ഥാനങ്ങളുടെ സ്ഥിതിയെക്കുറിച്ച് പറയാനുണ്ടോ! കര്‍ഷകരുടെ ആത്മഹത്യ ഇന്ന് വാര്‍ത്തയല്ലാതായിക്കഴിഞ്ഞു. കഴിഞ്ഞവര്‍ഷം നരേന്ദ്രമോദി സര്‍ക്കാര്‍ അവകാശപ്പെട്ടത്, ലോകത്തെ വേഗത്തില്‍ വളര്‍ച്ച നേടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നാണ്. എന്നാലിന്ന് ആ പദവിപോലും നമുക്ക് കൈമോശംവന്നിരിക്കുന്നു. തൊട്ടടുത്ത രാജ്യങ്ങളായ പാക്കിസ്താനും ബംഗ്ലാദേശും ഇക്കാര്യത്തില്‍ ഇന്ത്യയേക്കാള്‍ മുന്നിലാണിന്ന്. അടുത്തിടെ പൗരത്വനിയമഭേദഗതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ ബംഗ്ലാദേശ് മന്ത്രി അവകാശപ്പെട്ടത്, തങ്ങളുടെ രാജ്യത്തുനിന്ന് പഴയതുപോലെ ഇന്ത്യയിലേക്ക് ആരും പട്ടിണികൊണ്ട് വരുന്നില്ലെന്നാണ്. തുടര്‍ച്ചയായി അഞ്ചുതവണയാണ് റിസര്‍വ്ബാങ്ക് വായ്പാപലിശനിരക്ക് കുറച്ചത്. വായ്പയെടുക്കാനോ സംരംഭങ്ങള്‍ തുടങ്ങുന്നതിനോ ആളുകള്‍ മുന്നോട്ടുവരുന്നില്ല. അടുത്തവര്‍ഷം കിട്ടാക്കടം നാലുശതമാനത്തോളം പെരുകുമെന്നാണ് റിസര്‍വ്ബാങ്കിന്റെ പുതിയ അവലോകന റിപ്പോര്‍ട്ട് പറയുന്നത്. വന്‍തോതില്‍ വ്യാപാരക്കമ്മി നേരിടുകയും നിര്‍മാണ-ഉത്പാദന മേഖലകള്‍ സ്തംഭിക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും നാമെല്ലാവരും അതിന്റെ ദുരിതഫലം അനുഭവിച്ചുതീര്‍ത്തേ മതിയാകൂ.
2008ലെ ആഗോള മാന്ദ്യത്തില്‍പോലും ഇന്ത്യയെ പിടിച്ചുനിര്‍ത്തിയത് ലോകംകണ്ട സാമ്പത്തിക ശാസ്ത്രജ്ഞന്‍കൂടിയായ യു.പി.എയുടെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങിന്റെ ദീര്‍ഘദൃഷ്ടിയോടെയുള്ള സാമ്പത്തിക മാനേജ്‌മെന്റ് മൂലമായിരുന്നു. സമ്പദ്‌വ്യവസ്ഥയുടെ സേഫ്റ്റിവാള്‍വായിരുന്ന പൊതുമേഖലാബാങ്കുകളും ഇന്ത്യയുടെ നട്ടെല്ലായ പൊതുമേഖലാസ്ഥാപനങ്ങളും ഇന്ന് ഒന്നൊന്നായി സര്‍ക്കാര്‍ വിറ്റുതുലക്കുകയാണ്. ഇങ്ങിനി തിരിച്ചുവരാനാവാത്തവിധം രാജ്യം വലിയൊരു സാമ്പത്തികത്തകര്‍ച്ചയിലേക്ക് പോകുമോ എന്ന ഭയത്തിനിടെ കൈവിരലനക്കാന്‍ പോലും ത്രാണിയില്ലാതെ ജനങ്ങളുടെമുമ്പില്‍ പൊങ്ങച്ചം നടിക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍. കേവലമായ വര്‍ഗീയതയിലേക്കും മതജാതിപരവുമായ തര്‍ക്കങ്ങളിലേക്കും രാജ്യത്തെ തള്ളിവിടുന്ന മോദി സര്‍ക്കാര്‍ അധികംവൈകാതെതന്നെ ഇതിന്റെ തിരിച്ചടി നേരിടേണ്ടിവരുമെന്നതാണ് സത്യം. പ്രമുഖ വ്യവസായി രാഹുല്‍ബജാജ് വ്യവസായപ്രമുഖരുടെ യോഗത്തില്‍ കേന്ദ്രമന്ത്രിമാരായ അമിത്ഷായുടെയും നിര്‍മലസീതാരാമന്റെയും മുഖത്തുനോക്കി പറഞ്ഞതുതന്നെയാണ് സത്യം: സാമ്പത്തികരംഗത്ത് മാത്രമല്ല, ഇന്ത്യയെ ഇപ്പോള്‍ മുച്ചൂടും ഗ്രസിച്ചിരിക്കുന്നത് ഒടുങ്ങാത്ത ഭീതിയാണ്. ആ മാറാല എന്നുനീങ്ങുമോ അന്നേ സാമ്പത്തികത്തോണിയും കരപറ്റൂ.

SHARE