
പുതുവര്‍ഷത്തില്‍ കേരളം വലിയ പരീക്ഷണത്തിനൊരുങ്ങുകയാണ്. ഇന്ന് മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിച്ചിരിക്കുകയാണ് സര്‍ക്കാര്‍. പ്ലാസ്റ്റിക് വലിയ വിപ്ലവമായിരുന്നു. വിലക്കുറവും ഉപയോഗ സൗകര്യവും പ്ലാസ്റ്റിക്കിനെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കി. ആധുനിക ജീവിതരീതിയോടെ ഇത്ര വേഗത്തില്‍ ഇണങ്ങിച്ചേര്‍ന്ന മറ്റൊരു ഉല്‍പ്പന്നം വേറെയില്ല. പ്ലാസ്റ്റിക് നിരോധനവും വലിയ വിപ്ലവമാണ്. വിജയിക്കാന്‍ ഏറെ ദൂരങ്ങള്‍ താണ്ടേണ്ട ഒന്നിനാണ് ഇന്ന് സര്‍ക്കാര്‍ തുടക്കമിടുന്നത്. തങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ പ്ലാസ്റ്റിക് നിരോധിക്കുന്നത് ജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട് ഏറെയാണെങ്കിലും പ്ലാസ്റ്റിക് നിരോധനം വിജയിക്കണമെന്ന ആഗ്രഹം മലയാളികള്‍ക്ക് എല്ലാവര്ക്കുമുണ്ടാകാനിട-ഇത് സാധ്യമാകുമോ എന്ന സന്ദേഹം ഒപ്പമുണ്ടെങ്കിലും. ഭാവി തലമുറയ്ക്കായ് കേരളത്തെ കാത്തു വെയ്ക്കാനുള്ള കരുതലാണ് തീരുമാനമാനത്തിന് ഹേതുവെങ്കില്‍ മറു ചോദ്യങ്ങളില്ലാതെ, ഉപാധിരഹിത പിന്തുണ ഇക്കാര്യത്തില്‍ മലയാളി നല്‍കേണ്ടതുണ്ട്.
വര്‍ത്തമാനകാലത്ത് കേരളം നേരിടുന്ന പരമപ്രധാന പ്രതിസന്ധി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തന്നെയാണ്. പരിസ്ഥിതിയെ വിഴുങ്ങുന്ന ദുര്ഭൂതമായി പ്ലാസ്റ്റിക് മാറിയിട്ട് കുറച്ച് വര്‍ഷങ്ങളെ ആയിട്ടുള്ളൂ. എങ്കിലും അമിതോപയോഗം കൊണ്ട് കേരളത്തിന്റെ പരിസ്ഥിതിക ഘടനയെ തകര്‍ക്കുന്ന, വലിയ ദുരന്തമായി പ്ലാസ്റ്റിക് മാറിക്കഴിഞ്ഞു.’എന്നാല്‍ പൂര്‍ണമായ പ്ലാസ്റ്റിക് നിരോധനത്തിനല്ല, സര്‍ക്കാര്‍ തുനിഞ്ഞിട്ടുള്ളത്. പ്ലാസ്റ്റിക് രഹിത കേരളമെന്ന സ്വപ്നത്തിലേക്ക് സര്‍ക്കാര്‍ എത്തേണ്ടതായിരുന്നു. സ്പീഡ് ബ്രേക്കര്‍ പോലെ പ്ലാസ്റ്റിക്കിന്റെ അമിതോപയോഗത്തിന് തടയിടാനുള്ള താല്‍ക്കാലിക സൂത്രപ്പണിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. വെള്ളം ചേര്ക്കപ്പെട്ടപ്പെട്ടതിനാല് നിരോധനത്തോട് സമ്മിശ്ര പ്രതികരണമാണ് ഉണ്ടാകുന്നത്. അനുധാവനതയോടെ സര്‍ക്കാര്‍ നീങ്ങിയിരുന്നുവെങ്കില്‍ ഇപ്പോഴുള്ള എതിര്‍പ്പ് പോലും ഉയരുമായിരുന്നില്ല.
ഇതിന് മുമ്പ് ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വന്തം നിലയ്ക്ക് പ്ലാസ്റ്റിക്കിനെതിരെ യുദ്ധം പ്രഖ്യാപിച്ചിട്ടുണ്ട്. കാര്യമായ വിജയം ഇതുവരെ ആര്‍ക്കും നേടാനായിട്ടില്ല. പരാജയപ്പെട്ട് പിന്തിരിഞ്ഞ് ഓടിയതാണ് പ്ലാസ്റ്റിക് വിരുദ്ധ യുദ്ധത്തിന്റെ ബാക്കിപത്രം. ഇത്തവണ സര്‍ക്കാര്‍ തന്നെ തുനിഞ്ഞിറങ്ങുമ്പോള്‍ പുതു ചരിത്രമെഴുതാനാകണം. ഈ യുദ്ധം ജയിക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. എന്നാല്‍ സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെടുന്ന കാര്യങ്ങള്‍ നിരോധനത്തിലുള്ച്ചേര്ന്നിട്ടുണ്ട്. ഇവ കൂടി പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.
തദ്ദേശ സ്ഥാപനങ്ങള്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡിനുമാണ് നിരോധനം നടപ്പാക്കാനുള്ള ചുമതല. വലിയ പിഴ ചുമത്തി പ്ലാസ്റ്റിക് വിരുദ്ധ യജ്ഞം വിജയിപ്പിക്കാന്‍ കഴിയുമോ എന്നാണ് പരീക്ഷിക്കപ്പെടുന്നത്. ആദ്യ തവണ നിയമ ലംഘകര്‍ക്ക് 10,000 രൂപയും ആവര്‍ത്തിക്കുകയാണെങ്കില്‍ അരലക്ഷം രൂപ വരെയുമുള്ള പിഴയാണ് നിശ്ചയിച്ചിട്ടുള്ളത്. തടവ് ശിക്ഷയും നിയമത്തില്‍ പറയുന്നുണ്ട്. നിയമം പാലിക്കുന്നവരാണ് 90 ശതമാനം മനുഷ്യരും. സര്‍ക്കാര്‍ നിരോധിത പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്ലാസ്റ്റിക് ഉല്പന്നങ്ങളില് ഭൂരിപക്ഷവും ജനങ്ങള്‍ വര്ജിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കേണ്ട്. എന്നാല്‍ ഇപ്പോള്‍ നിരോധിച്ച പട്ടികയില്‍ സംസ്ഥാനത്ത് ഉപയോഗിക്കപ്പെടുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ അമ്പത് ശതമാനം പോലുമുള്ക്കൊള്ളുന്നില്ല. നിരോധനത്തില്‍ കാര്യമായ വേര്‍തിരിവുണ്ട് താനും. കോര്‍പറേറ്റുകള്‍ക്ക് എല്ലാവിധ പ്ലാസ്റ്റിക് ഉപയോഗത്തിനും നിര്‍ബാധം അനുമതി നല്കുന്നുവെന്നത് ഇപ്പോഴത്തെ നിരോധനത്തിലെ അനീതിയായി മുഴച്ചു നില്ക്കുന്നു. 500 മില്ലി ലിറ്ററിന്താഴെയുള്ള പ്ലാസ്റ്റിക് കുപ്പികള്‍, ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍, പാത്രം, സ്പൂണ്‍, സ്ട്രോ, ഗാര്‍ബേജ് ബാഗുകള്‍ തുടങ്ങിയവയാണ് നിരോധിച്ചിരിക്കുന്നത്. ഇന്ന് മുതല്‍ നിരോധിത സാധനങ്ങളുടെ ഉല്‍പ്പാദനവും വിതരണവും ഉപഭോഗവും പാടില്ലെന്നാണ് ശാസന.
എന്നാല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ബ്രാന്‍ഡ് ചെയ്ത ഉല്പന്നങ്ങളുടെ പായ്ക്കറ്റ്, ബ്രാന്‍ഡഡ് ജ്യൂസ് പാക്കറ്റ്, മുന്‍കൂട്ടി അളന്നു വെച്ച ധാന്യങ്ങള്‍, പഞ്ചസാര എന്നിവ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ തുടങ്ങിയവയൊന്നും നിരോധിച്ചിട്ടില്ല. കൈകാര്യ ചെലവ് മുന്‍കൂറായി സര്‍ക്കാരിന് നല്‍കണമെന്ന ഉപാധിയോടെയാണ് കോര്‍പറേറ്റ് കമ്പനികള്‍ക്ക് ഇളവ് നല്കിയിരിക്കന്നത്. കേരളം കണി കണ്ടുണരുന്ന മില്‍മക്ക് പോലും ഈ സൗജന്യമില്ല. മില്‍മയും ബിവറേജസ് കോര്‍പറേഷനും പ്ലാസ്റ്റിക് മടക്കി എടുക്കണം. പ്ലാസ്റ്റിക് എന്ന ദുര്‍ഭുതം കേരളത്തെ വിട്ടൊഴിയില്ലെന്ന് ചുരുക്കം.’
നിരോധന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുമ്പോഴും പ്ലാസ്റ്റിക് നിരോധനം ഫലം കാണില്ലെന്ന് തുടക്കത്തില്‍ തന്നെ പറയേണ്ടി വരുന്നു. പ്ലാസ്റ്റിക് പൂര്‍ണമായി നിരോധിക്കാന്‍ കഴിയുന്ന ദിവസമേ ഈ ദുര്‍ഭൂതം കേരളത്തെ വിട്ടൊഴിയൂ. ആ ദിനം പെട്ടെന്ന് വന്നെത്തേണ്ടത് കേരളമെന്ന കൊച്ചു ഭൂമികയുടെ ജീവല്‍ പ്രശ്നമാണ്.’കഴിഞ്ഞ നവംബറിലാണ് മന്ത്രിസഭാ യോഗം പ്ലാസ്റ്റിക് ഭാഗികമായി നിരോധിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പിന്നീട് തുടര്‍ നടപടികള്‍ ഒന്നു മുണ്ടായില്ല. പ്ലാസ്റ്റിക് നിരോധിക്കുമ്പോള്‍ സ്വീകരിക്കാവുന്ന ബദല്‍ മാര്‍ഗങ്ങള്‍ ആലോചിക്കപ്പെട്ടതേയില്ല. സാര്‍വത്രികമായി ജനങ്ങള്‍ ഉപയോഗിക്കുന്ന ഒന്ന് നിരോധിക്കുമ്പോള്‍ ബദല്‍ മാര്‍ഗം സ്വയം ഉരുത്തിരിയേണ്ടതല്ല, ഉണ്ടാക്കിത്തീര്ക്കേണ്ടതാണ്. നിരോധിത പട്ടികയില്‍ ഉള്‍പ്പെടാത്ത പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് സര്‍ക്കാര്‍ കൃത്യമായ മാര്‍ഗരേഖകള്‍ ഇറക്കിയിട്ടുമില്ല.’കേരളത്തെ സംബന്ധിച്ച് പ്രത്യാശാനിര്‍ഭരമാണ് പ്ലാസ്റ്റിക് നിരോധനം. സര്‍ക്കാരിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും ജനങ്ങളുടെ അഭിലാഷവും സാര്‍ത്ഥകമാകണമെങ്കില്‍ കൃത്യമായ മുന്നൊരുക്കത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരില്‍ നിന്നുണ്ടാകണം.’
പ്ലാസ്റ്റിക് നിരോധനം സാധാരണ ജനങ്ങളെ മാത്രം ബാധിക്കുന്ന, അവരുടെ മാത്രം ഉത്തരവാദിത്തമാകുന്ന അപൂര്‍ണമായ സംവിധാനമായി മാറരുത്. വമ്പന്‍ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും പ്ലാസ്റ്റിക് ഉപയോഗത്തിന് നല്കുന്ന ഇളവിന് കാലവധി നിശ്ചയിച്ച്, പ്ലാസ്റ്റിക് എന്ന ദുര്‍ഭൂതത്തെ കേരളത്തില്‍ നിന്ന് ഒഴിവാക്കണം. കേരളത്തിലെ മുഴുവന്‍ മനുഷ്യരുടേയും പിന്തുണ ഇതിനുണ്ടാകും. പ്ലാസ്റ്റികിന്റെ ഭാഗികമായി നിരോധനം സമൂഹത്തിലെ ഒരു വിഭാഗത്തെ മാത്രമാണോ ബാധിക്കുന്നതെന്ന് സര്‍ക്കാര്‍ പരിശോധിക്കുകയും പഠിക്കുകയും വേണം. പ്ലാസ്റ്റിക് നിരോധനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ നടത്തുന്നതില്‍ പരാജയപ്പെട്ടെന്ന യാഥാര്‍ത്ഥ്യം സര്‍ക്കാര്‍ ഉള്‍ക്കൊള്ളണം. ബദല്‍ സംവിധാനങ്ങളും ബോധവല്‍ക്കരണവും സര്‍ക്കാര്‍ സാര്‍വത്രികമായി നടപ്പാക്കണം. പ്ലാസ്റ്റികിന് ബദലായി ഉപയോഗിക്കാവുന്ന തുണി, ചണം, പേപ്പര്‍ സഞ്ചികളുടെ നിര്‍മാണം തൊഴില്‍ ലഭ്യമാക്കുന്ന സംരംഭമായി മാറണം. സാധാരണക്കാരന് താങ്ങാവുന്ന വിലയില്‍ ഇവ ലഭ്യമാകണം. പ്ലാസ്റ്റിക് നിയമലംഘകരില്‍ നിന്ന് ഈടാക്കുന്ന പിഴ തുക സബ്സിഡിയായി നല്കി പരിസ്ഥിതി സൗഹൃദ സഞ്ചികള്‍ കുറഞ്ഞ വിലയില്‍ ലഭിക്കുന്നതിന് നടപടി എടുക്കണം.