പാക്കിസ്താനിലേക്ക് ആരാണ് പോകേണ്ടത്


പൗരത്വഭേദഗതിനിയമവുമായി ബന്ധപ്പെട്ട് അത് നിലവില്‍വന്ന ഡിസംബര്‍12 മുതലിങ്ങോട്ട് രാജ്യത്താകമാനം സ്വാതന്ത്ര്യപ്രസ്ഥാന കാലത്തെന്നതുപോലുള്ള വന്‍പ്രക്ഷോഭങ്ങളാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. ഇതേസമയം നിയമത്തില്‍ യാതൊരുവിട്ടുവീഴ്ചക്കും സാധ്യതയില്ലെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യയിലെ നവഫാസിസ്റ്റ്ഭരണകൂടം. ഇതിനിടെയാണ് രാഷ്ട്രീയയജമാനന്മാരെ തൃപ്തിപ്പെടുത്താനെന്നവണ്ണം ഇന്ത്യയിലെ പൊലീസ്‌സേനയിലെ ചിലരും ഫാസിസത്തിന്റെ കാവിനിറം പുറത്തെടുത്തിരിക്കുന്നത്. ഡിസംബര്‍20ന് യു.പിയിലെ മീററ്റില്‍ നടന്ന പൗരത്വനിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ ഒരുഎസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ പ്രക്ഷോഭകരില്‍ ചിലരോട് ‘പാക്കിസ്താനിലേക്ക് പോകൂ’ എന്ന് ആജ്ഞാപിക്കുന്ന ദൃശ്യം ഇതിനകം പ്രമുഖദേശീയമാധ്യമങ്ങളടക്കം പുറത്തുവിട്ടിരിക്കുകയാണ്. അല്‍പദിവസം വൈകിയാണെങ്കിലും ഇത്തരമൊരു ആക്ഷേപകരമായ ആക്രോശം ഒരു പൊലീസ്‌സേനാംഗത്തില്‍നിന്നുണ്ടായതിനെ എന്തുവിലകൊടുത്തും നിരുല്‍സാഹപ്പെടുത്തേണ്ടതു മാത്രമല്ല, തികച്ചും ശിക്ഷാര്‍ഹവുമായ പ്രസ്താവമാണത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലും മീററ്റിലുമായാണ് പ്രധാനമായും പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭം ഉണ്ടായത്. സംസ്ഥാനത്തിന്റെ പശ്ചിമമേഖല പൊതുവെ മുസ്്‌ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശം കൂടിയാണ്. ഇവിടെ അധിവസിക്കുന്ന ജനങ്ങളോട് ആദിത്യനാഥ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നിലപാടുകള്‍ വര്‍ഗീയഹിന്ദുത്വരാഷ്ട്രീയത്തിനോട് ചേര്‍ന്നുനിന്നുകൊണ്ടുള്ളതാണെന്നത് പുതിയ അറിവൊന്നുമല്ല. യോഗിസര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ പലതവണയായി പശ്്ചിമയു.പിയിലെ പല പ്രദേശങ്ങളിലും ആസൂത്രിതമായ കലാപങ്ങളും അക്രമങ്ങളുമാണ് സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ അഴിച്ചുവിടപ്പെട്ടത്. കശാപ്പ് നിരോധനം,കാലി-മാംസവില്‍പനനിരോധനം തുടങ്ങിയവയിലൂടെ തദ്ദേശീയരായ മുസ്്‌ലിംകളുടെയും ദലിതുകളുടെയും നിത്യജീവിതത്തിന്മേലാണ് യു.പിസര്‍ക്കാര്‍ കയറിമറിഞ്ഞത്. ഇതുവഴി ഈവിഭാഗം ജനങ്ങളില്‍ വിശിഷ്യാ മുസ്്‌ലിംയുവാക്കളില്‍ ഉടലെടുത്തിരിക്കുന്ന സര്‍ക്കാരിനെതിരായ വിദ്വേഷത്തെ അതിരുകടന്നതായി വ്യാഖ്യാനിക്കാന്‍ സ്വാഭാവികമായി ആര്‍ക്കുംകഴിയില്ല. എന്നാല്‍ രാജ്യത്തിന്റെ ശത്രുക്കളോടെന്നതുപോലെ ഈ പൗരന്മാരോട് പെരുമാറുന്ന ഭരണകൂടവും അതിന്റെ പൊലീസ്‌സേനയും എന്തുസന്ദേശമാണ് വീണ്ടും അവരിലേക്ക് പകരുന്നത്? ഇതേവികാരംതന്നെയാണ് സംസ്ഥാനത്ത് 21 പേരെ പച്ചക്ക് വെടിവെച്ചുകൊല്ലുന്നതിന് യോഗിയുടെ പൊലീസിനെ പ്രേരിപ്പിച്ചത്.
മീററ്റ് പൊലീസ്‌സൂപ്രണ്ട് അഖിലേഷ് നാരായണ്‍ സിംഗാണ് പ്രതിഷേധക്കാരോട് ”പാക്കിസ്താനിലേക്ക് പോകൂ’ എന്ന് ആക്ഷേപിച്ചത്. ഇതിന്റെ വീഡിയോക്ലിപ്പാണ് കഴിഞ്ഞദിവസം മാധ്യമങ്ങള്‍ പുറത്തുവിട്ടത്. നിസ്സഹായരായി നിസ്സംഗതയോടെ നോക്കിനില്‍ക്കുന്ന ഏതാനുംമുസ്്‌ലിംകളെയാണ് വീഡിയോയില്‍ കാണാന്‍കഴിയുന്നത്. രംഗത്തില്‍ ഈ ഉദ്യോഗസ്ഥനല്ലാതെ മറ്റാരുംമിണ്ടുന്നില്ല. വയോധികരായ രണ്ടുമൂന്നുപേര്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വികാരവിക്ഷോഭംകണ്ട് സ്തബ്ധരായാണ് നില്‍പ്. നിങ്ങളെ പഠിപ്പിക്കാം, ഈ സ്ഥലത്തെക്കുറിച്ച് ഞാന്‍ പ്രത്യേകം ഓര്‍ക്കുന്നുണ്ട്. നിങ്ങള്‍ക്ക് വെച്ചിട്ടുണ്ട്. എന്നൊക്കെയാണ് പൊലീസ്ഉദ്യോഗസ്ഥന്‍ ആക്രോശിക്കുന്നത്. മുമ്പുകാലത്തായിരുന്നുവെങ്കില്‍ ഇത്തരമൊരു സംഭവം നേരില്‍ പകര്‍ത്തപ്പെടാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ക്കും അധികാരികള്‍ക്കും എന്തെങ്കിലും പറഞ്ഞ് ഒഴിഞ്ഞുമാറാമായിരുന്നു. എന്നാല്‍ വീഡിയോയിലെ വാക്കുകളൊന്നും പൊലീസ് ഉദ്യോഗസ്ഥന്‍ തള്ളിക്കളയുന്നില്ലെന്നതും അതിനെ മറ്റൊരുവഴിക്ക് ന്യായീകരിക്കുകയാണെന്നതും നമ്മെയാകെ വീണ്ടും ഞെട്ടിപ്പിക്കുകയാണ്. പാക്കിസ്താന് അനുകൂലമായി പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചുവെന്നാണ് ഇതേക്കുറിച്ച് ഐ.പി.എസ്സുകാരനായ അഖിലേഷ്‌സിംഗിന്റെ മറുപടി. അങ്ങനെ സംഭവിച്ചതായി യാതൊരുതെളിവും ഹാജരാക്കാന്‍ പക്ഷേ ഈ ഉദ്യോഗസ്ഥന് കഴിയുന്നുമില്ല. എന്നിട്ടും തന്റെവാക്കുകള്‍ ശരിയാണെന്ന വാദത്തിലാണ് പരോക്ഷമായി ഈ ഉദ്യോഗസ്ഥന്‍. ഇതിന് ഈ ഉദ്യോഗസ്ഥന് ധൈര്യംകിട്ടുന്നത് എവിടെനിന്നാണെന്നറിയാന്‍ പാഴൂര്‍പടിയില്‍ പോകേണ്ടകാര്യമില്ല. ഇദ്ദേഹത്തിന്റെ മുതിര്‍ന്നഉദ്യോഗസ്ഥനായ എ.ഡി.ജി.പി പറയുന്നതും ഏതാണ്ടിതൊക്കെതന്നെയാണ്. തന്റെ നിയന്ത്രണത്തിലുള്ള ജനങ്ങളോടാണ് അവരുടെ അധ്വാനഫലം കൊണ്ട് അന്നമുണ്ണുന്ന ഉദ്യോഗസ്ഥന്റെ ഈ വിലകുറഞ്ഞ അധിക്ഷേപം. ഇദ്ദേഹത്തെ ഇപ്പോഴും യു.പി സര്‍ക്കാരും പൊലീസും അതേതസ്തികയില്‍ നിലനിര്‍ത്തിയിരിക്കുന്നുവെന്നതിന് എന്ത് ന്യായീകരണമാണ് യോഗിക്കും കേന്ദ്രത്തിലെ അമിത്ഷാക്കും മോദിക്കുമൊക്കെ പറയാനുള്ളത്? ഉദ്യോഗസ്ഥനെതിരെ കേന്ദ്രമന്ത്രി മുഖ്താര്‍അബ്ബാസ് നഖ്‌വി മാത്രമാണ് എതിരായി പ്രസ്താവനനടത്തിയിട്ടുള്ളത്.
ഇന്ത്യയില്‍നിന്ന് ബ്രിട്ടീഷുകാര്‍ കെട്ടുകെട്ടണമെന്നും ഇത് തങ്ങളുടെ രാജ്യമാണെന്നും പ്രഖ്യാപിച്ച് ജീവത്യാഗത്തിലൂടെ സ്വാതന്ത്ര്യം നേടിത്തന്നവരില്‍ അഖിലേഷ്‌സിംഗ് ആക്ഷേപിച്ച തലമുറയുടെയും സമുദായത്തിന്റെയും വലിയൊരു മുന്‍നിരയുണ്ടെന്നുള്ളത് ഐ.പി എസ് കാലത്ത് അഖിലേഷ് സിംഗിലെ ഇന്ത്യക്കാരന്‍ അറിഞ്ഞിരുന്നില്ലെങ്കില്‍ ആ ചരിത്രപുസ്തകങ്ങളൊന്ന് വായിച്ചുനോക്കണം. വര്‍ഗീയവാദിയായ മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും നാഗ്പൂരിലെ ഗീര്‍വാണക്കാരുടെയും സ്വരമല്ല ഒരുപൊലീസ് ഉദ്യോഗസ്ഥന് നാടിന്റെ ക്രമസമാധാനം നിയന്ത്രിക്കുമ്പോള്‍ നാവില്‍വരേണ്ടത്. ഇന്ത്യയെ വെട്ടിമുറിച്ച് മുസ്്‌ലിംകളെ നാടുകടത്തണമെന്ന് ആര്‍.എസ്.എസ്സും ഹിന്ദുമഹാസഭയും വാദിക്കുമ്പോള്‍ അത് വേണ്ടെന്നും തങ്ങള്‍ പിറന്നുവീണ മണ്ണില്‍തന്നെ ജീവിച്ചുമരിക്കുമെന്നും ഉറക്കെവിളിച്ചുപറഞ്ഞ സമുദായത്തിന്റെ പിന്‍മുറക്കാരാണ് ഇന്ന് ഇന്ത്യയിലെ 20കോടിയിലധികം വരുന്ന രാജ്യസ്‌നേഹികളായ മുസ്്‌ലിംകള്‍. ദ്വിരാഷ്ട്രസിദ്ധാന്തവും ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുത്തുമായി ഗോള്‍വാള്‍ക്കര്‍മാരും സവര്‍ക്കര്‍മാരും രാജ്യത്ത് കലാപത്തീ പടര്‍ത്തുമ്പോള്‍ വെള്ളക്കാര്‍ക്കെതിരായ സമരപാതയിലായിരുന്ന സമുദായത്തോടാണ് മീററ്റിലെ പൊലീസ് ഉദ്യോഗസ്ഥന്‍ പാകിസ്താനിലേക്ക് പോകാന്‍ പറഞ്ഞത്. തോക്കിന്‍തിരയിലെ പന്നിമാംസം കടിക്കണമെന്ന് പറഞ്ഞപ്പോള്‍ ഒന്നാംസ്വാതന്ത്ര്യസമരവുമായി ബ്രിട്ടീഷുകാര്‍ക്കെതിരെ അടര്‍ക്കളത്തിലിറങ്ങിയ സമുദായത്തിന്റെ മൂന്നാംതലമറയോടാണ് അതേ മീററ്റിന്റെ ചുമതലയുള്ള അവരുടെതന്നെ കാവല്‍നായ സംസാരിച്ചതെന്ന് മീററ്റുകാര്‍ക്ക് എളുപ്പംമനസ്സിലാകും. തന്റെ ‘ ഇന്ത്യാവിഭജനത്തിന്റെ കുറ്റവാളികള്‍’ എന്ന ഗ്രന്ഥത്തില്‍ ,സവര്‍ക്കറുടെയും മറ്റും ദ്വിരാഷ്ട്രസിദ്ധാന്തമാണ് അഖിലേന്ത്യാമുസ്്‌ലിംലീഗും ബ്രിട്ടീഷുകാരും ഏറ്റെടുത്തതെന്ന് സോഷ്യലിസ്റ്റ്‌നേതാവ് രാംമനോഹര്‍ലോഹ്യ വെളിപ്പെടുത്തിയിട്ടുള്ളത് ആര്‍.എസ്.എസ്സുകാര്‍ വായിച്ചില്ലെങ്കിലും ഇന്ത്യന്‍പൊലീസ് സര്‍വീസുകാരനെങ്കിലും വായിച്ചിരിക്കണം. ഇന്ത്്യയിലെ മഹാഭൂരിപക്ഷംമുസ്്‌ലിംകളും ഹിന്ദുക്കളും എതിരായിരുന്നിട്ടും അവരില്‍ വിഭജനം അടിച്ചേല്‍പിച്ചതിന് കാരണക്കാര്‍ ആത്യന്തികമായി ആര്‍.എസ്.എസ്സും ഗാന്ധിഘാതകന്‍ നാഥുറാംഗോഡ്‌സെയുടെ ഹിന്ദുമഹാസഭയുമെന്നത് ചരിത്രം. അതുകൊണ്ട് രാഷ്ട്രപാരതന്ത്ര്യത്തിന്റെ കൂട്ടിക്കൊടുപ്പുകാരേക്കാള്‍ ഇവിടെ കഴിയാനര്‍ഹര്‍ എന്തുകൊണ്ടും മീററ്റിലെ മുസ്്‌ലികള്‍തന്നെയാണ്. അതാണ് ഇന്ത്യന്‍ മുസ്്‌ലിംകളുടെയാകെ പുതുവര്‍ഷപ്രതിജ്ഞയും. അതുകൊണ്ട് മുസ്്‌ലിംകള്‍ക്ക് പൗരത്വംനല്‍കണമോ, അവരേത് രാജ്യത്ത് താമസിക്കണമോ എന്നൊക്കെ തീരുമാനിക്കേണ്ട ‘ഭാരിച്ചചുമതല’ ഒരുപൊലീസുകാരനും ഏറ്റെടുക്കേതില്ല.

SHARE