ആശങ്കയുടെ പുതുവര്‍ഷം

പുതുവര്‍ഷത്തെ സ്വാഗതം ചെയ്യാനുള്ള അസുലഭ മുഹൂര്‍ത്തത്തിന് കാത്തിരിക്കുകയാണ് ലോകമെങ്ങും. പ്രതീക്ഷകളുടെയും പ്രത്യാശയുടെയും സ്വപനങ്ങളുടെയും പുതുവര്‍ഷം എല്ലാവരുടെയും മനസ്സില്‍ തത്തികളിക്കുകയാണ്. കൂടുതല്‍ നിറമുള്ള ജീവിതമാണ് എല്ലാവരും കൊതിക്കുന്നത്. കഷ്ടതകളും ദുരിതങ്ങളും ഇല്ലാത്ത ഒരു ചുറ്റുപാടില്‍ കഴിഞ്ഞുകൂടുക എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാല്‍, രാജ്യത്തെങ്ങും അരക്ഷിതാവസ്ഥയുടെ അന്തരീക്ഷമാണുള്ളത് എന്ന കാര്യം ആര്‍ക്കും നിഷേധിക്കാനാവില്ല. സ്വാതന്ത്ര്യം ലഭിച്ച് 72 വര്‍ഷം പിന്നിടുമ്പോള്‍ ആശിക്കാന്‍ എന്താണുളളത് എന്ന ചോദ്യം അവശേഷിക്കുകയാണ്. ഇന്ത്യ ബ്രിട്ടീഷുകാരില്‍ നിന്ന് മോചനം നേടുമ്പോള്‍ ധാരാളം പ്രശ്‌നങ്ങള്‍ നിലനിന്നിരുന്ന എന്ന വസ്തുത നിഷേധിക്കാനാവില്ല. എങ്കിലും ഒന്നുണ്ടായിരുന്നു.ജനങ്ങളുടെ ഐക്യവും ഭരണകൂടത്തില്‍ അവര്‍ക്കുള്ള വിശ്വാസവും. ഇതുരണ്ടുമാണ് ഇന്ത്യയെ ലോകത്തിന്റെ ഏറ്റവും വലിയ ജനാധിപത്യശക്തിയാക്കി മാറ്റുന്നതില്‍ മര്‍മ്മ പ്രധാന ഘടകങ്ങളായി മാറിയത്. ജനാധിപത്യരീതിയിലുള്ള തെരഞ്ഞെടുപ്പ് എന്ന ആശയവും രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനവും നിലനിര്‍ത്തുന്നതില്‍ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്്‌റു വഹിച്ച പങ്ക്് പല ചരിത്രകാരന്മാരും എഴുത്തുകാരും അനുസ്മരിച്ചിട്ടുണ്ട്. മതനിരപേക്ഷമായ ഒരു ഭരണകൂടമാണ് നമുക്ക് വേണ്ടതെന്ന് നെഹ്്‌റുവിന് അറിയാമായിരുന്നു. ആ മതനിരപേക്ഷതയാകട്ടെ ഒരിക്കലും മതനിരാസമായിരുന്നുമില്ല. എല്ലാ മതങ്ങളുടെയും ആശയങ്ങളുടെയും സംഗമഭൂമിയായി ഇന്ത്യയെ മാറ്റുകയായിരുന്നു ഉദ്ദേശ്യം. അതില്‍ നെഹ്്‌റു വിജയിക്കുകയും ചെയ്തു. തുടര്‍ന്നു വന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണാധികാരികളെല്ലാം തന്നെ രാജ്യത്തിന്റെ പവിത്രമായ മൂല്യങ്ങള്‍ നിലനിര്‍ത്തുന്നതിന് സഹായകരമായ നിലപാടാണ് സ്വീകരിച്ചത്.
എന്നാല്‍ ഇന്ന് കാര്യങ്ങല്‍ കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നു. രാജ്യത്തിന്റെ മതേതര ജനാധിപത്യമൂല്യങ്ങളില്‍ വെള്ളം ചേര്‍ക്കുന്ന പ്രവണതയാണ് മോദി സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. ഹിന്ദുത്വം അടിച്ചേല്‍പിക്കുന്ന സമീപനം രാജ്യത്തെ എവിടേക്കാണ് കൊണ്ടുപോവുന്നത് എന്ന് ആലോചിക്കേണ്ടതാണ്. രണ്ടാംതവണ മോദി അധികാരമേറിയപ്പോള്‍ എന്താണ് സംഭവിച്ചത്? ഇതുവരെയുള്ള വികസനത്തിന്റെ മന്ത്രം മോദി ഉപേക്ഷിച്ചു. അതിനുപകരം മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചുതുടങ്ങി. അതിന്റെ കെടുതികളാണ് ഇന്ത്യന്‍ ജനത ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ആസാമില്‍ കുടിയേറിയ ബംഗ്ലാദേശുകാരെ ഒഴിപ്പിക്കുന്നതിന് എന്ന പ്രചാരണത്തോടെ ആരംഭിച്ച ദേശീയ പൗരത്വ രജിസ്റ്റര്‍ മോദി സര്‍ക്കാറിന് തിരിച്ചടിയായി. മുസ്്‌ലിംകളെ പുറത്താക്കാനാണ് പൗരത്വ രജിസ്റ്റര്‍ കൊണ്ടുവന്നതെങ്കിലും കൂടുതല്‍ ഹിന്ദുക്കളാണ് പുറത്തായത്. ഇതില്‍ നിന്ന് രക്ഷ നേടാനാണ് പൗരത്വനിയമ ഭേദഗതിയിലൂടെ മോദി സര്‍്ക്കാര്‍ ശ്രമിക്കുന്നത്.
ഇത്തരത്തില്‍ പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി ഇന്ത്യന്‍ ജനത പോരാട്ടം നടത്തുന്ന അവസരമാണിത്. പുതിയ വര്‍ഷം നമുക്ക് ആശങ്കയുടെ സന്ദര്‍ഭമാകുന്നത് അങ്ങനെയാണ്. എന്നാല്‍ പൗരത്വനിയമഭേദഗതി പെട്ടെന്ന് നടപ്പാക്കാന്‍ കഴിയുമെന്ന് മോദി പോലും സ്വപ്‌നം കാണുന്നില്ല. ജനങ്ങളുടെ പ്രതിഷേധവും പ്രതിരോധവും അത്രക്ക് ശക്തമാണ്. കേവലം പ്രതിഷേധത്തിനുവേണ്ടിയുള്ള പ്രതിഷേധമല്ല കാണുന്നത്. മറിച്ച് ജനങ്ങള്‍ ഒന്നടങ്കം മുന്നോട്ട് വരികയാണ്. വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, സ്ത്രീകള്‍, അധ്യാപകര്‍, ജീവനക്കാര്‍ എല്ലാം പോരാട്ടത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഉള്‍പ്രദേശങ്ങളിലെ ചെറിയ സംഘങ്ങള്‍ പോലും പ്രതിഷേധത്തിന്റെ നെരിപ്പോട്് ഉള്ളില്‍ ജ്വലിപ്പിച്ച് പ്രതിഷേധയോഗങ്ങളില്‍ അണിചേരുകയാണ്.
പൗരത്വനിയമത്തിന്റെ ഭേദഗതിക്കുവേണ്ടി കടുംപിടിത്തം നടത്തുന്ന മോദി രാജ്യത്തിന്റെ മറ്റ് അവസ്ഥകളെപ്പറ്റി എന്തെങ്കിലും ആലോചിക്കുന്നുണ്ടോ എന്നറിഞ്ഞുകൂട. തൊഴിലില്ലായ്മ, ദാരിദ്ര്യം, വിലക്കയറ്റം തുടങ്ങിയ കാര്യങ്ങളൊന്നും മോദി സര്‍ക്കാര്‍ കാണുന്നില്ല. കോര്‍പറേറ്റുകള്‍ക്ക്്് രാജ്യത്തെ അടിയറവെക്കുന്ന സ്ഥിതിയാണുള്ളത്. രണ്ടാമതും ്അധികാരത്തിലെത്തിയതോടെയാണ് കോര്‍പറേറ്റ് പ്രീണനം എല്ലാ സീമകളെയും ലംഘിച്ച് മുന്നോട്ട് പോയത്. ബാങ്കുകളുടെ ലയനം, ബി.എസ്.എന്‍.എല്‍ തകര്‍ച്ച എന്നിവയെല്ലാം കോര്‍പറേറ്റുകളെ സഹായിക്കുന്ന സാമ്പത്തിക സമീപനത്തിന്റെ ഭാഗമാണെന്ന് എല്ലാവര്‍ക്കും അറിയാം. പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍ കടുത്ത പ്രതിസന്ധിയിലും സ്വകാര്യ ടെലിഫോണ്‍ കമ്പനികളോട് മത്സരിച്ച് ലാഭത്തില്‍ തന്ന മുന്നേറുകയായിരുന്നു. എന്നാല്‍ അതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും നല്‍കാതെ ഞെക്കികൊല്ലുകയാണ് കേന്ദ്രം. കര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങള്‍ക്ക് ന്യായമായ വില കിട്ടാത്തതിന്റെ പ്രശ്‌നങ്ങള്‍ ഒരു വശത്ത്. അതേസമയം, സാധനങ്ങളുടെ വിലക്കയറ്റം മറുവശത്ത്. ഇങ്ങനെ എന്തുനിലക്ക് നോക്കിയാലും ജനങ്ങള്‍ ദുരിതത്തില്‍ തന്നെ. ബംഗളുരുവിലും മറ്റും കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍ ഉയരുകയാണ്. പൗരത്വനിയമ ഭേദഗതിയുടെ ഭീഷണിയുടെ കാണാവുന്ന ഉദാഹരണമാണ് ഇത്തരം നിര്‍മാണങ്ങള്‍. ഈ സാഹചര്യത്തില്‍ പുതുവര്‍ഷം ഇന്ത്യക്കാര്‍ക്ക് ആശങ്കയുളവാക്കുന്നുണ്ട്. എന്നാല്‍ ചെറുത്തുനില്‍പിലൂടെ ഇതിനെ നേരിടാം എന്ന് ഇന്ത്യന്‍ ജനത അനുദിനം തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
പൗരന്മാരുടെ ആശങ്കയും വേദനയും അകറ്റുകയാണ് ഭരണക്കൂടത്തിന്റെ പ്രധാന ജോലി. പക്ഷേ കേന്ദ്ര ഭരണകൂടം അനുദിനം സ്വന്തം പ്രസ്താവനകളിലുടെ ആശങ്ക വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഭരണക്കര്‍ത്താക്കള്‍ വെല്ലുവിളിയുടെ ഭാഷയാണ് ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ കാര്യങ്ങള്‍ പോവുന്നതാണ് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നത്. പൗരത്വ ദേദഗതി ബില്ലുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ സംസാരിച്ചത് വെല്ലുവിളിയുടെ ഭാഷയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാവട്ടെ പാര്‍ലമെന്റില്‍ നിര്‍ണായക വേളകളില്‍ വരാതെ പൊതു പരിപാടികളിലാണ് സര്‍ക്കാര്‍ കാര്യങ്ങള്‍ പറയുന്നത്. ഇതിന് അവസാനം വരണം. ഭരണകൂടം സംയമനത്തിന്റെ ഭാഷ ഉപയോഗിക്കണം
പ്രതിഷേധത്തിന്റെയും ആശങ്കയുടെയും കാര്‍മേഘങ്ങള്‍ മാറി ആഹ്ലാദത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും അന്തരീക്ഷം ഉയരുമെന്ന പ്രതീക്ഷയാണ് പുതുവര്‍ഷം നമുക്ക് സമ്മാനിക്കുന്നത്. എല്ലാവരും ഒരേ കൂരക്ക് കീഴില്‍ സമാധാനത്തോടെ സ്‌നേഹത്തോടെ കഴിയുന്ന അവസ്ഥ പുതുവര്‍ഷത്തില്‍ കൂടുതല്‍ ദൃഢതയോടെ കടന്നുവരട്ടെ എന്ന് നമുക്ക് ആശിക്കാം ആശംസിക്കാം.

SHARE