കടിഞ്ഞാണ്‍വിട്ട കുതിര


റാവത്ത്, റാവുത്ത്, റാവുത്തര്‍ എന്നൊക്കെ ആളുകളുടെ പേരിനോട് ചേര്‍ത്തുകേള്‍ക്കാറുണ്ട്. ഈ പദത്തിന്റെ ഉത്ഭവം തുര്‍ക്കിയുമായി ബന്ധപ്പെട്ടാണെന്നാണ് ഭാഷാജ്ഞാനികളുടെ പക്ഷം. കുതിര എന്നാണത്രെ പദാര്‍ത്ഥം. പണ്ട് ഇന്ത്യന്‍രാജാക്കന്മാര്‍ തുര്‍ക്കിയില്‍നിന്ന് വിളിച്ചുകൊണ്ടുവന്ന കുതിരപ്പടയാളികളുടെ പിന്‍മുറക്കാരാണ് ഈപേരുകളില്‍ അറിയപ്പെട്ടത്. കുതിരപ്പടയൊക്കെ ഇന്ന് വെറുംഅലങ്കാരമാമെണെങ്കിലും ചില ‘റാവത്തു’ കള്‍ ഇന്ത്യന്‍സൈന്യത്തിന്റെ ആസ്ഥാനത്ത് എത്തിപ്പെട്ടിട്ടുണ്ട്. അവരിലൊരു വിദ്വാനാണ് ഇന്ത്യന്‍കരസേനാമേധാവി ജനറല്‍ ബിപിന്റാവത്ത്. രണ്ടുമുതിര്‍ന്ന ഉദ്യോഗസ്ഥരായ ലെഫ്. ജനറല്‍മാര്‍ പ്രവീണ്‍ബക്ഷി, പി.എം ഹാരിസ് എന്നിവരെ മറികടന്ന് സൈന്യത്തിന്റെ തലപ്പത്തെത്തണമെങ്കില്‍ എന്തെങ്കിലുമൊക്കെ കഴിവുവേണമല്ലോ. അതിന് കൂറുകാണിക്കേണ്ട കടമയും ടിയാനുണ്ട്. അത്രയേ ബിപിന്റാവത്ത് ചെയ്തുള്ളൂ. അതിനാണിപ്പോള്‍ ഇക്കണ്ട മാധ്യമങ്ങളും പ്രതിപക്ഷവുമൊക്കെ ഈ കടിഞ്ഞാണ്‍വിട്ട കുതിരയുടെമേല്‍ കുതിരകയറുന്നത് !
ബിപിന്‍ റാവുത്തര്‍ ഇത്രയേ ചെയ്തുള്ളൂ: ഇന്ത്യാപാര്‍ലമെന്റ് പൗരത്വഭേദഗതിനിയമം പാസാക്കിയതിനെതിരെ രാജ്യത്ത് നടക്കുന്ന സമരങ്ങള്‍ ശരിയല്ലെന്നങ്ങ് പറഞ്ഞുകളഞ്ഞു. വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭം വഴിതെറ്റിയതാണെന്നും അതിനെ നിയന്ത്രിക്കുന്നവര്‍ക്ക് നേതൃശേഷിയില്ലെന്നുമൊക്കെയാണ് പട്ടാളത്തലവന്റെ വഹ . വിരമിക്കാന്‍ നാലുദിവസം മാത്രമുള്ളപ്പോള്‍ ഡല്‍ഹിയില്‍ ഒരുചടങ്ങില്‍ ഡിസംബര്‍ 26നായിരുന്നു ഈ പട്ടാളഗീര്‍വാണം. സാധാരണ പാക്കിസ്താന് നേര്‍ക്കാണ് മിസൈലും വാണവുമൊക്കെ ഇന്ത്യന്‍പട്ടാളം വിടാറ്. ഇതിനെന്താണ് റാവത്തിന് അധികാരമെന്നാണ് ചോദ്യം. ഇത്രയേ ഉള്ളൂ. ഉണ്ണുന്ന ചോറിന് നന്ദികാണിക്കണം. ഇന്ത്യന്‍സൈന്യം നിഷ്പക്ഷമാണെന്നും ജനാധിപത്യത്തില്‍ സൈന്യത്തിന്റെയും അതിന്റെ നേതൃത്വത്തിന്റെയും ജോലി രാജ്യത്തെ വൈദേശികാക്രമങ്ങളില്‍നിന്ന ്‌സംരക്ഷിക്കല്‍ മാത്രമാണെന്നുമൊക്കെ രേഖപ്പെടുത്തിവെച്ചിട്ടുണ്ടെങ്കിലും തന്റെ രാഷ്ട്രീയയജമാനന്മാരെപോലെ റാവത്തിനും ചിലചട്ടങ്ങളൊക്കെ ലംഘിക്കണം. അതാണ് മൂപ്പരങ്ങ് ജനങ്ങളുടെ അഭിപ്രായ-പ്രതിഷേധസ്വാതന്ത്ര്യത്തിലൊക്കെ കയറിയങ്ങ് സ്വാഭിപ്രായം തട്ടിവിട്ടുകളഞ്ഞത്.
ഇന്ത്യയില്‍ ഫാസിസം വന്നോഇല്ലയോ എന്നൊക്കെയുള്ള കൂലങ്കഷചര്‍ച്ചകള്‍ നടക്കുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലാണത്രെ. ബിപിന്റാവത്തിന്റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ഇതാ ഫാസിസം വന്നെത്തിയെന്നുതന്നെ അവരങ്ങ് സമ്മതിക്കണം. മുസ്്‌ലിംകളെമാത്രം പൗരത്വത്തില്‍നിന്ന് ഒഴിവാക്കുന്ന കരിനിയമത്തിനുവേണ്ടി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമൊക്കെ വാദിക്കുന്നത് സഹിക്കാം. കഴിഞ്ഞവര്‍ഷവും റാവത്ത് ഇതുപോലൊരു സാഹസംകാട്ടിയിട്ടുണ്ട്. അസമില്‍ മുസ്്‌ലിംജനസംഖ്യ കൂടിവരികയാണെന്നും അവിടുത്തെ പ്രതിപക്ഷപാര്‍ട്ടിയായ എ.ഐ.യു.ഡി.എഫ് ബി.ജെ.പിയേക്കാള്‍ വേഗത്തില്‍ വളരുകയാണെന്നുമായിരുന്നു റാവത്തിന്റെ രാഷ്ട്രീയപരാമര്‍ശം. ഇതിനെതിരെ തന്നെനിയമിച്ച രാഷ്ട്രപതിയില്‍നിന്നോ സര്‍ക്കാരില്‍നിന്നോ തെല്ലെങ്കിലും താക്കീതുണ്ടായില്ല.
‘ഇറ്റീസ് നോട്ട ്‌യുവര്‍ബിസിനസ് ‘എന്നാണ് മാധ്യമങ്ങള്‍ റാവത്തിനോട് പറയുന്നത്. മറ്റുചില ബിസിനസുകളാണ് റാവത്തിനുള്ളത്. ഇന്ത്യന്‍സ്വാതന്ത്ര്യാനന്തരചരിത്രത്തിലിന്നുവരെ ഉണ്ടാകാത്ത രീതിയിലുള്ള സൈനികകേന്ദ്രങ്ങള്‍ക്കെതിരെയുള്ള വൈദേശികാക്രമണമാണ് ബിപിന്റാവത്തിന്റെ കാലത്ത് ഉണ്ടായിട്ടുള്ളതെന്ന്‌രേഖകള്‍. പത്താന്‍കോട്ട്, ഉറി, നഗ്രോട്ട സൈനികകേന്ദ്രങ്ങള്‍ പാക്ഭീകരര്‍ ബോംബിട്ട് തകര്‍ത്ത് നൂറുകണക്കിന് സൈനികരെ കൊന്നപ്പോഴും കശ്മീരിലെ പുല്‍വാമയില്‍ 42 സി.ആര്‍.പിക്കാരെ ബോംബിട്ട് കൊന്നപ്പോഴുമൊക്കെ ഈ സൈനികവിദ്വാന് മൗനമായിരുന്നു ഭൂഷണം. കശ്മീരില്‍ യുവാവിനെ സൈനികജീപ്പില്‍ കെട്ടിയിട്ട് ഓടിച്ചപ്പോഴും റാവത്തിന്റെ തനിനിറം ലോകം കണ്ടതാണ്. ഈ ട്രാക്ക് റെക്കോഡൊക്കെ വെച്ചാണ് ഇന്ത്യയുടെ സംയുക്ത സൈന്യാധിപപദവിയിലേക്ക് റാവത്ത് ചുവടുവെക്കാനിരിക്കുന്നത്. അപ്പോള്‍പിന്നെ ‘സെക്കന്‍ഡ് ഇന്നിംഗ്‌സി’ന് വേണ്ടി എന്തെങ്കിലുമൊക്കെ പറയേണ്ടേ. അതിനിടയില്‍ രാജ്യത്തിന്റെ പാരമ്പര്യവും സൈനികകീഴ്‌വഴക്കവും ചട്ടങ്ങളുമെല്ലാം കാറ്റില്‍പറന്നാലെന്ത്! ചണ്ഡാലനായ ഭീംറാവുവിന്റെ ഭരണഘടന വലിച്ചെറിഞ്ഞ് ഹിന്ദുത്വഭാരതം നിര്‍മിക്കുമ്പോള്‍ അതിന്റെതലപ്പത്ത് ഈ റാവത്തുണ്ടാകുമെന്നുറപ്പ്!
ഏതായാലും സൈന്യത്തിന് മനുഷ്യാവകാശത്തോട് ബഹുമാനമുണ്ടെന്നൊക്കെ പറഞ്ഞൊഴിഞ്ഞു റാവത്ത്. എങ്കിലും ചരിത്രത്തില്‍ രേഖപ്പെട്ടുകിടക്കുന്നുണ്ട് തന്റെ രണ്ടുപ്രസ്താവനകളും. ഇതില്‍പരമെന്തുവേണ്ടൂ! സൈനികമേധാവികളുടെ ചെയര്‍മാന്‍കൂടിയാണ് ഉത്തര്‍ഖണ്ഡിലെ പൗരിക്കാരനായ ഈ 61കാരന്‍. 2016 ഡിസംബര്‍ 31നാണ് കരസേനാതലപ്പെത്തുന്നത്. പിതാവ് ലക്ഷ്മണ്‍സിംഗ് റാവത്ത് സേനയില്‍ ലഫ്.ജനറലായിരുന്നു. 1978ല്‍ ഗൂര്‍ഖ റൈഫിള്‍സിലായിരുന്നു തുടക്കം. ദക്ഷിണകമാണ്ട് മേധാവിയുമായി. പരമിവിശിഷ്ടസേവാമെഡലുള്‍പ്പെടെ ആറ് സൈനികമുദ്രകള്‍. പാക് സര്‍ജിക്കല്‍സ്‌ട്രൈക്ക്, മ്യാന്‍മാര്‍ ഓപ്പറേഷന്‍, യു.എന്‍ കോംഗോദൗത്യം എന്നിവയുടെ നേതൃത്വംവഹിച്ചു. ഭാര്യ മധുലിക.

SHARE