ഇന്ത്യക്ക് തീ കൊടുക്കരുത്


വര്‍ഗീയതയുടെ അഗ്നിനാളങ്ങള്‍ മതേതരഇന്ത്യയെ ഒന്നൊന്നായി വിഴുങ്ങുകയാണോ? രണ്ടാംമോദിസര്‍ക്കാര്‍ അധികാരത്തിലെത്തിയ മെയ് മുതലിങ്ങോട്ട് ചൂടപ്പംപോലെ ചുട്ടെടുത്തുകൊണ്ടിരിക്കുന്ന നിയമങ്ങള്‍ രാജ്യത്തിന്റെ നിലനില്‍പിനെ ചോദ്യം ചെയ്യുമ്പോള്‍ അവക്കെതിരെ പൊതുസമൂഹമൊന്നാകെ കൈമെയ് മറന്ന് തെരുവിലിറങ്ങിയിരിക്കുകയാണിപ്പോള്‍. ഡിസംബര്‍12ന് രാഷ്ട്രപതി ഒപ്പുവെച്ച് നിയമമാക്കിയ പൗരത്വഭേദഗതിനിയമത്തിലെ വര്‍ഗീയ അജണ്ടയാണ് ഇന്നാടിനെ നാട്ടുകാരും ഭരണക്കാര്‍പോലും പ്രതീക്ഷിക്കാത്തരീതിയില്‍ തീപിടിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പലഭാഗങ്ങളിലായി പടര്‍ന്നുപിടിച്ച പ്രതിഷേധസ്വരങ്ങള്‍ വന്‍ജനകീയപ്രക്ഷോഭങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. ജനതയുടെ വികാരവിചാരങ്ങളെ തിരിച്ചറിഞ്ഞ് പക്വതയോടെ പ്രതികരിക്കേണ്ട ഒരുജനാധിപത്യഭരണകൂടം സങ്കുചിതവര്‍ഗീയ അജണ്ടയെ ആസനത്തിലെ തണലാക്കി കൊണ്ടുനടക്കുകയാണെന്നാണ് കുറച്ചുദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന വെടിവെപ്പും മര്‍ദനമുറകളുമെല്ലാം സൂചിപ്പിക്കുന്നത്. കിട്ടിയ അവസരംമുതലാക്കി മുസ്്‌ലിംകളെ കശാപ്പ് ചെയ്യാനും സമൂഹത്തെ വേര്‍തിരിക്കാനുമാണ് മോദിഭരണകൂടവും സംഘപരിവാരവും വീണ്ടും കരുക്കള്‍നീക്കുന്നത്. മുസ്്‌ലിംകള്‍ക്കെതിരെ മാത്രമെന്നുകരുതിയ പൗരത്വകരിനിയമം ഹിന്ദുസമൂഹത്തിലെ വലിയൊരു വിഭാഗത്തെയാകെയും നമ്മുടെ പാരമ്പര്യത്തെയും നാടിനെത്തന്നെയും ഇല്ലാതാക്കുമെന്ന ഭീഷണിയാണ് പൊതുസമൂഹമാകെ ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. എന്നാല്‍ ഇതില്‍നിന്ന് എങ്ങനെ മുസ്്‌ലിംകളെ തിരഞ്ഞുപിടിച്ച് കശാപ്പ് നടത്താമെന്നാണ് ഭരണകൂടം നിശ്ചയിച്ചിരിക്കുന്നതെന്നാണ് മംഗലാപുരം, ലക്‌നോ നഗരങ്ങളിലെ പൊലീസ്‌വെടിവെപ്പും മരണങ്ങളും തെളിയിക്കുന്നത്.
കഴിഞ്ഞദിവസം രാഷ്ട്രീയനേതാക്കള്‍ക്കുപുറമെ പ്രശസ്തചിന്തകരും എഴുത്തുകാരുംവരെ ഡല്‍ഹിയിലും കര്‍ണാടകയിലും തെരുവിലിറങ്ങി. ഡല്‍ഹിയില്‍ സീതാറാംയെച്ചൂരി, വൃന്ദകാരാട്ട്, ഡി.രാജ, ആനിരാജ തുടങ്ങിയവരെയും അരുന്ധതിറോയി ,ബംഗളൂരുവില്‍ രാമചന്ദ്രഗുഹയെയും അറസ്റ്റുചെയ്തു.ഡല്‍ഹിയില്‍ ഇന്നലെ വെള്ളിയാഴ്ച ജുമാമസ്ജിദിനുമുന്നില്‍ സമാധാനപരമായി നടത്തിയ മാര്‍ച്ചിനെ പൊലീസ് നേരിട്ടരീതി അത്യന്തം നിന്ദ്യമായിരുന്നു. വലിയ ജനപങ്കാളിത്തമാണ് ഇതിലുണ്ടായത്. ഇത് പിന്നീട് അക്രമത്തിലേക്ക് നീങ്ങി. അടിയന്തിരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ജനങ്ങളുടെ വാര്‍ത്താവിനിമയസംവിധാനങ്ങള്‍ പലയിടത്തും നിരോധിച്ചിരിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന യു.പിയിലും കര്‍ണാടകയിലും അവരുടെ പൊലീസുള്ള ഡല്‍ഹിയിലും ഇന്റര്‍നെറ്റ്‌സേവനം റദ്ദാക്കുകയും ഒട്ടാകെ കര്‍ഫ്യൂപ്രഖ്യാപിക്കുകയും ചെയ്തതിലൂടെ എന്താണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമായിക്കഴിഞ്ഞു. കര്‍ണാടകയിലെ ഉത്തരതീരമേഖലയായ മംഗലാപുരത്ത് രണ്ടു മുസ്്‌ലിംചെറുപ്പക്കാരെ വെടിവെച്ചുകൊന്നു. പ്രതിഷേധപ്രകടനത്തില്‍ പങ്കെടുത്തുവെന്നതാണ് ഇവരുടെ കുറ്റം. വെടിവെച്ചത് എന്തിനെന്നും നിയമങ്ങള്‍ പാലിച്ചാണോ അതെന്നുമുള്ള ജനാധിപത്യപരമായ ചോദ്യങ്ങള്‍ക്ക് ആ സര്‍ക്കാരുകള്‍ നല്‍കുന്ന ലളിതമായമറുപടി കര്‍ഫ്യൂ ലംഘിച്ചാല്‍ വെടിവെക്കുമെന്നാണ്. ഒരു കേന്ദ്രമന്ത്രിയാണ് അക്രമികളെ കണ്ടാലുടന്‍ വെടിവെക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടത്. ജാമിഅമില്ലിയ സര്‍വകലാശാലാവിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രകടനത്തിനെതിരായ പൊലീസ് നരനായാട്ടിനെക്കുറിച്ച് പരാതിവന്നപ്പോള്‍ സുപ്രീംകോടതി പറഞ്ഞത്, അക്രമം ഭാവനയില്‍ കണ്ടുകൊണ്ടുമാത്രം ജനങ്ങളുടെ സ്വാതന്ത്ര്യംതടയാന്‍ കഴിയില്ലെന്നായിരുന്നു.
മംഗലാപുരത്ത് ജലീല്‍, നൗസീന്‍ എന്നീ യുവാക്കള്‍ പൊലീസ്‌വെടിയുണ്ടയേറ്റ് കൊലചെയ്യപ്പെട്ടതിന്റെ കാരണം പോസ്റ്റ്‌മോര്‍ട്ടത്തിലൂടെയേ വ്യക്തമാകൂ എന്നാണ് പൊലീസ്പറയുന്നത്. ഡല്‍ഹിയില്‍ വെടിയുണ്ടകളോടെ പ്രശസ്തമായ സഫ്ദര്‍ജംഗ്ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രണ്ടുയുവാക്കളുടെ കാര്യത്തില്‍ വെടിവെപ്പുണ്ടായെന്നുപോലും അമിത്ഷായുടെ പൊലീസ് സമ്മതിക്കുന്നില്ല. അസം, ത്രിപുര, യു.പി, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍മാത്രം പ്രക്ഷോഭകര്‍ പൊലീസിന്റെ വെടിയുണ്ടകളേറ്റ് മരിച്ചതെന്തുകൊണ്ടെന്ന് പറയേണ്ടത് ബി.ജെ.പിയും കേന്ദ്രസര്‍ക്കാരുമാണ്. തമിഴ്‌നാട്ടിലും ആന്ധ്രയിലും കേരളത്തിലും തെലുങ്കാനയിലും പശ്ചിമബംഗാളിലുമൊന്നും എന്തുകൊണ്ടതുണ്ടായില്ല! ഒരുകാര്യം സുവ്യക്തം, ബി.ജെ.പിക്കെതിരെ പ്രതിഷേധിച്ചാല്‍ കൊല്ലുമെന്ന തീട്ടൂരം.
ഇന്നലെ മംഗലാപുരത്ത് പ്രക്ഷോഭം റിപ്പോര്‍ട്ട്‌ചെയ്യാനെത്തിയ കേരളത്തില്‍നിന്നടക്കമുള്ള ഏതാനും മാധ്യമപ്രവര്‍ത്തകരെ അവരുടെ സ്ഥാപനത്തിന്റെ നിറംനോക്കി തടഞ്ഞുവെക്കാന്‍ യെദിയൂരപ്പയുടെ പൊലീസ് കാട്ടിയ അതിസാഹസികത കടുത്തപ്രതിഷേധത്തിനൊടുവില്‍ തിരുത്തേണ്ടിവന്നെങ്കിലും ഇതൊരു സൂചനതന്നെയാണ്. മുസ്്‌ലിംകളെ മാത്രമല്ല, എതിര്‍രാഷ്ട്രീയക്കാരെയും സ്വതന്ത്രചിന്തകരെയും മാധ്യമപ്രവര്‍ത്തകരെയും എന്നുവേണ്ട തങ്ങളുടേതല്ലാത്ത ഏതൊരു കൈ ഉയര്‍ന്നാലും അവയെ മുഖംനോക്കാതെ അരിഞ്ഞുവീഴ്ത്തുമെന്ന പഴകിപ്പുളിച്ച മാടമ്പിത്തരം. ഇത് അനുവദിച്ചുകൊടുത്ത് മുക്കിലിരിക്കാന്‍ ഇന്ത്യന്‍ജനതയെയാകെ കിട്ടില്ലെന്ന് മോദിയും അമിത്ഷായും ഇതിനകമെങ്കിലും തിരിച്ചറിഞ്ഞുകാണണം. തിരിച്ചറിഞ്ഞാലും ഇനി അതവര്‍ക്കൊരു അലങ്കാരമായിരിക്കും. കുളംകലക്കി മീന്‍ പിടിക്കലാണല്ലോ സംഘപരിവാര്‍ പ്രഭൃതികളുടെ പതിവുജോലി. മോദി-ഷാമാര്‍ ഓര്‍ക്കേണ്ട വസ്തുത, തങ്ങളുടെ ആശയ അപ്പോസ്തലന്മാരുണ്ടാക്കിയ സവര്‍ക്കറുടെ ഇന്ത്യയല്ല ഗാന്ധിജിയുടെയും പണ്ഡിറ്റ്‌നെഹ്രുവിന്റെയും മൗലാനാ ആസാദിന്റെയും പട്ടേലിന്റെയും എണ്ണമറ്റ ജീവന്‍കൊടുത്ത് നാടിന് സ്വതന്ത്രവായു നേടിത്തന്നവരുടെയും ഇന്ത്യ. അവരിറ്റിച്ച ബഹുസംസ്‌കൃതമണ്ഡലത്തിലെ ഓരോതുള്ളി വിയര്‍പ്പിനും രക്തത്തിനും മതസൗഹാര്‍ദത്തിന്റെ ത്യാഗസുരഭിലമായ എണ്ണിയാലൊടുങ്ങാത്ത പരിപ്രേക്ഷ്യമുണ്ട് പറയാന്‍. എന്നോ രാജ്യം കുടഞ്ഞെറിഞ്ഞ ബ്രാഹ്മണ്യകീഴ്ശ്വാസത്തിന്റെ ദുര്‍ഗന്ധമാറാപ്പുമായി പുതുതലമുറയിലേക്ക് അടുത്തുപോകരുത്. അതിനുവെച്ച എണ്ണ 130കോടിജനതയുടെ ആമാശയത്തിന്റെ ആന്തല്‍ മാറ്റാനുള്ള ഇന്ധനമായി അവരുപയോഗിക്കട്ടെ. ഒരുനാടാകെ കത്തിയാളിയാല്‍ കെടുത്താന്‍ പെട്ടെന്നൊന്നും കഴിയില്ലെന്ന് ആരായാലും മറന്നുപോകരുത്.

SHARE