‘ഒരു രാജ്യം ഒരു നിയമം’ ഇരട്ട മുഖം

New Delhi: Home Minister Amit Shah during a meeting with various northeastern leaders on Citizenship Amendment Bill (CAB), in New Delhi, Saturday, Nov. 30, 2019. Union Minister for Sports and Youth Affairs Kiren Rijiju, Arunachal Pradesh Chief Minister Pema Khandu and Assam Finance Minister Himanta Biswa Sarma are also seen. (Twitter/PTI Photo)(PTI11_30_2019_000147B)


കശ്മീരിന്റെ പ്രത്യേക പദവി നീക്കി പാര്‍ലമെന്റില്‍ ബില്‍ പാസ്സാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും നടത്തിയ ഒരു പ്രഖ്യാപനം മറക്കാറായിട്ടില്ല. ‘ഞങ്ങള്‍ ഇന്ത്യയെ ഒന്നിപ്പിക്കുകയാണ്, ഒരു രാജ്യം ഒരു നിയമമെന്ന ദീര്‍ഘകാല സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുന്നു. ഇന്ത്യക്കാര്‍ക്കെല്ലാം ഇനി മുതല്‍ കശ്മീരില്‍ ഭൂമി വാങ്ങാം, കശ്മീരില്‍ ജോലി നേടാം. വിവാഹ ബന്ധവും ആകാം’. ആര്‍ട്ടിക്കിള്‍ 370 നീക്കി നിയമനിര്‍മാണം നടത്തിയ കേന്ദ്ര സര്‍ക്കാരിന്റെ ചുവടുവെയ്പ് വലിയ നേട്ടമായാണ് ബി.ജെ.പി ഉയര്‍ത്തിക്കാട്ടിയത്. നവ ദേശീയതയില്‍ അഭിരമിക്കുന്ന സംഘ്പരിവാര്‍ രാജ്യമെങ്ങും വലിയ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. സംഘപരിവാര്‍ സംഘടനകള്‍ ബോധപൂര്‍വ്വം പ്രചരിപ്പിച്ച നുണക്ക് നിക്ഷ്പക്ഷമതികളിലും സ്വീകാര്യത ലഭിച്ചു. നിഷ്‌കളങ്കരായ ഇക്കൂട്ടര്‍ ബി.ജെ.പിക്കും സംഘപരിവാറിനും കയ്യടിച്ചു.
പൗരത്വ ഭേദഗതി ബില്‍ നിയമമാക്കിയതിന് തൊട്ടുപിന്നാലെ പാര്‍ലമെന്റില്‍ അമിത്ഷാ മറ്റൊരു ബില്ല് കൂടി അവതരിപ്പിച്ചു. മണിപ്പൂരില്‍ ഐ.എല്‍.പി നടപ്പാക്കിക്കൊണ്ടുള്ള ബില്ല് ആയിരുന്നു ഇത്. അര്‍ധരാത്രിയാണ് രാഷ്ട്രപതി ഈ ബില്ലില്‍ ഒപ്പുവെച്ചത്. നിലവില്‍ അരുണാചല്‍ പ്രദേശ്, മിസോറാം, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലാണ് ഐ.എല്‍.പി നിലവിലുള്ളത്. ഒരു യാത്രാ രേഖയാണ് ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്. മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ പൗരന്മാര്‍ ഈ മൂന്ന് ഐ.എല്‍.പി സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനോ, അവിടെ ജീവിക്കുന്നതിനോ പ്രത്യേക പെര്‍മിറ്റ് വേണം. ഇവിടെ ജോലി ആവശ്യത്തിനായും താമസത്തിനായും വരുന്നവര്‍ തീര്‍ച്ചയായും ഈ അനുമതി കയ്യില്‍ കരുതണം. ഏഴ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മൂന്നിടത്ത് മാത്രമാണ് ഐ.എല്‍.പി ബാധകമായിരുന്നത്. ഇതാണ് ഇപ്പോള്‍ മണിപ്പൂരിന് കൂടി ബാധകമാക്കിയിരിക്കുന്നത്. വടക്ക് കിഴക്കന്‍ പ്രവിശ്യയില്‍ മേഘാലയ, സിക്കിം, അസം സംസ്ഥാനങ്ങളിലാണ് ഐ.എല്‍.പി ബാധകമല്ലാത്തത്. ഐ.എല്‍.പി പെര്‍മിറ്റ് ഉള്ളിടങ്ങളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് നിയമത്തില്‍ തന്നെ പറയുന്നുണ്ട്.
ഏഴ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലായി 238 ഗോത്രങ്ങളുണ്ട്. ഈ സംസ്ഥാനങ്ങളിലേക്കുള്ള കുടിയേറ്റം ഗോത്ര ജനത അനുവദിക്കില്ല. കുടിയേറ്റത്തിനെതിരെ സായുധ പോരാട്ടം നടത്തിയ പാരമ്പര്യമുണ്ട് ഇവിടങ്ങളിലെ സംഘടനകള്‍ക്ക്. അസം ഗണ പരിഷത്ത് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഇത്തരം സമരങ്ങളിലൂടെ ജനകീയാടിത്തറ വിപുലപ്പെടുത്തിയവരാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അലയടിച്ച പ്രതിഷേധം ശമിപ്പിക്കാനാണ് ഐ.എല്‍.പി മണിപ്പൂരിന് ബാധകമാക്കിയത്. ഐ.എല്‍.പി പെര്‍മിറ്റ് അനുവദിച്ചതോടെ മണിപ്പൂരില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനാകില്ല. ഇക്കാരണത്താല്‍ തന്നെ അസം, മേഘാലയ, സിക്കിം സംസ്ഥാനങ്ങളും ഈ ആവശ്യമുന്നയിച്ച് പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്. ഈ ഗണത്തില്‍ പെടുന്നതല്ലെങ്കില്‍ കൂടി ത്രിപുരയും ഐ.എല്‍.പി തങ്ങള്‍ക്കും ബാധകമാക്കണമെന്ന ആവശ്യം ഉയര്‍ത്തുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായി തുടരുന്ന സമരങ്ങള്‍ അവസാനിപ്പിക്കാന്‍ മണിപ്പൂരിനോട് കാട്ടിയ ദാക്ഷിണ്യം മറ്റ് മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളോട് പുലര്‍ത്താന്‍ അമിത് ഷാക്ക് കഴിയുമോ എന്ന ചോദ്യം ഗൗരവമുള്ളതാണ്. അമ്പത് ലക്ഷം അഭയാര്‍ത്ഥികളുണ്ട് അസമില്‍. ഐ.എല്‍.പി അസമിന് ബാധകമാക്കുകയാണെങ്കില്‍ പൗരത്വ പട്ടികയില്‍ ഇടം കണ്ടെത്തിയ അഭയാര്‍ത്ഥികള്‍ക്കും പൗരത്വം കിട്ടാകനിയാകും. പൗരത്വ പട്ടികയില്‍ ഇടംപിടിക്കാന്‍ കഴിയാതിരുന്ന 12 ലക്ഷം ഹിന്ദുക്കള്‍ക്ക് ഗുണം കാംക്ഷിച്ചാണ് പൗരത്വ ഭേദഗതി ബില്‍ തിരക്കിട്ട് നിയമമാക്കിയതെന്നിരിക്കെ ഇതിന് സാധ്യതയില്ല. അങ്ങനെയെങ്കില്‍ അസമില്‍ ഇനി നടക്കാനിരിക്കുന്ന പ്രക്ഷോഭങ്ങളുടെ ഗതി എന്താകുമെന്ന് കണ്ടറിയേണ്ട കാര്യമാണ്.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കുന്നതിനെതിരെയാണ് ഇവിടങ്ങളിലെ പ്രക്ഷോഭം. മറ്റിടങ്ങളിലാകട്ടെ, പൗരത്വ ഭേദഗതി നിയമത്തില്‍ മുസ്‌ലിംകളെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചുമാണ് സമരങ്ങള്‍ അലയടിക്കുന്നത്. ഹിന്ദുത്വത്തെക്കുറിച്ച് വാചാലരാകുന്നവര്‍ ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കുന്നതിനെതിരെ സമരം നടത്തുന്ന മണിപ്പൂരിലെ പ്രക്ഷോഭകാരികളുടെ ആവശ്യം അംഗീകരിക്കാന്‍ തയാറായിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിലെ വിഭാഗീയത ഒഴിവാക്കണമെന്ന ആവശ്യത്തോട് പുറംതിരിഞ്ഞ് നില്‍ക്കുകയും ചെയ്യുന്നു.
മുത്തലാഖ് ബില്ലിലെന്ന പോലെ കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി നീക്കം ചെയ്തപ്പോഴും സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടെന്ന പൊതുധാരണ ഉടലെടുത്തിരുന്നു. പൗരത്വ ഭേദഗതി ബില്ലോട് കൂടി കേന്ദ്ര സര്‍ക്കാരിന് നിക്ഷ്പക്ഷത ഇല്ലെന്ന് കൂടുതല്‍ വെളിവായെന്ന് മാത്രം. സിവില്‍ കേസായി പരിഗണിക്കപ്പെടേണ്ട വിഷയത്തില്‍ ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രം ക്രിമിനല്‍ നടപടി ക്രമം ബാധകമാക്കുന്നത് തികച്ചും അനീതിയാണ്. മുത്തലാഖ് ബില്‍ എതിര്‍ക്കപ്പെട്ടതും അതുകൊണ്ടാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് മാത്രമായി പ്രത്യേക നിയമങ്ങള്‍ നിലവിലിരിക്കേ, കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതിലും ഇതേ അനീതിയുണ്ട്. പൗരത്വ ഭേദഗതി നിയമം ജമ്മു കശ്മീരില്‍ നടപ്പാക്കാന്‍ വേണ്ടിയായിരുന്നു ഈ അനീതി എന്നത് കൂടുതല്‍ ഭീതിദവുമാണ്.
ഒരു രാജ്യം ഒരു നിയമം എന്നത് ബി.ജെ.പിയുടെ തട്ടിപ്പ് മുദ്രാവാക്യമാണെന്ന് മണിപ്പൂരിന് ഐ.എല്‍.പി നല്‍കിയതിലൂടെ തെളിഞ്ഞിരിക്കുകയാണ്. മൂന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് മാത്രമുണ്ടായിരുന്ന പ്രത്യേക നിയമം തങ്ങള്‍ക്കും വേണമെന്ന് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും ആവശ്യപ്പെട്ടാലുണ്ടാകുന്ന ദുസ്ഥിതി ആശങ്കയുളവാക്കുന്നതാണ്. താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിന് എന്ത് കൈവിട്ട കളിക്കും ഗ്രൗണ്ടിലിറങ്ങാന്‍ കാത്തു നില്‍ക്കുന്ന ബി.ജെ.പി സര്‍ക്കാരിനെ സംബന്ധിച്ച് കൂടുതല്‍ ഭയക്കേണ്ടിയിരിക്കുന്നു. ഇന്ത്യയിലെ ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കാലു കുത്താന്‍ പോലും മുന്‍കൂര്‍ അനുമതി തേടണമെന്ന ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് സംവിധാനം ഇനി മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പാക്കില്ലെന്ന് കരുതാന്‍ കഴിയില്ല. ദേശീയ താല്‍പര്യത്തേക്കാള്‍, സ്വാര്‍ത്ഥ താല്‍പര്യത്തിന് അടിപ്പെട്ടവര്‍, വിഭാഗീയത മുഖമുദ്രയാക്കിയവര്‍ രാജ്യഭരണം നടത്തുമ്പോള്‍ എന്തും സംഭവിക്കാം.

SHARE