ബഹുസ്വരതയാണ് ഇന്ത്യയുടെ ആത്മാവ്. ഓരോ ഇന്ത്യന്‍ കറന്‍സിയിലും തിളങ്ങുന്ന ഭാഷയുടെ വൈവിധ്യമാണ് ഈ നാടിന്റെ അന്തസ്സ്. ലോകത്തിന്റെ നെറുകെ ജനാധിപത്യത്തിന്റെ ഈറ്റില്ലമായും ബഹുസംസ്കാരങ്ങളുടെ കളിത്തൊട്ടിലായും നാം കൊണ്ടുനടക്കുന്നത് ഇന്ത്യയിലെ നൂറുകണക്കിന് സംസ്കാരവിശ്വാസങ്ങളെയും ഉപസംസ്കാരങ്ങളെയുമാണ്. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും സിഖുകാരനും ജൂതനും പാഴ്സിയുമെല്ലാം ചേര്‍ന്ന ഇന്ത്യ. ഹിന്ദുവിന്റെ കാഷായവസ്ത്രവും മുസ്ലിമിന്റെ ഹിജാബും കന്യാസ്ത്രീയുടെ ശിരോവസ്ത്രവും സിക്കുകാരന്റെ കൃപാണും ഈനാടിന്റെ ഭാഗമാണ്. ഇതൊരു പുതിയ അറിവൊന്നുമല്ല രാജ്യത്തെ 130 കോടി ജനതക്കും ഇന്ത്യയെക്കുറിച്ചറിയുന്ന ലോകത്തെ സകലമാനമനുഷ്യര്ക്കും. അതുകൊണ്ടുതന്നെ പൗരത്വം നിശ്ചയിക്കുന്നതിന് മുസ്ലിം ആവരുതെന്ന കരിനിയമം പാസാക്കിയെടുത്ത നവഹിറ്റ്ലര്ക്ക് മുസ്ലിമിന്റെ വസ്ത്രം ദഹിക്കാത്തതില്‍ അത്ഭുതത്തിനവകാശമില്ല. പൗരത്വഭേദഗതി നിയമം ഭരണാഘടനാവിരുദ്ധമെന്ന് പറഞ്ഞ് അതിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നവരെപോലും മതവുംവസ്ത്രവും നോക്കി വേര്‍തിരിക്കുന്ന ഒരുരാഷ്ട്രനേതാവ് ഇന്ത്യക്കുണ്ടായിപ്പോയതില് മതേതരഇന്ത്യക്കാകെ തലകുനിക്കാം.
പൗരത്വനിയമത്തിനെതിരെ പ്രക്ഷോഭം നയിക്കുന്നവരിലെ വസ്ത്രത്തെയാണ് മോദി കഴിഞ്ഞദിവസം ഝാര്‍ഖണ്ടിലെ തെരഞ്ഞെടുപ്പു റാലിയില്‍ കുറ്റപ്പെടുത്തിയത്. ‘അക്രമം നടത്തുന്നവരാരാണെന്ന് അവരുടെ വസ്ത്രം കണ്ടാലറിയാ’ മെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിഷം നിറഞ്ഞ പ്രസ്താവം. പിന്നീട് അക്രമികള്‍ ”അര്‍ബന്‍ നക്സലു” കളെന്ന് നിലപാട് മാറ്റി. ഡല്‍ഹി ജാമിഅമില്ലിയ ഇസ്ലാമിയ്യ സര്‍വകലാശാലയിലും ഡല്‍ഹി സര്‍വകാലാശാലയിലും രാജ്യത്തിന്റെ ഇതരഭാഗങ്ങളിലും കരിനിയമത്തിനെതിരെ പൊതുജനവികാരം ഉള്‍ക്കൊണ്ടുകൊണ്ട് രംഗത്തിറങ്ങിയ വിദ്യാര്‍ത്ഥികളെ നോക്കിയാണ് അവരുടെ വസ്ത്രത്തെ അധിക്ഷേപിക്കുന്നരീതിയില്‍ ഒരുപ്രധാനമന്ത്രി പ്രസ്താവന നടത്തിയത്. ജാമിഅയിലെ വിദ്യാര്‍ത്ഥികള്‍ ശരീരംമൂടുന്ന വസ്ത്രം ധരിച്ചതാകണം മോദിയെ ചൊടിപ്പിച്ചത്. അവരവരുടെ വിശ്വാസപ്രകാരമുള്ള വസ്ത്രംധരിച്ചാണ് അവര്‍ തെരുവില്‍ മോദിസര്‍ക്കാരിനെതിരെ രംഗത്തിറങ്ങിയത്. മറ്റാരുടെയും പ്രേരണയില്ലാതെ സ്വയമേവയാണ് ഈ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ തെരുവില്‍ പ്രകടനവുമായി ഇറങ്ങിത്തിരിച്ചത്. അവരെയാണ് മോദി കൂലിപ്പട്ടാളത്തെക്കൊണ്ട് നടുറോഡിലും കാമ്പസിലും ഓടിച്ച് തല്ലിച്ചതച്ചത്. എന്നിട്ടാണ് അവരോട് ഒരിറ്റുകരുണപോലും കാണിക്കാതെ രാജ്യത്തെ പ്രധാനമന്ത്രി ഇതുപോലുള്ള വര്‍ഗീയപ്രസ്താവന നടത്താന്‍ മുതിര്‍ന്നിരിക്കുന്നത്.
മുസ്ലിമിന്റെ വസ്ത്രമാണ് മോദിയുടെ പ്രകോപനത്തിന് കാരണമെങ്കില്‍ ആ വസ്ത്രം ധരിച്ചവരും കൂടിചേര്‍ന്നാണ് ഈ രാജ്യത്തെ വെള്ളക്കാരില്‍നിന്ന് മോചിപ്പിക്കുന്നതിനായി ധീരഘോരപോരാട്ടം നടത്തിയതും ജീവന് ത്യജിച്ചതുമെന്നത് ആ രാജ്യത്തിന്റെ അമരത്തിരിക്കുന്നയാള് മറക്കരുത്. അലി സഹോദരന്മാരും മൗലാനാഅബുല്കലാം ആസാദും സെയ്ഫുദ്ദീന്‍ കിച്ച്ലുവും ഹസ്രത് മൊഹാനിയും മുതലിങ്ങോട്ട് എണ്ണിയാലൊടുങ്ങാത്ത ധീരമുസ്ലിംകളുടെ പട്ടികയുണ്ടതില്‍. അവരാരും മുസ്ലിമിന് വേണ്ടിയോ തന്റെമതത്തിന് വേണ്ടിയോ ആയിരുന്നില്ല സ്വാതന്ത്ര്യസമരപോരാട്ടത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടിയത്. ബ്രിട്ടീഷുകാര്‍ക്ക് ആന്തമാന്‍ ജയിലില്‍നിന്ന് മാപ്പെഴുതിക്കൊടുത്ത് തടിതപ്പിയ നേതാവിന്റെ പിന്മുറക്കാരനാണ് മുസ്ലിംകളെ ഇപ്പോള്‍ വസ്ത്രത്തിന്റെ അഭംഗിയെപ്പറ്റി പഠിപ്പിക്കുന്നത്. സവര്‍ക്കറും ഗോള്‍വാര്‍ക്കറും ഹെഡ്ഗേവാറും ഗാന്ധിഘാതകന് നാഥുറാംഗോഡ്സെയും ധരിച്ചിരുന്ന അടിമത്തത്തിന്റെയും കുതികാല്‍വെട്ടലിന്റെയും വേഷമല്ല ഈവസ്ത്രം. അവന്റെ വിശ്വാസത്തിന്റെ ഭാഗമാണതെന്ന് വിശ്വസിക്കാന്‍ മോദിക്ക് ബുദ്ധിമുട്ടുണ്ടെങ്കിലും ജനങ്ങള്‍ക്ക് യാതൊരുപ്രയാസവും അതിലുണ്ടാകുമെന്ന് തോന്നുന്നില്ല. തന്റെസര്ക്കാരിലെ മനുഷ്യവിഭവശേഷിവകുപ്പിന് കീഴിലെ ഒരുഉന്നതവിദ്യാഭ്യാസ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളെക്കുറിച്ചാണ് പ്രധാനമന്ത്രി ഇങ്ങനെ അധിക്ഷേപം നടത്തിയതെങ്കില്‍ അതിനുത്തരവാദി അദ്ദേഹത്തിന്റെ വികൃതമനസ്സിലെ കെട്ടിക്കിടക്കുന്ന പുളിച്ചവര്ഗീയഭാണ്ഡംമാത്രമാണെന്ന് തിരിച്ചറിയാന്‍ സാധാരണക്കാര്‍ക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാകുമെന്ന് തോന്നുന്നില്ല.
ലോകജനതയെനോക്കി ‘സഹോദരീസഹോദരന്മാരെ’ എന്നുവിളിച്ച സ്വാമിവിവേകാനന്ദന്റെ മതവും വസ്ത്രവുമല്ല ജാമിഅയിലെ പെണ്‍കുട്ടികള്‍ ധരിച്ചതെങ്കിലും തന്റെ സഹപ്രവര്‍ത്തകരായ യോഗിആദിത്യനാഥും സാക്ഷി മഹാരാജും പ്രജ്ഞാസിംഗും ഉമാഭാരതിയും മറ്റും തൂക്കിനടക്കുന്ന വസ്ത്രമല്ലിത്. സകലലൗകികവികാര വിചാരങ്ങളോടുമുള്ള വിട്ടുനില്ക്കലിന്റെ സന്യാസപ്രതീകമായ കാഷായവസ്ത്രത്തെ വംശീയവിദ്വേഷത്തിന്റെ പ്രതീകമാക്കി അധ:പതിപ്പിച്ചവരെക്കുറിച്ച് എന്തുപറയാന്‍. കാഷായവസ്ത്രമുടുത്തുകൊണ്ട് അയല്‍വീട്ടിലെ മുസ്ലിമിനെതിരെ വാളെടുക്കാനും മുസ്ലിം വനിതകളെ ബലാല്‍സംഗം ചെയ്യാനും ആഹ്വാനം ചെയ്യുന്നവരുടെ കൂട്ടത്തിലേതായാലും മതേതര സംരക്ഷണത്തിനും നാടിനുംവേണ്ടി പോരാടുന്ന മുസ്ലിമിന്റെ വസ്ത്രമില്ല. ഗുജറാത്തില്‍ രണ്ടായിരത്തോളംപേരെ കൂട്ടക്കശാപ്പ് നടത്തിയ സംഘപരിവാറുകാര്‍ക്കെതിരെ ചെറുവിലനക്കാത്ത മുഖ്യമന്ത്രി തന്റെ ജീവിതത്തിലൊരിക്കലും മുസ്ലിംവേഷത്തിന്റെ ഭാഗമായ തൊപ്പി ധരിക്കാന്‍ തയ്യാറാകാത്തതിനെ ഏതുകോണില്നിന്നാണ് വീക്ഷിക്കേണ്ടത്.
ന്യൂസീലാന്‍ഡില്‍ കഴിഞ്ഞ മാര്‍ച്ച്15ന് മുസ്ലിം പള്ളിയില്‍ കൂട്ടക്കൊല നടത്തിയ കാപാലികര്‍ക്കെതിരെ ശാന്തിയുടെ ദൂതുമായെത്തിയ ആ രാജ്യത്തിന്റെ പ്രധാനമന്ത്രി ജസീന്ത ആര്ഡന് ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ധരിച്ചത് ഈ മുസ്ലിം വേഷമായിരുന്നു. വിശുദ്ധഗ്രന്ഥമായ ഖുര്‍ആന്‍ പാരായണം ചെയ്താണ് ആ ധീരവനിത പാര്‍ലമെന്റില്‍ നാടിന്റെയും ഒരുസമുദായത്തിന്റെയും ചേതോവികാരം തന്റെ സിരകളിലേക്ക് ആവാഹിച്ചത്. അതുകൊണ്ട് മുസ്ലിംവേട്ടക്കാരനായ മോദിക്ക് ഒരിക്കലും ഈവേഷം ചേരില്ല. ആകാശംമുട്ടെ രാമക്ഷേത്രം പണിയുമെന്ന് തെരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിച്ച തന്റെ ആഭ്യന്തരമന്ത്രിക്കും തനിക്കും ശ്രീരാമനെക്കുറിച്ച് എന്തറിയാമെന്നാണ് സ്വാമിസന്ദീപാനന്ദഗിരി ചോദിക്കുന്നത്. സീതയെ തട്ടിക്കൊണ്ടുപോയ രാവണനില്‍നിന്ന് ശരണം തേടിയെത്തിയ വിഭീഷണന് അഭയം നല്‍കുകയും രാജാവായി വാഴിക്കുകയുംചെയ്ത രാമനെക്കുറിച്ച് എന്താണ് ഈ അഭിനവ രാവണന്മാര്ക്കറിയുക. പൗരത്വ നിയമത്തിലെ മുഖ്യവ്യവസ്ഥയായി മുസ്ലിമിനെ ഒഴിവാക്കിയപ്പോഴും മുസ്്ലിം വസ്ത്രത്തെ അധിക്ഷേപിച്ചപ്പോഴും മോദി ഭല്സിച്ചത്് രാമന്റെ ആ ‘ശരണാഗതവാല്സല്യം’ മാത്രമല്ല, മോദി ഇടക്കിടെ ഉരുവിടുന്ന വസുധൈവകുടുംബകം (ലോകം ഒറ്റകുടുംബം)എന്ന ഹിന്ദുമതത്തിന്റെ അടിസ്ഥാനശിലയെ തന്നെയാണ്.