
തെരേസ മേ തോറ്റോടിയിടത്ത് ബോറിസ് നേടി. ബ്രിട്ടന്കണ്ട ഉരുക്കുവനിത മാര്‍ഗരറ്റ് താച്ചറിന് സമാനമായ വിജയം. പോസ്റ്റ്ട്രൂത്ത് എന്നൊരുവാക്കുണ്ട് പുതിയനിഘണ്ടുവില്. കലികാലം എന്ന് വേണമെങ്കില്‍ ലളിതമലയാളത്തില്‍ മലയാളിക്കതിനെ വിളിക്കാം. അതേതായാലും അഞ്ചുമാസത്തിനിടെ ലോകത്തെ ഏറ്റവുംമുന്തിയ ജനാധിപത്യരാജ്യത്തില്‍ ഒരിക്കല്‍കൂടി ഒരുവലതുപക്ഷനേതാവ് അധികാരം നിലനിര്‍ത്തിയിരിക്കുന്നു -അലക്സാണ്ടര്‍ ബോറിസ് ജോണ്സണ്. ബ്രെക്സിറ്റ് കരാര്‍ സംബന്ധിച്ച് പാര്‍ലമെന്റിന്റെ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനെതുടര്‍ന്ന് ജോണ്സണ് നേരിടേണ്ടത് പിന്നെ പൊതുതിരഞ്ഞെടുപ്പായിരുന്നു. അതില്‍ പലരും പ്രതീക്ഷിച്ചതുപോലെ വലതുപക്ഷ ടോറികളെന്ന് വിളിക്കപ്പെടുന്ന കണ്സര്വേറ്റീവ്പാര്ട്ടിക്ക് തെറ്റില്ലാത്ത ഭൂരിപക്ഷം ലഭിച്ചിരിക്കുന്നു. 650ല്‍ 364 സീറ്റുകള്‍. കേവലം വേണ്ടതിന്റെ ഇരുപതോളം സീറ്റുകളാണ് ബോറിസിന്റെ കക്ഷി അധികംനേടിയിരിക്കുന്നത.് അര്‍ത്ഥം, ബോറിസ് ജോണ്‍സണ്‍തന്നെ പ്രധാനമന്ത്രിയായി തുടരും. ബ്രിട്ടന് വൈകാതെ പഴയതുപോലെ യൂറോക്ക് പകരം പൗണ്ടുമായി ജീവിക്കും.
അമ്പത്തഞ്ചുകാരനായ ബോറിസിന്റെ മുഴുവന്‍ പേര് അലക്സാണ്ടര്‍ ബോറിസ് ഡി ഫേല്‍ ജോണ്സണെന്നാണ്. അലക്സാണ്ടറോട് പക്ഷേ പ്രിയമില്ലാത്തതിനാല്‍ അത് ബോറിസ് എന്നുമാത്രമാക്കി. ബ്രിട്ടീഷുകാരനെങ്കിലും സമ്പന്നരായ മാതാപിതാക്കള്‍ക്കായി ജനിച്ചത് അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്കില്‍. അതുകൊണ്ട് ഇരട്ടപൗരനാണ്. എഴുത്തുകാരന്, പത്രപ്രവര്ത്തകന് ,രാഷ്ട്രീയനേതാവ് എന്നീനിലകളില്‍ ശ്രദ്ധേയനായ ശേഷമാണ് പ്രധാനമന്ത്രിപദത്തിലേക്കെത്തുന്നത്. ദി ടൈംസ്, ഡെയ്ലിടെലഗ്രാഫ് എന്നീ മാധ്യമസ്ഥാപനങ്ങളില്‍ ജോലിചെയ്തു. 1999വരെ അഞ്ചുവര്‍ഷം ടെലഗ്രാഫിന്റെ അസി. എഡിറ്ററായി. 2001ല്‍ രാഷ്ട്രീയത്തിലിറങ്ങി എം.പിയും ഡേവിഡ്കാമറൂണ്‍ മന്ത്രിസഭയില്‍ മന്ത്രിയായി. ലണ്ടന്‍ മേയറും വിദേശകാര്യസെക്രട്ടറിയുമൊക്കെയായി. 2008വരെ നടത്തിയ വിവിധപ്രവര്ത്തനങ്ങളിലൂടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സങ്കുചിത നിലപാടുകളില്‍നിന്ന് താന്‍ വേറിട്ടുനില്ക്കുന്നുവെന്ന് തെളിയിച്ചു. എല്‍.ജി.ബി.ടിക്കാര്‍ക്കും മറ്റും വേണ്ടി ബോറിസ് നടത്തിയ പോരാട്ടം ബ്രിട്ടീഷ് ജനതയില്‍ ബോറിസിലെ കണ്‍സര്‍വേറ്റീവിനെ മാറ്റിമറിച്ചു. ബോറിസിലെ ഹാസ്യാത്മകതയും തുണയായി. 2012ലാണ് ലണ്ടന്മേയറായി ചുമതലയേല്‍ക്കുന്നത്. സമ്മര്‍ ഒളിമ്പിക്സ്, ലണ്ടനിലെ പൊതുഗതാഗതസംവിധാനം എന്നിവയുടെ നടത്തിപ്പ് ബോറിസില്‍ ജനത വലിയൊരു രാഷ്ട്രനേതാവിനെ കാണിച്ചുകൊടുത്തു. ലണ്ടനിലെ ബോറിസ് ബൈക്ക് സംവിധാനം പ്രശസ്തമാണ്. 2015ല്‍ ഉക്സ്ബ്രിഡ്ജ് മണ്ഡലത്തില്‍നിന്ന് എം.പിയായി.
അതേസമയം തമ്മില്‍ഭേദം തൊമ്മനെന്നല്ലാതെ ഇടതുപക്ഷകാഴ്ചപ്പാടുള്ളയാളാണ് താനെന്ന് ബോറിസ്പോലും പറയില്ല. യൂറോപ്യന്യൂണിയനില്നിന്ന് പിന്മാറാനുള്ള തീരുമാനത്തെ ശക്തമായി പിന്തുണക്കുകയാണ് ബോറിസും . രാജ്യം തുല്യമായി വിഭജിക്കപ്പെട്ടതാണ് ബ്രെക്സിറ്റ് കാര്യത്തില്‍ ലോകം കണ്ടത്. ബോറിസിന്റെ നയചാതുര്യം ഇത്തവണ തിരഞ്ഞെടുപ്പില്‍ ഗുണമായെന്ന് മാത്രം. ലോകം കൂടുതല്‍കൂടുതല്‍ സങ്കുചിതമാകുന്നുവെന്നാണ് ബോറിസിനെയും മോദിയെയും ട്രംപിനെയും പോലുള്ളവരുടെ സ്ഥാനാരോഹണങ്ങള്‍ വിളിച്ചുപറയുന്നത.്
എറ്റണ്‍, ഓക്സ്ഫോഡ് സര്‍വകലാശാലകളിലായി പഠനം. അമ്മയുടെ കാത്തലിക്വിശ്വാസം വിട്ട് ഇംഗ്ലണ്ട്സഭയില് അംഗമായി. 1969ലാണ് കുടുംബം പശ്ചിമബ്രിട്ടനിലേക്ക് താമസംമാറുന്നത്. ചെറുപ്പത്തില്‍ അല്പം കേള്വിക്കുറവുണ്ടായിരുന്നെങ്കിലും മറികടന്നു. ആസ്്ത്രേലിയില് അല്പകാലം ഇംഗ്ലീഷ് അധ്യാപകനായും ജോലിചെയ്തിട്ടുണ്ട്. 1993ല്‍ ഭാര്യയുമായി വേര്‍പിരിഞ്ഞു. മറീനവീലറെയാണ് പിന്നീട് വിവാഹംചെയ്തത്. ഇവരാണ് ബോറിസിലെ ലിബറല്‍ ചിന്താഗതിക്ക് കാരണമെന്ന് ജീവചരിത്രകാരന്‍ പറയുന്നു. ജോണ്മേജറിന് ബോറിസിലുണ്ടായിരുന്ന അവിശ്വാസം തിരിച്ചടിയായെങ്കിലും പിന്നീടത് മറികടന്നു. ഒരിക്കല്‍ ബ്രിട്ടന് യൂറോപ്യന്യൂണിയനില് തുടരണമെന്ന മുന്അമേരിക്കന് പ്രസിഡന്റ് ബറാക്ഒബാമയുടെ വാദത്തെ ബോറിസ് പരിഹസിച്ചു. 2015-16ലാണ് ബോറിസ് ബ്രെക്സിറ്റ് പ്രക്ഷോഭംതുടങ്ങുന്നത്. 2016ല്‍ തെരേസമേയുടെ പ്രധാനമന്ത്രികാലത്ത് വിദേശകാര്യസെക്രട്ടറിയായി. മേയിലാണ് ബോറിസ് പ്രധാനമന്ത്രിസ്ഥാനാര്ത്ഥിത്വം പ്രഖ്യാപിച്ചത്. ജൂണ്‍ഏഴിന് മേ രാജിവെച്ചതോടെ ജൂലൈയിലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച് 19ന് പ്രധാനമന്ത്രിയുമായി അധികാരമേറ്റു. വിചാരിച്ചതുപോലെ കഴിഞ്ഞ ഒക്ടോബറില്‍ ബോറിസിന് ബ്രെക്സിറ്റ് കരാര്‍ വിജയിപ്പിച്ചെടുക്കാനായില്ല. ഇനി 2020 ജനുവരി 31നകം ബ്രെക്സിറ്റ് നടപ്പാക്കുമെന്നാണിപ്പോഴത്തെ പ്രഖ്യാപനം. അതിനുള്ള ജനവിധിയാണ് ജനത നല്കിയിരിക്കുന്നതും. രണ്ടുഭാര്യമാരിലായി ബോറിസിന് അഞ്ചുമക്കള്‍.