കറുത്ത ദിവസം


സ്വതന്ത്ര്യ ഇന്ത്യയുടെ കറുത്തദിനമായിരുന്നു ഇന്നലെ. മതേതര ഇന്ത്യയ്ക്ക് കൊലക്കയര്‍ വിധിച്ചിരിക്കുകയാണ് നരേന്ദ്രമോദിയും അമിത് ഷായും. മത ഇന്ത്യയിലേക്കുള്ള വാതില്‍ തുറന്നു കഴിഞ്ഞു. ഇനി രാജ്യം എങ്ങോട്ടെന്ന ആശങ്ക വലിയ ചോദ്യചിഹ്നമായി മുന്നിലുണ്ട്. ഭരണഘടനയുടെ അന്ത:സത്തയെ ഉല്ലംഘിച്ചു നടത്തിയ നിയമനിര്‍മാണത്തിന് കോടതികള്‍ തിരുത്ത് നടത്തുമോ എന്ന പ്രതീക്ഷ മാത്രമാണ് ബാക്കി. ആര്‍ക്കും ചരിത്രത്തെ അവലംബിച്ച് ഒരുത്തരം നല്‍കാന്‍ കഴിയാത്ത ചോദ്യമാണ് രാജ്യം അഭിമുഖീകരിക്കുന്നത്.
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വമായിരുന്നു സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരാക്രമണം. മതേതര ഇന്ത്യയെ സ്വപ്‌നം കണ്ട രാഷ്ട്ര പിതാവിന്റെ നെഞ്ചിലേക്ക് ആണ്ടിറങ്ങിയ വെടിയുണ്ടകള്‍ മത ഇന്ത്യക്ക് വേണ്ടിയുള്ള വര്‍ഗീയ വെറിയുടെ ആര്‍ത്തട്ടഹാസമായിരുന്നു. അതിന്റെ പ്രതിധ്വനിയാണ് ഇന്നലെ രാജ്യസഭയില്‍ വിജയം കണ്ട പൗരത്വ ഭേദഗതി ബില്‍. മത ഇന്ത്യയിലേക്കുള്ള പ്രയാണം സംഘ്പരിവാര ശക്തികള്‍ ആരംഭിച്ചു കഴിഞ്ഞു.
ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങളില്‍ ഒന്നായ മതനിരപേക്ഷതയെ വെല്ലുവിളിച്ച് ബില്‍ അവതരിപ്പിച്ച് നിയമമാക്കി എന്നത് മാത്രമല്ല പ്രശ്‌നം. മൗലിക അവകാശങ്ങളുടെ കീഴില്‍ വരുന്ന സമത്വം സംബന്ധിച്ച ആര്‍ട്ടിക്കിള്‍ 14 ന്റെ നഗ്‌നമായ ലംഘനമാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ഭരണഘടനയില്‍ പറയുന്നത്, ”ഇന്ത്യന്‍ രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ ‘ഒരു വ്യക്തിയുടെയും’ നിയമത്തിനു മുന്നിലെ സമത്വമോ, നിയമത്തിന്റെ തുല്യസംരക്ഷണമോ മതം, വര്‍ഗം, ജാതി, ലിംഗം, ജന്മനാട് എന്നിവയുടെ പേരില്‍ നിഷേധിക്കാന്‍ രാജ്യത്തിന് കഴിയില്ല എന്നാണ്. പൗരന്മാരെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതാണ് ഈ മൗലികാവകാശം. മതേതര ഇന്ത്യയുടെ കാതലാണ് ആര്‍ട്ടിക്കിള്‍ 14. അതിന്റെ മസ്തകം നോക്കി തകര്‍ത്തിരിക്കുകയാണ് ബി.ജെ.പി. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുകയെന്ന സംഘ്പരിവാര്‍ പദ്ധതി നടപ്പാക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെയ്പാണ് മോദി സര്‍ക്കാര്‍ നടത്തിയിരിക്കന്നത്.
അയല്‍രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷത്തോടുള്ള സ്നേഹത്തിന്റെ പേരിലാണ് ഭേദഗതിയെന്നാണ് ബി.ജെ.പിയുടേയും സംഘ്പരിവാരത്തിന്റേയും വാദം. എന്നാല്‍ എന്തുകൊണ്ട് മ്യാന്‍മാറിലെ റോഹിംഗ്യകള്‍ക്കും, ശ്രീലങ്കയിലെ തമിഴര്‍ക്കും, നേപ്പാളില്‍ നിന്നുള്ള ഗൂര്‍ഖകള്‍ക്കും മാധേശികള്‍ക്കും ഇത് ബാധകമാക്കുന്നില്ല. ബി.ജെ.പിയുടെ ലക്ഷ്യം കൃത്യമാണ്. മുസ്‌ലിംകളെ ലക്ഷ്യം വെച്ചുള്ള ഉഗ്രസ്‌ഫോടനമാണ് ബി.ജെ.പി സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.
മുസ്‌ലിംകള്‍ ഒഴിച്ച് ആരും രാജ്യത്തിന് സ്വീകാര്യരാണെന്ന പ്രഖ്യാപനമാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് കുടിയേറുന്നവരില്‍ മുസ്‌ലിംകളെ ഒഴിച്ചുനിര്‍ത്തുന്നതിലെ യുക്തി മനുഷ്യരെ മതാടിസ്ഥാനത്തില്‍ വിഭജിച്ച് പുതിയ ചരിത്രം നിര്‍മിക്കാം എന്നതാണ്. ചിലര്‍ക്കുമാത്രം അവകാശങ്ങള്‍ നിഷേധിക്കുന്നതിലൂടെ കൃത്യമായ രാഷ്ട്രീയമാണ് സംഘ്പരിവാര്‍ മുന്നോട്ടുവെക്കുന്നത്. ഈ രാജ്യത്തിന്റെ പരമോന്നത നിയമസംഹിതയായ ഭരണഘടനയെ അട്ടിമറിച്ചുകൊണ്ടും വെല്ലുവിളിച്ചുകൊണ്ടും മുസ്‌ലിംങ്ങളെ മാത്രം രാജ്യത്തു നിന്നും ആട്ടിയോടിക്കുന്ന നിയമനിര്‍മാണം നടത്തുന്നത് അതിന് വേണ്ടിയാണ്. ഇതിന്റെ ആദ്യത്തെ ഇരകള്‍ പൗരത്വ പട്ടികയില്‍ ഇടംപിടിക്കാതെ പോയ അസമിലെ ഏഴ് ലക്ഷം മുസ്‌ലിംകളാണ്. അവര്‍ക്ക് മുന്നില്‍ ഇനി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലെ ഇരുട്ട് മാത്രമാണ് ശേഷിക്കുന്നത്. അസമില്‍ മാത്രം ഒതുങ്ങുന്നതല്ല പൗരത്വ പരിശോധനയും പൗരത്വ പട്ടികയും. രാജ്യത്ത് പൗരത്വ പരിശോധന നടത്തുമെന്ന മോദിയുടേയും അമിത് ഷായുടേയും പ്രഖ്യാപനം ഒരു ജനതയെ ഭീതിയില്‍ തളച്ചിടാനുള്ള ഉഗ്രശാസനയാണ്. മുസ്‌ലിംകള്‍ ഒഴിച്ച് ആരും ഭയക്കേണ്ടതില്ലെന്ന സന്ദേശമാണ് ഇന്നലെ രാജ്യസഭ അംഗീകാരം നല്‍കിയതിലൂടെ നിയമമായ പൗരത്വ ഭേദഗതി ബില്‍.
ജനാധിപത്യവും മതനിരപേക്ഷതയും ആര്‍.എസ്.എസും സംഘ്പരിവാറും ഒരിക്കലും അംഗീകരിച്ചിട്ടില്ല. അസഹിഷ്ണുതയില്‍ നിന്ന് ജനിച്ച ഒരു സംഘടന, അതിന്റെ മുന്നേറ്റത്തിന് വളമാക്കിയത് എപ്പോഴും വിഭാഗീയതയും വിദ്വേഷവുമാണ്. ഭരണാധികാരം ലഭിച്ചപ്പോള്‍ വിഭാഗീയതക്ക് നിയമത്തിന്റെ പിന്‍ബലം നല്‍കിയിരിക്കുകയാണ് അവര്‍. മതനിരപേക്ഷതയെ തകര്‍ക്കാനുള്ള കരുതലോടെയുള്ള നീക്കം വിജയിച്ചു കഴിഞ്ഞു. മതനിരപേക്ഷ ഇന്ത്യയെ തകര്‍ക്കാന്‍ പരശ്ശതം വര്‍ഗീയ കലാപങ്ങളിലൂടെയും ആള്‍ക്കൂട്ട കൊലപാതകങ്ങളിലൂടെയും നടത്തിയ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് പാര്‍ലമെന്റിനെ വിനിയോഗിച്ച് ഭരണഘടനക്ക് നേരെ നടത്തിയ ഈ ആക്രമണം. ഇനി അവര്‍ ജനാധിപത്യത്തിന് നേര്‍ക്കും തിരിയും. സംഘ്പരിവാരത്തിന്റെ തുടക്കം മുതല്‍ അവരുടെ ശത്രുപട്ടികയില്‍ ആദ്യ പേര് മുസ്‌ലിംകളുടേതാണ്. ഇപ്പോള്‍ ആദ്യത്തെ ലക്ഷ്യം മുസ്‌ലിംകളായത് ആകസ്മികമല്ല. എന്നാല്‍ മുസ്‌ലിംകള്‍ ആത്യന്തിക ലക്ഷ്യമല്ലെന്ന് മാത്രം. സംഘ്പരിവാരത്തിന് കീഴൊതുങ്ങാത്തവര്‍ക്കെല്ലാം നേരെ അവര്‍ നിയമം കൊണ്ടും സംഘബലം കൊണ്ടും ഭീഷണി ഉയര്‍ത്തുന്ന കാലം അതിവിദൂരമല്ല. ആര്‍.എസ്.എസും അവര്‍ക്കു വണങ്ങി നില്‍ക്കുന്നവരും മാത്രം ബാക്കിയാകുന്ന ഒരു രാജ്യത്തെയാണ് ബി.ജെ.പി സ്വപ്‌നം കാണുന്നത്.
അത്തരമൊരു രാജ്യമായി ഇന്ത്യ പരിണമിക്കാതിരിക്കാന്‍ കരുതലോടെ നീങ്ങേണ്ട ബാധ്യത മതേതരത്വത്തില്‍ വിശ്വസിക്കുന്ന ജനാധിപത്യ വിശ്വാസികള്‍ക്കുണ്ട്. തലമുറകള്‍ ജീവനും രക്തവും നല്‍കി പോരാടി നേടിയ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കാനുള്ള ബാധ്യത ജനാധിപത്യ പാര്‍ട്ടികള്‍ക്കുണ്ട്. രാജ്യസഭയില്‍ പ്രതിപക്ഷ ബെഞ്ചുകളില്‍ നിന്നുയര്‍ന്ന ഏകാധിപത്യത്തിനെതിരായ ഗര്‍ജ്ജനങ്ങള്‍ പ്രതിഷേധത്തിന്റെ കനലുകള്‍ അത്രവേഗമങ്ങ് കെട്ടടങ്ങില്ലെന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിട്ടുണ്ടാകണം. ഇന്ത്യ ജനാധിപത്യ മതേതര റിപ്പബ്ലിക്കാണ്, അല്ലാതെ ‘രണ്ട് ദിനോസറുകള്‍’ മാത്രം വാഴുന്ന ജൂറാസിക് റിപ്പബ്ലിക്കല്ല’ എന്ന കപില്‍ സിബലിന്റെ പ്രഖ്യാപനത്തില്‍ മതേതര ഇന്ത്യയുടെ സ്വരമുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ അസമിലും ത്രിപുരയിലും കത്തിപ്പടരുന്ന പ്രതിഷേധം പക്ഷേ ജനാധിപത്യത്തിന്റേതല്ല. അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിനെതിരായ വിഭാഗീയ സമരത്തിന്റെ ജ്വാലകളാണ് അവിടെ നിന്നുയരുന്നത്. അതിന് പകരം ജനാധിപത്യത്തിന്റെ ഉജ്വല സമരമുഖങ്ങള്‍ ഇന്ത്യയിലുടനീളം ഉയര്‍ന്നു വരണം. നാനാത്വത്തില്‍ ഏകത്വമുള്ള ബഹുസ്വര ഇന്ത്യയില്‍ ജീവിക്കാനുള്ള അവകാശം വരും തലമുറകള്‍ക്കുമുണ്ട്. അത് നിലനിര്‍ത്താനുള്ള പോരാട്ടം വിജയം കാണാതെ അവസാനിക്കരുത്.

SHARE