കടക്കെണിയില്‍ മുങ്ങിത്താഴുന്ന കേരളം


അസാധാരണമായ സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നത്. ശമ്പളം പോലും മുടങ്ങുന്ന നിലയിലേക്ക് ധനസ്ഥിതി നീങ്ങുമ്പോള്‍ കേന്ദ്ര സര്‍ക്കാരിനെ പഴി പറഞ്ഞ് സ്വന്തം പിഴവുകള്‍ മറച്ചുവെക്കാനാണ് ധനകാര്യമന്ത്രിയും സര്‍ക്കാരും ശ്രമിക്കുന്നത്. കേരളം ഇതുവരെ നേരിട്ടിട്ടില്ലാത്ത വിധം സാമ്പത്തിക ഞെരുക്കം എങ്ങനെയുണ്ടായെന്ന് പറയാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ധവളപത്രം ഇറക്കിയവര്‍ ഇപ്പോള്‍ കാര്യങ്ങള്‍ മൂടിവെക്കുകയാണ്. സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തികാവസ്ഥ പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ ധവളപത്രം ഇറക്കുന്നതിന് സര്‍ക്കാര്‍ സന്നദ്ധമാകണം.
കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് വിവേചനം കാണിക്കുന്നുവെന്നത് പുതിയ കാര്യമല്ല. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയ കാലം മുതല്‍ ചിറ്റമ്മനയമാണ് അവര്‍ക്ക് സംസ്ഥാനത്തോടുള്ളത്. കേരളം ഭരിക്കുന്ന പാര്‍ട്ടി ബി.ജെ.പിയുടെ തിട്ടൂരങ്ങള്‍ മുട്ടിലിഴഞ്ഞ് നടപ്പാക്കിയിട്ടും ചിറ്റമ്മ നയം മാറിയിട്ടില്ല. പൊലീസ് നയത്തിലുള്‍പ്പെടെ ഈ തിട്ടൂരങ്ങളുടെ സ്വാധീനം ഒളിഞ്ഞും തെളിഞ്ഞും വ്യക്തമായിട്ടുള്ളതാണ്. അടിപ്പെട്ട് നില്‍ക്കുന്തോറും അടിച്ചമര്‍ത്തുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാട്ടുന്നതെന്ന് പകല്‍പോലെ വ്യക്തമായിക്കഴിഞ്ഞു. ജി.എസ്.ടി വിഹിതമായി കേന്ദ്രം നല്‍കാനുള്ള 1600 കോടി രൂപ നല്‍കണമെന്ന ആവശ്യത്തിന് നല്‍കാന്‍ കഴിയില്ലെന്ന മറുപടിയാണ് കേന്ദ്രം നല്‍കിയിട്ടുള്ളത്. കേരളത്തോട് മാത്രമല്ല, ബി.ജെ.പി ഇതര സംസ്ഥാന സര്‍ക്കാരുകളോടെല്ലാം ഇതേ നിലപാടാണ് കേന്ദ്രത്തിനുള്ളത്. കേരളത്തിന് പുറമേ രാജസ്ഥാന്‍, ഡല്‍ഹി, പശ്ചിമ ബംഗാള്‍, പഞ്ചാബ് സര്‍ക്കാരുകള്‍ക്കും ജി.എസ്.ടി വരുമാനം കുറഞ്ഞതിനാല്‍ വിഹിതം നല്‍കാനാകില്ലെന്ന് കേന്ദ്രം കത്തയച്ചിരിക്കുകയാണ്. വരുമാനം കൂട്ടാന്‍ നികുതി കൂട്ടാനുള്ള ഒരുക്കങ്ങളാണ് ജി.എസ്.ടി കൗണ്‍സില്‍ നടത്തുന്നത്. ഇപ്പോള്‍ തന്നെ നികുതി കൊടുത്ത് നടുവൊടിഞ്ഞ സാധാരണക്കാരുടെ മേല്‍ കൂടുതല്‍ നികുതി അടിച്ചേല്‍പ്പിക്കുന്ന തീരുമാനം ഈമാസം അവസാനം ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ എടുത്തേക്കും. നികുതി വലക്ക് പുറത്തുള്ള സവനങ്ങള്‍ക്കും സാധനങ്ങള്‍ക്കും കൂടി നികുതി ഏര്‍പ്പെടുത്തിയും നികുതി കൂട്ടിയും വരുമാനം വര്‍ധിപ്പിക്കാനാണ് നീക്കം. ഒന്നര ലക്ഷം കോടിയുടെ നികുതി ഇളവ് കോര്‍പറേറ്റുകള്‍ക്ക് അനുവദിച്ചതിലൂടെ ഉണ്ടായ നികുതി നഷ്ടം സാധാരണക്കാരുടെ മേല്‍ കെട്ടിവെക്കുന്ന ഏറ്റവും ജനവിരുദ്ധ നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്നത്.
അതേസമയം ജി.എസ്.ടി വിഹിതം നല്‍കാത്തതും വായ്പാ പരിധി വെട്ടിക്കുറച്ചതുമാണ് കേരളം നേരിടുന്ന സാമ്പത്തിക ഞെരുക്കത്തിന് കാരണമെന്ന ധനമന്ത്രിയുടെ വാദം പക്ഷേ വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. ധനവകുപ്പിന്റെ കെടുകാര്യസ്ഥതയും സര്‍ക്കാരിന്റെ ധൂര്‍ത്തും മറച്ചുവെക്കാനല്ലാതെ സംസ്ഥാനത്തിന്റെ സാമ്പത്തിക ദുസ്ഥിതി പരിഹരിക്കാന്‍ ഈ വാദം ഉപകരിക്കില്ല. പാഴ്‌ചെലവുകള്‍ നിയന്ത്രിക്കുന്നതില്‍ ധനവകുപ്പ് അമ്പേ പരാജയപ്പെട്ടുവെന്നതാണ് വസ്തുത. നികുതി വരുമാനത്തിലുണ്ടായ കുറവ് അത്ഭുതപ്പെടുത്തുന്നതുമാണ്. നികുതി പിരിവ് നടത്തുന്നതില്‍ കഴിഞ്ഞ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയ ധനമന്ത്രി ഇപ്പോഴത്തെ നിശ്ചലാവസ്ഥയെ ന്യായീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് മേല്‍ പഴിചാരുകയാണെന്ന ആക്ഷേപം ഉയരുന്നത് ഈ സാഹചര്യത്തിലാണ്. സംസ്ഥാനത്തിന്റെ നികുതി പിരവില്‍ ഈ സാമ്പത്തിക വര്‍ഷം പ്രതീക്ഷിച്ചതിനെക്കാള്‍ 5623 കോടി രൂപയുടെ കുറവുണ്ടാവുമെന്ന് ധനകാര്യമന്ത്രി തന്നെ നിയമസഭയില്‍ സമ്മതിച്ച കാര്യമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ നികുതി കുടിശിക ഏതാണ്ട് മുപ്പതിനായിരത്തോളം കോടി രൂപയാണ്. ഇത് പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന പരിതാപകരമായ അവസ്ഥയെ കേന്ദ്രത്തെ കുറ്റപ്പെടുത്തി മറികടക്കാന്‍ സര്‍ക്കാരിനാകില്ല. നികുതി വരുമാനത്തില്‍ 30 ശതമാനം വര്‍ധനയാണ് കഴിഞ്ഞ ബജറ്റ് പ്രസംഗത്തില്‍ മന്ത്രി പ്രഖ്യാപിച്ചത്. ഇതിന്റെ പകുതി പോലും നികുതി വളര്‍ച്ച നേടാന്‍ കഴിഞ്ഞിട്ടില്ല. പിരിഞ്ഞു കിട്ടാനുള്ള പണം വാങ്ങിയെടുക്കുന്നതില്‍ ധനവകുപ്പിന്റെ നിസ്സംഗതക്ക് പിന്നില്‍ സര്‍ക്കാരിലെ ഉള്‍പ്പോരുകള്‍ ഒളിഞ്ഞിരിപ്പുണ്ടോ എന്ന കാര്യമാണ് ഇനി അറിയേണ്ടത്. വാറ്റ് കുടിശിക മാത്രം 13,305 കോടി രൂപ ഉണ്ടെന്ന് അവകാശപ്പെടുന്ന ധനമന്ത്രി ഇത് വരെ ആകെ പിരിച്ചത്119.57 കോടി മാത്രമാണ്.
ശമ്പളം നല്‍കാന്‍ പോലും പണമില്ലാത്ത ദുസ്ഥിയിലേക്കാണ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത സംസ്ഥാനത്തെ എത്തിച്ചിരിക്കുന്നത്. പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ലോക ബാങ്കില്‍ നിന്ന് ലഭിച്ച 1700 കോടി രൂപ വക മാറ്റിയാണ് ഇത്തവണ ശമ്പളം വിതരണം ചെയ്തത്. പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളെ ഇത് തകര്‍ക്കും. തുക വകമാറ്റിയതിലൂടെ കൂടുതല്‍ സഹായം ലഭിക്കാനുള്ള സാധ്യതയും ഇല്ലാതായി. ചെത്തുതൊഴിലാളി ക്ഷേമ നിധിയില്‍ നിന്ന് 500 കോടി എടുക്കാനാണ് പുതിയ തീരുമാനം. കടമെടുപ്പ് വീണ്ടും തുടരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സര്‍ക്കാരിന് ലഭിക്കാനുള്ള നികുതി പിരിക്കാതെ കടമെടുപ്പ് മഹോത്സവമാണ് ധനവകുപ്പ് നടത്തുന്നത്. കടപ്പത്രങ്ങള്‍ വഴി ഈ വര്‍ഷം മാത്രം 12,596 കോടി രൂപയാണ് കടമെടുത്തത്. മൂന്നര വര്‍ഷത്തിനിടെ കേരളത്തിന്റെ കടബാധ്യത ഒന്നര ലക്ഷം കോടിയില്‍ നിന്നും രണ്ടര ലക്ഷം കോടിയായി ഉയര്‍ന്നു.
സംസ്ഥാനത്തെ കടക്കെണിയില്‍ ആഴ്ത്തിയിട്ടും ശമ്പളം കൊടുക്കാന്‍ കഴിയാത്ത ദുസ്ഥിതി എങ്ങനെയുണ്ടായെന്ന് സര്‍ക്കാര്‍ വിശദീകരിക്കേണ്ടതുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാണ്. 50 ശതമാനത്തിലേറെ പദ്ധതി വിഹിതമാണ് സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. പല പദ്ധതികളും ഉപേക്ഷിക്കുന്ന നിലയിലേക്കാണ് നീങ്ങുന്നത്. കരാറുകാര്‍ക്ക് മാത്രം 1500 കോടിയോളം രൂപ നല്‍കാനുണ്ട്. പണം നല്‍കാത്തതിനാല്‍ കരാറുകാര്‍ പണി നടത്തുന്നില്ല. സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഒന്നര മാസമായി പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. നവംബര്‍ മാസത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഒരു ബില്ലും പാസായിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറക്കില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും പണം നല്‍കാതെ വികസന പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍.
മൂന്നര വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപ കടമെടുത്ത സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ വികസന അടിയന്തരാവസ്ഥയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഖജനാവില്‍ കാലണ ഇല്ലെങ്കിലും ലക്കും ലഗാനുമില്ലാത്ത ധൂര്‍ത്തടിക്കുന്നതിന് ഒരു പിശുക്കും സര്‍ക്കാരിനില്ല. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിദേശ ടൂറുകള്‍ക്ക് പിന്നാലെ എസ്.എഫ്.ഐ നേതാക്കളേയും സര്‍ക്കാര്‍ ചെലവില്‍ ലണ്ടനിലേക്ക് ഒരാഴ്ചത്തെ ടൂറിനയക്കുകയാണ്. സാമ്പത്തിക അച്ചടക്കമില്ലായ്മ കൊണ്ട് സംസ്ഥാനത്തെ ധനസ്ഥിതിയെ തകര്‍ത്ത് തരിപ്പണമാക്കിയ ശേഷം രാഷ്ട്രീയ ആരോപണങ്ങള്‍ കൊണ്ട് തെറ്റുകള്‍ക്ക് മറയിടുന്ന ദുസ്ഥിതിയാണ് കേരളം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. സര്‍ക്കാര്‍ ധനസ്ഥിതി സംബന്ധിച്ച് തുറന്നുപറച്ചില്‍ നടത്തുകയാണ് വേണ്ടത്.

SHARE