ഉദ്ധവോദയം


നല്ലൊരു ഫോട്ടോഗ്രാഫറാണ് ഉദ്ധവ് ബാല്‍താക്കറെ. ചരിത്രസ്മാരകങ്ങളോടാണ് പ്രിയം. പക്ഷേ ചരിത്രംപകര്‍ത്താന്‍ മാത്രമല്ല, അത് സൃഷ്ടിക്കാനും കഴിവുണ്ടെന്ന് ടിയാനങ്ങ് തെളിയിച്ചു. കടുവയാണ് ശിവസേനയുടെ മുദ്ര. രാഷ്ട്രീയക്കാരനും കാര്‍ട്ടൂണിസ്റ്റുമൊക്കെയായിരുന്ന പിതാവ് ബാല്‍താക്കറെയുടെ പുത്രന് പക്ഷേ സിംഹത്തോടാണ് സാമ്യംകൂടുതല്‍. അനാവശ്യമായ വാചാടോപങ്ങളില്ല. ഭാവംകണ്ടാല്‍ പച്ചപ്പാവത്താനാണെന്നേ തോന്നൂ. തോളില്‍ ഷാളും നെറ്റിയില്‍ നീളന്‍കുങ്കുമക്കുറിയുമായി രാജാവിനെപോലെയാണ് നടപ്പും ഇരിപ്പുമെല്ലാം. അതുകൊണ്ടെന്താ,അച്ഛന് കഴിയാത്തത് ഇതാ മകന്‍ നേടിയെടുത്തിരിക്കുന്നു. മൊത്തമുള്ളതിന്റെ വെറുംഅഞ്ചിലൊന്നുപോലും അംഗങ്ങളില്ലാതെ പത്തൊമ്പതാമത് മുഖ്യമന്ത്രിയായി ഉദ്ധവ്ബാല്‍താക്കറെ നവംബര്‍28ന് ഇന്ത്യയിലെ വാണിജ്യസിനിമാതലസ്ഥാനത്ത് അധികാരമേറ്റിരിക്കുന്നു. അതും മതേതരത്വവും സോഷ്യലിസവും ജനാധിപത്യവുമൊക്കെ ഉച്ഛൈസ്തരം ഉദ്‌ഘോഷിക്കുന്ന ഇന്ത്യന്‍ ഭരണഘടനയെതൊട്ട്. മേല്‍സിദ്ധാന്തങ്ങളോടോ അവയുടെ പ്രയോഗങ്ങളോടോ ഈ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെപാര്‍ട്ടിക്കും അനുയായികള്‍ക്കും തെല്ലെങ്കിലും പ്രതിപത്തിയുണ്ടോ എന്ന് ചോദിച്ചാല്‍ പെട്ടെന്നൊരുത്തരം കിട്ടിയെന്നുവരില്ല. അത്രകണ്ട് അപരവിദ്വേഷത്തിന്റെയും രക്തച്ചാലുകളുടെയും മായാകറയാണ് ഉദ്ധവിന്റെ പാര്‍ട്ടിക്കുമേലുള്ളത്.
1967ലായിരുന്നു കോണ്‍ഗ്രസ് പിന്തുണയോടെശിവസേനയുടെ ജനനം. ബാല്‍താക്കറെയാണ് ശിവസേനയെ മഹാരാഷ്ട്രയില്‍ നട്ടുപിടിപ്പിച്ചത്. അദ്ദേഹത്തിനൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. മഹാരാഷ്ട്രയില്‍ ശിവജിയുടെ നാമം എന്നുമുയരണം. അതിനുമേല്‍ കോണ്‍ഗ്രസ്‌പോയിട്ട് ബി.ജെ.പിയെവരെ തൊടീക്കില്ല. വ്യാവസായികസംസ്ഥാനമായതിനാല്‍ തൊട്ടടുത്ത ഗുജറാത്തി വ്യാപാരി-വ്യവസായികളോടാണ് മല്‍സരംമുഴുവന്‍. അമ്പതുകളില്‍ മുംബൈയിലെ വ്യവസായശാലകളില്‍ വളര്‍ന്നുപന്തലിച്ച ട്രേഡ്‌യൂണിയനുകളെ ഒതുക്കാനാണ് ബാല്‍താക്കറെ ശിവസേന ഉണ്ടാക്കിയത്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചുവിജയിക്കുക, സര്‍ക്കാരുണ്ടാക്കുക, മന്ത്രിയാകുക തുടങ്ങിയ ഭാരിച്ച കാര്യങ്ങളിലൊന്നുമായിരുന്നില്ല അപ്പന്‍താക്കറെയുടെ ശ്രദ്ധ. ദാവൂദ്ഇബ്രാഹിമും ഛോട്ടാഷക്കീലുമൊക്കെ വാണരുളുന്ന മുംബൈഅധോലോകത്ത് തങ്ങള്‍ക്കും ഇടംവേണം. അത്രയേയുള്ളൂ. അതുകൊണ്ട് അണികളെ മല്‍സരിപ്പിച്ച് വിജയിപ്പിച്ച് മന്ത്രിമാരാക്കുമ്പോഴും അധികാരരാഷ്ട്രീയത്തില്‍നിന്ന് എന്നും മാറിനിന്നുള്ള ചെങ്കോല്‍മാത്രമേ ബാല്‍താക്കറെ കരുതിവെച്ചുള്ളൂ. എന്നാല്‍ അതിനുംമേലെയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് പുത്രന്‍ ഇപ്പോള്‍. ബാല്‍താക്കറെ മരിക്കുമ്പോള്‍ ആസ്ഥാനത്തേക്ക് പറഞ്ഞുകേട്ട പേര് സഹോദരപുത്രന്‍ രാജ്താക്കറെയുടേതായിരുന്നു. 2006ല്‍ ഈ അര്‍ധസഹോദരനെ പിടിച്ചുപുറത്താക്കി. മറ്റൊരു നേതാവ് നാരായണ്‍റാണെയെയും പറഞ്ഞയച്ച് ബാല്‍പുത്രന്‍ പാര്‍ട്ടികിരീടം പിടിച്ചുവാങ്ങി. 2003ല്‍ പാര്‍ട്ടി വര്‍ക്കിംഗ്പ്രസിഡന്റായി. 2013 മുതല്‍ ഇന്നുവരെയും പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ കയ്യിലാണ്. ബി.ജെ.പി കിണഞ്ഞുനോക്കിയിട്ടും ഒരൊറ്റഎം.എല്‍.എയെപോലും റാഞ്ചാനായില്ലെന്നതും ഉദ്ധവിന്റെയും എന്തിനുംപോന്ന ശിവസൈനികരുടെയും മിടുക്ക്. ആര്‍.എസ്.എസ്സിന്റെ ആസ്ഥാനം നാഗ്പൂരിലായിട്ടെന്താ!
എല്ലാംകൊണ്ടും ബി.ജെ.പിയുടെ ഇരട്ടസഹോദരനാണ് ശിവസേന. രണ്ടുതവണ ഒരുമിച്ചുഭരിച്ചു. ബി.ജെ.പിക്ക് മുഖ്യമന്ത്രിപദം കൊടുത്ത് ഉപമുഖ്യമന്ത്രിപദം വാങ്ങലായിരുന്നു പതിവ്. പാര്‍ട്ടിയില്‍ രണ്ടാമന്മാരെ വാഴിച്ചില്ലെങ്കിലും ഉദ്ധവിന്റെ പുത്രന്‍ ആദിത്യതാക്കറെ ഇത്തവണ മല്‍സരിച്ച് എം.എല്‍.എ ആയി. കര്‍ഷകരുടെയും വ്യാപാരിവ്യവസായികളുടെയും പരാതികള്‍ കുന്നുകണക്കെ കുമിഞ്ഞുവരുന്ന കാലത്താണ് മറ്റൊരു തിരഞ്ഞെടുപ്പ് വരുന്നത്. ഇടക്കിടെ ബി.ജെ.പിയെ കടുത്തഭാഷയില്‍ വിമര്‍ശിക്കുമെങ്കിലും മുന്നണിബന്ധം നിലനിന്നു. പക്ഷേ ഒക്ടോബര്‍24ന് ഫലംവന്നതോടെ ഉദ്ധവ് തനിനിറം പുറത്തെടുത്തു. മുഖ്യമന്ത്രിപദവി വീതിക്കാമെന്ന് ഉറപ്പ് നല്‍കിയെന്നായി ഉദ്ധവ്. ഇല്ലെന്ന് അമിത്ഷായും. ബി.ജെ.പിക്ക് 105 സീറ്റുള്ളപ്പോള്‍ ശിവസേനക്ക് 56 മാത്രമേ ഉള്ളൂവെങ്കിലും മുഖ്യമന്ത്രിപദവി വീതിച്ചുതരണമെന്നായി. പറ്റില്ലെന്ന് ഷാ. എങ്കില്‍ പിരിയാമെന്നങ്ങ് ഉദ്ധവ് സുല്ലിട്ടു. അതൊരു വിരട്ടലായി കണ്ടവരെ പക്ഷേ ഉദ്ധവിന്റെ നീക്കങ്ങള്‍ അമ്പരപ്പിച്ചു. എന്‍.സി.പിയുമായും കോണ്‍ഗ്രസുമായും ചര്‍ച്ചക്ക് ആളെ നിയോഗിച്ചതോടെ കളികാര്യമായി.
ബാല്‍താക്കറെയുടെ മൂന്നാമത്തെ സന്താനമാണ് ഉദ്ധവ്. മൂത്തയാള്‍ വാഹനാപകടത്തില്‍മരിച്ചു. തൊട്ടുമുകളിലെയാള്‍ വീടുവിട്ടുപോയി. പാര്‍ട്ടിയുടെ അമരംതുഴയാന്‍ ഉദ്ധവ് മാത്രമേ പിന്നെയുണ്ടായുള്ളൂ. മണ്ണിന്റെ മക്കള്‍വാദവും ഹിന്ദുത്വതീവ്രവര്‍ഗീയതയും ന്യൂനപക്ഷവിരുദ്ധതയും കൈമുതലുള്ള സ്വന്തംപാര്‍ട്ടിയുമായി ചിരകാലശത്രുക്കളായ കോണ്‍ഗ്രസിനെയും എന്‍.സി.പിയെയുംകൂട്ടി ഉദ്ധവ് എങ്ങനെ ഭരിക്കുമെന്നാണ ്ജനം ഇപ്പോള്‍ നോക്കുന്നത്. ഇതും മറികടക്കുമെന്നാണത്രെ 59കാരനായ പുതിയമുഖ്യമന്ത്രിയുടെ ആത്മവിശ്വാസം. രശ്മിയാണ് ഭാര്യ.ആദിത്യയും തേജസ്സും മക്കള്‍.

SHARE