പ്രജ്ഞാസിങിന്റെ സ്വന്തം ബി.ജെ.പി


മേയിലെ പതിനേഴാം ലോക്‌സഭാതെരഞ്ഞെടുപ്പുകാലത്ത് മധ്യപ്രദേശ്തലസ്ഥാനമായ ഭോപ്പാലില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന പ്രജ്ഞാസിങ് താക്കൂറിനെതിരെ വ്യാപകമായ പ്രതിഷേധമാണ് രാജ്യത്താകെ ഉയര്‍ന്നുവന്നിരുന്നത്. രാജ്യത്തെ ഏക സ്ത്രീ ഭീകരവാദിയായ ഇവര്‍ മഹാരാഷ്ട്രയിലെ മലേഗാവ് സ്‌ഫോടനക്കേസില്‍ എന്‍.ഐ.എയാല്‍ പ്രതി ചേര്‍ത്തപ്പെട്ട് വിചാരണ നേരിട്ടുകൊണ്ടിരിക്കെ കേന്ദ്ര സര്‍ക്കാര്‍ ഒത്താശയോടെ ക്യാന്‍സര്‍ ചികില്‍സക്കെന്നുപറഞ്ഞ് ജാമ്യത്തിലിറങ്ങിയ വ്യക്തിയാണ്. ജനം ആശങ്കപ്പെട്ടതുപോലെ ഈ സന്യാസ വസ്ത്രധാരി അതേ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ സ്വതസ്സിദ്ധമായ തീവ്ര വര്‍ഗീയശൈലി പുറത്തെടുക്കുകയുണ്ടായി. മഹാത്മാഗാന്ധി ഘാതകന്‍ നാഥുറാം ഗോദ്‌സെയെ ദേശസ്‌നേഹിയെന്ന് വിളിച്ചായിരുന്നു പ്രകോപനം. ഇതിനെതിരെ ബി.ജെ.പിയോ ആര്‍.എസ്.എസ്സോ യാതൊരു പ്രതികരണവും നടത്തിയില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയാകട്ടെ പ്രജ്ഞയുടെ വാക്കുകള്‍ തന്നെ ഞെട്ടിപ്പിച്ചുവെന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞൊഴിഞ്ഞു. നിര്‍ഭാഗ്യമെന്നുപറയട്ടെ, തെരഞ്ഞെടുപ്പില്‍ ഈ കാവിവേഷധാരി 3,64,822 വോട്ടുകളുടെ വ്യത്യാസത്തില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്നനേതാവ് ദിഗ്‌വിജയ്‌സിങിനെ പരാജയപ്പെടുത്തുകയും ചെയ്തു. ഒരുകണക്കിന് ഇതൊരു സന്ദേശമായിരുന്നു, രാജ്യത്തിനും മതേതര വിശ്വാസികള്‍ക്കും ബി.ജെ.പിക്കുമൊക്കെ. എന്നാല്‍ അവിടംകൊണ്ടൊന്നും പ്രജ്ഞയുടെ വക്രപ്രജ്ഞ അവസാനിക്കുന്നില്ലെന്ന് വ്യക്തമായിരിക്കുകയാണ് അവര്‍ ചൊവ്വാഴ്ച ലോക്‌സഭക്കകത്ത് നടത്തിയ അതേ വര്‍ഗീയ പരാമര്‍ശത്തിലൂടെ വീണ്ടും.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെയും പ്രിയങ്കഗാന്ധിയുടെയും എസ്.പി.ജി സുരക്ഷ ഒഴിവാക്കിക്കൊണ്ടുള്ള ബില്ലിന്മേല്‍ സംസാരിക്കവെ, ഡി.എം.കെയുടെ എ. രാജ നാഥുറാംഗോദ്‌സെക്കെതിരെ നടത്തിയ പരാമര്‍ശത്തിനെതിരെ സടകുടഞ്ഞെണീറ്റ പ്രജ്ഞാസിങ്, ഗോദ്‌സെയെ ഒരിക്കല്‍കൂടി ദേശ ഭക്തനെന്ന് വിശേഷിപ്പിച്ചു, മഹത്തായ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ കസേരയിലിരുന്നുകൊണ്ട്. ഇതിനെതിരെ അതിശക്തമായ പ്രതിഷേധമാണ് രണ്ടു ദിവസമായി ലോക്‌സഭയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും അര്‍ത്ഥഗര്‍ഭമായ മൗനമാണ് പ്രകടിപ്പിച്ചതെങ്കില്‍ പ്രതിഷേധം കനത്തതോടെ പ്രജ്ഞക്കെതിരെ പേരിനൊരു നടപടി പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍. നവംബര്‍ 21ന് നിയമിച്ച പ്രതിരോധം സംബന്ധിച്ച പാര്‍ലമെന്ററി പരിശോധനാസമിതിയില്‍നിന്ന് എം.പിയെ പുറത്താക്കുന്നതായി ബി.ജെ.പി ആക്ടിങ്് പ്രസിഡന്റ് ജെ.പി നദ്ദ വ്യക്തമാക്കിയിരിക്കയാണ്. ഈ സമ്മേളനം കഴിയുംവരെ ബി.ജെ.പിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍നിന്ന് വിലക്കുകയും ചെയ്തുവത്രെ. പ്രജ്ഞയുടെ തത്വശാസ്ത്രത്തോട് യോജിപ്പില്ലെന്നും നദ്ദ പറയുകയുണ്ടായി. കടിക്കുന്ന പട്ടി അതിഥിയെ കടിച്ചതിന് അതിനോട് യോജിപ്പില്ലെന്നു പറയുന്നതുപോലെയാണീ നടപടി.
പ്രജ്ഞയുടെ നടപടി ബി.ജെ.പിയെയും മറ്റും സംബന്ധിച്ച് പുതുമയുള്ളതൊന്നുമല്ല. ഗോവാള്‍ക്കറും സവര്‍ക്കറും മുതലുള്ള ആ പ്രസ്ഥാനത്തിന്റെ നിലപാടാണിത്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന് പരസ്യമായി വാദിച്ച മന്ത്രി തന്നെയുണ്ട് മോദി മന്ത്രിസഭയില്‍. രാഷ്ട്രപിതാവിനെ അപമാനിക്കുന്നത് ബി.ജെ.പിയുടെയും അത് പ്രതിനിധാനം ചെയ്യുന്ന സംഘ്പരിവാര്‍ സംഘടനകളുടെയും നയമായിത്തന്നെയാണ് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുള്ളത്. അഹിംസ, സര്‍വമത സാഹോദര്യം തുടങ്ങിയ ഗാന്ധിയന്‍ സിദ്ധാന്തങ്ങളോട് തങ്ങള്‍ക്ക് ഒരു കൂറുമില്ലെന്നും കടുത്ത വിയോജിപ്പാണുള്ളതെന്നും ബി.ജെ.പിയാദി സംഘടനകളുടെ പ്രസ്താവനകളില്‍നിന്നും ആള്‍ക്കൂട്ടക്കൊലയടക്കമുള്ള അവരുടെ അണികളുടെ ഹീനപ്രവൃത്തികളില്‍നിന്നുമൊക്കെ ജനത്തിന് ബോധ്യമായിട്ടുള്ളതാണ്. പ്രജ്ഞാസിങിനെതിരെ പേരിനൊരു നടപടിയെടുത്തുവെന്നതുകൊണ്ടുമാത്രം ആ പാപക്കറ കഴുകിക്കളയാനാവില്ല.
ഇക്കഴിഞ്ഞ ഗാന്ധി ജന്മശതാബ്ദി ദിനത്തില്‍ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ഭഗവത് എഴുതിയ ലേഖനത്തില്‍ ഗാന്ധിയന്‍ ആശയങ്ങള്‍ പിന്തുടരണമെന്ന് പറയുന്നുണ്ടെങ്കിലും 1925 മുതലുള്ള സംഘടനയുടെ ചരിത്രത്തിലിതുവരെയും ഗാന്ധിയന്‍ മൂല്യങ്ങളെക്കുറിച്ചോ ഗാന്ധിജി ഉന്നയിച്ചിരുന്ന ഹിന്ദു-മുസ്‌ലിം സാഹോദര്യത്തെക്കുറിച്ചോ പറയുകയുണ്ടായിട്ടില്ലെന്നതും മറിച്ചാണുണ്ടായിട്ടുള്ളതെന്നതും പകല്‍ സത്യം മാത്രമാണ്. മുസ്‌ലിംകളെ രാജ്യത്തിന്റെ അര്‍ബുദമെന്നും ഹിന്ദു രാഷ്ട്രമാണ് തങ്ങളുടെ ലക്ഷ്യമെന്നുമൊക്കെ നാഴികക്ക് നാല്‍പതുവട്ടം ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയുമാണിക്കൂട്ടര്‍. അസമിലും കശ്മീരിലും രാജ്യത്താകമാനവും മുസ്്‌ലിംകളുടെ പൗരത്വം ചോദ്യം ചെയ്യുന്നവര്‍ രാജ്യത്തേക്ക് മുസ്്‌ലിംകളല്ലാത്തവരെ മാത്രം ക്ഷണിക്കുന്നതിനര്‍ത്ഥം പ്രജ്ഞാസിങിന്റെ ഫിലോസഫിയല്ലാതെന്താണ്? മുസ്്‌ലിംകളെ ഭീകരവാദികളെന്നു പറയുന്നവര്‍തന്നെയാണ് മലേഗാവിലും സംഝോത എക്‌സ്പ്രസ് സ്‌ഫോടനത്തിലുമൊക്കെ പ്രതികളെന്നത് സ്വന്തം ശരീരത്തിലേക്കുതന്നെയാണ് വിരല്‍ചൂണ്ടുന്നതെന്നതിന് തെളിവാണ്. പ്രജ്ഞയുടെ തത്വശാസ്ത്രം വേണ്ട, പ്രജ്ഞയെ വേണമെന്നു പറയുന്നത് എന്തര്‍ത്ഥത്തിലാണ്? 2008ലെ മുംബൈയില്‍ പാക് ഭീകരാക്രമണത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ ഹേമന്ത് കര്‍ക്കറെ കൊല ചെയ്യപ്പെട്ടതിനെ പ്രജ്ഞ ന്യായീകരിച്ചത് രാജ്യത്തിന് മറക്കാനാകില്ല. ആ ഓഫീസര്‍ തന്നെ അറസ്റ്റുചെയ്ത് 45 ദിവസത്തിനകം മരിക്കാനിടയായത് തന്റെ ശാപം കൊണ്ടാണെന്നുവരെ പറഞ്ഞുകളഞ്ഞു ഈ കപട കാഷായ വസ്ത്രധാരി.
ലോകാസമസ്താ സുഖിനോ ഭവന്തൂ: എന്നതാണ് സന്യാസിയുടെ മനോവികാരം. കാഷായം സര്‍വലൗകിക മോഹാദികളുടെയും അന്ത്യമാണെന്നാണ് ഹൈന്ദവ സങ്കല്‍പം. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പ്രജ്ഞാസിങ്താക്കൂറിന്റെയും സാക്ഷി മഹാരാജിന്റെയുമെല്ലാം ഹിന്ദുത്വവര്‍ഗീയത കാവിയുടെ ഈ മഹനീയ സങ്കല്‍പത്തിന് നിരക്കുന്നതല്ലെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്. ഹിന്ദുവെന്ന് സ്വയം അഭിമാനിക്കുമ്പോഴും എന്തുകൊണ്ടോ സര്‍വസംഗ പരിത്യാഗിയായിട്ടും ഗാന്ധിജി ആ വസ്ത്രം ധരിച്ചില്ല. മഹാത്മാവിന്റെ രൂപമുണ്ടാക്കി വെടിയുണ്ട പായിച്ച് അട്ടഹസിക്കുന്നതിനൊന്നും മറുവ്യാഖ്യാനങ്ങളുടെ ആവശ്യമില്ല. നദ്ദയുടെയും അമിത്ഷായുടെയും മോദിയുടെയും ഭഗവത്തിന്റെയും പ്രത്യയശാസ്ത്രം പ്രജ്ഞാസിങിന്റേതുമായി ഒരു ഭിന്നവുമില്ല. ഇക്കൂട്ടര്‍ ജനാധിപത്യത്തിന്റെയും ഭരണകൂടത്തിന്റെയും ഭരണഘടനയുടെയും മുകളില്‍ അടയിരിക്കുന്നത്, പ്രജ്ഞാംസിങ് എന്ന പഴയ ബജ്‌റംഗ്ദളുകാരി തുറന്നുപറയുന്ന ആര്‍.എസ്.എസ് പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗവത്കരണത്തിനായി മാത്രമാണ്. അല്ലെങ്കില്‍ സ്വതന്ത്ര ചിന്തകരെ രാജ്യദ്രോഹ കുറ്റത്തിന് പിടിച്ചകത്തിടുന്ന മോദിക്കും ഷായ്ക്കും എന്തുകൊണ്ട് പ്രജ്ഞയെ ഗാന്ധിഭത്സനത്തിന് തല്‍ക്ഷണം തുറുങ്കിലടക്കാനാകുന്നില്ല?

SHARE