വിശ്വാസവഞ്ചകന്‍


പന്തലിട്ടു, സദ്യഒരുങ്ങി, ക്ഷണിച്ചവരെല്ലാം എത്തി. മുഹൂര്‍ത്തവുമായി. വരന്‍ വിവാഹവേദിയില്‍. വധു അണിയറയില്‍ ഒരുക്കത്തിലാണെന്നാണ് എല്ലാവരും പറഞ്ഞത്. അപ്പോഴാണ് മറ്റൊരാളുടെ കൈയുംപിടിച്ച് മംഗല്യമാലയണിഞ്ഞുള്ള വധുവിന്റെ വരവ്!. ഇന്ത്യയുടെ വ്യവസായ, വാണിജ്യതലസ്ഥാനനഗരിയായ മുംബൈയില്‍ ശനിയാഴ്ച സംഭവിച്ചത് ഇതാണ് . രാജ്യംകണ്ട കുശാഗ്രബുദ്ധിയായ, ഉന്നതവ്യാവസായിക ബന്ധങ്ങളുള്ള നേതാവാണ് കഥയിലെ വധൂപിതാവ്. താന്‍ വൈകിയാണ് എല്ലാമറിഞ്ഞതെന്നാണ് ശരത്പവാറിന്റെ മറുപടി. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തലതൊട്ടപ്പനായിട്ടെന്താ, കാരണവരെയും പാര്‍ട്ടിയെയും പറ്റിച്ച് എല്ലാമെല്ലാമെന്നു കരുതിയ അനന്തിരവന്‍ കടന്നുകളഞ്ഞില്ലേ.
എന്‍.സി.പി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ അജിത്പവാറാണ് കഥയിലെ ഒളിച്ചോട്ടക്കാരി. ബി.ജെ.പിയെ ഒതുക്കാന്‍ ശിവസേന എന്ന നിത്യശത്രുവുമായിചേര്‍ന്ന് ഭരിക്കാന്‍ എല്ലാം തീരുമാനിച്ചുറപ്പിച്ചപ്പോഴാണ് ഈ മറുകണ്ടംചാട്ടം. എല്ലാം മണിക്കൂറുകള്‍ക്കുള്ളില്‍. ബുധനാഴ്ചരാത്രി ഏഴരക്കാണ് അടുത്ത മുഖ്യമന്ത്രിയായി ശിവസേനാനേതാവ് ഉദ്ദവ്താക്കറെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ശരത്പവാര്‍ അറിയിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയും രാവിലെ യോഗംചേര്‍ന്ന് ത്രികക്ഷി സഖ്യസര്‍ക്കാരിന് പച്ചക്കൊടി കാട്ടിയിരുന്നു. രാവിലെ ഗവര്‍ണറെകണ്ട് അവകാശവാദം ഉന്നയിക്കാമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഈ നാടകമെല്ലാം, ഇരുട്ടിന്റെ മറവില്‍. എത്രകോടി മറിഞ്ഞുവെന്നാര്‍ക്കറിയാം. പലവിധ രാഷ്ട്രീയനാടകങ്ങളും ഇന്ത്യന്‍ജനത കണ്ടിട്ടുണ്ടെങ്കിലും ഇതുപോലൊന്ന് ഇതാദ്യം. രാഷ്ട്രപതിഭരണത്തിലിരുന്ന മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി ബി.ജെ.പിയുടെ ദേവേന്ദ്ര ഫട്‌നാവിസ് ചുമതലയേറ്റ അതേ ചടങ്ങിലാണ് മാധ്യമപ്രവര്‍ത്തകര്‍പോലും അറിയാതെ ഉപമുഖ്യമന്ത്രിയായി അജിത്പവാറിന്റെയും സത്യപ്രതിജ്ഞ. സംസ്ഥാനത്തിന്റെ ഒന്‍പതാമത് മുഖ്യമന്ത്രിയാണ് അജിത്. കോണ്‍ഗ്രസുമായി വേര്‍പിരിഞ്ഞ് എന്‍.സി.പി ഉണ്ടാക്കിയ ശരത്പവാറിന് വയസ്സുകാലത്ത് പാര്‍ട്ടിയെ കൊണ്ടുനടക്കാന്‍ ഏക ആണ്‍തരിയെങ്കിലും കുടുംബത്തില്‍നിന്നുണ്ടല്ലോ എന്നു വിചാരിച്ചിരിക്കുമ്പോഴാണ് എതിരാളികളായ ബി.ജെ.പിയുമായുള്ള അനന്തിരവന്റെ ഒളിച്ചോട്ടം. ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ തടഞ്ഞുനിര്‍ത്താന്‍ ചെറിയ ശത്രുവായ ശിവസേനയുമായി കൂട്ടുകൂടാമെന്നായിരുന്നു കോണ്‍ഗ്രസ്-എന്‍.സി.പി ധാരണ. അതിനായി നിയമസഭാഫലം വന്നതുമുതല്‍ ഒരുമാസമായി പഠിച്ചപണി പതിനെട്ടും നോക്കിയതാണ്. എല്ലാം തികഞ്ഞുവെന്ന് കരുതിയപ്പോഴാണ് പിന്നില്‍നിന്നുളള കുത്ത്.
ശരത്പവാറിന്റെ മൂത്തസഹോദരന്‍ അനന്തറാവുവിന്റെ പുത്രനാണ് അജിത്. ചെറുപ്രായത്തില്‍തന്നെ പിതാവിന്റെ വിയോഗംമൂലം പത്താംതരത്തില്‍ പഠനം നിര്‍ത്തേണ്ടിവന്നു. വലിയച്ഛന്‍ ഇന്ത്യന്‍രാഷ്ട്രീയത്തില്‍ കേന്ദ്രമന്ത്രിയായൊക്കെ തിളങ്ങിനില്‍ക്കുമ്പോഴാണ് പൂനെയിലെ ബരാമതിയില്‍നിന്ന് മുംബൈക്ക് വണ്ടികയറിയത്. പിന്നെ തിരിച്ചുപോകേണ്ടിവന്നില്ല. 1991ല്‍ ഒരുതവണ എം.പിയായെങ്കിലും ശരത്തിനായി ഒഴിഞ്ഞുകൊടുത്തു. പിന്നെ അഞ്ചുതവണ എം.എല്‍.എയും മൂന്നുതവണ മന്ത്രിയും. ബി.ജെ.പിക്ക് പിന്തുണകൊടുക്കുന്നതിനെക്കുറിച്ചും ഉപമുഖ്യമന്ത്രിപദത്തെക്കുറിച്ചുമൊക്കെ രഹസ്യമായി കരുക്കള്‍ നീക്കുകയായിരുന്നു അജിത്തെന്നാണ് ശരത്അനുകൂലികള്‍ പറയുന്നത്. അതല്ല, ശരത്പവാര്‍തന്നെയാണ് ഈനാടകത്തിന് പിന്നിലെന്ന് പറയുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്് അദ്ദേഹം കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചതാണ്. എന്തായാലും 54 അംഗങ്ങളുള്ള എന്‍.സി.പിയുടെ 10-11 പേര്‍ മാത്രമേ ഇന്നലെ രാവിലെഎട്ടിന് നടന്ന സത്യപ്രതിജ്ഞാചടങ്ങളില്‍ പങ്കെടുത്തുള്ളൂവത്രെ. ബാക്കി 40ഓളം പേര്‍ കൂടെയുണ്ടെന്ന് ശരത്പവാര്‍ പറയുന്നു. സത്യപ്രതിജ്ഞ കഴിഞ്ഞ് പുറത്തിറങ്ങിയ അജിത് പറഞ്ഞത്, ജനങ്ങളുടെയും കര്‍ഷകരുടെയും ക്ഷേമത്തിനുവേണ്ടിയാണ് ബി.ജെ.പിക്ക് പിന്തുണ നല്‍കിയതെന്നാണ്. അജിത്തിനെ പാര്‍ട്ടിയുടെ പാര്‍ലമെന്ററിനേതാവായി തിരഞ്ഞെടുക്കപ്പെട്ടത് റദ്ദാക്കിയതായി ശരത്പവാര്‍ അറിയിച്ചിട്ടുണ്ട്.
ഇതൊന്നുമല്ല, അജിത്തിനെതിരെ ബി.ജെ.പിയുടെ കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന അഴിമതി അന്വേഷണമാണ് രാത്രിയിലെ ചാട്ടത്തിന് കാരണമെന്ന് പറയുന്നവരെയും കുറ്റപ്പെടുത്തിക്കൂടാ. ജലസേചന വകുപ്പിനുവേണ്ടി സര്‍ക്കാര്‍ഭൂമി കോര്‍പറേഷന് മറിച്ചുനല്‍കിയതില്‍ 70,000 കോടിയുടെ അഴിമതിയുണ്ടെന്ന പേരിലാണ് കേന്ദ്രസാമ്പത്തികകുറ്റാന്വേഷണവിഭാഗം അജിത്തിനും ശരത്തിനുമെതിരെ അന്വേഷണംനടത്തിവരുന്നത്. നിയമസഭാതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഇ.ഡിയുടെ ചോദ്യംചെയ്യല്‍. അതൊരു വിരട്ടലായിരുന്നുവെന്ന് പറഞ്ഞയാളാണ് ഇന്ന് ശത്രുവിന്റെ മടയില്‍കയറി ഉണ്ണുന്നത്. മുമ്പൊരിക്കല്‍ തട്ടകമായ അമരാവതിയിലെ കര്‍ഷകര്‍ കൃഷിക്ക്‌വെള്ളമില്ലെന്ന് പരാതിപ്പെട്ടപ്പോള്‍ ‘ഡാമില്‍ മൂത്രംഒഴിച്ചാല്‍ മതിയോ’ എന്ന് ചോദിച്ചയാളാണ് ഈ അനന്തിരവന്‍. പിന്നീടതിന് മാപ്പുപറഞ്ഞെങ്കിലും വിശ്വാസവഞ്ചകനെന്ന പേരിന് അന്വര്‍ത്ഥനാണിപ്പോള്‍ ഈ അറുപതുകാരന്‍. ഏഴുദിവസത്തിനകം 54ല്‍ എത്രപേരെ കൂടെക്കിട്ടുമെന്ന് പറയാനായിട്ടില്ല. മോദിയും അമിത്ഷായും എല്ലാം തീരുമാനിക്കും. അടങ്ങിയൊതുങ്ങിയിരുന്നാല്‍ മതി. പിന്നെ വല്യച്ഛന് ഇനി അധികകാലമൊന്നും ഇല്ലാത്തതിനാല്‍ ശിഷ്ടകാലം പ്രതിപക്ഷവും ജയിലും പറഞ്ഞിരുന്നിട്ടെന്തുകാര്യം. കിട്ടിയാലൊരൂട്ടി, അല്ലെങ്കില്‍….!

SHARE