പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുമ്പോള്‍


പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കാന്‍ ധൃതിപിടിച്ച നീക്കങ്ങളുമായാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. എയര്‍ ഇന്ത്യ, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ എന്നിവ വില്‍പനക്ക് വെച്ചിട്ട് മാസങ്ങളായി. മാര്‍ച്ചോടെ വില്‍പന പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ ആത്മവിശ്വാസം. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതിലൂടെ 80,000 കോടി സമാഹരിക്കാനായിരുന്നു കഴിഞ്ഞ ബജറ്റില്‍ ലക്ഷ്യമിട്ടിരുന്നത്. എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും വിറ്റഴിച്ചാല്‍ ഒരു ലക്ഷം കോടിയിലേറെയായി ഈ തുക ഉയര്‍ത്താന്‍ കഴിയും. ഈ രണ്ട് പ്രധാന പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രമല്ല, മറ്റ് 26 പൊതുമേഖലാ സ്ഥാപനങ്ങളുടെയും പൂമുഖത്ത് വില്‍പനക്കെന്ന ബോര്‍ഡ് തൂക്കിയിരിക്കുകയാണ്. ഇതില്‍ പലതിന്റേയും ഓഹരി വില്‍പന ആരംഭിച്ചെങ്കിലും സംഘ്പരിവാര്‍ സംഘടനകള്‍ക്കുള്ളില്‍ തന്നെ അഭിപ്രായ ഭിന്നത ഉയര്‍ന്നതിനെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്ന ഓഹരി വില്‍പന ഇപ്പോള്‍ ധൃതഗതിയിലാണ് പുനരാരംഭിച്ചിരിക്കുന്നത്.
എയര്‍ഇന്ത്യയും അഞ്ച് ഉപസ്ഥാപനങ്ങളും വിറ്റഴിക്കാനുള്ള ശ്രമം കഴിഞ്ഞ സാമ്പത്തിക വര്‍ഷം തന്നെ ആരംഭിച്ചതാണ്. എന്നാല്‍ 76 ശതമാനം ഓഹരികള്‍ വാങ്ങുന്നതിലൂടെ സ്ഥാപനം പൂര്‍ണമായും അധീനതയിലാകില്ലെന്നതാണ് നിക്ഷേപകരെ അകറ്റിനിര്‍ത്തിയത്. ഇപ്പോള്‍ സര്‍ക്കാര്‍ ഓഹരികള്‍ പൂര്‍ണമായി വിറ്റഴിക്കുകയാണ്. കമ്പനിയുടെ മാനേജ്‌മെന്റ് നിയന്ത്രണം കൂടി കൈമാറുന്ന സ്ട്രാറ്റജിക് ഡിസിന്‍വെസ്റ്റ്‌മെന്റ് ആണ് എയര്‍ ഇന്ത്യയുടെ കാര്യത്തില്‍ നടപ്പാക്കുന്നത്. മാര്‍ച്ചോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷവും തുടര്‍ച്ചയായി എയര്‍ ഇന്ത്യ നഷ്ടത്തിലായിരുന്നു. 58,000 കോടിയുടെ ബാധ്യത എയര്‍ ഇന്ത്യ പേറുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വാദം.
വില്‍ക്കാന്‍ വെച്ചിരിക്കുന്ന പൊതുമേഖലാ കമ്പനികളൊന്നു പോലും ലാഭക്കണക്ക് പറയുന്നവയല്ല. ഐ.ടി.ഡി.സി, ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ്, നാഷണല്‍ പ്രൊജക്ട് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍, എന്‍ജിനിയറിങ് പ്രൊജക്ട് ഇന്ത്യ, ബ്രിഡ്ജ് ആന്‍ഡ് റൂഫ് ഇന്ത്യ, സ്‌കൂട്ടേഴ്‌സ് ഇന്ത്യ, സെന്‍ട്രല്‍ ഇലക്ട്രോണിക്സ്, ഭാരത് എര്‍ത്ത് മൂവേഴ്‌സ്, ഫെറോ സ്‌ക്രാപ്പ് നിഗം, പവന്‍ ഹന്‍സ് സിമന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, നഗര്‍നര്‍ സ്റ്റീല്‍ പ്ലാന്റ്, അലോയ് സ്റ്റീല്‍ പ്ലാന്റ്, സേലം സ്റ്റീല്‍ പ്ലാന്റ് ഡ്രെഡ്ജിങ് കോര്‍പറേഷന്‍, എച്ച്.എല്‍.എല്‍ ലൈഫ്‌കെയര്‍, ഇന്ത്യന്‍ മെഡിസിന്‍ ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് കോര്‍പറേഷന്‍, കര്‍ണാടക ആന്റിബയോട്ടിക്‌സ്, കാംരജര്‍ തുറമുഖം, റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പറേഷന്‍ എന്നിവയുടെ വില്‍പനാ നടപടി ക്രമങ്ങള്‍ വേഗത്തിലാണ്. അഞ്ചുവര്‍ഷംകൊണ്ട് പൊതുമേഖലാ ഓഹരി വിറ്റ് 3.25 ലക്ഷം കോടി രൂപ സ്വരൂപിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഒന്നാം മോദി സര്‍ക്കാരിന്റെ അഞ്ചുവര്‍ഷ ഭരണകാലയളവില്‍ പൊതുമേഖലാ ഓഹരി വിറ്റ് 2.80 ലക്ഷം കോടി രൂപയാണ് നേടിയത്. നഗരങ്ങളിലെ കണ്ണായ ഇടങ്ങളിലെ ഭൂസ്വത്ത് ആണ് സ്വകാര്യ കമ്പനികള്‍ ലക്ഷ്യമിടുന്നത്. ആയിരക്കണക്കിന് കോടികളുടെ ഭൂസ്വത്താണ് നഷ്ടക്കണക്കിന്റെ പേരില്‍ സ്വകാര്യ കമ്പനികള്‍ക്ക് സര്‍ക്കാര്‍ കൈമാറുന്നത്. എയര്‍ ഇന്ത്യ, ഐടിഡിസി എന്നിവയ്ക്ക് വന്‍ നഗരങ്ങളില്‍ സാന്നിധ്യമുണ്ട്. ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പറേഷന് ഋഷികേശില്‍ 800 ഏക്കറിലേറെ സ്ഥലമുണ്ട്. സ്‌കൂട്ടേഴ്സ് ഇന്ത്യയ്ക്ക് ലഖ്നൗവില്‍ 150 ഏക്കര്‍. ഓഹരികള്‍ വിറ്റഴിക്കുന്നതോടെ ഈ ആസ്തികള്‍ മുഴുവന്‍ സ്വകാര്യവ്യക്തികളുടേയും കമ്പനികളുടേയും കൈക്കലാകും. രാജ്യത്തെ ആധുനികവല്‍ക്കരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച കമ്പനികള്‍ തറവില പോലും ഈടാക്കാതെ സര്‍ക്കാര്‍ വിറ്റഴിക്കുമ്പോള്‍ പതിനായിരക്കണക്കിന് തൊഴിലാളികള്‍ തൊഴിലന്വേഷകരായി മാറും.
പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യ വല്‍ക്കരിക്കുന്നതിനെതിരെ രാജ്യത്ത് വലിയ പ്രക്ഷോഭങ്ങളൊന്നുമില്ലെന്നത് സര്‍ക്കാരിനെ സംബന്ധിച്ച് അനുകൂല ഘടകമാണ്. തൊഴിലാളി സംഘടനകള്‍ മാത്രമാണ് ചെറിയ തോതിലെങ്കിലും പ്രതിഷേധിക്കുന്നത്. നികുതി വരുമാനത്തിലുണ്ടായ കുറവ് നികത്തുന്നതിനുള്ള ഒറ്റമൂലിയാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പന. ഓഹരി വില്‍പനയിലൂടെ ഒരു ലക്ഷം കോടി സമാഹരിക്കാനായാല്‍ ധനകമ്മി ഉയരാതെ നോക്കാമെന്നതാണ് ഇപ്പോള്‍ കൈവിട്ട കളിക്ക് കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് കോര്‍പറേറ്റുകളുടെ നിലപാട്. 2017-18 ല്‍ 72,000 കോടി രൂപ ലക്ഷ്യമിട്ട് ഓഹരി വില്‍പ്പനയ്ക്കിറങ്ങിയപ്പോള്‍ ഒരു ലക്ഷം കോടി രൂപ നേടിയ സ്ഥാനത്ത് ഈ സാമ്പത്തിക വര്‍ഷം 70,000 കോടിക്ക് അപ്പുറത്തേക്ക് വില്‍പ്പന കടക്കില്ലെന്ന ഘട്ടത്തിലാണ് എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും നിലപാടുകളില്‍ വെള്ളം ചേര്‍ത്ത് വില്‍പന നടത്തുന്നത്. ഈ സാമ്പത്തിക വര്‍ഷം 77,477 കോടിയുടെ ഓഹരി വില്‍പന നടത്തിയെന്ന സര്‍ക്കാര്‍ കണക്ക് കഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തെ കണക്ക് കൂടി ചേര്‍ത്ത് പെരുപ്പിച്ച അവകാശവാദമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇത് ശരിവെക്കുന്നതാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട്.
രാജ്യത്തെ പ്രധാന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി സ്വകാര്യ വല്‍ക്കരണത്തിന് വിധേയമാക്കുന്ന മോദി സര്‍ക്കാര്‍ സമ്പദ്ഘടനയെ കൂടുതല്‍ അനിശ്ചിതപ്പെടുത്തുമെന്ന ഭീതി സാമ്പത്തിക വിദഗ്ധര്‍ പങ്കുവെച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ വികല നയങ്ങള്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ മാത്രമല്ല, സ്ഥാപനങ്ങള്‍ തന്നെ പൂര്‍ണമായി സ്വകാര്യ മേഖലക്ക് തീറെഴുതുകയാണ്. ഉത്തേജക പാക്കേജുകളിലൂടെ കോര്‍പറേറ്റുകള്‍ക്ക് ലക്ഷം കോടിയിലേറെ രൂപയുടെ നികുതി ഇളവ് നല്‍കിയ സര്‍ക്കാര്‍ ഇപ്പോള്‍ വിത്തെടുത്ത് കുത്തുമ്പോള്‍ ഭാവിയെ സംബന്ധിച്ച് ആശങ്കപ്പെടേണ്ടവര്‍ മൗനത്തിലാണ്. കരകയറാന്‍ കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യം നീങ്ങുമ്പോള്‍, താല്‍ക്കാലിക പരിഹാരങ്ങള്‍ കൊണ്ട് ധനകമ്മി കുറക്കുന്നത് മികച്ച ധനമാനേജ്‌മെന്റാണെന്ന് ആരും കരുതുന്നില്ല. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒളി അജണ്ടകളിലൂടെ കോര്‍പറേറ്റുകള്‍ക്ക് അടിയറ വെക്കുമ്പോള്‍ പ്രതീക്ഷകള്‍ അസ്തമിച്ച ജനതയായി ഇന്ത്യ മാറുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്നുപോലും അവശേഷിക്കാത്ത, പൂര്‍ണമായും കോര്‍പറേറ്റ്‌വല്‍ക്കരിക്കപ്പെട്ട രാജ്യമായി ഇന്ത്യ മാറാന്‍ ഇനി അധികദൂരമില്ല. പ്രതിഷേധങ്ങള്‍ കൊടുങ്കാറ്റായി അലയടിച്ചില്ലെങ്കില്‍ രാജ്യം പൂര്‍ണമായി കോര്‍പറേറ്റുകള്‍ക്ക് അടിയറവെക്കപ്പെടും.

SHARE