കേരളത്തിന്റെ ഇരുപത്തിരണ്ടാമത്തെ മുഖ്യമന്ത്രിയായി 2016 മെയ് ഇരുപത്തഞ്ചിന് അധികാരമേറ്റ ശേഷം പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന പ്രഥമ മന്ത്രിസഭായോഗത്തില്‍ എടുത്ത ‘സുപ്രധാന തീരുമാന’മായിരുന്നു ദലിത് വിദ്യാര്‍ഥിനി പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ അന്വേഷണം പുതിയ സംഘത്തെ ഏല്‍പിച്ചുകൊണ്ടുള്ളത്. കേസില്‍ പൊലീസിന് ഗുരുതരമായ പാളിച്ചകള്‍ പറ്റിയിട്ടുണ്ട്; പൊതുസമൂഹം അത് മനസ്സിലാക്കുന്നുവെന്നായിരുന്നു പുതിയ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ പ്രഖ്യാപനം. മുന്‍ഗാമിയായ യു.ഡി.എഫ് സര്‍ക്കാരിനെയും പൊലീസ് മേധാവി ടി.പി സെന്‍കുമാറിനെയും ഉന്നംവെച്ചുകൊണ്ടുള്ള വെടിയായിരുന്നു അതെങ്കില്‍ ആസാം സ്വദേശിയായ അമീറുല്‍ ഇസ്‌ലാം എന്ന യുവാവിനെ അറസ്റ്റ് ചെയ്തതല്ലാതെ പ്രസ്തുത കേസില്‍ ഒരുവിധ കണ്ടെത്തലും നടത്താന്‍ എ.ഡി.ജി.പി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പുതിയ സംഘത്തിനും കഴിഞ്ഞില്ല. പത്തു മാസത്തിനകം പത്തൊമ്പതില്‍ രണ്ടു മന്ത്രിമാരെ സ്വജനപക്ഷപാതത്തിനും ലൈംഗികാരോപണത്തിനുമായി പുറത്താക്കേണ്ടിവന്ന സര്‍ക്കാര്‍ നാളെ ഒന്നാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ കേരളത്തില്‍ പുതിയ രാഷ്ട്രീയ സംസ്‌കാരം രൂപപ്പെടുത്തിയെന്ന് അഭിമാനിക്കുന്നത് വളരെയധികം കൗതുകകരം തന്നെ.
ക്രമസമാധാനം എന്ന ജനാധിപത്യ സര്‍ക്കാരിന്റെ അടിസ്ഥാന കടമ നിര്‍വഹിക്കുന്നതില്‍ പോലും അമ്പേ പരാജയപ്പെട്ടതിന് ഇതുപോലെ പഴികേട്ട ഒരു സര്‍ക്കാര്‍ സംസ്ഥാനചരിത്രത്തിലിതുവരെ ഉണ്ടായിട്ടുണ്ടാകുമെന്ന് തോന്നുന്നില്ല. പൊലീസ് മേധാവി ടി.പി സെന്‍കുമാറിനെ തല്‍സ്ഥാനത്തുനിന്ന് അപ്രധാനമായ തസ്തികയിലേക്ക് മാറ്റുമ്പോള്‍ മുഖ്യമന്ത്രിയും സര്‍ക്കാരും പറഞ്ഞ ന്യായവാദങ്ങളൊക്കെയും രാജ്യത്തെ ഉന്നത നീതിപീഠം അവജ്ഞയോടെ തള്ളിക്കളഞ്ഞത് കേരളീയര്‍ക്കാകെ നാണക്കേടായി. ഭരണത്തിലെ അവിഭാജ്യഘടകമായ ഉദ്യോഗസ്ഥ തലപ്പത്തെ ചേരിപ്പോര് പാരമ്യത്തിലെത്തിയ വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്. ചീഫ് സെക്രട്ടറിക്ക് വരെ ഈ സര്‍ക്കാരിനെതിരെ നിലപാടെടുക്കേണ്ടിവന്നു. പൊലീസ് തലപ്പത്ത് വിവാദ നായകരായ ലോക്‌നാഥ്‌ബെഹ്്‌റയെയും ടോമിന്‍ ജെ.തച്ചങ്കരിയെയും ശ്രീജിത്തിനെയും പ്രതിഷ്ഠിച്ചപ്പോള്‍ ബിജുപ്രഭാകറെ പോലുള്ള മിടുക്കരായ ഉദ്യോഗസ്ഥര്‍ അവധിക്ക് അപേക്ഷിച്ച് കാത്തിരിക്കുകയാണ്.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പീഡനപര്‍വമാണ് സഹിക്കേണ്ടിവരുന്നത്. വാളയാറിലെ ചെറ്റക്കൂരയില്‍ രണ്ടുപിഞ്ചു പെണ്‍കുട്ടികള്‍ രണ്ടു മാസത്തിനിടെ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ടതും പ്രമുഖ നടിക്ക് കൊച്ചി മഹാനഗരത്തില്‍ ഗുണ്ടകളുടെ ലൈംഗിക ആക്രമണത്തിന് വിധേയയാകേണ്ടിവന്നതും എഞ്ചി. വിദ്യാര്‍ഥിയായ മകന്റെ ദാരുണ മരണത്തിന്റെ ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടതിന് നടുറോഡില്‍ വീട്ടമ്മയെ പൊലീസ് വലിച്ചിഴച്ചതും മനുഷ്യാവകാശ പ്രവര്‍ത്തകരെ യു.എ.പി.എ അടക്കം ചുമത്തി അകാരണമായി തുറുങ്കിലടച്ചതും മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നതുമെല്ലാം കാലം മറയ്ക്കാത്ത വസ്തുതകളാണ്. കൊച്ചിയില്‍ യുവാക്കളെ ശിവസേനക്കാര്‍ കുറുവടികളുമായി കൈകാര്യം ചെയ്യുമ്പോള്‍ ഒത്താശ ചെയ്യുകയായിരുന്നു പിണറായിയുടെ പൊലീസ്. മലപ്പുറം കൊടിഞ്ഞിയിലെ ഫൈസലും കാസര്‍കോട്ട് റിയാസ് മൗലവിയും അതിദാരുണമായി നടുറോട്ടിലും പള്ളിക്കെട്ടിടത്തിലും വെച്ച് ഹിന്ദുത്വ ഭീകരരാല്‍ കൊല ചെയ്യപ്പെട്ടപ്പോഴും ഈ സര്‍ക്കാരിന് കുലുക്കമേതുമുണ്ടായില്ല. താരതമ്യേന ശാന്തമായിരുന്ന 2016വരെയുള്ള അഞ്ചു വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായി കണ്ണൂരില്‍ കൊലപാതക പരമ്പര തിരിച്ചുവന്നു. മൂന്നുതവണ മുഖ്യമന്ത്രി വിളിച്ച സമാധാന യോഗത്തില്‍ നല്‍കിയ ഉറപ്പുകളെല്ലാം കാറ്റില്‍ പറത്തുകയായിരുന്നു സര്‍ക്കാരിനെ നിയന്ത്രിക്കുന്നവര്‍. തിരുവനന്തപുരത്തെ ലോ അക്കാദമിക്കെതിരെ വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തെ ഔദ്യോഗിക സംവിധാനങ്ങളുപയോഗിച്ച് ഒറ്റുകൊടുക്കുകയാണ് സര്‍ക്കാരിലെ പ്രബല വിഭാഗം ചെയ്തത്. പൊലീസ്, നിയമം, പ്രസ്, മാധ്യമം, സാമ്പത്തികം എന്നുവേണ്ട മുഖ്യമന്ത്രിയുടെയും മറ്റു വകുപ്പുകളുടെയും കാര്യത്തില്‍ പോലും ഉപദേശകരെ വെച്ചൊരു മുഖ്യമന്ത്രി പിണറായി വിജയനെ പോലെ മറ്റൊരാളുണ്ടാവില്ല. എന്നിട്ടും വിവാദങ്ങളുടെയും വീഴ്ചകളുടെയും കനല്‍കൂട്ടിലായി സര്‍ക്കാര്‍. ഇനിയുള്ള അഞ്ചു കൊല്ലവും വിലക്കയറ്റമുണ്ടാകില്ലെന്ന് പറഞ്ഞവര്‍ കേരള ചരിത്രത്തിലാദ്യമായി റേഷനിങ് സമ്പ്രദായം അട്ടിമറിച്ചു. അരിവില അമ്പതു രൂപയിലെത്തി. കൂട്ട പനി മരണങ്ങളുടെ ദിനങ്ങളിലൂടെയാണ് നാട് കടന്നുപോകുന്നത്. മാലിന്യക്കൂമ്പാരത്തിനിടയില്‍ തെരുവു നായ്ക്കളുടെ കടിയേറ്റുപിടഞ്ഞുവീഴുന്ന കുടുംബങ്ങളുടെ രോദനം കഴിഞ്ഞ ദിവസവും നാം കേട്ടു. എയര്‍ കേരള പദ്ധതി കടലാസിലൊതുങ്ങി. ഇതാദ്യമായി പത്താംതരം പരീക്ഷാചോദ്യപ്പേപ്പര്‍ ചോര്‍ന്ന് പുതിയ പരീക്ഷ നടത്തേണ്ടിവന്നു.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഭയലേശമെന്യേ ജോലിചെയ്യാനുള്ള അവസരം ഇല്ലാതാക്കിയ സര്‍ക്കാരെന്ന അപഖ്യാതിയും ഇതേ ഭരണകൂടത്തിനുതന്നെ. മൂന്നാറില്‍ കുടിയൊഴിപ്പിക്കാനായി ചെന്ന തന്റെ സര്‍ക്കാരിലെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെയും സ്വന്തംവകുപ്പിലെ പൊലീസുദ്യോഗസ്ഥരെയും പരസ്യമായി ആക്ഷേപിച്ചൊരു മുഖ്യമന്ത്രിയും പിണറായി വിജയനല്ലാതെ മറ്റാരുമില്ല. അഴിമതി തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ ഇടതുപക്ഷ സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയായിരുന്നു വിജിലന്‍സ് ഡയറക്ടറായ ഡി.ജി.പി ജേക്കബ് തോമസിനെതിരായ ഹൈക്കോടതിയുടേതടക്കമുള്ള അര ഡസനോളം ഉത്തരവുകള്‍. മുന്‍മന്ത്രിമാരായ കെ.എം മാണിക്കും കെ. ബാബുവിനുമെതിരെ കൊട്ടിഘോഷിച്ച് നടത്തിയ അന്വേഷണങ്ങളാകെ തരിമ്പുപോലും തെളിവില്ലാതെ അവസാനിപ്പിച്ചാണ് ആ ഡയറക്ടര്‍ അവധിയെടുത്ത് സ്ഥലം വിട്ടത്. മുന്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് അച്ചടക്ക ലംഘനം നടത്തിയ ഡി.ജി.പിക്ക് നല്‍കിയ പട്ടുംവളയും തിരിച്ചെടുക്കേണ്ടിവന്നു സര്‍ക്കാരിന്. കൊച്ചി മെട്രോ റെയില്‍, കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയ ബൃഹത് പദ്ധതികള്‍ ഉദ്ഘാടനത്തിനൊരുങ്ങുമ്പോള്‍ അതിനുവേണ്ടി രാപ്പകല്‍ ഓടിനടന്നൊരു മുഖ്യമന്ത്രിയും സര്‍ക്കാരുമായിരുന്നു കഴിഞ്ഞവര്‍ഷം വരെ സംസ്ഥാനത്തുണ്ടായിരുന്നതെങ്കില്‍ ഇന്ന് ഇതിന്റെയെല്ലാം അട്ടിപ്പേറ് പേറാനാണ് ഇടതു സര്‍ക്കാരിന്റെ പാഴ്ശ്രമം. ഇതെല്ലാം കാര്യക്ഷമതാരാഹിത്യത്തിന്റെയും അഹന്തയുടെയും പിടിപ്പുകേടല്ലാതെ അഭിമാനമായി കാണുന്നവരെക്കുറിച്ച് മറ്റെന്തുപറയാനാണ്. തങ്ങളെ അധികാരത്തിലേറ്റിയാല്‍ എല്ലാം ശരിയാക്കുമെന്നു പറഞ്ഞവര്‍ക്ക് ഓരോ വീഴ്ചകളിലും പാഠം പഠിക്കാതെ വീഴ്ചപറ്റിയെന്ന് പാര്‍ട്ടിയിലും നിയമസഭയിലും ആവര്‍ത്തിക്കാനേ നേരമുള്ളൂ. അപ്പോഴും പിണറായി വിജയനിലുടെയും എം.എം മണിയിലൂടെയും സി.പി.എം എം.എല്‍.എമാരിലുടെയും പുറത്താകുന്ന അഹന്തയുടെയും അഹംഭാവവും തന്നെയാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര.