കേരളവിദ്യാഭ്യാസവകുപ്പ് കഴിഞ്ഞ കുറച്ചുകാലമായി ക്രമക്കേടുകളുടെയും കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും ഈജിയന്‍തൊഴുത്തായി മാറിയിരിക്കുകയാണെന്ന് കേവലം പ്രതിപക്ഷം മാത്രമായി ഉന്നയിക്കുന്ന പരാതിയല്ല. തലമുറകളുടെ ജീവിതത്തെയും ഭാവിയെയും ബാധിക്കുന്ന വിദ്യാഭ്യാസം എന്ന പരിപാവനമായ വിഷയത്തില്‍ കേരളംഭരിക്കുന്ന സര്‍ക്കാരിന്റെ ജാഗ്രത എത്രമാത്രമുണ്ടെന്നതിന് തെളിവാണ് വിദ്യാഭ്യാസ- ഉന്നതവിദ്യാഭ്യാസവകുപ്പുകള്‍ക്കും അവയുടെ മന്ത്രിമാര്‍ക്കുമെതിരെ തുടര്‍ച്ചയായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍. ഈഗണത്തിലെ ഏറ്റവുംപുതിയതും അതേസമയം അതീവഗുരുതരവുമായ പരാതിയാണ് മഹാത്മാഗാന്ധി സര്‍വകലാശാലയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. സര്‍വകലാശാലകളുടെ അക്കാദമിക അധികാരപരിധിയില്‍ അവിഹിതമായും നിയമവിരുദ്ധമായും ഇടപെട്ട് താനുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥിക്ക് ഉള്‍പ്പെടെ ഉന്നതവിദ്യാഭ്യാസവകുപ്പുമന്ത്രി കെ.ടി ജലീല്‍ യഥേഷ്ടം മാര്‍ക്ക്ദാനം നടത്തിയെന്ന ആരോപണമാണിത്. സര്‍വകലാശാലയിലെ തോറ്റ 125 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചുമാര്‍ക്ക്വീതംനല്‍കി വിജയിപ്പിച്ചുവെന്നത് കേരളത്തിന്റെയോ രാജ്യത്തിന്റെതന്നെയോ ചരിത്രത്തില്‍ അത്യപൂര്‍വതയാണ്.
സംസ്ഥാനത്തെ സാങ്കേതിസര്‍വകലാശാലക്കാണ് എഞ്ചിനീയറിംഗ്-ബി.ടെക് കോഴ്സുകളുടെയും പരീക്ഷയുടെയും നിയന്ത്രണ-മേല്‍നോട്ടച്ചുമതലയെങ്കിലും സര്‍വകലാശാലയില്‍ തുടരുന്ന വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഇപ്പോഴും പരീക്ഷനടത്തുന്നതും ഫലംപ്രഖ്യാപിക്കുന്നതും അതാത് സര്‍വകലാശാലകളാണ്. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ഈവര്‍ഷം ഫെബ്രുവരിയില്‍ നടന്ന മന്ത്രിതല ഫയല്‍അദാലത്തിലാണ് മാര്‍ക്ക്ദാനം നടന്നിരിക്കുന്നത്. കോതമംഗലം സ്വാശ്രയകോളജിലെ കായംകുളം സ്വദേശിനിയായ ബി.ടെക് വിദ്യാര്‍ത്ഥിനിയാണ് ഒരുമാര്‍ക്ക്കൂടി കൂട്ടിനല്‍കിയാല്‍ തനിക്ക് വിജയിക്കാമെന്നും അതുവഴി ബി.ടെക്ബിരുദം ലഭ്യമാകുമെന്നും ചൂണ്ടിക്കാട്ടി സര്‍വകലാശാലയെ സമീപിച്ചത്. ഇത് അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു സര്‍വകലാശാലാപരീക്ഷാഭവന്‍ ഉദ്യോഗസ്ഥരുടെ നിയമപരമായ മറുപടി. നേരത്തെതന്നെ നാഷണല്‍സര്‍വീസ് സ്കീമിലെ സേവനത്തിന്റെ പേരില്‍ പ്രസ്തുതവിദ്യാര്‍ത്ഥിനിക്ക് സര്‍വകലാശാല ഗ്രേസ്മാര്‍ക്ക് നല്‍കിയിരുന്നതാണ്. വൈസ്ചാന്‍സലറും വിദ്യാര്‍ത്ഥിയുടെ അപേക്ഷതള്ളി. എന്നിട്ടും ഒരുമാര്‍ക്കിന്റെ കുറവില്‍ പാസാകാതിരുന്നതിനാലാണ് കുട്ടി സര്‍വകലാശാലാ സിന്‍ഡിക്കേറ്റിനെ വീണ്ടുംസമീപിച്ചത്.
എന്നാല്‍ പരാജിതയായ കുട്ടിയെ ഏതുവിധേനയും വിജയിപ്പിക്കണമെന്ന പിടിവാശി ഉന്നതവിദ്യാഭ്യാസവകുപ്പുമന്ത്രി കെ.ടി ജലീല്‍ പ്രകടിപ്പിക്കുകയായിരുന്നുവെന്നാണ് പിന്നീടുനടന്ന സംഭവങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ മനസ്സിലാകുന്നത്. അക്കാദമിക-പരീക്ഷാവിഷയങ്ങളില്‍ പരിക്ഷാഭവനോ പാസ്ബോര്‍ഡിനോ മാത്രമാണ് ഇടപെടാന്‍ അധികാരമെന്നിരിക്കെയാണ് വകുപ്പുമന്ത്രി നേരിട്ട് ഒരുകുട്ടിക്ക് വേണ്ടി അവിഹിതഇടപെടല്‍ നടത്തിയത്. കുട്ടിയുടെ അപേക്ഷ സര്‍വകലാശാല തള്ളിയിട്ടും മാര്‍ക്ക് കൂട്ടിനല്‍കിയെന്നത് അതീവഗുരുതരമായ തെറ്റാണ്. മന്ത്രിയുടെ പ്രത്യേകഅദാലത്തിലാണ് കുട്ടി അപേക്ഷയുമായി എത്തിയത്. ഇവിടെ കുട്ടിയുടെ നാട്ടുകാരന്‍കൂടിയായ മന്ത്രിയുടെ പ്രൈവറ്റ്സെക്രട്ടറിയും ബന്ധുവായ സിന്‍ഡിക്കേറ്റംഗവും ചേര്‍ന്ന് മാര്‍ക്ക്ദാനം നടത്തുകയായിരുന്നു. ഒരുമാര്‍ക്ക് ചോദിച്ച കുട്ടിക്ക് അത് നല്കിയാല് നിയമവിരുദ്ധമാകുമെന്ന് കണ്ട് മോഡറേഷന് എന്നപേരില്‍ ഒരുവിഷയത്തില്‍ തോറ്റകുട്ടികള്‍ക്കെല്ലാം അഞ്ചുവീതംമാര്‍ക്ക് മോഡറേഷന് നല്‍കിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കഠിനാധ്വാനത്തിലൂടെ പഠിച്ച്പരീക്ഷയെഴുതിയ മറ്റ് കുട്ടികളോടുള്ള കടുത്ത അപരാധമാണിത്. ഒരുകുട്ടിക്ക് മാത്രം മാര്‍ക്ക്നല്‍കിയാല്‍ പരാതിയുയരുമെന്നതാകാം മന്ത്രിയെയും ഭരണാനുകൂല സിന്‍ഡിക്കേറ്റിനെയും ഇത്തരമൊരുനടപടിക്ക് പ്രേരിപ്പിച്ചത്. ഇതിനുള്ള അധികാരം നിയമപരമായി സിന്‍ഡിക്കേറ്റിനോ മന്ത്രിക്കോ ഇല്ലെന്ന് അറിയാതെയാവില്ല ഇത് ചെയ്തത്. മുമ്പും ഇതേമന്ത്രി സംസ്ഥാനന്യൂനപക്ഷ ധനകാര്യകോര്‍പറേഷന്‍ എം.ഡിയായി തന്റെ പിതൃസഹോദരപുത്രനെ വഴിവിട്ട് നിയമിക്കുകയും ലക്ഷങ്ങള്‍ ശമ്പളംനല്‍കി അത് ശരിയെന്ന് വാദിച്ചുനില്‍ക്കുകയും ചെയ്തശേഷം ഗത്യന്തരമില്ലാതെ സര്‍വീസില്‍നിന്ന് പറഞ്ഞുവിടുകയുമായിരുന്നു. ഇതില്‍ ശിക്ഷ ഏറ്റുവാങ്ങാനോ രാജിവെക്കാനോ മന്ത്രിയെ പുറത്താക്കാനോ മുഖ്യമന്ത്രിയും ഭരണമുന്നണിയും തയ്യാറായില്ല. ഇതാണ് ഇവിടെയും മന്ത്രിയെയും അദ്ദേഹത്തിന്റെ അടുപ്പക്കാരയും മാര്‍ക്ക്ദാനമെന്ന വിദ്യാഭ്യാസവകുപ്പ് കണ്ട അത്യന്തംഹീനമായ തട്ടിപ്പിന് പ്രചോദനം നല്‍കിയിട്ടുള്ളത്. പ്രതിപക്ഷനേതാവ് രമേശ്ചെന്നിത്തല ആവശ്യപ്പെട്ടപ്രകാരം സര്‍ക്കാര്‍ ജുഡീഷ്യല്‍അന്വേഷണത്തിന് തയ്യാറാകുകയും തത്പദവി രാജിവെക്കുകയുമാണ് മന്ത്രി ജലീല്‍, താന്‍ സത്യപ്രതിജ്ഞചെയ്ത ഭരണഘടനയോടും നിയമത്തോടും സത്യസന്ധതയുണ്ടെങ്കില്‍ ചെയ്യേണ്ടത്. കേരളത്തിലെ മഹത്തുക്കളായ വ്യക്തിത്വങ്ങളിരുന്ന കസേരയിലാണ് തിനിരിക്കുന്നതെന്ന ഓര്‍മയെങ്കിലും മന്ത്രിക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു. കിന്‍ഡര്‍ഗാര്‍ട്ടനില്‍പോലും മാര്‍ക്ക്നല്‍കുന്നത് കുട്ടിയുടെ പ്രകടനം വിലയിരുത്തിയാണ്. അതാകട്ടെ പരീക്ഷാഫലത്തിലൂടെയും. കുട്ടികളുടെ പഠനനിലവാരവും പരീക്ഷയുടെ കാഠിന്യവുംമറ്റും പരിഗണിച്ച് ആവശ്യമെന്നുകണ്ടാല്‍ കാലാകാലങ്ങളില്‍ വിജയശതമാനം വര്‍ധിപ്പിക്കാനായി മോഡറേഷന് എന്നപേരില്‍ അല്പം മാര്‍ക്ക് കൂട്ടിനല്കുക പതിവുള്ളതാണ്. എസ്.എസ്.എല്‍.സിയിലും മറ്റും ഈസംവിധാനം നിലനിന്നിരുന്നെങ്കിലും വിജയശതമാനം വര്‍ധിച്ചതോടെ ഇതിന്റെ ആവശ്യമില്ലാതെയായി. എന്നാല്‍ അവിടെയും ഫലം പുറത്തുവരുന്നതിന് മുമ്പല്ലാതെ അതിനുശേഷം ചില കുട്ടികളുടെ വിജയത്തിനായിമാത്രം മോഡറേഷനോ ഗ്രേസ്മാര്‍ക്കോ നല്‍കുകപതിവില്ല.
ഉന്നതവിദ്യാഭ്യാസത്തെ സംരക്ഷിക്കാന്‍ നിയമപരമായും ഭരണപരമായും ധാര്‍മികമായും ഉത്തരവാദിത്തപ്പെട്ട ഒരുമന്ത്രിയും ഭരണകക്ഷിഅനുകൂലികളടങ്ങുന്ന സിന്‍ഡിക്കേറ്റും ചേര്‍ന്ന് 125 ഓളം കുട്ടികള്‍ക്ക് നല്കിയ മാര്‍ക്ക് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസമേന്മയുടെ മകുടത്തില്‍ തറച്ച അമ്പാണ്. വിദ്യഭ്യാസത്തെക്കുറിച്ച് വിദേശങ്ങളില്‍പോലുമുള്ള മികച്ചപ്രതിച്ഛായയാണ് ഇതുമൂലം കേരളത്തിന് നഷ്ടപ്പെട്ടിരിക്കുന്നത്. ഇതിന്റെ ഉത്തരവാദിത്തം മന്ത്രിക്കോ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കോമാത്രമല്ല, മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമാണ്. കേരളത്തിലെ വിദ്യാര്‍ത്ഥികളുടെയും പൊതുജനങ്ങളുടെയും വിദ്യാഭ്യാസനിലവാരത്തെയും ക്ഷമയെയുമൊക്കെയാണ് മാര്‍ക്ക്ദാനത്തിലൂടെ കെ.ടി ജലീലും കൂട്ടരും പരിഹസിച്ചിരിക്കുന്നത്. വിദ്യാഭ്യാസത്തിന് മൊത്തമായി ഉണ്ടായിരുന്ന മന്ത്രിപദവിയെ ഉന്നതവിദ്യാഭ്യാസ മാര്‍ക്ക്ദാനത്തിനുള്ള പദവിയായി തരംതാഴ്ത്തിയവര്‍ക്ക് കേരളത്തിലെ അക്കാദമികസമൂഹവും വിദ്യാര്‍്ത്ഥികളും ഒരിക്കലും മാപ്പുതരില്ല. അല്പമെങ്കിലും ഉളുപ്പുണ്ടെങ്കില്‍ തൊടുന്യായങ്ങള്‍ പറഞ്ഞുനില്ക്കാതെ രാജിവെച്ച് സത്യസന്ധമായ അന്വേഷണംനേരിടുകയാണ് മന്ത്രി ചെയ്യേണ്ടത്.