നാഥുറാമുമാര്‍ വീണ്ടും തോക്ക് ചൂണ്ടുമ്പോള്‍


‘സൂര്യപ്രകാശത്തേക്കാള്‍ ഒരുലക്ഷമെങ്കിലും ഇരട്ടിയുള്ള ആ മഹാസത്യത്തിന്റെ അവര്‍ണനീയമായ തേജസ്സിനെപ്പറ്റി യാതൊരുരൂപവും തരാന്‍ കഴിയുന്നതല്ല, എനിക്ക് കാണാന്‍കഴിഞ്ഞ സത്യത്തിന്റെ നേരിയ മിന്നലാട്ടങ്ങള്‍..അഹിംസയുടെ സമ്പൂര്‍ണ സാക്ഷാത്കാരത്തിനുശേഷമേ സത്യത്തിന്റെ സമഗ്രദര്‍ശനം സാധ്യമാകൂ.’ ദൈവത്തെയും സത്യത്തെയും അഹിംസയെക്കുറിച്ചുമുള്ള മഹാത്മാഗാന്ധിയുടെ ദര്‍ശനം സ്ഫുരിക്കുന്നതാണ് ‘എന്റെ സത്യാന്വേഷണപരീക്ഷണങ്ങള്‍’ എന്ന ആത്മകഥയിലെ അഗ്നിസ്ഫുലിംഗമാര്‍ന്ന മേല്‍വാചകങ്ങള്‍. കീഴാളരെയും ന്യൂനപക്ഷങ്ങളെയും വ്യതിരിക്തതകളെയും അടിച്ചമര്‍ത്തുകയും അടിച്ചുകൊല്ലുകയും ചെയ്യുന്ന ഹിംസയുടെ ഇന്നിന്റെ ഇന്ത്യയെക്കുറിച്ചോര്‍ക്കുമ്പോള്‍ രാഷ്ട്രപിതാവിന്റെ വാക്കുകള്‍ക്ക് മറ്റെന്നത്തേക്കാളേറെ പ്രസക്തി കൈവന്നിരിക്കുന്നു. സത്യവും അഹിംസയും തന്നെയാണ് ദൈവമെന്ന് വിശ്വസിക്കുകയും അതിനായി സ്വജീവന്‍മറന്ന് അഹോരാത്രം പോരാടുകയുംചെയ്ത ഭൂലോകംകണ്ട അപൂര്‍വമനുഷ്യസ്‌നേഹിയുടെ ജന്മദിനത്തിന് ഇന്ന് 150വര്‍ഷം തികയുമ്പോള്‍ നാമുള്‍പ്പെടെയുള്ള ഓരോമനുഷ്യരും ആ മഹാമനീഷിയുടെ ആശയാദര്‍ശങ്ങളെ വാരിപ്പുണരാന്‍ മുമ്പെന്നത്തേക്കാളുപരി കടമപ്പെട്ടിരിക്കുന്നു.
ഇന്ത്യയുടെ മാത്രമല്ല, മുഴുവന്‍ മനുഷ്യരുടെയും രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ സ്വാതന്ത്ര്യത്തിനാണ് മഹാത്മാഗാന്ധി എന്ന മാനവസ്‌നേഹി പറഞ്ഞതും പോരാടിയുമെന്നത് തെളിമയാര്‍ന്ന ചരിത്രം. എന്നാല്‍ മണ്‍മറഞ്ഞ രാഷ്ട്രനേതാക്കളെ ഭത്‌സിക്കുന്ന അധികാരികളും രാഷ്ട്രീയനേതാക്കളുമുള്ളപ്പോള്‍ എവിടേക്കാണ് ഗാന്ധിജിയുടെ മതനിരപേക്ഷ ഇന്ത്യ പോകുന്നതെന്ന് സങ്കടപ്പെട്ടിരിക്കേണ്ടിവരികയാണ് ഓരോ ഇന്ത്യക്കാരനുമിപ്പോള്‍. ഇന്ത്യാഭരണകൂടത്തിന്റെ വക്താക്കള്‍തന്നെ ഗാന്ധിജിക്കുപകരം അദ്ദേഹത്തെ ശക്തമായി എതിര്‍ക്കുകയും വധിക്കുകയുംചെയ്ത പ്രസ്ഥാനത്തിന്റെയാളെ പകരം രാഷ്ട്രപിതാവാക്കുന്നതിന് വേണ്ടി വാദിക്കുന്നത് വൈരുധ്യാത്മകവും അതിലുപരി ഭയാനകവുമായിരിക്കുന്നു. ഗാന്ധിജിയുടെയും പണ്ഡിറ്റ് ജവഹര്‍ലാല്‍നെഹ്രുവിന്റെയും സര്‍ദാര്‍പട്ടേലിന്റെയും മൗലാനാആസാദിന്റെയും മറ്റും നേതൃത്വത്തില്‍ എണ്ണമറ്റ പ്രക്ഷോഭങ്ങളിലൂടെ നേടിയ സ്വതന്ത്രഇന്ത്യയുടെ അധികാരസൗഭാഗ്യങ്ങളെല്ലാം ആസ്വദിച്ചുകൊണ്ടിരിക്കുന്നവര്‍തന്നെ ആ രാഷ്ട്രനേതാക്കളെ അധിക്ഷേപവാക്ശരങ്ങള്‍ കൊണ്ട് പൊതിയുന്നു. സൂര്യതേജസ്സിനെ നോക്കി പല്ലിളിക്കുന്നതുകൊണ്ട് അവര്‍തന്നെയാണ് ഇളിഭ്യരാകുന്നതെന്ന് തിരിച്ചറിയാന്‍പോലും കഴിയാത്തവരെക്കുറിച്ചെന്ത് പറയാന്‍!
1925ല്‍ രൂപീകൃതമായ ഹിന്ദുത്വപ്രസ്ഥാനമായ ആര്‍.എസ്.എസ്സും ഹിന്ദുത്വവാദികളും ഇന്ന് അതിന്റെ അപരവിദ്വേഷ ആശയതായ്‌വഴിയിലൂടെയാണ് രാജ്യത്തിന്റെ അധികാരശ്രേണിയിലെത്തിയിരിക്കുന്നത്. ഗാന്ധിജിയെയും സ്വാതന്ത്ര്യപ്രസ്ഥാനത്തെയും തള്ളിപ്പറയുകയും ബ്രിട്ടീഷ്അധീശത്വത്തിന് മാപ്പെഴുതിക്കൊടുത്ത് ജയില്‍മോചിതരാകുകയും ചെയ്ത പ്രസ്ഥാനത്തിന്റെ വക്താക്കള്‍ക്കും ഗാന്ധിഘാതകന്റെ ആശയം പിന്തുടരുന്നവര്‍ക്കും മഹാത്മാവിന്റെ നിഴല്‍പോലും ഇന്ന് ശല്യമായി തോന്നുന്നതില്‍ അല്‍ഭുതപ്പെടാനില്ല. ഗാന്ധിജിയുടെ 150-ാം ജന്മ വാര്‍ഷികത്തിന്റെ ഭാഗമായി ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് കഴിഞ്ഞയാഴ്ചനടന്ന ചടങ്ങിന് തൊട്ടുമുമ്പാണ് മഹാത്മാവിനെ നിന്ദിക്കുന്ന തരത്തില്‍ അമേരിക്കന്‍പ്രസിഡന്റ് ഡൊണാള്‍ഡ്ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സാക്ഷിനിര്‍ത്തി അദ്ദേഹത്തെ ഇന്ത്യയുടെ പിതാവെന്ന് വിശേഷിപ്പിച്ചത്. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റ മന്ത്രിയും അതാണ് രാജ്യസ്‌നേഹമെന്ന് ഊറ്റംകൊള്ളുകയും ഇതംഗീകരിക്കാന്‍ തയ്യാറാകാത്തവര്‍ ഇന്ത്യക്കാരല്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഗോഡ്‌സെക്ക് പ്രതിമനിര്‍മിക്കുന്നവരുടെയും തെരുവുകളില്‍ ന്യൂനപക്ഷങ്ങളുടെയും ദലിതരുടെയും ചോരക്കുവേണ്ടി ദംഷ്ട്ര നീട്ടുന്നവരുടെയും വക്താക്കള്‍ അധികാരത്തിലിരിക്കുന്നവര്‍ ഇന്ത്യാചരിത്രം തിരുത്തിയെഴുതണമെന്ന് വാദിക്കുന്നതില്‍ ആശങ്കപ്പെടാമെങ്കിലും അത്ഭുതംകൂടേണ്ടതില്ല. ഇവരുടെ ലക്ഷ്യം ഭരണഘടനയുടെതന്നെ പൊളിച്ചെഴുത്തും ഏകശിലാസംസ്‌കാരവുമാവുന്നത് സ്വാഭാവികം. ഏതൊരു ദേശത്തിനും ജനതക്കും വേണ്ടിയാണോ മരണംവരിക്കുകയും ഭക്ഷണംഉപേക്ഷിച്ചും വസ്ത്രംകുറച്ചും വെള്ളക്കാരുടെ പീഡനംസഹിച്ച് ഗാന്ധിജിയും എണ്ണമറ്റ സ്വാതന്ത്ര്യത്യാഗികളും പോരാടിയോ അതെല്ലാം നേടിക്കഴിഞ്ഞശേഷം അവരുടെ ആശയങ്ങളെയാകെ, മാനിച്ചില്ലെങ്കിലും തള്ളിപ്പറയാതിരിക്കുകയെങ്കിലും ചെയ്യുന്നതാണ് ഏറ്റവുംകുറച്ചുപറഞ്ഞാല്‍ മാതൃത്വത്തോടുള്ള നന്ദിപ്രകടനം.
ഒറ്റരാജ്യം, ഒറ്റ നിയമം, ഒറ്റ ഭാഷ, ഒറ്റ തെരഞ്ഞെടുപ്പ്, ഒറ്റ കക്ഷി എന്നൊക്കെ പറഞ്ഞ് കശ്മീരികളുടെയും ആസാമികളെയും പൗരാവകാശലംഘനങ്ങളില്‍ വീര്‍പ്പുമുട്ടിക്കുകയും പുറത്താക്കുകയും ചെയ്യുന്നവര്‍ക്ക് തടസ്സം ഡോ. ബി.ആര്‍.അംബേദ്കര്‍ മുതലായവര്‍ തയ്യാറാക്കിത്തന്ന മതേതരത്വത്തിന്റെ മികവാര്‍ന്ന ഭരണഘടനയാണ്. അതിനെ ഉല്ലംഘിക്കാനും വേണ്ടിവന്നാല്‍ അറബിക്കടലിലെറിയാനുമാണ് ഓരോപഴുതുകളും മോദി-അമിത്ഷാ-ഭഗവത്താദികള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഗ്രാമസ്വരാജിലൂടെയുള്ള സാമ്പത്തികസ്വാതന്ത്ര്യമാണ് രാഷ്ട്രസ്വാതന്ത്ര്യമെന്നായിരുന്നു ഗാന്ധിജിയുടെ സങ്കല്‍പം. ഉപ്പുകുറുക്കി നിയമംലംഘിച്ചത് അദ്ദേഹം അതുകൊണ്ടാണ്. 130കോടിവരുന്ന ജനതക്ക് ആ സ്വാതന്ത്ര്യംകൂടി നിഷേധിക്കപ്പെടുന്ന അവസ്ഥയാണിന്ന്. ഒരുപറ്റം അധികാരലംബടന്മാരും അവരുടെ ദല്ലാളുമാരും കുത്തകമാഫിയകളും ചേര്‍ന്ന് രാജ്യത്തിന്റെ വിലപ്പെട്ട സമ്പത്ത് പലവിധത്തില്‍ കൊള്ളയടിച്ചുകൊണ്ടിരിക്കുന്നു. ഒരൊറ്റകൊല്ലംകൊണ്ട് രാജ്യത്തിന്റെ 70 ശതമാനം സമ്പത്ത് ഒരുശതമാനം ആളുകളിലേക്ക് കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. പെട്രോളിയത്തിന്റെയും നിത്യോപയോഗവസ്തുക്കളുടെയും വിലകള്‍ റോക്കറ്റ്‌സമാനം കുതിക്കുമ്പോള്‍ അവ മറക്കാന്‍ ഭരണഘടനയും ചരിത്രവും മാറ്റിയെഴുതണമെന്ന് വാദിക്കുന്ന കേന്ദ്രമന്ത്രിമാര്‍ ഗാന്ധിജിയുടെ ഇന്ത്യയെയാണ് വധിക്കാന്‍ വാളോങ്ങിനില്‍ക്കുന്നത്. ജനതയൊന്നാകെ മഹാത്മാവിന്റെ ചിന്തയിലും പ്രയോഗത്തിലും മുഴുകിയാലല്ലാതെ ഇതിന് പരിഹാരമില്ല. സ്വജീവിതംപോലെ മരണവും മതാന്ധതക്കെതിരായ സന്ദേശമാക്കിയ ഗാന്ധിജിയുടെ ആദര്‍ശമാകട്ടെ ഈ ആപത്ഭീഷണിയെ അതിജീവിക്കാനുള്ള ആയുധം.

SHARE