കോര്‍പറേറ്റുകളല്ല രാജ്യം


രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ നാലാം പാക്കേജാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കോര്‍പറേറ്റുകള്‍ക്കുള്ള വലിയ തോതിലുള്ള നികുതി ഇളവാണ് നാലാം പാക്കേജിന്റെ കാതല്‍. സാമ്പത്തിക പ്രതിസന്ധിയുടെ മറവില്‍ കോര്‍പറേറ്റുകളെ സഹായിക്കാനാണ് ശ്രമമെന്നാണ് വിമര്‍ശനം ഉയരുന്നത്. സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ സര്‍ക്കാര്‍ കൈകൊണ്ട നടപടികള്‍ സാമ്പത്തിക തകര്‍ച്ചയിലേക്ക് നയിക്കുമെന്ന വിമര്‍ശനവും ശക്തമാണ്. സാമ്പത്തിക വിദഗ്ധരില്‍ ഭൂരിപക്ഷവും ഈ വിമര്‍ശനങ്ങള്‍ക്കൊപ്പമാണെന്നത് ആശങ്കയുളവാക്കുന്ന കാര്യമാണ്.
നാല് പാക്കേജുകളിലായി സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതി ഇളവുകളും ബാങ്ക് ലയനവും കോര്‍പറേറ്റുകള്‍ക്ക് മാത്രം സഹായകരമാണെന്നതാണ് വസ്തുത. ബജറ്റിലെന്ന പോലെ സാധാരണക്കാരെയും കര്‍ഷകരേയും പൂര്‍ണമായി അവഗണിച്ചുള്ളതാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജുകള്‍. കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാര്‍ഷിക മേഖല തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. ദേശീയ വരുമാനത്തിന്റെ 16 ശതമാനം എത്തുന്നത് കാര്‍ഷിക മേഖലയില്‍ നിന്നാണ്. മാത്രമല്ല, ഇന്ത്യയിലെ പകുതിയോളം പേരുടെ ഉപജീവന മാര്‍ഗവും കൃഷിയാണ്. പക്ഷേ കഴിഞ്ഞ ബജറ്റില്‍ അഞ്ച് ശതമാനമാണ് കാര്‍ഷിക മേഖലക്കായി നീക്കിവെച്ചത്. കൃഷിയും അനുബന്ധ മേഖലയും ഇപ്പോള്‍ അനിശ്ചിതാവസ്ഥയിലാണ്. കാര്‍ഷികോല്‍പന്ന കമ്പോളത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയതോടെ കര്‍ഷകര്‍ക്ക് നഷ്ടക്കണക്കുകള്‍ മാത്രമാണ് ബാക്കി. കര്‍ഷക ആത്മഹത്യകള്‍ മാത്രമല്ല, കൃഷി ഭൂമി തരിശിടുന്ന കര്‍ഷകരുടെ എണ്ണവും വര്‍ധിക്കുകയാണ്. കാര്‍ഷികോല്‍പാദനം ഗണ്യമായി കുറഞ്ഞു. ഭക്ഷ്യക്ഷാമത്തിലേക്ക് രാജ്യം നീങ്ങുകയാണ്. സാമ്പത്തിക മാന്ദ്യത്തേക്കാള്‍ ഭയാനകമായിരിക്കും ഭക്ഷ്യക്ഷാമം സൃഷ്ടിക്കുന്ന പ്രതിസന്ധി. എന്നാല്‍ ഉത്തേജക പാക്കേജിലൊന്നും കാര്‍ഷിക പ്രതിസന്ധി ഇടംപിടിച്ചിട്ടില്ല.
സാധാരണക്കാരേയും കര്‍ഷകരേയും അവഗണിച്ച് സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ കോര്‍പറേറ്റുകളെ ശക്തിപ്പെടുത്തുന്നതിലൂടെ സാധിക്കുമെന്ന തല തിരിഞ്ഞ നയമാണ് സര്‍ക്കാര്‍ പിന്തുടരുന്നത്. ബജറ്റില്‍ ഒന്നര ലക്ഷം കോടിയുടെ ഇളവുകളാണ് സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് നല്‍കിയത്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2014ല്‍ 5.89 ലക്ഷം കോടിയുടെ നികുതി ഇളവ് നല്‍കി. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ കോര്‍പറേറ്റുകളോട് ഉദാര സമീപനം സ്വീകരിച്ചിട്ടും സാമ്പത്തിക നില മെച്ചപ്പെടുകയല്ല, തകരുകയാണ് ഉണ്ടായത്. ഇപ്പോള്‍ അവസാനമായി പ്രഖ്യാപിച്ച പാക്കേജിലെ നികുതി ഇളവുകളിലൂടെ 1,45,000 കോടി രൂപയാണ് സര്‍ക്കാരിന് നഷ്ടമുണ്ടാകുക. ഇതിനൊപ്പമാണ് ആദ്യം പ്രഖ്യാപിച്ച പാക്കേജുകളിലെ ഇളവുകള്‍. കയറ്റിറക്കു നികുതി ഘടനയില്‍ മാറ്റം വരുത്തി 50,000 കോടിയുടെ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ഇതിന്റെ നേട്ടം ലഭിക്കുന്നതും കോര്‍പറേറ്റുകള്‍ക്കാണ്. ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് ചെറിയ നേട്ടമുണ്ടാകുമെങ്കിലും അത് സര്‍ക്കാരിന്റെ ലക്ഷ്യമാണെന്ന് കരുതാനാകില്ല.
റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനമെടുത്ത് 70,000 കോടി ബാങ്കുകള്‍ക്ക് നല്‍കാനുള്ള തീരുമാനത്തിന്റെ നേട്ടവും കോര്‍പറേറ്റുകള്‍ക്കാണ്. ബാങ്കുകള്‍ എഴുതിതള്ളിയ കടത്തിന് പകരം സര്‍ക്കാര്‍ നല്‍കേണ്ട മൂലധനമാണ് ഉത്തേജക പാക്കേജിന്റെ മറവില്‍ നല്‍കുന്നത്. ഈയിനത്തില്‍ 1.8 ലക്ഷം കോടി സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കേണ്ടി വരുമെന്നാണ് കണക്ക്. കര്‍ഷകരുടേയും തൊഴിലാളികളുടേയും നികുതി പണം കൊണ്ട് കോര്‍പറേറ്റുകളെ സഹായിക്കുന്ന സര്‍ക്കാര്‍ രാജ്യത്തെ കടുത്ത ദാരിദ്ര്യത്തിലേക്കാണ് തള്ളിവിടുന്നത്. രാജ്യത്തെ തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നത് സ്ഥിതി കൂടുതല്‍ ആശങ്കാജനകമാക്കുന്നുമുണ്ട്. വ്യവസായ മേഖലയില്‍ മാത്രമല്ല, വ്യാപാര മേഖലയിലും തൊഴില്‍നഷ്ടം വര്‍ധിക്കുകയാണ്. സാമാന്യ ജനതയുടെ വാങ്ങല്‍ ശേഷി കുറഞ്ഞതോടെ വ്യാപാര മേഖലയിലുണ്ടായ തകര്‍ച്ച, ആയിരക്കണക്കിന് മനുഷ്യരുടെ തൊഴിലിനെ ബാധിച്ചുകഴിഞ്ഞു. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ തൊഴില്‍രഹിതരാകുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കും.
മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സര്‍ക്കാരിന് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയെങ്കിലും അതിനെ തള്ളിക്കളയുകയാണ് സര്‍ക്കാര്‍. ഘട്ടംഘട്ടമായുള്ള ഉത്തേജക പരിപാടികള്‍ സാമ്പത്തിക മാന്ദ്യം പരിഹരിക്കുന്നതിന് ഗുണം കാണില്ലെന്നാണ് മന്‍മോഹന്‍ സിങിന്റെ അഭിപ്രായം. ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ധിക്കാതെ സാമ്പത്തിക മാന്ദ്യത്തിന് അറുതിയാകില്ല. മറിച്ച് രാജ്യത്ത് സാമ്പത്തിക തകര്‍ച്ചയാകും അനന്തരഫലം. തൊഴിലില്ലായ്മ കുറയുകയും നിര്‍മാണമേഖലയില്‍ കൂടുതല്‍ പണം ചെലവഴിക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ ഉപഭോഗ ശേഷി വര്‍ധിക്കൂ. നിര്‍ഭാഗ്യവശാല്‍ ഇതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. സമൂഹത്തിലെ ഏറ്റവും ദരിദ്രരായ മനുഷ്യര്‍ക്ക് ലഭിക്കുന്ന തൊഴില്‍സാധ്യത കൂടി ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തൊഴില്‍ദാന പദ്ധതികള്‍ വിപുലപ്പെടുത്തുന്നതിന് പകരം നിലവിലെ പദ്ധതികള്‍ തന്നെ ദുര്‍ബലപ്പെടുത്തുകയാണ്. തൊഴിലുറപ്പ് പദ്ധതിക്ക് കഴിഞ്ഞ വര്‍ഷം ചെലവഴിച്ചതിനെക്കാള്‍ 1084 കോടി രൂപ കുറവാണ് ഇത്തവണത്തെ ബജറ്റില്‍. കാര്‍ഷിക മേഖലയിലും അടിസ്ഥാന സൗകര്യ വികസനത്തിനും പണം നല്‍കാതെ കോര്‍പറേറ്റുകളെ കയ്യയച്ച് സഹായിക്കുന്ന നിലപാടാണ് യഥാര്‍ത്ഥത്തില്‍ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് നിദാനം.
കോര്‍പറേറ്റ് നികുതി കുറച്ചതിലൂടെ വര്‍ധിക്കുന്ന ധനകമ്മി കുറയ്ക്കാന്‍ സര്‍ക്കാരിന് കഠിന പ്രയത്‌നം നടത്തേണ്ടി വരും. സാമ്പത്തികമാന്ദ്യത്തിനെതിരെയുള്ള നടപടികളെന്ന പേരില്‍ ഇപ്പോള്‍ നടപ്പാക്കുന്ന പദ്ധതികള്‍ കാരണം ധനക്കമ്മി ഒരു ശതമാനമെങ്കിലും കൂടുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോള്‍ 3.3 ശതമാനമാണ് ധനകമ്മി. ഇത് സമീപഭാവിയില്‍ തന്നെ അഞ്ച് ശതമാനത്തിലെത്തുമെന്നാണ് കരുതുന്നത്. സാധാരണക്കാരുടെ മേല്‍ അമിതഭാരം അടിച്ചേല്‍പിച്ചും പൊതുമേഖലാ സ്ഥാപനങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതിയും ധനക്കമ്മി കുറക്കാനുള്ള ശ്രമം സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ഫലം കാണണമെന്നില്ല. ധനക്കമ്മി സൃഷ്ടിക്കുന്ന നാണയപ്പെരുപ്പം വിലക്കയറ്റത്തിലേക്കും സാമ്പത്തിക തകര്‍ച്ചയിലേക്കുമായിരിക്കും രാജ്യത്തെ നയിക്കുക. വിലക്കയറ്റം ഇപ്പോള്‍ നാല് ശതമാനമാണ്. ധനകമ്മി കൂടുന്നതിനനുസരിച്ച് വിലക്കയറ്റവും വര്‍ധിക്കും. രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് കുറയുകയും ധനകമ്മി കൂടുകയുമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി മോദി സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് നല്‍കിയ ആനുകൂല്യങ്ങളും സര്‍ക്കാരിന്റെ ധനകമ്മിയും പരസ്പരപൂരിതമാണ്. എന്നാല്‍ സാമ്പത്തിക മാന്ദ്യത്തിന്റെ പേരില്‍ വീണ്ടും കോര്‍പറേറ്റുകളെ ആനുകൂല്യങ്ങള്‍ കൊണ്ട് ലാളിക്കുകയാണ് മോദി സര്‍ക്കാര്‍. സാധാരണക്കാരെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്ന സാമ്പത്തിക നയം തിരുത്താതെ മാന്ദ്യത്തിന് അറുതി ഉണ്ടാവുകയില്ല. കോര്‍പറേറ്റുകളല്ല രാജ്യമെന്നും ഭരണം അവര്‍ക്ക് വേണ്ടി മാത്രമുള്ളതല്ലെന്നും മോദി സര്‍ക്കാരിന് ബോധ്യപ്പെടുകയാണ് ആദ്യം വേണ്ടത്.

SHARE