ആകാശപ്പിഴിച്ചിലിന് എന്നാണ് അന്ത്യം


ഗള്‍ഫില്‍ ഇത് വിദ്യാലയങ്ങളുടെ അവധിക്കാലമാണ്. കേരളത്തില്‍നിന്ന് വന്‍തോതില്‍ യാത്രക്കാരുണ്ടാകുന്ന അവസരം മുതലാക്കുകയാണ് കേരള-ഗള്‍ഫ് റൂട്ടിലെ വിമാനക്കമ്പനികളിപ്പോള്‍. ചക്കരക്കുടത്തില്‍ കയ്യിട്ടയാളുടെ ആര്‍ത്തിയാണ് കേരള-ഗള്‍ഫ് റൂട്ടിലെ വിമാനസര്‍വീസ് കമ്പനികള്‍ക്കെന്നത് പുതിയ ആരോപണമല്ല. നാട്ടിലെ വിശേഷോല്‍സവങ്ങള്‍ക്ക് ഏതുവിധേനയും കാശുണ്ടാക്കുന്ന കൊള്ളലാഭക്കാരനായ വ്യാപാരിയുടെ മനോഭാവമാണിത്. എയര്‍ഇന്ത്യയടക്കം എല്ലാ വിമാനസര്‍വീസ് ദാതാക്കളും കിട്ടിയതക്കത്തിന് യാത്രികരെ പരമാവധി ചൂഷണംചെയ്ത് അമിതലാഭം കൊയ്യാനുള്ള ശ്രമമാണിപ്പോള്‍ നടന്നുവരുന്നത്. എല്ലാ വര്‍ഷത്തെയുംപോലെ പരാതി ഇപ്പോഴും ആവര്‍ത്തിക്കേണ്ടിവരുന്നുവെന്നല്ലാതെ ഉത്തരവാദിത്തപ്പെട്ടവര്‍ ഇനിയും അനങ്ങില്ലെന്നുതന്നെയാണ് ഹതഭാഗ്യരായ യാത്രക്കാരുടെ മുന്‍അനുഭവം. സാധാരണനിരക്കിന്റെ അഞ്ചിരട്ടിവരെയാണ് ഇതിനകം പലവിമാനകമ്പനികളും കേരള-ഗള്‍ഫ്‌റൂട്ടില്‍ ചാര്‍ജ് ഈടാക്കിയിരിക്കുന്നത്. ഒരുമാസം മുമ്പേ ബുക്ക്‌ചെയ്തവര്‍ക്കുപോലും വന്‍തുക യാത്രക്കായി ഒടുക്കേണ്ട അവസ്ഥയാണ്. കേരളത്തിലൊരു സര്‍ക്കാരും പ്രവാസിവകുപ്പും കേന്ദ്രത്തില്‍ സംസ്ഥാനത്തുനിന്ന് മന്ത്രിയും ഉണ്ടായിട്ടുപോലും രണ്ടാംമോദിമന്ത്രിസഭയിലും കേരളത്തിന്റെയും മലയാളികളുടെയും രോദനം കേള്‍ക്കാന്‍ ആരുമില്ലാത്ത അവസ്ഥ. ഇതേക്കുറിച്ച് ഇനി ആരോടുപറയണമെന്ന ശങ്കയിലാണ് മലയാളികളായ ഗള്‍ഫ്‌യാത്രക്കാര്‍.
ആഗസ്റ്റ് അവസാനത്തോടെ അവധിഅവസാനിച്ച് സെപ്തംബര്‍ ഒന്നിനാണ് മിക്ക ഗള്‍ഫ്‌രാജ്യങ്ങളിലും സ്‌കൂളുകള്‍ തുറക്കുന്നത്. ഇതിനായി കാലേക്കൂട്ടി സീറ്റുകള്‍ റിസര്‍വ് ചെയ്തവരെപ്പോലും ഞെക്കിപ്പിഴിയുകയാണ് വിമാനക്കമ്പനികള്‍. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് ,കണ്ണൂര്‍ എന്നീ വിമാനത്താവളങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഇതിനകം നിലവിലുള്ളതിന്റെ അഞ്ചിരട്ടിവരെ തുക യാത്രക്കായി ഒടുക്കേണ്ടിവന്നിരിക്കുന്നു. ദുബൈ സെക്ടറില്‍ കേരളത്തില്‍നിന്ന് സാധാരണയായി അയ്യായിരം മുതല്‍ പത്തായിരം രൂപ വരെയാണ് ഒരുഭാഗത്തേക്കുള്ള യാത്രാനിരക്കെങ്കില്‍ ഇപ്പോഴത് ഇരുപതിനായിരംമുതല്‍ മുപ്പതിനായിരം രൂപവരെയായി കുത്തനെ ഉയര്‍ത്തി. മറ്റ് വഴിയില്ലാതെ കടംവാങ്ങിപ്പോലും തിരിച്ചുപോകേണ്ട അവസ്ഥയിലാണ് മലയാളി. യാത്രാസൗകര്യത്തിന്റെ ചെലവ് എത്രതന്നെ വര്‍ധിപ്പിച്ച് കണക്കാക്കിയാലും ഇത്രയും ഇരട്ടി ഒരുയാത്രക്കാരനില്‍നിന്ന് ഈടാക്കുന്നതിന് പിന്നില്‍ അടങ്ങാത്ത പണക്കൊതിയല്ലാതെ മറ്റൊന്നുമല്ല.
റിയാദ്, ദമാം എന്നീ സഊദി നഗരങ്ങളിലേക്കും യു.എ.ഇയിലെ ഷാര്‍ജ, അബൂദാബി, ദുബൈ എന്നിവിടങ്ങളിലേക്കും കുവൈത്ത്, ബഹറൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലേക്കുമാണ് മലയാളികള്‍ ഇപ്പോള്‍ കുടുംബസമേതം കൂട്ടത്തോടെ യാത്രചെയ്യുന്നത്. രണ്ടുമാസത്തെ അവധിക്ക് നാട്ടില്‍വന്നവരാണിവരിലധികവും. നാട്ടിലെ വേനലവധി മുതല്‍ ആരംഭിച്ചതാണ് ഇരുഭാഗത്തോട്ടുമുള്ള യാത്രകള്‍. ഗള്‍ഫിലെ എല്ലായിടത്തേക്കുമുള്ള നിരക്കിലും വന്‍വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. അതായത് മക്കളുള്‍പ്പെടെ നാലംഗകുടുംബം ഈ സീസണില്‍ ഗള്‍ഫിലെ ഒരു നഗരത്തിലേക്ക് യാത്രചെയ്യണമെങ്കില്‍ ചുരുങ്ങിയത് ഒരുലക്ഷംരൂപയെങ്കിലും വേണ്ടിവരുമെന്നര്‍ത്ഥം. അറേബ്യന്‍ഗള്‍ഫും മലയാളിയുമായുള്ള അവിഭാജ്യമായ ബാന്ധവത്തെ പരമാവധി ചൂഷണംചെയ്യുകയാണ് വിമാനക്കമ്പനികളെന്നാണ് ഇത് കാണിക്കുന്നത്. കുടുംബസമേതം നാട്ടില്‍നില്‍ക്കാന്‍ പലകാരണങ്ങളാല്‍ കഴിയാത്തവര്‍ക്കാണ് ഈ യാത്രാകൊള്ളകൊണ്ട് ഏറ്റവുംകൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നത്. ഗള്‍ഫില്‍ തുടരുന്ന സാമ്പത്തികമാന്ദ്യവും പെട്രോളിയത്തിന്റെ വിലക്കുറവും ശമ്പളം വെട്ടിക്കുറയ്ക്കലും തദ്ദേശീയര്‍ക്ക് ജോലി നല്‍കണമെന്ന വ്യവസ്ഥയുമൊക്കെ കാരണം അവിടെ നിത്യേന തൊഴില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മലയാളിക്കുമേലെയുള്ള മറ്റൊരു ഇടിത്തീയാണ് വിമാനക്കമ്പനികളുടെ ഈപകല്‍കൊള്ള. മോദിസര്‍ക്കാരിന്റെ പ്രഥമകാലത്ത് കേരളസര്‍ക്കാര്‍ വിമാനക്കമ്പനികളെ സമീപിച്ച് അമിതനിരക്കില്‍ കുറവ് വരുത്തണമെന്നാവശ്യപ്പെട്ടെങ്കിലും വര്‍ഷങ്ങള്‍കഴിഞ്ഞിട്ടും യാതൊരുനടപടിയും ഉണ്ടായില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കഴിഞ്ഞ യു.പി.എസര്‍ക്കാരിന്റെ കാലത്ത് വിദേശകാര്യമന്ത്രിയായിരുന്ന മുസ്്‌ലിംലീഗ്‌നേതാവ് ഇ.അഹമ്മദ് മുന്‍കയ്യെടുത്ത് വ്യോമയാനമന്ത്രാലയത്തിന്റെ സഹകരണത്തോടെ പ്രശ്‌നത്തിന് ശാശ്വതപരിഹാരം നിര്‍ദേശിച്ചതിനെതുടര്‍ന്ന് കമ്പനികള്‍ നിരക്ക് കുറക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ സര്‍ക്കാര്‍മാറിയതോടെ പഴയപടിയിലേക്ക് കമ്പനികള്‍ തിരിച്ചെത്തി. എയര്‍ഇന്ത്യപോലും കഴുത്തറുപ്പന്‍ യാത്രാനിരക്കിന് തുനിഞ്ഞിറങ്ങുമ്പോള്‍ മറ്റുള്ളവരുടെകാര്യം പിന്നെ പറയാനുണ്ടോ. സ്വകാര്യവിമാനക്കമ്പനികളും ഗള്‍ഫ്‌രാജ്യങ്ങളുടെ വിമാനക്കമ്പനികളും അവസരം മുതലെടുക്കാനാണ് പരിശ്രമിക്കുന്നത്. ചുരുക്കത്തില്‍ ആര്‍ക്കുമൊരു നിയന്ത്രണവുമില്ലാത്ത പൂരക്കച്ചവടംപോലെയാണ് കേരള-ഗള്‍ഫ് വിമാനനിരക്കിന്റെ സ്ഥിതി.
ഈവര്‍ഷത്തിന്റെ ആദ്യആറുമാസത്തിനിടെ ദുബൈയിലെത്തിയത് 8.34 കോടി വിദേശികളാണെന്നാണ് യു.എ.ഇ ടൂറിസംവകുപ്പിന്റെ ഔദ്യോഗികകണക്ക്. ഇതിനുപുറമെ നിത്യേന ഇന്ത്യയില്‍നിന്നും മറ്റുമായി ഗള്‍ഫിലേക്ക് പോയിവരുന്നവരുടെ എണ്ണവും അടുത്തകാലത്തായി വര്‍ധിച്ചുവരികയാണ്. തൊഴിലാളികളുടെ എണ്ണത്തില്‍ കുറവ് സംഭവിക്കുമ്പോഴും പണ്ടത്തെപോലെ മലയാളി വര്‍ഷങ്ങളോളം വിദേശത്ത് കഴിയുന്നപതിവ് ഇപ്പോള്‍ കുറയുന്ന പ്രവണതയാണുള്ളത്. ഇതിനുപുറമെയാണ് സഊദിയിലേക്ക് എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തിലുള്ള വര്‍ധനവ്. യു.എ.ഇയില്‍ ജോലിചെയ്യുന്ന വിദേശികളില്‍ ഏറ്റവുംകൂടുതലുള്ളത് ഇന്ത്യക്കാരാണ്. അതില്‍ മുന്നില്‍ മലയാളികളും. അമ്പതുലക്ഷത്തോളം വരും ഗള്‍ഫില്‍ തൊഴിലെടുക്കുന്ന മലയാളികള്‍. ഇവര്‍ കേരളത്തിലേക്ക് പ്രതിവര്‍ഷം അയക്കുന്നതുക ഏതാണ്ട് ഒരുലക്ഷം കോടിയിലധികം വരും. ഇതാണ് കേരളത്തിന്റെ നിലനില്‍പിനും വളര്‍ച്ചക്കും പുരോഗമനത്തിനുമൊക്കെ അടിസ്ഥാനം എന്നത് പറഞ്ഞുകൊടുക്കാതെതന്നെ അറിയാവുന്ന വസ്തുതയാണ്. എന്നിട്ടും ഈ മേഖലയെ ആശ്രയിക്കുന്ന മലയാളികളുടെ അവസാനത്തെ അണയും ഊറ്റിയെടുക്കുന്ന സമീപനമാണ് വിമാനക്കമ്പനികള്‍ തുടരുന്നതെന്നത് അതിശയകരംതന്നെ. സമൂഹത്തോട് യാതൊരു ഉത്തരവാദിത്തവുമില്ലാത്തവരാണ് വിമാനക്കമ്പനിയുടമകള്‍ എന്നവാദം അംഗീകരിച്ചാല്‍തന്നെയും കേരളത്തിന്റെയും തദ്വാരാ ഇന്ത്യയുടെയും വളര്‍ച്ചക്ക് മുതല്‍കൂട്ടുന്ന ഗള്‍ഫ്മലയാളികളുടെ വയറ്റത്തടിക്കുന്ന നെറികേടിനെതിരെ എന്തുകൊണ്ട് കേന്ദ്രസംസ്ഥാന ഭരണകൂടങ്ങള്‍ അനങ്ങാപ്പാറയം തുടരുന്നു എന്നതിനുത്തരം പിരിവിനും വോട്ടിനും മാത്രമേ ഗള്‍ഫ്മലയാളിയെ ഇക്കൂട്ടര്‍ക്ക് ആവശ്യമുള്ളൂ എന്നാണ്. വാഗ്‌വ്യായാമങ്ങളൊഴിവാക്കി ശക്തമായനടപടികള്‍ സ്വീകരിക്കാത്തിടത്തോളംകാലം പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുന്ന ഈ കൊള്ളലാഭക്കാരെ പിടിച്ചുകെട്ടാനാവില്ല.

SHARE