മോദിയുടെ കീഴിലെ ബാങ്ക് കൊള്ളക്കാര്‍

വായ്പ തിരിച്ചടക്കാന്‍ വൈകിയതിന് രോഗികളായ വൃദ്ധ ദമ്പതികളെ വലിച്ചുപുറത്തിട്ട് വീട് സീല്‍ ചെയ്തുപോയ ബാങ്കുകാരുടെ നടപടിക്കുമുന്നില്‍ രാജ്യത്തെ പൊതുമേഖലാബാങ്കുകളുടെ നിക്ഷേപശേഖരത്തില്‍നിന്ന് വ്യവസായത്തിന്റെ മറവില്‍ പകല്‍കൊള്ളക്കാര്‍ ശതകോടികള്‍ കടത്തിക്കൊണ്ടുപോയിരിക്കുന്നുവെന്ന വാര്‍ത്ത ദയനീയവും ഒപ്പംതന്നെ കൗതുകവുമായിരിക്കുന്നു. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 11,400 കോടിരൂപ വായ്പായിനത്തില്‍ വാങ്ങിയെടുത്ത ശേഷം നീരവ്‌മോദി എന്ന വജ്ര വില്‍പനക്കാരന്‍ കഴിഞ്ഞ 13നാണ് രാജ്യത്തുനിന്ന് മുങ്ങിയത്. കേസെടുത്ത് ദിവസങ്ങള്‍ക്കുശേഷം ഈ കോടികളുടെ കൊള്ളക്കാരന്‍ നാടുവിടുമ്പോള്‍ അതൊന്നും നമ്മുടെ അന്വേഷണ ഏജന്‍സികളോ സര്‍ക്കാരോ അറിഞ്ഞില്ലെന്നത് വിശ്വസിക്കാന്‍ പ്രയാസം. നീരവ്‌മോദിയുടെ തട്ടിപ്പിനെതുടര്‍ന്ന് സി.ബി.ഐ നടത്തിയ റെയ്ഡുകളില്‍ നിരവധി കോടികളുടെ ആഭരണങ്ങളും മറ്റും കണ്ടെടുത്തതായാണ് വാര്‍ത്ത. ഏതാണ്ട് 5100 കോടിയുടെ ആസ്തികള്‍ സാമ്പത്തികകുറ്റാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. നീരവ് തന്നെ പറയുന്നത് താന്‍ അയ്യായിരം കോടിയുടെ തട്ടിപ്പേ നടത്തിയിട്ടുള്ളൂവെന്നാണ്. ബാങ്ക് അധികൃതര്‍ കേസ് കൊടുത്ത നിലക്ക് ഇനി തിരിച്ചടക്കാനാവില്ലെന്നും ഈ പകല്‍ മാന്യന്‍ ബാങ്കിനയച്ച ഇ-മെയില്‍ സന്ദേശം പുറത്തുവന്നിരിക്കുന്നു.

ഇതിനുപുറമെ സത്യസന്ധരായ പൗരന്മാരെ ഞെട്ടിക്കുന്ന മറ്റൊരു തട്ടിപ്പുകഥകൂടി ബാങ്കിങ് മേഖലയില്‍നിന്ന് വീണ്ടും പുറത്തുവന്നു. 3695 കോടിയുടെ വായ്പ വാങ്ങി മുങ്ങിയ റോട്ടോമാക് പേന നിര്‍മാതാവായ വിക്രം കോത്താരിയാണ് ബാങ്ക് തട്ടിപ്പു പരമ്പരയിലെ പുതിയ വിദ്വാന്‍. ആദ്യം ബാങ്ക് ഓഫ്ബറോഡയാണ് എണ്ണൂറുകോടി രൂപ തട്ടിച്ചതായി ഇയാള്‍ക്കെതിരെ പരാതി നല്‍കിയതെങ്കില്‍ പിന്നീട് യൂണിയന്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് തുടങ്ങി ഏഴു ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്ന് 2,919 കോടി രൂപ കോത്താരി വായ്പയെടുത്തെന്ന വിവരം പുറത്തുവന്നു. തിങ്കളാഴ്ച ഇയാളുടെ വസതികളിലും മറ്റും റെയ്ഡ് ചെയ്ത സി.ബി.ഐ സംഘം തിരിച്ചടവ് മുടങ്ങിയതും പലിശയും ചേര്‍ത്ത് 3695 കോടിയുടെ ബാധ്യത കണ്ടെത്തിയിരിക്കുന്നു. ഇയാളെ കാണ്‍പൂരില്‍നിന്ന് സി.ബി.ഐ ഡല്‍ഹിയിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണിപ്പോള്‍. വ്യാജ കയറ്റുമതി രേഖകള്‍ ഉണ്ടാക്കി വായ്പ തട്ടിയെടുക്കുകയായിരുന്നു ഇയാള്‍. ഉന്നത ബാങ്ക് ജീവനക്കാര്‍ക്കും ഇതിലുള്ള പങ്ക് അന്വേഷിക്കുകയും ചിലരെ ചോദ്യം ചെയ്തുവരികയുമാണ്.

താന്‍ രാജ്യം വിട്ടിട്ടില്ലെന്ന് നീരവ് മോദി അറിയിച്ചതിനു പിന്നാലെയായിരുന്നു റെയ്ഡും അറസ്റ്റുമെന്നത് കൗതുകകരമായിരിക്കുന്നു. ഇതിനുപുറമെ മറ്റൊരു സ്‌തോഭജനകമായ വിവരംകൂടി തിങ്കളാഴ്ചതന്നെ പുറത്തുവന്നു. നീരവ്‌മോദിയുടെ ഫയര്‍സ്റ്റാര്‍ ഡയമണ്ട്‌സ് കമ്പനിയുടെ മുഖ്യധനകാര്യ ഓഫീസറായ വിപുല്‍ അംബാനി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ ധീരുഭായ് അംബാനിയുടെ ബന്ധുവാണെന്നതാണത്. ധീരുഭായിയുടെ അനുജന്‍ നാഥുഭായിയുടെ മകനാണ് വിപുല്‍. ഇയാള്‍ കഴിഞ്ഞ മൂന്നു കൊല്ലമായി ഈ സ്ഥാപനത്തിലെത്തിയിട്ട്. കേന്ദ്ര സര്‍ക്കാരിലെ ആളുകള്‍ക്ക് അംബാനിയുമായി ഉള്ള ബന്ധം ഇതിനകം കുപ്രസിദ്ധമായിരിക്കെ ഈ തട്ടിപ്പെല്ലാം ചൂണ്ടപ്പെടുന്നത് എവിടേക്കാണെന്ന് പ്രത്യേകിച്ച് ആരോടും വിശദീകരിക്കേണ്ടതില്ല. വ്യാജ കമ്പനികളുടെ രേഖകള്‍ ചമച്ച് എത്ര വേണമെങ്കിലും വായ്പവാങ്ങി മുങ്ങാമെന്ന അവസ്ഥ അത്യുന്നതമായ ബാങ്കിങ് സംവിധാനമെന്നു പേരുകേട്ട ഇന്ത്യയ്ക്ക് അപമാനമായിരിക്കുന്നു.

കഴിഞ്ഞ മാസമാണ് സ്വിറ്റ്‌സര്‍ലാന്‍ഡ് തലസ്ഥാനമായ ദാവോസിലെ ലോക സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി, നീരവും ഇയാളുടെ കച്ചവട പങ്കാളി മെഹുല്‍ചോക്‌സിയും അടക്കമുള്ള വന്‍കുത്തകകളുമായി ചെന്നത്. അവിടെവെച്ച് നരേന്ദ്രമോദി ചോക്‌സിയെ കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങള്‍ ഇന്ന് സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ദാവോസില്‍ അവതരിപ്പിക്കപ്പെട്ട ഇന്ത്യയുടെ സാമ്പത്തിക അവസ്ഥയെക്കുറിച്ചുള്ള ഒരു കണക്കില്‍ രാജ്യത്തെ 73 ശതമാനം സമ്പത്ത് വെറും ഒരു ശതമാനം പേരിലേക്ക് ഒതുങ്ങിയിരിക്കുന്നുവെന്ന് വെളിപ്പെടുത്തപ്പെട്ടതും ഇതും തമ്മില്‍ കൂട്ടിവായിക്കപ്പെടേണ്ടതുണ്ട്. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ തലവന്‍ അമിത്ഷായുടെ പുത്രന്‍ ജയ്ഷാ അമ്പതിനായിരം രൂപയില്‍നിന്ന് ഒറ്റ വര്‍ഷം കൊണ്ട് എണ്‍പതു കോടിയിലേക്ക് ആസ്തി വര്‍ധിപ്പിച്ചതും നോട്ടു നിരോധനവുമൊക്കെ എന്തെല്ലാം അവിഹിത ബന്ധങ്ങളാണ് നമ്മുടെ മുമ്പില്‍ തുറന്നുവെക്കുന്നത്. നോട്ടു നിരോധനത്തിന്റെ രാത്രി തന്നെ 90 കോടി രൂപ നീരവ് മോദി മാത്രം വെളുപ്പിച്ചതായാണ് വിവരം. കള്ളപ്പണത്തിന്റെ പേരു പറഞ്ഞ് സാധാരണക്കാരന്റെ കൊച്ചു കൊച്ചു സമ്പാദ്യങ്ങള്‍ ബാങ്കുകളില്‍ വന്‍നിക്ഷേപമാക്കി മിനിമം ബാലന്‍സും പിന്‍വലിക്കല്‍ പരിധിയും വെച്ചതും ഈ പകല്‍കൊള്ളക്കാര്‍ക്കുവേണ്ടിയായിരുന്നോ എന്ന് മോദി തുറന്നുപറയണം. മോദിയുടെ ഭഞ്ജിക്കാത്ത മൗനത്തിന്റെ അര്‍ത്ഥതലങ്ങള്‍ ഈ നീരവുമാരിലും കോത്താരിമാരിലും കിടപ്പുണ്ട്.

സാധാരണക്കാരന്‍ വീടുവെക്കാനോ വിവാഹത്തിനോ കാര്‍ഷികാവശ്യത്തിനോ എടുക്കുന്ന തുച്ഛമായ വായ്പകള്‍ തിരിച്ചുപിടിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥരും സര്‍ക്കാരും കാണിക്കുന്ന പാരവശ്യം എന്തുകൊണ്ട് കുത്തകളുടെ കാര്യം വരുമ്പോള്‍ ഇല്ലാതെ പോകുന്നു. ഇതുവരെ 61000 കോടിയുടെ തട്ടിപ്പ് ഇന്ത്യന്‍ ബാങ്കിങ് മേഖലയില്‍ നടന്നിട്ടുണ്ടെന്നാണ് ഒരുകണക്ക്. ഇതിനൊക്കെ പരിഹാരം എളുപ്പം എടുത്ത് വീശാവുന്ന ഖജനാവിലെ പണമായിരിക്കുന്നു. അടുത്തിടെ നിഷ്‌ക്രിയ ആസ്തിയുടെ പേരില്‍ ബാങ്കുകളിലേക്ക്് സര്‍ക്കാര്‍ ഖജനാവിലെ പാവപ്പെട്ടവന്റെ കീശയില്‍നിന്നുള്ള 2.11 ലക്ഷം കോടി മുടക്കിയത് ചെന്നെത്തിയത് ഈ കൊള്ളക്കാരുടെ അറകളിലേക്കായിരുന്നോ. പതിവുപോലെ അന്വേഷണ നാടകം ഇതിലൊക്കെ അരങ്ങേറും, വാര്‍ത്തകള്‍ നിറയും. ലളിത് മോദിയും വിജയ്മല്യയും നടന്നുപോയ വഴിയേ ഈ മോദിമാരും വിലസും. പെട്രോളിയം ഉത്പന്നങ്ങളുടെയും നിത്യോപയോഗ വസ്തുക്കളുടെയും വിലകള്‍ തോന്നിയ പോലെ കൂട്ടുകയും രാജ്യവും ജനതയും നാള്‍ക്കുനാള്‍ വറുതിയിലേക്ക് കൂപ്പുകുത്തുകയും നിരപരാധികള്‍ തല്ലിക്കൊല്ലപ്പെടുകയും ചെയ്യുമ്പോള്‍ കള്ളപ്പണക്കാരും കുത്തകകളും ക്രിമിനലുകളും നമ്മുടെ നാടുവാഴുന്നു. 2014ല്‍ അന്നത്തെ പ്രധാനമന്ത്രി മുന്നറിയിച്ചതുപോലെ, ബി.ജെ.പി അധികാരത്തിലേറിയാല്‍ അതൊരു ദുരന്തമാകുമെന്നതെത്ര ശരിയായിരിക്കുന്നു!

SHARE