ഓങ്കോളജിക്കല്‍ സര്‍ജറി

മനുഷ്യമാംസം പച്ചയില്‍ കത്തുന്നതിന്റെ ഗന്ധം ഡോ. പ്രവീണ്‍ തൊഗാഡിയക്ക് അപരിചിതമല്ല. ശരീരത്തിലെ അര്‍ബുദം ബാധിച്ച ഭാഗങ്ങള്‍ കീറി മുറിച്ച് മനുഷ്യരെ ജീവിതത്തിലേക്ക് കൈ പിടിച്ച് ഉയര്‍ത്തുന്നതിനായിരിക്കാം അദ്ദേഹത്തിന് ഓങ്കോളജിക്കല്‍ സര്‍ജറിയില്‍ എം.എസ് ബിരുദം നല്‍കിയിട്ടുണ്ടാവുകയെങ്കിലും അതിനായിരുന്നില്ല ഒരു വ്യാഴ വട്ടം പിന്നിട്ട ആ ജീവിതത്തിലെ സിംഹഭാഗവും ചെലവിട്ടത്. മറിച്ച് ജീവനെടുക്കാനായിരുന്നു. കുപ്രസിദ്ധമായ ഗുജറാത്ത് കലാപം ഏതാണ്ട് പൂര്‍ണമായും ആസൂത്രണം ചെയ്തതും നടപ്പാക്കിയതും അനന്തര കാര്യങ്ങള്‍ ചെയ്തതും വിശ്വഹിന്ദു പരിഷത്തിന്റെ ഈ ആഗോള നേതാവായിരുന്നല്ലോ. അതിന്റെ ഗുണഫലം പൂര്‍ണമായും കൈവശപ്പെടുത്തിയ നരേന്ദ്ര മോദിയെന്ന സുഹൃത്ത് ഇപ്പോള്‍ പെട്ടെന്നല്ല ശത്രുപക്ഷത്തെത്തിയത്. ലക്ഷ്യം ഇന്ദ്രപ്രസ്ഥമാണെന്ന് മോദി തീരുമാനിച്ചപ്പോള്‍ തന്നെ പ്രവീണ്‍ തൊഗാഡിയ ഇടഞ്ഞുകഴിഞ്ഞിരുന്നു. എന്നാല്‍ തൊഗാഡിയ പോലെ എത്രയോ ഇനത്തെ പെറ്റും പോറ്റിയും ചവിട്ടിത്താഴ്ത്തിയും തഴക്കം വന്ന മോദിയെ പരാജയപ്പെടുത്തുക അത്ര എളുപ്പമായിരുന്നില്ല. 2012ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മോദിയെ തോല്‍പിക്കാനിറങ്ങിയവരുടെ കൂട്ടത്തില്‍ കേശുഭായി പട്ടേലിനും ഗോവര്‍ധന്‍ സഡാഫിയക്കും ഒപ്പം തൊഗാഡിയയുണ്ടായിരുന്നു. പക്ഷെ കലാപം ആസൂത്രണം ചെയ്യുക മാത്രമല്ല, ആസ്പത്രികളില്‍ ചികിത്സ നിഷേധിക്കുകയും പൊലീസിനെ പൂര്‍ണമായി കാവിപ്പടയാളികളാക്കുകയും ചെയ്ത കലാപകാല ആഭ്യന്തര മന്ത്രി ഗോവര്‍ധന്‍ സഡാഫിയയും തൊഗാഡിയയും മോദിക്കെതിരെ അണിനിരന്നപ്പോള്‍ മുസ്‌ലിംകള്‍ പോലും മോദിയില്‍ ഒരു നരേന്ദ്രനെ ദര്‍ശിച്ചുപോയി. മികച്ച വിജയമാണ് മോദിക്ക് ആ തെരഞ്ഞടുപ്പിലുണ്ടായത്.

അഹമ്മദാബാദിലെ ഒരു പാര്‍ക്കില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയ തൊഗാഡിയ രാജ്യത്തോട് വിളിച്ചുപറഞ്ഞത് തന്നെ വ്യാജ ഏറ്റുമുട്ടലില്‍ കൊല ചെയ്ത് അതിന്റെ പാപഭാരം കൂടി ചില സമുദായങ്ങള്‍ക്കുമേല്‍ കെട്ടിവെക്കാന്‍ പ്രധാനമന്ത്രിയും അഹമ്മദാബാദിലെ ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ടായ ജെ.കെ ഭട്ടും ഗൂഢാലോചന നടത്തിയെന്നാണ്. ബി.ജെ.പിയുടെ അഖിലേന്ത്യാ പ്രസിഡന്റ് അമിത്ഷാ ഉള്‍പ്പെടുന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസിന്റെ വിചാരണക്കിടെ കൊല ചെയ്യപ്പെട്ട ന്യായാധിപന്‍ സുപ്രീംകോടതിയെ വരെ പിടിച്ചുകുലുക്കിയ സന്ദര്‍ഭത്തില്‍ തൊഗാഡിയ ഇതിന് തെളിവുമായി പ്രത്യക്ഷപ്പെടുന്നത് ഒരു കാവ്യ നീതിയായിരിക്കാം. ഗുജറാത്തുകാരനായ ബി.ജെ.പി നേതാവ് സഞ്ജയ് ജോഷിക്ക് സ്ഥാനം നഷ്ടപ്പെടാനിടയായ വ്യാജ ലൈംഗിക സിഡി എങ്ങനെ വന്നുവെന്ന് തുടങ്ങി മോദിയടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ഭയക്കേണ്ട പലതും വെളിപ്പെടുത്തുമെന്ന ഭീഷണി തൊഗാഡിയ നടത്തിയിട്ടുണ്ട്. ‘കാവിയില്‍ പ്രതിബിംബിക്കുന്ന മുഖങ്ങളും മുഖം മൂടികളും’ എന്ന ശീര്‍ഷകത്തില്‍ തൊഗാഡിയ പ്രസിദ്ധീകരിക്കാനിരിക്കുന്ന പുസ്തകമാണ് പത്തു വര്‍ഷം മുമ്പത്തെ അറസ്റ്റ് വാറന്റ് പൊടി തട്ടിയെടുത്ത് വിശ്വഹിന്ദു പരിഷത്തിന്റെ അഖില ലോക നേതാവിനെ തേടി പുറപ്പെടാന്‍ രാജസ്ഥാന്‍ പൊലീസിനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. ഏറ്റവും ഉയര്‍ന്ന ഇസഡ് പ്ലസ് കാറ്റഗറിയിലെ സുരക്ഷ 24 മണിക്കൂര്‍ ലഭിക്കുന്ന നേതാവിനെ നാലു ദിവസമായി കാണാനില്ലെന്ന പരാതി വി.എച്ച്.പി നേതാക്കള്‍ അഹമ്മദാബാദ് പൊലീസില്‍ സമര്‍പ്പിച്ചിരിക്കെയാണ് രാത്രി ഒരു പാര്‍ക്കില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരായ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ കേസുകള്‍ വന്നതിന്റെ ക്രെഡിറ്റ് തൊഗാഡിയക്കാണ്. പിന്നെ പിന്നെ പൊലീസ് കേസെടുക്കാതായതുകൊണ്ടാണ്, പ്രസംഗം നിര്‍ത്തിയതുകൊണ്ടല്ല കേസുകള്‍ രണ്ടക്കത്തില്‍ ഒതുങ്ങിയത്. അതില്‍ പത്തു വര്‍ഷം മുമ്പത്തെ വാറണ്ടുമായി രാജസ്ഥാനില്‍ നിന്ന് പൊലീസ് അഹമ്മദാബാദില്‍ എത്തിയിരുന്നു. ആ വിവരം പക്ഷെ ഈ അന്താരാഷ്ട്ര നേതാവിനെ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാജ അറിയിച്ചുമില്ല.

ചെറുപ്പത്തില്‍ തന്നെ ആര്‍.എസ്.എസില്‍ അംഗമായ തൊഗാഡിയ ഒരു വനവാസക്കാലം അഹമ്മദാബാദില്‍ ധന്വന്തരി എന്ന പേരില്‍ ഒരു ആസ്പത്രി നടത്തി. നരേന്ദ്രമോദിയുടെ ആദ്യകാല സഹപ്രവര്‍ത്തകന്‍. ഡോക്ടര്‍ 1983ല്‍ വിശ്വഹിന്ദു പരിഷത്ത് രൂപവത്കരിച്ചപ്പോള്‍ 1984ല്‍ മോദി ബി.ജെ.പി.യില്‍ ചേര്‍ന്നു. പ്രവര്‍ത്തന മണ്ഡലം ഡല്‍ഹിയിലേക്ക് മാറ്റിയ മോദിയെ 2001ല്‍ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് കൊണ്ടുവന്നതില്‍ തൊഗാഡിയക്ക് വലിയ പങ്കുണ്ട്. അതിന് പ്രതിഫലമായെന്നോണം തൊഗാഡിയയുടെ വലംകൈയായ ഗോവര്‍ധന്‍ സഡാഫിയയയെ ആഭ്യന്തര വകുപ്പ് മന്ത്രിയാക്കുകയും ചെയ്തു. ഈ സവിശേഷ സാഹചര്യത്തിലാണ് 2002ലെ ഗുജറാത്ത് കലാപം അരങ്ങേറുന്നത്. പൊലീസുകാരെ തലങ്ങും വിലങ്ങും മാറ്റിയും മറിച്ചും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തത് തൊഗാഡിയയായിരുന്നു. അത് വിനയാകുമെന്ന് ബോധ്യപ്പെട്ട മോദി സഡാഫിയയെ പിടിച്ചു പുറത്തിട്ടു. അതോടെ തൊഗാഡിയയും പിണങ്ങി. സഡാഫിയ മഹാഗുജറാത്ത് ജനതാപാര്‍ട്ടി രൂപവത്കരിച്ചപ്പോള്‍ തൊഗാഡിയ പിന്തുണക്കുകയുമുണ്ടായി.

അശോക് സിംഗാളിന് ശേഷം വി.എച്ച്.പിയുടെ എല്ലാമായി മാറിയ തൊഗാഡിയ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് പ്രസിദ്ധനായിരുന്നു. ഗുജറാത്തിനെ 2015ല്‍ ഹിന്ദു സ്റ്റേറ്റ് ആക്കുമെന്ന് തൊഗാഡിയ പ്രഖ്യാപിച്ചതില്‍ മോദിക്ക് അതൃപ്തി തോന്നിയതിന് കാരണം ആ പ്രഖ്യാപനത്തിന് തെരഞ്ഞെടുത്ത സമയത്തെ ചൊല്ലിയായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി പദവിയില്‍നിന്ന് പ്രധാനമന്ത്രി പദത്തിലേക്കുള്ള പ്രയാണം ഒരു സദ്ഭാവനാമന്ത്രത്തിലൂടെ നേടിയെടുക്കാനൊരുങ്ങുമ്പോഴായിരുന്നുവല്ലോ ഈ പ്രഖ്യാപനം. രാജ്യമൊട്ടുക്കും ത്രിശൂലങ്ങള്‍ വിതരണം ചെയ്തും മറ്റും പ്രകോപനങ്ങള്‍ സൃഷ്ടിച്ച തൊഗാഡിയയുടെ ഇന്നത്തെ അവസ്ഥ ആരേയും ദുഃഖിപ്പിക്കും.

SHARE