നിത്യ രോഗികളാക്കുന്ന മത്സ്യ വിപണന മാഫിയ


മലയാളി ഒരു ദിവസം കഴിക്കുന്നത് 2500 ടണ്‍ മത്സ്യം. മത്സ്യവിപണിയില്‍ ദിനംപ്രതി മറിയുന്നതാകട്ടെ കോടികളും. ലാഭവും പെരും ലാഭവുമാണ് വിപണിയെ ചലിപ്പിക്കുന്നത്. വിരലിലെണ്ണാവുന്ന മൊത്തക്കച്ചവടക്കാരുടെ കുത്തകയായി കേരളത്തിലെ മത്സ്യവിപണന രംഗം മാറിയിട്ട് വര്‍ഷങ്ങളായി. മത്സ്യവിപണന മേഖലയില്‍ പങ്കൊന്നുമില്ലെന്ന മട്ടിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍. ഫലമാകട്ടെ ലാഭക്കൊതിയന്മാര്‍ കേരളീയരെ വിഷം തീറ്റിക്കുന്നു.
കേരളത്തിന്റെ തീരങ്ങളില്‍നിന്ന് ലഭിക്കുന്ന മത്സ്യത്തിന്റെ അളവ് 1000 ടണ്ണിന് താഴെയാണ്. ട്രോളിങ് നിരോധന സമയത്ത് മത്സ്യലഭ്യത ഇതിന്റെ പത്തിലൊന്നായി കുറയും. കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ പിടിക്കുന്നതിന്റെ ഒന്നര ഇരട്ടിയാണ് അന്യസംസ്ഥാനങ്ങളില്‍നിന്നും അതിര്‍ത്തികടന്ന് പ്രതിദിനം കേരളത്തിലെത്തുന്നത്. കേരളത്തിലെ മത്സ്യവിപണിയും വിലയും നിയന്ത്രിക്കുന്ന മൊത്തക്കച്ചവടക്കാര്‍ക്ക് കേരള വിപണി എന്നും ചാകരയാണ്. ഇതിനായി കൃത്രിമ ക്ഷാമം സൃഷ്ടിച്ചും ചെറുകിട വ്യാപാരികളെ തകര്‍ത്തും അധോലോകത്തെ വെല്ലുന്ന മാഫിയാ തന്ത്രങ്ങളാണ് മത്സ്യവിപണിയില്‍ അരങ്ങേറുന്നത്.
എന്നാല്‍ സംസ്ഥാനത്തെ ഫിഷിങ് ഹാര്‍ബറുകളെ കയ്യടക്കാന്‍ വന്‍കിട മൊത്തക്കച്ചവടക്കാര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ഇതിനാല്‍ തീര നഗരങ്ങളിലെങ്കിലും വളരെ ന്യൂനപക്ഷത്തിന് വിഷലിപ്തമല്ലാത്ത മത്സ്യം ലഭിക്കുന്നുണ്ട്. പക്ഷേ കേരളത്തിലെ 90 ശതമാനം അടുക്കളകളിലുമെത്തുന്ന മത്സ്യങ്ങളില്‍ മാരക വിഷം അടങ്ങിയിരിക്കുന്നുവെന്നതാണ് വസ്തുത. അമോണിയ, ഫോര്‍മലിന്‍, ബെന്‍സോയേറ്റ് തുടങ്ങിയ കൊടുംവിഷം വലിയ തോതില്‍ കലര്‍ത്തിയ മത്സ്യങ്ങളാണ് അന്യസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് എത്തുന്നത്. കപ്പല്‍ ബോട്ടുകളുടെ വരവോടെയാണ് ഫോര്‍മാലിന്‍ വ്യാപകമായത്. മത്സ്യബന്ധനത്തിന്‌ശേഷം ആഴ്ചകള്‍ കഴിഞ്ഞാണ് ഇവ തീരമടുക്കുന്നത്. മീന്‍ കേടുകൂടാതെ ‘ഫ്രഷ്’ ആയി ഹാര്‍ബറിലെത്തിക്കാന്‍ ഫോര്‍മാലിനെ ആശ്രയിച്ചതോടെയാണ് ഈ മാരക വിഷം മത്സ്യവിപണന മേഖലയിലും വ്യാപകമായത്. മൃതദേഹങ്ങള്‍ കേടാകാതെ സൂക്ഷിക്കുന്ന ഫോര്‍മാലിന്‍ എന്ന കൊടുംവിഷത്തിന്റെ വീര്യം മത്സ്യം വേവിച്ചാല്‍ പോലും കെടില്ല. മീന്‍ കൂടുതല്‍ ദിവസം വെക്കണമെങ്കില്‍ കൂടുതല്‍ ഫോര്‍മാലിന്‍ എന്നതാണ് മൊത്തകച്ചവടക്കാരുടെ ഫോര്‍മുല. മീനിന്റെ കണ്ണും ചെകിളയും ഉള്‍പ്പെടെ ഫ്രഷ്. എന്നാല്‍ ഫോര്‍മാലിന്‍ അടങ്ങിയ മീന്‍ സ്ഥിരമായി കഴിക്കുന്നവരെ കാത്തിരിക്കുന്നത് അര്‍ബുദം ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍. കരള്‍, വൃക്ക, നാഡീവ്യൂഹം തുടങ്ങിയവയേയും ഈ മാരകവിഷം തകര്‍ക്കും. സോഡിയം ബെന്‍സോയേറ്റ് ഇതിനേക്കാള്‍ മാരകമാണ്. ജനിതക വൈകല്യമുള്‍പ്പെടെ തലമുറകളെ തന്നെ ബാധിക്കുന്ന കൊടുംവിഷമാണ് ബെന്‍സോയേറ്റ്. അര്‍ബുദവൂം അകാല വാര്‍ധക്യവും തുടങ്ങി ഒരു ജനതയുടെ പ്രസന്നതയെ തന്നെ ഈ വിഷം നശിപ്പിക്കും. മലയാളി അഭിമുഖീകരിക്കുന്ന സമകാലിക പ്രശ്‌നങ്ങളില്‍ ഏറ്റവും പ്രധാനം മീനിലെ ഈ കൊടുംവിഷം തന്നെയാണ്. സ്വന്തം ജനത നേരിടുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നം പക്ഷേ സര്‍ക്കാര്‍ വളരെ ലാഘവത്തോടെ തള്ളുകയാണ് വര്‍ഷങ്ങളായി ചെയ്യുന്നത്. അര്‍ബുദ രോഗികളെ ചൂണ്ടി തമിഴ്‌നാട്ടിലെ പച്ചക്കറി കര്‍ഷകരേയും കോഴി ഫാം ഉടമകളേയും പഴിചാരുകയാണ് പതിവ്. എന്നാല്‍ പകല്‍ കൊള്ളക്കായി കൊടുംവിഷം ചേര്‍ക്കുന്ന മത്സ്യ മൊത്ത കച്ചവടക്കാരെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നുമില്ല.
തമിഴ്‌നാട്ടിലെ തൂത്തുക്കുടി, കര്‍ണാടകയിലെ മംഗലാപുരം എന്നിവിടങ്ങളില്‍നിന്നാണ് കേരളത്തില്‍ പ്രധാനമായും മത്സ്യമെത്തുന്നത്. ഈ രണ്ട് ഹാര്‍ബറുകളില്‍നിന്നും ഫ്രീസര്‍ ട്രക്കുകളില്‍ കൊണ്ടുവരുന്ന മീന്‍ കേടുകൂടാതെ സംസ്ഥാനത്തെ ഏത് വിപണിയിലും 12 മണിക്കൂറിനുള്ളില്‍ എത്തിക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ മത്സ്യ വിപണിയെ നിയന്ത്രിക്കാനുള്ള മൊത്തക്കച്ചവടക്കാരുടെ കുതന്ത്രങ്ങളാണ് മത്സ്യത്തെ വിഷമയമാക്കുന്നതും മലയാളിയെ മഹാരോഗികളാക്കുന്നതും. മത്സ്യലഭ്യതയുടെ തോതനുസരിച്ചാണ് വില നിശ്ചയിക്കപ്പെടുകയെന്നതിനാല്‍ വിപണിയിലേക്ക് മത്സ്യമെത്തുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുകയാണ് മൊത്തകച്ചവടക്കാര്‍ ചെയ്യുന്നത്. ഇതിനായി കൃത്രിമ ക്ഷാമം സൃഷ്ടിക്കാന്‍ ചിലപ്പോള്‍ മാസങ്ങളോളം മീന്‍ പിടിച്ചുവെക്കും. ഫോര്‍മാലിന്‍ ഉള്‍പ്പെടെ കൊടും വിഷങ്ങളാണ് ഇതിന് ഉപാധി. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള വിപണി വില നിശ്ചയിക്കുന്നത് പത്തില്‍ താഴെ വരുന്ന മൊത്തകച്ചവടക്കാരായതിനാല്‍ കാര്യം എളുപ്പവുമാണ്. സര്‍ക്കാര്‍ മീന്‍കാര്യത്തിലൊന്നും ഇടപെടില്ലെന്ന് അവര്‍ക്ക് നന്നായറിയുകയും ചെയ്യാം.
മത്സ്യ വിപണന മേഖലയില്‍ നടക്കുന്ന കൊടും കുറ്റത്തെ നിസ്സാരവത്കരിക്കുകയാണ് സര്‍ക്കാരും അധികൃതരും ചെയ്യുന്നത്. മത്സ്യത്തിലെ വിഷാംശം കണ്ടെത്താനുള്ള പേപ്പര്‍ സ്ട്രിപ്പുകള്‍ മെഡിക്കല്‍ സ്റ്റോറുകള്‍ വഴി ലഭ്യമാക്കുമെന്നാണ് ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ പ്രഖ്യാപനത്തിന് ഒരു വര്‍ഷത്തിലേറെ പഴക്കമുണ്ടെങ്കിലും നടപ്പായിട്ടില്ല. പേപ്പര്‍ സ്ട്രിപ്പുകള്‍ ലഭ്യമായാല്‍ തന്നെ ഉപഭോക്താവിന് മത്സ്യത്തില്‍ വിഷം കണ്ടെത്തിയാല്‍ അവ ഉപേക്ഷിക്കാമെന്നല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ തെളിവൊന്നുമില്ലാത്തതിനാല്‍, ഉപഭോക്താവിന് നിയമ നടപടി സ്വീകരിക്കാന്‍ കടമ്പകളേറെയാണ്. മാത്രമല്ല, പേപ്പര്‍ സ്ട്രിപ്പുകള്‍ വ്യാപകമായാല്‍ തന്നെ എത്ര പേര്‍ ഇത് ഉപയോഗിക്കുമെന്നതും പ്രശ്‌നമാണ്.
ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയാല്‍ തന്നെ കേരളത്തിലേക്ക് വിഷ മീനുകള്‍ എത്തുന്നത് സര്‍ക്കാരിന് തടയാനാകും. എന്നാല്‍ മൊത്തക്കച്ചടവടക്കാര്‍ കാണേണ്ടതു പോലെ കാണുന്നതിനാല്‍ പരിശോധനകള്‍ പേരിന് മാത്രമാകുന്നതാണ് സ്ഥിതി. കമ്മീഷന്‍ കടകള്‍ വഴിയാണ് സംസ്ഥാനത്തെ മത്സ്യ വിപണനം ഇപ്പോള്‍ തകൃതിയില്‍ നടക്കുന്നത്. ഇവിടങ്ങളിലും പരിശോധനകള്‍ നടത്താന്‍ അധികൃതര്‍ മടിക്കുകയാണ്. ട്രോളിങ് നിരോധന കാലത്ത് ചില പരിശോധനകള്‍ നടത്തുന്നുണ്ടെങ്കിലും നിരോധനം കഴിയുന്നതോടെ നിലക്കുകയാണ് പതിവ്. സംസ്ഥാന ഭക്ഷ്യ സുരക്ഷാവകുപ്പ് ഓപ്പറേഷന്‍ സാഗര്‍ റാണി പോലുള്ളവ നടപ്പാക്കിയെങ്കിലും ഫലപ്രദമായില്ല.
കേരളത്തില്‍ വിഷലിപ്ത മത്സ്യം വിപണനം ചെയ്യാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ തീരുമാനമെടുത്താല്‍ തീരുന്നതാണ് യഥാര്‍ത്ഥത്തില്‍ മത്സ്യവിപണന മേഖലയിലെ പ്രശ്‌നം. 85 ശതമാനം പേര്‍ മത്സ്യം കഴിക്കുന്ന സംസ്ഥാനത്ത്, ഏറ്റവും ഗുരുതരമായ ആരോഗ്യ പ്രശ്‌നം ഉണ്ടാക്കുന്ന ഒരു കാര്യത്തില്‍ സര്‍ക്കാര്‍ ഇത്ര നിര്‍ഗുണത കാണിക്കുന്നത് എന്തിനാണ്. കര്‍ശന നിയമങ്ങള്‍ ഉണ്ടാക്കുന്നതുകൊണ്ട് മാത്രമായില്ല, അവ കാര്യക്ഷമമായി നടപ്പാക്കാന്‍കൂടി കഴിഞ്ഞാല്‍ മാത്രമേ നിയമത്തിന് പ്രസക്തിയുണ്ടാകുകയുള്ളൂ. എല്ലാ നിയമങ്ങളെയും വെല്ലുവിളിച്ചാണ് മലയാളിയെ നിത്യരോഗികളാക്കി ഒരു ചെറിയ സംഘം തടിച്ചു കൊഴുക്കുന്നത്. ഇതിന് തടയിട്ടില്ലെങ്കില്‍ ഭാവി കേരളം ആസ്പത്രികളില്‍ തളച്ചിടപ്പെടും.

SHARE