പ്രവാസിയോട് വേണോ ഈ കൊടുംക്രൂരത


പതിനഞ്ചുകോടിയോളംരൂപ മുടക്കി നിര്‍മാണംപൂര്‍ത്തിയാക്കിയ വ്യാവസായിക കെട്ടിടത്തിന് തദ്ദേശസ്ഥാപനം നല്‍കേണ്ട ഉടമസ്ഥാവകാശസര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ കേരളത്തിലെ പ്രവാസിസംരംഭകന് ജീവന്‍ ഒടുക്കേണ്ടിവന്നിരിക്കുന്നു. ആഫ്രിക്കന്‍രാജ്യമായ നൈജീരിയയില്‍ ഒന്നരപതിറ്റാണ്ട് ജോലിചെയ്ത് കുടുംബത്തെയും സ്വന്തംനാടിനെയും സേവിച്ച മലയാളിയോട് കേരളത്തിലെ ഇടതുപക്ഷ ഭരണാധികാരികള്‍ ചെയ്ത ഈ ക്രൂരതക്ക് സമമായി പ്രവാസരംഗത്ത് മറ്റുവല്ലതുമുണ്ടോ. 15 കൊല്ലത്തെ തന്റെ നീക്കിയിരിപ്പായ 15 കോടി മുടക്കിയത് സ്വന്തംവരുമാനത്തിനുമാത്രം വേണ്ടിയല്ലെന്നും നിരവധിപേര്‍ക്ക് തൊഴില്‍ലഭിക്കുന്ന സംരംഭമാണ് അതെന്നും മനസ്സിലാക്കാതെയോ, അതോ ചിലരുടെ സങ്കുചിതകക്ഷിരാഷ്ട്രീയവും അധികാരപ്രമത്തതയുമാണോ ഈ മരണത്തിനുത്തരവാദികള്‍. രണ്ടാമതുപറഞ്ഞതുതന്നെയാണ് കണ്ണൂര്‍ ബക്കളത്ത് കൊറ്റാളി പാറയില്‍സാജന്റെ (49) കാര്യത്തില്‍ സംഭവിച്ചിരിക്കുന്നതെന്ന് വ്യക്തം. പ്രവാസികള്‍ കേരളത്തിന്റെ സമ്പത്താണെന്നും നിക്ഷേപസൗഹദമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ആണയിടുന്ന ഇടതുപക്ഷത്തിന്റെ ഭീകരമുഖമാണ് ഈ ദാരുണസംഭവത്തിലൂടെ ഒരിക്കല്‍കൂടി അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്. കണ്ണില്‍ചോരയില്ലാത്ത കമ്യൂണിസ്റ്റുകള്‍ക്കല്ലാതെ ഇത് ചെയ്യാനാകില്ല. ചുവപ്പുനാടയെന്നാല്‍ ആളെകൊല്ലുന്ന ചുവപ്പുകയറാണെന്ന്് അറിയാതിരുന്നതാണ് സാജന് പിണഞ്ഞ തെറ്റ്. ഇവിടെയാണത്രെ വര്‍ഗീയതവീഴുന്നതും വികസനം വാഴുന്നതും!
സി.പി.എം കുത്തകഗ്രാമമായ ബക്കളത്താണ് സാജന്‍ കണ്‍വന്‍ഷന്‍സെന്ററും വില്ലകളും നിര്‍മിച്ചത്. എന്നാല്‍ പ്ലാന്‍അനുസരിച്ചല്ല കെട്ടിടം പണിതതെന്നുപറഞ്ഞ് അത് പൊളിക്കാന്‍ ആന്തൂര്‍ നഗരസഭാഅധികൃതര്‍ നോട്ടീസ്‌നല്‍കി. ഇതേതുടര്‍ന്ന് മുനി.ചെയര്‍പേഴ്‌സന്‍ ഉള്‍പെടെയുള്ള നഗരസഭാ അധികാരികളെയും സി.പി.എമ്മിന്റെ മന്ത്രിയെയും ജില്ലാനേതാക്കളെയും സമീപിച്ചിട്ടും സാജന് നീതിഅകലെയായിരുന്നു. താന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ കെട്ടിടത്തിന് ഉടമസ്ഥാവകാശരേഖ നല്‍കില്ലെന്നത്രെ മുനി.ചെയര്‍പേഴ്‌സന്‍ പി.കെ ശ്യാമളയുടെ ഭീഷണി. സി.പി.എംകേന്ദ്രകമ്മിറ്റി അംഗമായ എം.ഗോവിന്ദന്റെ ഭാര്യകൂടിയാണ് അധ്യാപികയായ ശ്യാമള. കഴിഞ്ഞ ഒക്ടോബറില്‍ ടൗണ്‍പ്ലാനിംഗ് അധികൃതര്‍ പരിശോധനനടത്തി കുറ്റമില്ലെന്ന ്‌റിപ്പോര്‍ട്ട്് നല്‍കിയിട്ടുപോലും നഗരസഭ ഭരിക്കുന്ന പാര്‍ട്ടിക്കാര്‍ നിസ്സാരകാരണങ്ങള്‍ പറഞ്ഞ് കണ്‍വന്‍ഷന്‍സെന്ററിന് രേഖനല്‍കാതെ പ്രവര്‍ത്തനം നീട്ടിക്കൊണ്ടുപോകുകയായിരുന്നു. ആന്തൂര്‍നഗരസഭയില്‍ കൗണ്‍സിലര്‍മാരെല്ലാം സി.പി.എമ്മുകാരാണ് എന്നത് സാജന് നീതിനീളാന്‍ കാരണമായെന്നാണ് വിവരം. ഭാര്യയും രണ്ടുമക്കളുമുള്ള മുന്‍പ്രവാസിവ്യവസായിയോട് കാട്ടേണ്ട നീതിയാണോ ഇത്?
കോടികള്‍ പ്രവാസികളില്‍നിന്ന് പിരിവെടുത്തും വായ്പയെടുത്തും സംസ്ഥാനസര്‍ക്കാര്‍ പുനര്‍നിര്‍മിക്കുന്ന കേരളത്തില്‍ അവര്‍ക്ക് ഇടതുമുന്നണിനല്‍കുന്ന പ്രതിഫലമാണോ ഈജീവഹാനി. സാജന് രേഖനല്‍കുകയും അദ്ദേഹം ജീവിച്ചിരിക്കുകയും കണ്‍വന്‍ഷന്‍സെന്റര്‍ പ്രവര്‍ത്തനക്ഷമമാകുകയും ചെയ്തിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന നേട്ടം എന്തിനാണ് സി.പി.എം തല്ലിക്കെടുത്തിയത്. മറ്റൊരുപാര്‍ട്ടിയുടെ പ്രവര്‍ത്തകന് പോയിട്ട് അനുഭാവിക്കുപോലും വഴിനടക്കാന്‍ ഭയക്കേണ്ട സാഹചര്യമാണ് കണ്ണൂരിലെ പലഗ്രാമങ്ങളിലുമുള്ളത്. ഇതിന്റെഭാഗമായാണ് അരിയില്‍ഷുക്കൂറും ഫസലും ശുഹൈബും കാസര്‍ക്കോട്ടെ ശരത്‌ലാലും കൃപേഷുമൊക്കെ കൊല്ലപ്പെട്ടത്. പ്രവാസകാലത്ത് അത്യാധ്വാനം ചെയ്തുണ്ടാക്കിയ പണം ജന്മനാടിനുവേണ്ടി ചെലവഴിക്കാന്‍ തയ്യാറായിട്ടും ഇതാണവസ്ഥയെങ്കില്‍ പിന്നെ പ്രവാസികളുടെ ക്ഷേമത്തെക്കുറിച്ച് പിണറായിസര്‍ക്കാരിനും സി.പി.എമ്മിനും നാവടിക്കാന്‍ അവകാശമില്ല. പ്രവാസികൂട്ടായ്മക്കും കേരളവികസനത്തിനുമായി രൂപീകരിച്ച കേരളലോകസഭയും പ്രവാസിച്ചിട്ടിയും കിഫ്ബിയുമൊക്കെ പ്രവാസികളെ കറവപ്പശുവാക്കുന്നവ മാത്രമാണെന്നാണ് ഇതുകൊണ്ടൊക്കെ വ്യക്തമാക്കപ്പെടുന്നത്. വ്യവസായസംരംഭകര്‍ കേരളത്തിലേക്ക് വരുന്നില്ലെന്ന് പരിതപിക്കുന്ന സര്‍ക്കാരിന്റെ കാലത്ത് വന്നവരെപോലും ഇങ്ങനെയാണ് സ്വീകരിക്കുന്നതെങ്കില്‍ പിന്നെന്തുപറയാനാണ്. ഇവിടുത്തെതന്നെ വ്യാപാരിവ്യവസായികളോടുള്ള കമ്യൂണിസ്റ്റുകാരുടെ വിരോധവും പറയാനുണ്ടോ ?
മാന്ദ്യത്തിനിടയിലും ലക്ഷംകോടിയാണ് ഓരോവര്‍ഷവും മലയാളി ഇന്നുംകേരളത്തിലേക്ക് അയച്ചുകൊണ്ടിരിക്കുന്നത്. പതിറ്റാണ്ടുകളോളം മറുനാടുകളില്‍ മരുഭൂമിയിലും കഠിനകാലാവസ്ഥയിലും അധ്വാനിച്ചുണ്ടാക്കിയ പണം കേരളത്തില്‍ മുടക്കാമെന്നുവെച്ചാല്‍ അതിനുകഴിയില്ലെന്നുവരുന്നത് എത്രനാണക്കേടാണ്. മൂന്നുപതിറ്റാണ്ടുകള്‍ക്കുമുമ്പാണ് പ്രവാസിയുടെ കദനകഥകള്‍ വര്‍ണിച്ചുകൊണ്ട് ഇറങ്ങിയ മലയാളസിനിമ കേരളം മനസ്സാ ഉള്‍ക്കൊണ്ടത്. ഓരോഫയലും ഓരോ ജീവിതമാണെന്ന് 2016ല്‍ അധികാരമേറ്റെടുക്കുമ്പോഴും പിന്നീട് പലപ്പോഴും ആവര്‍ത്തിച്ച മുഖ്യമന്ത്രിക്ക് എന്തേ സ്വന്തംപാര്‍ട്ടിക്കാര്‍ അടക്കിഭരിക്കുന്ന തദ്ദേശസ്ഥാപനത്തോട് ഈസന്ദേശം ഉള്‍ക്കൊള്ളാന്‍ പറയാനായില്ല. 2018 ഫെബ്രുവരിയില്‍ കൊല്ലംപുനലൂരില്‍ സുഗതന്‍ എന്ന പ്രവാസിസംരംഭകന് സ്വന്തംവര്‍ക്ക്‌ഷോപ്പിനകത്ത് തീകൊളുത്തിമരിക്കേണ്ടിവന്ന സംഭവം കമ്യൂണിസ്റ്റുകാരന്‍ മറന്നാലും പ്രവാസികള്‍ക്ക് മറക്കാനാകില്ല. നിലംനികത്തിയതാണെന്ന് പറഞ്ഞായിരുന്നു ഇടതുമുന്നണിക്കാര്‍ വര്‍ക്ക്‌ഷോപ്പിനുമുന്നില്‍ കൊടികെട്ടി പണി മുടക്കിച്ചത്.
ജീവിതത്തിന്റെ പകലറുതിയോളം അന്യനാട്ടില്‍ ജീവിതംഹോമിക്കേണ്ടിവരുന്ന മലയാളിക്ക് നാട്ടിലെ രാഷ്ട്രീയക്കാരെ നേരിട്ടുപരിചയപ്പെടുന്നത് അവര്‍ ബക്കറ്റും രസീതുമായിവരുന്ന ഗള്‍ഫ്‌നാടുകളില്‍ വെച്ചാണ്. അവരുടെ വിയര്‍പ്പുമണക്കുന്ന കാശല്ലാതെ തിരിച്ചൊന്നും പ്രതീക്ഷിക്കേണ്ടെങ്കിലും സ്വന്തംജീവന്‍പോലും തട്ടിയെടുക്കപ്പെടുമെന്ന് ആരും നിനയ്ക്കില്ല. ഇതരരാഷ്ട്രീയാശയക്കാരെയും വിരുദ്ധാഭിപ്രായത്തിന്റെ പേരില്‍ സ്വന്തം പാര്‍ട്ടിക്കാരെപോലും കൊന്നുതള്ളുന്ന സി.പി.എം കാപാലികരാഷ്ട്രീയത്തിന് സാജന്റെ മരണവും അതിലൊന്നുമാത്രമായാല്‍ അല്‍ഭുതപ്പെടാനില്ല. പ്രവാസിവ്യവസായത്തിനും പുനരധിവാസത്തിനും വേണ്ടി ഓരോ ബജറ്റ്പ്രസംഗത്തിലും ആവര്‍ത്തിക്കുന്നതല്ലാതെ വന്‍കിട മാളുകളും പെട്ടിക്കടകളുമല്ലാതെ നാളിതുവരെയും കാര്യമായ വ്യവസായംതുടങ്ങാന്‍ ഏതെങ്കിലുംപ്രവാസിക്ക് കേരളത്തില്‍ കഴിഞ്ഞിട്ടുണ്ടോ. ഗള്‍ഫിലെയും അമേരിക്കയിലെയും അസ്വസ്ഥകളും കരിനിയമങ്ങളുംകൊണ്ട് നാട്ടിലേക്ക് വെച്ചുപിടിക്കുന്ന മലയാളികളോട് ഇടതുസര്‍ക്കാരും നോട്ടുനിരോധനത്തിലൂടെയും നികുതികളിലൂടെയും കേന്ദ്രസര്‍ക്കാരും വെച്ചുനീട്ടുന്ന ഈ വിഷത്താലങ്ങളാണ് തങ്ങളുടെ കേരളത്തിലെ രാഷ്ട്രീയത്തെ നിരാകരിക്കുന്നതെന്ന് തിരിച്ചറിയാന്‍ ഇനിയെങ്കിലും ഇക്കൂട്ടര്‍ക്ക് കഴിയുമോ ?

SHARE