വനിതാ മിതിലില്‍ മലക്കം മറിയുന്നവരോട്

വനിതാ മതിലില്‍ മലക്കം മറിയുന്ന സംസ്ഥാന സര്‍ക്കാര്‍ ഭരണകൂട നയവൈകല്യത്തിന്റെയും ക്രമവിരുദ്ധ ക്രയവിക്രയത്തിന്റെയും സ്വയം കുഴിതോണ്ടിയിരിക്കുകയാണ്. സ്ത്രീ ശാക്തീകരണത്തിനെന്ന പേരില്‍ സംഘടിപ്പിക്കുന്ന വനിതാമതിലിന് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് അമ്പത് കോടി രൂപ ചെലവഴിക്കുമെന്ന് ഹൈക്കോടതില്‍ സത്യവാങ്മൂലം നല്‍കിയതിന്റെ മഷിയുണങ്ങും മുമ്പാണ് ഇന്നലെ മുഖ്യമന്ത്രി മലക്കം മറിഞ്ഞു മൂക്കുകുത്തി വീണത്. മുന്നില്‍ രൂപപ്പെട്ട മഹാഗര്‍ത്തത്തിലേക്കു ആപതിക്കുമെന്ന ഭയപ്പാടാണ് വനിതാമതിലിന് സര്‍ക്കാര്‍ ഫണ്ടില്ലെന്ന് തുറന്നുപറയാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രേരിപ്പിച്ച ഘടകം. പാര്‍ട്ടി പരിപാടി ചുളുവില്‍ സര്‍ക്കാര്‍ ചെലവില്‍ നടത്താനുള്ള കള്ളക്കളി പിടിക്കപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രി രക്ഷക പരിവേഷമണിഞ്ഞു രംഗത്തെത്തിയത്. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ ബജറ്റില്‍ നീക്കിവെച്ച അമ്പത് കോടി രൂപയില്‍ നിന്നാണ് മതില്‍ പണിയാന്‍ പണം നല്‍കുന്നതെന്നായിരുന്നു കഴിഞ്ഞദിവസം സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം. മാത്രമല്ല, വനിതാമതിലുമായി ബന്ധപ്പെട്ട് ആദ്യം ഇറക്കിയ ഉത്തരവില്‍ പണം അനുവദിക്കാന്‍ ധനകാര്യവകുപ്പിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. പ്രതിപക്ഷം ശക്തമായ ആക്ഷേപം ഉന്നയിച്ചതോടെ പിന്നീട് സര്‍ക്കാര്‍ നിര്‍ദേശം ഒഴിവാക്കി മുഖംമിനുക്കുകയായിരുന്നു. എന്നാല്‍ രണ്ടാമത്തെ ഉത്തരവിനെ കാറ്റില്‍ പറത്തിയാണ് വനിതാമതിലിന് പൊതുപണം ചെലവഴിക്കുന്നതായി സര്‍ക്കാര്‍ കഴിഞ്ഞദിവസം കോടതിയെ അറിയിച്ചത്. ഇതും ചോദ്യം ചെയ്യപ്പെട്ടതോടെ വീണ്ടും കരണംമറിയാനായിരുന്നു സര്‍ക്കാറിന്റെ ഗതി. ഈ ‘കുട്ടിക്കുരങ്ങ് കളി’ കളങ്കിതന്റെ മുട്ടുവിറക്കും എന്ന പഴമൊഴിയെ കൂടുതല്‍ അന്വര്‍ത്ഥമാകുകയാണ്.
വനിതാമതിലിനായി 50 കോടി ചെലവിടുന്നതായുള്ള പ്രചാരണം തെറ്റാണെന്നാണ് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയത്. സ്ത്രീകളുടെ ക്ഷേമ പദ്ധതിക്കായി നീക്കിവച്ച തുകയാണ് 50 കോടിയെന്നും അതില്‍നിന്ന് ഒരു പൈസ പോലും വനിതാമതിലിന് ഉപയോഗിക്കില്ലെന്നും അദ്ദേഹം ആണയിട്ടു പറയുന്നുണ്ട്. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് ഇക്കാര്യത്തിന് പൊതുപണം ചെലവഴിക്കുമെന്ന് കഴിഞ്ഞദിവസം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്? സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ ബജറ്റില്‍ നീക്കിവെച്ച അമ്പത് കോടിയില്‍നിന്ന് വനിതാമതിലിന് ആവശ്യമായ പണം ചെലവഴിക്കുമെന്നാണല്ലോ സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഈ തുക ചെലവഴിച്ചില്ലെങ്കില്‍ നഷ്ടമാകുമെന്ന ന്യായവും സര്‍ക്കാര്‍ ഹൈകോടതിക്കു മുമ്പില്‍ നിരത്തിയിരുന്നു. വനിതാ മതിലിന്റെ സംഘാടനത്തിനായി സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കാന്‍ ഉദ്ദേശ്യമില്ലെന്നു ഡിസംബര്‍ 13ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചതായിരുന്നു. ഇതിനു പിന്നാലെയാണ് പൊതുഖജനാവില്‍നിന്നുള്ള പണം ഉപയോഗിച്ച് വനിതാമതില്‍ സംഘടിപ്പിക്കുമെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ഒടുവില്‍ കള്ളക്കളി കയ്യോടെ പിടികൂടിയപ്പോള്‍ കൈകഴുകാനാണ് മുഖ്യമന്ത്രി ഇന്നലെ സര്‍ക്കാര്‍ ഫണ്ട് തള്ളി നിലപാട് വ്യക്തമാക്കിയത്. വനിതാ മതിലിനു സര്‍ക്കാര്‍ ഫണ്ട് വിനിയോഗിക്കില്ലെന്ന നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഉറപ്പിനു വിരുദ്ധമായി കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയതിന്റെ പേരില്‍ മുഖ്യമന്ത്രിക്കെതിരെ കെ.സി ജോസഫ് എം.എല്‍.എ അവകാശ ലംഘന നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ഈ ഭയപ്പാടും മുഖ്യമന്ത്രിമന്ത്രിയെ പിടികൂടിയതിന്റെ ബഹിര്‍സ്ഫുരണമാണ് ഇന്നലത്തെ കരണംമറിച്ചിലെന്നു വ്യക്തം. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാനുള്ള പദ്ധതികള്‍ക്ക് വകയിരുത്തിയ 50 കോടിയില്‍ നിന്നാണ് പണം കണ്ടെത്തുന്നതെന്നും പദ്ധതിക്ക് തുക നീക്കിവക്കുമെന്നു പറഞ്ഞത് സാമ്പത്തിക വര്‍ഷം കഴിയും മുമ്പ് നടപ്പാക്കേണ്ടതുണ്ടെന്നുമാണ് സാമൂഹിക നീതി അഡീഷണല്‍ സെക്രട്ടറി ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണ പത്രികയില്‍ പറഞ്ഞിരുന്നത്. ഒരു രാത്രി കൊണ്ട് ഈ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ എന്തു ചെപ്പടിവിദ്യയാണ് സര്‍ക്കാര്‍ പ്രയോഗിച്ചത്? ഉത്തരം തേടിപ്പോയാല്‍ ഇതൊന്നുമല്ല നിലപാടു മാറ്റത്തിന്റെ സാംഗത്യമെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും ബോധ്യമാണ്.
സ്ത്രീകളുടെ ക്ഷേമ പദ്ധതികള്‍ക്കായി വനിതാ ശിശു വികസന വകുപ്പിന് ബജറ്റില്‍ അനുവദിച്ച 20 കോടി രൂപയുടെ സ്ഥിതി എന്താണെന്നു മനസിലാക്കിയാല്‍ സര്‍ക്കാര്‍ നിലപാടിലെ പൊള്ളത്തരം വീണ്ടും വെളിച്ചത്താകും. ബജറ്റില്‍ തുക പ്രഖ്യാപിച്ചതിനു ശേഷം 20 കോടിയില്‍നിന്ന് ആകെ ചെലവഴിച്ചത് ആറു കോടി രൂപ മാത്രമാണ്. എന്നിട്ടാണ് ബാക്കി തുക ചെലവഴിക്കാന്‍ വനിതാമതില്‍ എന്ന വെളിപാട് സര്‍ക്കാറിനുണ്ടായത്!. സ്ത്രീ ശാക്തീകരണത്തിന് വേണ്ടി അനുവദിച്ച 12 കോടിയില്‍ സര്‍ക്കാര്‍ ചെലവഴിച്ചത് കേവലം 264.94 ലക്ഷം രൂപ മാത്രമാണ്. -22 ശതമാനം. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്നു മാസം മാത്രം ശേഷിക്കേയാണ് ഈ കെടുകാര്യസ്ഥത എന്നോര്‍ക്കണം. 2018 ഫെബ്രുവരി രണ്ടിന് അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ 68-ാം ഖണ്ഡികയിലാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികള്‍ക്കായി 50 കോടി രൂപ വകയിരുത്തിയത്. സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന എല്ലാ ഏജന്‍സികള്‍ക്കുമായാണ് ഈ തുക അനുവദിച്ചത്. സ്ത്രീ വിരുദ്ധതയുടെ എല്ലാ മുഖങ്ങളും തുറന്നു കാട്ടുന്ന ശക്തമായ ആശയ പ്രചാരണം സമൂഹത്തില്‍ ആരംഭിക്കണമെന്നും ഇതിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വനിതാവികസന വകുപ്പടക്കമുള്ള ഏജന്‍സികള്‍ മുഖ്യപങ്കുവഹിക്കുമെന്നും ബജറ്റില്‍ അവകാശപ്പെട്ടിരുന്നു.
‘നിര്‍ഭയ’ പദ്ധതിക്കായി ഏഴു കോടി രൂപ സംസ്ഥാന ബജറ്റില്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇതില്‍ നിന്നും ആകെ ചെലവഴിച്ചത് 300.24 ലക്ഷം രൂപ മാത്രമാണ്. അതായത് 43 ശതമാനം തുക. ലിംഗ സമത്വത്തിനായുള്ള ബോധവത്കരണ പരിപാടികള്‍ക്ക് ഒരു കോടി രൂപ അനുവദിച്ചെങ്കിലും ഇതുവരെ 17.51 ലക്ഷം രൂപമാത്രമേ സര്‍ക്കാറിന് ചെലവഴിക്കാന്‍ സാധിച്ചുള്ളൂ. കാര്യങ്ങളുടെ യഥാസ്ഥിതി ഇതായിരിക്കെ സ്ത്രീ ശാക്തീകരണത്തിന് തൊണ്ടകീറി വീമ്പിളക്കുന്ന സര്‍ക്കാര്‍ വനിതാ മതിലെന്ന മേനി നടിച്ച് സ്വയം അപഹാസ്യരാവുകയാണ്. സര്‍ക്കാറിന്റെ സാമ്പത്തിക സഹായത്തോടെയുള്ള മറ്റേത് പരിപാടിയും പോലെ ഒന്നാണിതെന്നു അസന്നിഗ്ധമായി നിലപാടെടുത്തവര്‍ക്ക് വീഴ്ച ബോധ്യപ്പെട്ടപ്പോള്‍ സ്വയം തിരുത്തേണ്ടിവന്നുവെന്നത് സ്വാഭാവികമായി കണ്ടുകൂടാ. രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള സ്വന്തം അജണ്ടക്ക് സര്‍ക്കാറിന്റെ നിറം പകരാനുള്ള വൃഥാശ്രമം അങ്ങേയറ്റത്തെ നാണക്കേടാണുണ്ടാക്കിയിട്ടുള്ളത്. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ചലച്ചിത്രോത്സവത്തോടും കലോത്സവത്തോടും വനിതാമതിലിനെ താരതമ്യം ചെയ്തവര്‍ ഒടുവില്‍ പറഞ്ഞ വാക്ക് തൊണ്ടതൊടാതെ തന്നെ വിഴുങ്ങിയത് നന്നായി. അല്ലെങ്കില്‍ ജനാധിപത്യ വ്യവസ്ഥയോടുള്ള അവകാശ ലംഘനത്തിനും നീതിന്യായ വ്യവസ്ഥിതിയോടുള്ള നെറികേടിലും ഇതിലും വലിയ ഗതികേടില്‍ സര്‍ക്കാര്‍ വീണുപതിച്ചേനെ. പണം ചെലവഴിക്കുന്നതു പോലെ തന്നെ പ്രധാനമാണ് വനിതാമതിലുണ്ടാക്കുന്ന വര്‍ഗീയ വേര്‍തിരിവെന്ന കാര്യം സര്‍ക്കാര്‍ ഓര്‍ക്കുന്നത് നന്ന്.

SHARE