വിദ്യാഭ്യാസ സാമൂഹിക രംഗത്ത് കഠിന പ്രയത്‌നത്തിലൂടെ ഘട്ടംഘട്ടമായ പുരോഗതി കൈവരിച്ചുവരുന്ന മലപ്പുറം ജില്ല സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോല്‍സവത്തില്‍ കേരളത്തിന്റെ മൊത്തം അഭിമാനപാത്രമായി മാറിയിരിക്കുന്നു. ഞായറാഴ്ച കണ്ണൂരിലെ ചൊവ്വയില്‍ സമാപിച്ച ത്രിദിന ശാസ്ത്രമേളയില്‍ 124 പോയിന്റ് നേടിയാണ് മലപ്പുറം ജില്ലയിലെ കുരുന്നുശാസ്ത്രജ്ഞന്മാര്‍ കേരളത്തിന്റെ കൗമാര ശാസ്ത്രകിരീടം സ്വായത്തമാക്കിയത്. സാമൂഹികശാസ്്ത്രം, പ്രവൃത്തിചരിചയമേള എന്നിവയിലും മലപ്പുറത്തെ കുരുന്നുകള്‍ക്കാണ് കിരീടം എന്നത് യാദൃച്ഛികമായി കൈവന്നൊരു ഭാഗ്യമല്ല. ബുദ്ധിയും കഠിനാധ്വാനവും ചാലിച്ചെടുത്ത വിജയമാണിത്. പലവിധ കാരണങ്ങളാല്‍ ഗതകാലങ്ങളില്‍ സമൂഹത്തിന്റെ അരികുചാരിനിന്നിരുന്നൊരു സമൂഹത്തിന്റെ നെറുകയിലേക്കാണ് ഭൗതിക ശാസ്ത്രരംഗത്തെ ഈ പൊന്‍തൂവല്‍ എത്തിയിരിക്കുന്നതെന്നത് ലളിതമായി കാണാവുന്ന ഒന്നല്ല. ഇതിന് അര്‍ഹരായ മിടുക്കികളെയും മിടുക്കന്മാരെയും അതിനവരെ സഹായിച്ച അധ്യാപകരെയും രക്ഷാകര്‍ത്താക്കളെയുമൊക്കെ അകമഴിഞ്ഞ് പ്രശംസിക്കട്ടെ.
ശാസ്ത്രമേളയിലും സാമൂഹികശാസ്ത്രമേളയിലും 118ഉം 138ഉം പോയിന്റുകളോടെ രണ്ടാംസ്ഥാനം തൃശൂരിനാണ്. മൂന്നിനത്തിലും കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്. ശാസ്‌ത്രോല്‍സവത്തിന്റെ ഭാഗമായ ഗണിതശാസ്ത്രമേളയില്‍ കോഴിക്കോടിനാണ് കിരീടം. ഗണിതമേളയില്‍ ആതിഥേയരായ കണ്ണൂരിനാണ് രണ്ടാംസ്ഥാനം. നാലും തൊട്ടടുത്ത ജില്ലകളാണെന്നത് ചില സൂചകങ്ങള്‍ നമുക്ക് നല്‍കുന്നുണ്ടെങ്കിലും ഇതര ജില്ലകളേക്കാള്‍ അടിസ്ഥാന പഠനസൗകര്യങ്ങളുടെ കാര്യത്തിലുള്ള പിന്നാക്കാവസ്ഥവെച്ച് പരിശോധിക്കുമ്പോള്‍ മലപ്പുറത്തിന്റെ കുരുന്നുകള്‍ വന്‍ പ്രതീക്ഷകളാണ് കേരളത്തിന് സമ്മാനിച്ചിരിക്കുന്നത്. മറ്റ് പത്തു ജില്ലകളിലെ പ്രതിഭകളും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനമാണ് വ്യക്തിഗതമായി കാഴ്ചവെച്ചതെന്നതും കുറച്ചുകാണാനാവില്ല. ആവശ്യത്തിന് സൗകര്യവും സഹായസഹകരണങ്ങളും ലഭിച്ചാല്‍ കേരളത്തിന്റെ മക്കള്‍ ശാസ്ത്രഭൗതിക വിഷയങ്ങളില്‍ രാജ്യത്തിനും ലോകത്തിനും തന്നെ വഴികാട്ടിയാകുമെന്നാണ് ഇതുവരെയുള്ള അനുഭവം. കണ്ണൂര്‍ ചൊവ്വയില്‍ സംഭവിച്ച നേട്ടങ്ങളും രാജ്യത്തിന്റെ യശസ്സിനും ജനങ്ങളുടെ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഉതകുമെന്ന് പ്രത്യാശിക്കാം.
സെക്കണ്ടറി-ഹയര്‍സെക്കണ്ടറിതല ശാസ്ത്രമേളകളില്‍ ഇതിനുമുമ്പും മലപ്പുറത്തെ കുരുന്നു ശാസ്ത്രപ്രതിഭകള്‍ തങ്ങളുടെ പാടവം തെളിയിച്ചിട്ടുണ്ട്. ശാസ്ത്ര വിദ്യാര്‍ത്ഥികളാണ് അധികവും മേളയില്‍ പങ്കെടുത്ത് മികവ് തെളിയിക്കുന്നതെങ്കിലും അതല്ലാത്ത വിദ്യാര്‍ത്ഥികളും മേളയില്‍ പങ്കെടുക്കുന്നുണ്ടെന്നത് അഭിമാനകരമാണ്. സാമൂഹികശാസ്ത്രം, പ്രവൃത്തിപരിചയമേളകളില്‍ ഈ സാന്നിധ്യം കാണാനാകും. പ്രളയം വരുന്ന കാരണവും അതിനെ നേരിടുന്ന മാര്‍ഗങ്ങളുമൊക്കെ ഇത്തവണത്തെ ശാസ്‌ത്രോല്‍വത്തില്‍ കുരുന്നുകളുടെ കുഞ്ഞുമനസ്സുകളില്‍നിന്ന് മുതിര്‍ന്നവര്‍ക്ക് പഠിക്കാനായി. അണക്കെട്ടുകളില്‍ വെള്ളം നിറയുന്നതിന്റെ അളവ് ഉപഗ്രഹ സംവിധാനം മുഖേന മുന്‍കൂട്ടി മനസ്സിലാക്കുന്നതിനുള്ള ശാസ്ത്രീയ സംവിധാനങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് കൗമാരശാസ്ത്രജ്ഞന്മാര്‍ കാഴ്ചവെച്ച മാതൃകാസംവിധാനം ഏവരുടെയും പ്രശംസ പിടിച്ചുപറ്റുന്നതായി. നിശ്ചല മാതൃകകള്‍, പ്രവൃത്തി മാതൃകകള്‍ എന്നിവയില്‍ ഒന്നാമതെത്തിയ എസ് ശ്രീലക്ഷ്മി, അനുശ്രീ അശോക്, ദേവപ്രിയ, സിദ്ധാര്‍ത്ഥ് വി. നായര്‍ എന്നിവരുടെ കഴിവുകള്‍ പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു. തേങ്ങയിടാന്‍ സഹായിക്കുന്ന റിമോര്‍ട്ട് സെന്‍സിങ് കോക്കബോട്ട യന്ത്രം, കാട്ടുതീ തടയുന്നതിനും വനസംരക്ഷണത്തിനുമുള്ള നൂതനമാതൃകകള്‍, ഉരുള്‍പൊട്ടല്‍ തടയുന്ന മാര്‍ഗം, പുരാതന ചരിത്രസ്ഥലികള്‍ തുടങ്ങിയവയുടെ പ്രദര്‍ശനം അളവറ്റ ആകര്‍ഷണീയതയായി.
കൗമാര പ്രതിഭകളുടെ തുടര്‍ന്നുള്ള പഠന സൗകര്യത്തിന് കൂടി സഹായമൊരുക്കുന്നിടത്തുമാത്രമേ ഈ നേട്ടം കൊണ്ടൊക്കെ ഗുണമുള്ളൂ എന്ന തിരിച്ചറിവാണ് യഥാര്‍ത്ഥത്തില്‍ മുതിര്‍ന്നവര്‍ക്കും ഉത്തരവാദിത്തപ്പെട്ടവര്‍ക്കും വേണ്ടത്. അല്ലെങ്കില്‍ ഈ നൂതന ചിന്തയെല്ലാം കുടംകമഴ്ത്തിവെച്ച് വെള്ളമൊഴിക്കുന്ന പാഴ്‌വേലയായി മാറുകയേ ഉള്ളൂ. എഞ്ചിനീയറിങ് മേഖലയില്‍നിന്ന ്‌കേരളത്തില്‍ പ്രതിവര്‍ഷം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പുറത്തിറങ്ങുന്നത്. ഇവര്‍ക്ക് മതിയായ തൊഴിലവസരങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ നമുക്കാവുന്നില്ലെന്നത് പച്ചയായ യാഥാര്‍ത്ഥ്യമാണ്. പകരമോ ബി.ടെക്കും എം.ടെക്കും വരെ കഴിഞ്ഞവര്‍ വയറിങ് ജോലിക്കും അതുമായി പുലബന്ധമില്ലാത്ത പൊലീസ്, ബാങ്കിങ് തുടങ്ങിയ മേഖലകളിലേക്ക് എടുത്തെറിയപ്പെടുന്നു. കേവലമായ പുസ്തക പഠനം കൊണ്ടുമാത്രം വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ മതിയായ തോതില്‍ വികസിപ്പിക്കപ്പെടുന്നില്ലെന്ന തിരിച്ചറിവാണ് തൊഴിലധിഷ്ഠിതമായ വിദ്യാഭ്യാസത്തിനുള്ള പ്രസക്തിയിലേക്ക് ജനശ്രദ്ധ തിരിച്ചത്. എന്നിട്ടും ഇന്നും തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നേടിയവര്‍ക്ക് പോലും വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ വരുന്നുവെന്നത് നമ്മുടെ ഭരണസംവിധാനത്തിന്റെ പിടിപ്പുകേടാണ്. വിദ്യാഭ്യാസത്തെ തൊഴിലുമായി കൂട്ടിയിണക്കുന്ന പാശ്ചാത്യരീതിയിലുള്ള പഠന സംവിധാനമാണ് നാം പ്രയോഗവത്കരിക്കേണ്ടത്. ഗള്‍ഫ് മേഖലയില്‍ അന്നത്തിന് വകതേടി പോകുന്ന അരക്കോടിയോളം മലയാളികളില്‍ നല്ലൊരു പങ്കും അവിദഗ്ധമായ കച്ചവടമേഖലയില്‍ നിലകൊള്ളേണ്ട ഗതികേട് സംഭവിച്ചത് ദീര്‍ഘവീക്ഷണമില്ലാത്ത ഇത്തരം വിദ്യാഭ്യാസ സമ്പ്രദായം മൂലമാണ്. എങ്കിലും തീര്‍ത്തും വിദ്യാഭ്യാസമില്ലാതെ സമൂഹത്തിലെ വരേണ്യരുടെ കാല്‍കീഴിലേക്ക് അമര്‍ത്തപ്പെട്ടൊരു തൊഴിലാളി ജനതക്ക് വിദ്യയുടെ നിറവെളിച്ചം നല്‍കാന്‍ സഹായിച്ചത് ദീര്‍ഘദൃക്കുകളായ വിദ്യാഭ്യാസ മന്ത്രിമാരായിരുന്നുവെന്നത് സത്യം. കുരുന്നുമക്കള്‍ വിദ്യാലയങ്ങളില്‍ പോകുന്നതുകണ്ട് ആനന്ദക്കണ്ണീരൊഴുക്കിയ നേതാക്കളുണ്ടായിരുന്നു നമുക്ക്. ജോസഫ് മുണ്ടശ്ശേരിയും സി.എച്ച് മുഹമ്മദ് കോയയും മറ്റും നിശ്ചയദാര്‍ഢ്യത്തോടെ നടപ്പാക്കിയ വിദ്യാഭ്യാസ സമ്പ്രദായം പിന്നീടെപ്പോഴോ കാലത്തിനൊപ്പം പിടിച്ചുനില്‍ക്കാനാകാതെ നമ്മെ കൈവിട്ടുപോയി. യന്ത്രവല്‍കരണത്തെ വിതണ്ഡമായി എതിര്‍ത്തും മലപ്പുറത്തെ മുസ്‌ലിം സമുദായത്തെ പകര്‍ത്തിയെഴുത്തുകാരെന്ന് ആക്ഷേപിച്ചും അധികാര കേന്ദ്രങ്ങളില്‍ വാണവരുടെ മിഥ്യാഇടതുപക്ഷ ബോധമാണ് ഇവ്വിധം പിറകോട്ടുപിടിച്ചുവലിച്ചത്. കാലപ്രയാണം തുടരുകതന്നെയാണ്. അന്യദേശങ്ങളില്‍ അവരവര്‍ക്ക് ജോലികൊടുക്കുകയെന്ന നയം അറബ് രാജ്യങ്ങള്‍ സ്വീകരിക്കുകയും പാശ്ചാത്യരാജ്യങ്ങള്‍ മുതലാളിത്തത്തിന്റെ സ്വാഭാവികമായ പതനത്തിലേക്ക് ആണ്ടിറങ്ങുകയും ചെയ്യുമ്പോള്‍ അവശേഷിക്കുന്ന പ്രതീക്ഷയാവേണ്ടതാണ് കേരളവും ഇന്ത്യയും. ഗള്‍ഫ് പ്രവാസികളിലധികവും മലപ്പുറത്തുകാരാണെന്നതും ഇതുമായി കൂട്ടിവായിക്കണം. മലപ്പുറവും തൃശൂരും കോഴിക്കോടുമെല്ലാം ഭാവിതലമുറയിലൂടെ പറയുന്നതും അതാണ്. വിദ്യാഭ്യാസവിചക്ഷണരും അധികാരകേന്ദ്രങ്ങളും കണ്‍തുറന്നുകാണേണ്ടത് ഈ സന്ദേശമാകണം. ഈ കുരുന്നുകളാകട്ടെ ശാസ്ത്രരംഗത്തെ ഭാവിതലമുറയുടെ മാര്‍ഗദീപങ്ങള്‍.