രാജ്യം ഭരിക്കുന്നത് മാഫിയാസംഘമോ

ജനാധിപത്യത്തിലെ പരിപാവനമായ ഭരണഘടനാസ്ഥാപനങ്ങളെല്ലാം അധികാര-സാമ്പത്തിക നേട്ടത്തിനായി എത്ര സ്വേച്ഛാപരമായി ചൂഷണം ചെയ്യപ്പെടാമെന്ന് കഴിഞ്ഞ നാലരക്കൊല്ലം പലതവണയായി സാക്ഷ്യം പറഞ്ഞിട്ടുണ്ട് നമ്മുടെ ഇന്ത്യ. അതിലേറ്റവും ഒടുവിലത്തേതാണ് രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളിലൊന്നായ സി.ബി.ഐയെ ജനങ്ങളുടെ മുമ്പില്‍ അതിനികൃഷ്ടമായി അപകീര്‍ത്തിപ്പെടുത്തി എന്നത്. രാജ്യം ഭരിക്കുന്ന സര്‍ക്കാരിലെ സഹമന്ത്രിയും ദേശീയ സുരക്ഷാഉപദേഷ്ടാവും കേന്ദ്ര വിജിലന്‍സ് കമ്മീഷനുമൊക്കെ ചേര്‍ന്ന് സി.ബി.ഐയെ തങ്ങളുടെ നേതൃത്വത്തിന്റെ ഇച്ഛക്ക് വശംവദരാക്കിയെന്നാണ് കഴിഞ്ഞദിവസം പുറത്തുവന്ന വാര്‍ത്ത. അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ചെന്നെത്തുന്നതാകട്ടെ രാജ്യത്തിന്റെ അത്യുന്നത അധികാരക്കസേരയിലേക്കും.
രാജ്യത്തെ പ്രമുഖ അഴിമതിക്കേസുകളുമായി ബന്ധപ്പെട്ടാണ് പ്രതിക്കനുകൂലമായി കേസൊതുക്കിത്തീര്‍ക്കാന്‍ മോദി സര്‍ക്കാരിലെ കല്‍ക്കരി-ഖനി സഹമന്ത്രി ഹരിഭായ് പാര്‍ത്ഥിഭായ് ചൗധരി കോടികള്‍ കൈക്കൂലി വാങ്ങിയതെന്നാണ് ആരോപണം. കള്ളപ്പണക്കാരനും ആദായ നികുതിവകുപ്പ് കേസ് പ്രതിയുമായ മോയിന്‍ ഖുറേഷിക്കെതിരായ അന്വേഷണത്തില്‍ മന്ത്രി ഇടപെട്ടതായി വെളുത്തപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് ഒരു സി.ബി.ഐ ഉദ്യോഗസ്ഥനാണ്. സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ പദവിയില്‍നിന്ന് ഡയറക്ടര്‍ അലോക് കുമാര്‍വര്‍മ അടുത്തിടെ പുറത്താക്കിയ സ്‌പെഷല്‍ ഡയറ്കടര്‍ രാകേഷ് അസ്താനക്കെതിരായ അന്വേഷണത്തിലാണ് മന്ത്രിയും ദേശീയ സുരക്ഷാഉപദേഷ്ടാവ് അജിത് ഡോവലും അവിഹിതമായി ഇടപെട്ടതായി കേസന്വേഷിച്ച ഉദ്യോഗസ്ഥന്‍ മനീഷ് കുമാര്‍സിംഗ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. കയറ്റുമതി ബിസിനസുകാരനായ മോയിന്‍ ഖുറേഷിക്കെതിരെ സതീഷ്‌കുമാര്‍ സനയാണ് സി.ബി.ഐയെ സമീപിച്ചത്. ഇതേക്കുറിച്ച് അന്വേഷണം നടത്തിയത് അസ്താനയും. അന്വേഷണത്തിനിടെ ലക്ഷക്കണക്കിന് രൂപ ഖുറേഷിയില്‍നിന്ന് അസ്താനയും മറ്റും കൈക്കൂലി വാങ്ങിയെന്നായിരുന്നു നേരത്തെയുള്ള പരാതി. ഇതേക്കുറിച്ചാണ് മനീഷ് കുമാര്‍സിംഗ് അന്വേഷണം നടത്തിയത്. കറകളഞ്ഞ ഉദ്യോഗസ്ഥനായ അലോക്‌വര്‍മയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. ഗുജറാത്ത് കേഡറില്‍പെട്ട, നിരവധി ക്രമക്കേടുകളും അഴിമതികളും ആരോപിക്കപ്പെട്ട അസ്താന ഡയറക്ടറുടെ നിര്‍ദേശങ്ങള്‍ക്ക് വഴങ്ങാതെ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ദുബൈയില്‍ ആളെവെച്ച് പോലും കൈക്കൂലി വാങ്ങിയയാളാണ് അസ്താനയെന്ന് വ്യക്തമായതുമാണ്. ഇതേതുടര്‍ന്നാണ് അസ്താനക്കെതിരെ അന്വേഷണത്തിന് അലോക്‌വര്‍മ ഉത്തരവിട്ടത്. ഇത് ഇഷ്ടപ്പെടാതിരുന്ന ഉന്നത രാഷ്ട്രീയ നേതൃത്വം ഒക്ടോബര്‍ 23ന് രാത്രി രായ്ക്കുരാമാനം വര്‍മയെ തല്‍സ്ഥാനത്തുനിന്ന് നീക്കി. ഇതുസംബന്ധിച്ച പരാതിയില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷനോട് സുപ്രീംകോടതി റിപ്പോര്‍ട്ട് വാങ്ങുകയും വിധി പറയാന്‍ മാറ്റിവെച്ചിരിക്കുകയുമാണ്. അപ്പോഴാണ് സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയുംവരെ സംശയത്തിന്റെ നിഴലിലാക്കിക്കൊണ്ട് മനീഷ്‌കുമാറിന്റെ പരാതി പുറത്തുവരുന്നത്. ദേശീയ സുരക്ഷാഉപദേഷ്ടാവും രാജ്യത്തെ അഴിമതിക്കെതിരെ നടപടിയെടുക്കേണ്ടയാളും സര്‍ക്കാരിന് നിയമ സഹായം ചെയ്യേണ്ട വ്യക്തിയുമൊക്കയാണ് സി.ബി.ഐ ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയില്‍ എന്നത് അത്യന്തം ഗൗരവം അര്‍ഹിക്കുന്ന വിഷയമാണ്.
മന്ത്രിയെയും അജിത് ഡോവലിനെയും കൂടാതെ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി പി.കെ സിന്‍ഹ, കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ കെ.വി ചൗധരി, കേന്ദ്ര നിയമ സെക്രട്ടറി സുരേഷ് ചന്ദ്ര, റിസര്‍ച്ച് ആന്റ് അനാലിസിസ് വിംഗ് (റോ) സ്‌പെഷ്യല്‍ സെക്രട്ടറി സന്തോഷ് ഗോയല്‍, റോ മുന്‍ ജോയിന്റ് സെക്രട്ടറി ദിനേശ്വര്‍ പ്രസാദ് എന്നിവരെയാണ് മനീഷ് കുമാര്‍സിംഗ് പ്രതിയാക്കി ഹര്‍ജി നല്‍കിയിരിക്കുന്നത്. അസ്താനക്കെതിരായ അന്വേഷണത്തില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട ഉന്നതരില്‍ ബഹുഭൂരിപക്ഷവും ഇടപെട്ടുവെന്ന് വ്യക്തമാക്കപ്പെട്ട നിലക്ക് എന്തു ബലത്തിലാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നത്. ഡോവലിന്റെ ഫോണ്‍ ചോര്‍ത്തിയെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. ആരോപണം തെളിയിക്കപ്പെട്ടില്ലെങ്കിലും മോയിന്‍ ഖുറേഷി, അസ്താന കേസുകളുടെയും സി.ബി.ഐയില്‍ അടുത്തിടെ നടന്ന അസംബന്ധ നാടകങ്ങളുടെയും പശ്ചാത്തലത്തില്‍ ഇനിയൊരു നിമിഷം പോലും ഭരണ സിരാകസേരകളില്‍ തുടരാന്‍ ഈ അഴിമതിക്കാര്‍ക്ക് കഴിയില്ല. മാഫിയകളുമായി ഒത്തുകളിക്കുകയും അവരെ പോലും ലജ്ജിപ്പിക്കുന്ന രീതിയിലുമാണ് മോദി സര്‍ക്കാരിലെ മേല്‍പരാമര്‍ശിത ഭൈമീകാമുകന്മാര്‍ വാഴുന്നത്. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ലഭിക്കുന്ന ലക്ഷങ്ങള്‍ പോരാഞ്ഞാണ് അവരുടെ പേരില്‍ ഭരണത്തിന്റെ ശീതളിമയിലിരുന്നുകൊണ്ട് ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയെയും രാജ്യ സുരക്ഷയെയും ഈ കൊള്ളസംഘം പാതാളത്തോളം ചവിട്ടിത്താഴ്ത്തിയിരിക്കുന്നത്.
ഇതൊക്കെ എന്തുകൊണ്ട് സംഭവിക്കുന്നു എന്നതിനുള്ള തെളിവും വാര്‍ത്തയായി ഇതോടൊപ്പംതന്നെ പുറത്തുവന്നിട്ടുണ്ട്. രാജ്യത്തെ പ്രധാനമന്ത്രിയുടെ നാട്ടുകാരായ പഴയ മുഖ്യമന്ത്രിപദത്തിലെ സഹായികളായിരുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് സി.ബി.ഐയുടെ തലപ്പത്ത് കഴിഞ്ഞ നാലരക്കൊല്ലക്കാലവും കുടിയിരുത്തിയതും ഈ അന്വേഷണ അട്ടിമറികള്‍ക്കെല്ലാം നേതൃത്വം നല്‍കിയതും. കിംഗ്ഫിഷര്‍ ഉടമയും ബി.ജെ.പിയുടെ രാജ്യസഭാംഗവുമായിരുന്ന വിജയ്മല്യയുടെ രാജ്യം വിടലിന ്‌സഹായിച്ചത് സി.ബി.ഐയിലെ ചിലരും കേന്ദ്ര ധനമന്ത്രിയുമടക്കമുള്ളവരാണെന്ന് മല്യതന്നെ വെളിപ്പെടുത്തിയതുകൂടി ഓര്‍മിച്ചാല്‍ തീരുന്നതാണ് ഇതിലുണ്ടെന്നു പറയപ്പെടുന്ന സംശയമറ. നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ നടന്ന കൂട്ടക്കൊലകളുടെയും വ്യാജ ഏറ്റുമുട്ടല്‍ കൊലകളുടെയുമൊക്കെ ചുക്കാന്‍ പിടിച്ചവരാണ് പ്രധാനമന്ത്രിയായ ശേഷം മോദി സി.ബി.ഐയിലേക്ക് ഡെപ്യൂട്ടേഷനില്‍ പറഞ്ഞയച്ച പല ഐ.പി.എസ് ഉദ്യോഗസ്ഥരും. രാജ്യത്താദ്യമായി സി.ബി.ഐ ആസ്ഥാനത്ത് സി.ബി.ഐക്ക് തന്നെ റെയ്ഡ് നടത്താനിടയായ ഇന്നത്തെ തകര്‍ച്ചയിലേക്ക് ഈ അന്വേഷണ ഏജന്‍സിയെ എത്തിച്ചത് ‘ഗുജറാത്തുവല്‍കരണ’ മാണെന്ന് കാണാന്‍ പ്രയാസമില്ല. ഇവരാണ് കൊളീജിയം നിര്‍ദേശിച്ച സുപ്രീംകോടതി ജഡ്ജിയെ വെക്കില്ലെന്ന് ശഠിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനും റിസര്‍വ് ബാങ്കും വിജിലന്‍സ് കമ്മീഷനും കേന്ദ്ര സാഹിത്യ അക്കാദമിയും അലിഗഡ്-കേന്ദ്ര സര്‍വകലാശാലകളും പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടും എന്നുവേണ്ട അത്യുന്നതമായ രാഷ്ട്രപതി പദവിയെവരെ തന്റെ ചൊല്‍പടിക്ക് നിര്‍ത്തിയ കേന്ദ്രീകൃതാധികാര കേന്ദ്രം സി.ബി.ഐയെ ചത്ത തത്തയാക്കിയതില്‍ അത്ഭുതപ്പെടേണ്ടതില്ലെങ്കിലും, നഷ്ടപ്പെട്ട ഇവയുടെയെല്ലാം വിശ്വാസ്യത ഇനി എന്നാണ്, എത്ര പണിപ്പെട്ടാണ് മടക്കിക്കൊണ്ടുവരാന്‍ കഴിയുക ?

SHARE