പ്രവാസികളോടുള്ള ക്രൂരത മതിയായില്ലേ

കേരളത്തിന്റെ നട്ടെല്ലാണ് പ്രവാസികളെന്നും അവര്‍ക്ക് എന്തുസഹായവും ചെയ്യുമെന്നും ആണയിട്ട് അധികാരത്തിലേറിയ ഇടതുമുന്നണിസര്‍ക്കാരും മുഖ്യമന്ത്രിയും പ്രവാസജീവിതത്തിലെ ഏറ്റവും മാരകമായ ഒരുപ്രതിസന്ധിഘട്ടത്തില്‍ അവരെ കയ്യൊഴിയുകയും തുടരെത്തുടരെ കബളിപ്പിക്കുകയും ചെയ്യുന്ന കാഴ്ച അതീവ ഞെട്ടലോടെയാണ് കാണേണ്ടിവരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ വിമാനത്തില്‍ വരുന്നവര്‍ക്കില്ലാത്ത കോവിഡ്പരിശോധനാ നിബന്ധന ഗള്‍ഫില്‍നിന്ന് ചാര്‍ട്ടേഡ്‌വിമാനത്തില്‍ വരുന്നവരില്‍ മാത്രം അടിച്ചേല്‍പിച്ചിരിക്കുകയാണ് പിണറായിസര്‍ക്കാര്‍. നോര്‍ക്ക പ്രിന്‍സിപ്പല്‍സെക്രട്ടറി ഇളങ്കോവന്റേതായി പുറത്തുവന്ന ഉത്തരവില്‍ പറയുന്നത്, കേരളത്തിലേക്കുവരുന്ന ഓരോ മലയാളി പ്രവാസിയും ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണമെന്നാണ്. അതും 48മണിക്കൂര്‍ കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റ്. രോഗികളാണെന്ന് തിരിച്ചറിഞ്ഞാല്‍ അവരെ വേറെ പ്രത്യേക വിമാനത്തില്‍ കൊണ്ടുവരണമെന്ന വിചിത്രമായ വാദമാണിപ്പോള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.

മാര്‍ച്ച്23 മുതല്‍ അന്താരാഷ്ട്ര വിമാനസര്‍വീസ് നിര്‍ത്തലാക്കിയതിനെതുടര്‍ന്ന് വിദേശങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികളോട് രോഗം ഇത്രയും രൂക്ഷമാകുന്നതുവരെ മെയ് 7വരെ കാത്തിരിക്കാന്‍ പറയുകയും അവര്‍ക്ക് എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് അവകാശപ്പെടുകയും ചെയ്ത ഭരണകൂടം തന്നെയാണ് തുടരെത്തുടരെ നമ്മുടെ സഹോദരങ്ങളോട് ഈ ക്രൂരത കാട്ടുന്നതെന്നത് വലിയ വേദനയുളവാക്കുന്നു. കേരളത്തിലെ കോവിഡ് നിരക്ക് 2000 ത്തിനുമുകളിലെത്തിനില്‍ക്കെ ഇനിയാരും ഇങ്ങോട്ടേക്ക് വരേണ്ടെന്ന് പച്ചക്ക് പറയുകയുകയാണോ സര്‍ക്കാര്‍? കോവിഡ് 19ന്റെ പി.സി.ആര്‍ പരിശോധനക്ക് യു.എ.ഇ ഒഴികെ ഗള്‍ഫിലൊരിടത്തും സൗകര്യമില്ലെന്ന് മാത്രമല്ല, പതിനായിരങ്ങള്‍ ചെലവുവരുന്ന പരിശോധന അവര്‍ അന്യരാജ്യക്കാര്‍ക്ക് നടത്തിതന്നാല്‍ തന്നെ ഫലം ലഭിക്കാന്‍ ആഴ്ചയെടുക്കുമെന്ന് അറിയാതെയാവില്ല സര്‍ക്കാരിന്റെ ഈക്രൂരത.

25 ലക്ഷത്തോളം മലയാളികളില്‍ കോവിഡ്-19 ബാധിച്ച് ഇതിനോടകം 230ലധികം പേരാണ് ഗള്‍ഫില്‍മാത്രം മരണമടഞ്ഞിരിക്കുന്നത്. ഓരോനിമിഷവും ഇത് ഏറിക്കൊണ്ടിരിക്കുന്നു. ലേബര്‍ക്യാമ്പുകളിലും മറ്റും കഴിയുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിന് ആദ്യം മുതല്‍ക്കുതന്നെ കേരള കേന്ദ്രസര്‍ക്കാരുകള്‍ അക്ഷന്തവ്യമായ അലംഭാവമാണ് കാട്ടിയത്. മെയ് ഏഴിന് അവരെകൊണ്ടുവരാന്‍ തീരുമാനിച്ചപ്പോള്‍ മുമ്പ് കുവൈത്ത് യുദ്ധകാലത്തേതുപോലെ പെട്ടെന്നെല്ലാവരും തിരികെയെത്തുമെന്നായിരുന്നു മറുനാട്ടിലെയും നാട്ടിലെയും പ്രവാസികളുടെയും ബന്ധുക്കളുടെയും പ്രത്യാശ. എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും വെറും അമ്പതിനായിരത്തോളം പേരെ മാത്രമേ സ്വദേശത്തേക്കെത്തിക്കാന്‍ കേന്ദ്രത്തിനായുള്ളൂ. വന്ദേഭാരത് മിഷന്‍ പ്രകാരം ഇതുവരെ നടത്തിയത് നൂറോളംസര്‍വീസുകള്‍ മാത്രമാണ്.

രണ്ടാംഘട്ട സര്‍വീസ് ആരംഭിച്ചിട്ടും ഒച്ചിഴയും പോലെയാണ് പ്രവാസികളുടെ മടങ്ങിവരവ്. ഇതുകാരണമാണ് മറ്റു വഴിയില്ലാതെ സ്വന്തമായി വിമാനങ്ങള്‍ ചാര്‍ട്ട്‌ചെയ്യാന്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ നിര്‍ബന്ധിതരായത്. തൊഴില്‍ നഷ്ടപ്പെട്ടും കോവിഡ് ഭയന്നും പട്ടിണിയിലുമായി കഴിയുന്ന ലക്ഷക്കണക്കിന് പ്രവാസികളോട് രജിസ്റ്റര്‍ചെയ്ത് കാത്തിരിക്കാന്‍ പറഞ്ഞിട്ട് ഇന്നേക്ക് മൂന്നുമാസം പിന്നിട്ടിരിക്കുന്നു. നോര്‍ക്കയുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പറഞ്ഞതനുസരിച്ച് അവരെല്ലാം രജിസ്റ്റര്‍ചെയ്ത് കാത്തിരുന്നെങ്കിലും എംബസികളില്‍ വീണ്ടും രജിസ്റ്റര്‍ചെയ്യണമെന്നായി പിന്നീട്. ഇതുവഴി അഞ്ചരലക്ഷത്തോളംപേരാണ് നാട്ടിലേക്കുവരാന്‍ കാത്തുനില്‍ക്കുന്നത്. ഇന്നത്തെ പോലെ വിമാന സര്‍വീസുകള്‍ നടത്തിയാല്‍ ഒരു വര്‍ഷംപോലും മതിയാകില്ലെന്നിരിക്കവെയാണ് പ്രവാസികള്‍ അവിടെതന്നെ കഴിഞ്ഞുകൊള്ളട്ടെ എന്ന രീതിയിലുള്ള വാറോലയുമായി പിണറായി സര്‍ക്കാര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.

രണ്ടര ലക്ഷത്തോളം കിടക്കകള്‍ പ്രവാസികള്‍ക്കായി ഒരുക്കിയിട്ടുണ്ടെന്നും എ,ബി,സി പ്ലാനുകള്‍ തയ്യാറാണെന്നുമൊക്കെയായിരുന്നു മന്ത്രി കെ.കെ ശൈലജയും കേരളസര്‍ക്കാരും പറഞ്ഞതെങ്കില്‍ ഇന്നിപ്പോള്‍ മലയാളികളെ അതാത് നാടുകളില്‍ മരിക്കാന്‍ വിട്ടിരിക്കുകയാണ് കേരളസര്‍ക്കാര്‍. നാട്ടിലെത്തുന്നവര്‍ക്ക് സര്‍ക്കാരിന്റെ 14 ദിവസത്തെ ക്വാറന്റീന്‍ സൗജന്യമാണെന്നു പറഞ്ഞവര്‍ പിന്നീട് പാവപ്പെട്ടവര്‍ക്ക് മാത്രമേ അതുള്ളൂവെന്നും വ്യക്തമാക്കി. മുസ്‌ലിംലീഗും മറ്റും യഥേഷ്ടം സൗകര്യം വാഗ്ദാനം ചെയ്തത് സ്വീകരിക്കാതെ ക്വാറന്റീന്‍ പോയിട്ട് അവരിങ്ങോട്ടുതന്നെ വരേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത് മിതമായി പറഞ്ഞാല്‍ ഈ നാടിനെ കെട്ടിപ്പടുത്തവരോടുള്ള നന്ദികേടാണ്.

കഴിഞ്ഞമാസം ‘പ്രവാസികള്‍ ധൃതിപിടിച്ച് ഇങ്ങോട്ട് വരേണ്ടെ’ന്ന് പറഞ്ഞത് മന്ത്രി ശൈലജ തന്നെയാണ്. കോവിഡ് സംഖ്യ മെയ് ഏഴിനോടനുബന്ധിച്ച് പൂജ്യത്തിലേക്കെത്തിയതില്‍ ആഹ്ലാദം പൂണ്ട് ലോകമാധ്യമങ്ങളിലൂടെ ഈ നേട്ടത്തെ പ്രകീര്‍ത്തിച്ച ഭരണകക്ഷിക്കാര്‍ക്ക് പ്രവാസികള്‍ വരുമ്പോള്‍ രോഗബാധ വര്‍ധിക്കുമെന്ന് അറിയുമായിരുന്നില്ലേ. അങ്ങനെയെങ്കില്‍ തന്നെയും അത് വരുന്നവരുടെ വെറും മൂന്നുശതമാനം മാത്രമാണെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. അരലക്ഷം പേര്‍ വിദേശങ്ങളില്‍ നിന്നും ഒന്നരലക്ഷം പേര്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നും വന്നിട്ടും ഇന്നലെവരെ 1348 മാത്രമാണ് കേരളത്തിലെ കോവിഡ് രോഗികള്‍. മരണം 20ഉം. എന്നിട്ടും ഗള്‍ഫ് മലയാളികളോട് ജൂണ്‍20 മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരാന്‍ നിര്‍ബന്ധിക്കുന്നത് തികഞ്ഞ ചതിയാണ്. മാര്‍ച്ച് 11ന് നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയില്‍ പറഞ്ഞത്, വിദേശങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാണെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നായിരുന്നു. ഇതുസംബന്ധിച്ച നിയമസഭാപ്രമേയം ഐകകണ്‌ഠേന പാസാക്കിയതുമാണ്. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഇളവുവരുത്തിയാണ് വിദേശ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചത്.

കേരളത്തില്‍ കോവിഡ്‌രോഗികള്‍ വര്‍ധിക്കുന്നതില്‍ 90ശതമാനവും പങ്ക് വിദേശങ്ങളില്‍നിന്നും ഇതരസംസ്ഥാനങ്ങളില്‍നിന്നും വരുന്നവര്‍ക്കാണെന്നത് അംഗീകരിക്കുമ്പോള്‍ തന്നെ, രോഗപ്രതിരോധത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന അലംഭാവത്തെ എങ്ങനെയാണ് ന്യായീകരിക്കാനാവുക. പാലക്കാട്ട് രണ്ട് രോഗികളാണ് ഇതിനകം ആസ്പത്രിയില്‍ നിന്ന് കാണാതായിരിക്കുന്നത്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, എ.സി മൊയ്തീന്‍, ജി.സുധാകരന്‍ എന്നിവര്‍ കോവിഡ് ചട്ടങ്ങള്‍ ലംഘിച്ചിട്ടും പ്രതിപക്ഷജനപ്രതിനിധികള്‍ക്കുള്ളതുപോലത്തെ യാതൊരുനടപടിയുമില്ല. കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ കൂട്ടാക്കാത്തതുമൂലം ചക്ക തലയില്‍ വീണയാള്‍ക്കുവരെ കോവിഡ് സ്ഥിരീകരിക്കുന്ന സ്ഥിതിയുണ്ടായി. രണ്ട് യുവാക്കള്‍ കോവിഡ് കേന്ദ്രത്തില്‍ ആത്മഹത്യ ചെയ്തു. പി.പി.ഇ വസ്ത്രങ്ങള്‍ വഴിയില്‍ കിടക്കുന്നു. തങ്ങളുടെ കുറ്റങ്ങള്‍ മറച്ചുവെക്കാനും അവയെല്ലാം പ്രവാസികളില്‍ കെട്ടിവെക്കാനുമുള്ള അടവായി മാത്രമേ സര്‍ക്കാര്‍ നടപടികളെ കാണാനാകൂ.

SHARE