സുവിശേഷപീഡകര്‍ക്ക് സവിശേഷനീതിയോ

പഞ്ചാബ്ജലന്ധറിലെ റോമന്‍കാത്തലിക് സഭക്ക് കീഴിലുള്ള ബിഷപ്പും മലയാളിയുമായ ഫ്രാങ്കോമുളയ്ക്കലിനെതിരെ രാജ്യത്തെ നിയമപ്രകാരമുള്ള നടപടികളെടുക്കാന്‍ കേരളപൊലീസ് കാട്ടുന്ന വൈമനസ്യം ഏറെ ചോദ്യശരങ്ങളുയര്‍ത്തിവിട്ടിരിക്കുകയാണ്. സംസ്ഥാനസര്‍ക്കാര്‍ അധികാരത്തില്‍ വരുംമുമ്പ് നടത്തിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു കേരളം സ്ത്രീസുരക്ഷയുടെ നാടാക്കുമെന്നത്. എന്നാലിന്ന് ബിഷപ്പിന്റെയും മറ്റും സ്ത്രീപീഡനകേസുകളില്‍ വേണ്ടത്ര ശുഷ്‌കാന്തി എന്തുകൊണ്ടാണ് കേരളപൊലീസിന്റെയും ഇടതുപക്ഷസര്‍ക്കാരിന്റെയും കാര്യത്തിലില്ലാതെ പോകുന്നത്. ജലന്ധറിലെ മിഷണറീസ് ഓഫ് ജീസസിലെ നിരവധി കന്യാസ്ത്രീകളാണ് ബിഷപ്പിന്റെ കാമകേളിക്ക് ഇരയായതായി പരാതിയുള്ളത്. 2014ല്‍ നടന്ന സംഭവത്തെക്കുറിച്ച് സഭാഅധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാതിരുന്നതിനാലാണ് ഇരകളിലൊരാള്‍ രണ്ടുമാസംമുമ്പ് ജൂണില്‍ കേരളപൊലീസിനെ സമീപിച്ചത്. സ്ത്രീപീഡനക്കേസുകളില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നടപടിയെടുക്കാന്‍ വ്യവസ്ഥയുള്ളപ്പോഴാണ് കേരളപൊലീസിന്റെ ഈ അഴകൊഴമ്പന്‍ നടപടിയെന്നോര്‍ക്കണം.
ബിഷപ്പിനെ ചോദ്യംചെയ്യാനായി പഞ്ചാബിലേക്ക്‌പോയ കോട്ടയംപൊലീസിലെ അന്വേഷണഉദ്യോഗസ്ഥര്‍ക്ക് ദിവസങ്ങളോളം അതിന് കഴിയാത്തതെന്തുകൊണ്ടായിരുന്നു. ഒടുവില്‍ കാത്തുകാത്തിരുന്നശേഷം ജനത്തിനുമുന്നില്‍ കേരളപൊലീസും സംസ്ഥാനസര്‍ക്കാരും കാട്ടിയ നാടകം പൊളിഞ്ഞുപാളീസാകുകയും ചെയ്തിരിക്കുന്നു. കേസന്വേഷിക്കുന്ന വൈക്കം ഡിവൈ.എസ്.പിയുടെ് സംഘം ജലന്ധറിലുള്ള ബിഷപ്പിന്റെ വസതിയിലെത്തുന്നത് തിങ്കളാഴ്ചയാണ്. അവിടെ കാത്തുകിടന്നതാകട്ടെ മണിക്കൂറുകളും. ബിഷപ്പ് ഫ്രാങ്കോ ബിഷപ്പ് ഹൗസിലുണ്ടെന്നും ചോദ്യം ചെയ്യുകയാണെന്നുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
അന്യസംസ്ഥാനമായതിനാല്‍ അവിടുത്തെ പൊലീസിന്റെ സഹകരണത്തോടെയാണ് ചോദ്യംചെയ്യാന്‍ കേരളപൊലീസ് തയ്യാറായത്. എന്നാല്‍ ബിഷപ്പിന്‌വേണ്ടി ഇരുപൊലീസ് സംവിധാനങ്ങളും പരമാവധി വിട്ടുവീഴ്ചചെയ്യുകയും താഴാവുന്നിടത്തോളം താഴുകയും ചെയ്തുവെന്ന ്മാത്രമല്ല, സ്ഥലത്ത് വാര്‍ത്ത ശേഖരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഒന്നടങ്കം അടിച്ച് അവശരാക്കുകയും ചെയ്തിരിക്കുന്നു. ബിഷപ്പ് നാലുമണിമുതല്‍ സ്്ഥലത്തുണ്ടെന്നായിരുന്നു ബന്ധപ്പെട്ടവരെല്ലാം പറഞ്ഞുകൊണ്ടിരുന്നത്. ഇത് വിശ്വസിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍, അവരില്‍ ഭൂരിപക്ഷവും കേരളത്തില്‍നിന്നുള്ളവര്‍, എത്തിയത്. എന്നാല്‍ ബിഷപ്പ് 7.45 ഓടെ മാത്രമാണ് സ്ഥലത്തെത്തിയത്. ഇതിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ അതിക്രൂരമായാണ് ബിഷപ്പുമായിബന്ധമുള്ള ഗുണ്ടാസംഘം ആക്രമിച്ചുപരിക്കേല്‍പിച്ചത്. മനോരമയും ഏഷ്യാനെറ്റും അടക്കമുള്ള ചാനലുകളിലെ പ്രവര്‍ത്തകര്‍ പരിക്കേറ്റ് ചികില്‍സയിലാണ്. ഇതരസംസ്ഥാനമായതിനാല്‍ അവിടുത്തെ പൊലീസാണ് ഇതിന് തടയിടേണ്ടതെന്ന് കരുതിയെങ്കിലും പഞ്ചാബ് പൊലീസ് സംഘം അക്രമത്തെ കയ്യുംകെട്ടി ആസ്വദിക്കുകയായിരുന്നുവെന്നാണ് വാര്‍ത്ത.
പാവങ്ങള്‍ക്കുവേണ്ടി അധികാരിവര്‍ഗത്തിന്റെ കുരിശില്‍ തറക്കപ്പെട്ടതടക്കം അതിനിനിഷ്ഠൂരമായ പീഡനമുറകള്‍ക്കിരയായ ദിവ്യദൂതന്‍യേശുക്രിസ്തുവിന്റെ നാമത്തിലുള്ള പരിപാവനമായസ്ഥലത്താണ് ഈ നാണംകെട്ട അതിക്രമം നടന്നതെന്നത് കേവലം പ്രതിഷേധിച്ചുതള്ളാനുള്ളതല്ല. കേരളത്തിലെ പൊലീസിനും സര്‍ക്കാരിനും ഇക്കാര്യത്തില്‍ കാര്യമായ പങ്കാളിത്തവും ഉത്തരവാദിത്തവുമുണ്ട്. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് പുറത്തുനിന്നുള്ള
ഏതെങ്കിലും ഗുണ്ടകളല്ലെന്നും ബിഷപ്പിന്റെ അംഗരക്ഷകരാണെന്നുമുള്ള വിവരം കണക്കിലെടുത്ത് പ്രതികള്‍ക്കെതിരെ കേസെടുക്കാന്‍ പറയാന്‍ കേരളസര്‍ക്കാരിന് ബാധ്യതയുണ്ട്. കാരണം ആക്രമിക്കപ്പെട്ടത് ഇവിടുത്തെ മാധ്യമപ്രവര്‍ത്തകരാണ്. യേശുവിന്റെ പേരിലുള്ള സ്ഥാപനത്തില്‍നടന്നത് ഇതിലും ലജ്ജാവഹമായ സ്ത്രീപീഡനമാണെന്ന് ഓര്‍ക്കുമ്പോള്‍ ഇതില്‍ അല്‍ഭുതം കൂറേണ്ട കാര്യമില്ല. ഏറെ വര്‍ഷങ്ങളായി ബിഷപ്പിനോടൊപ്പം സേവനം അനുഷ്ഠിച്ചിരുന്ന കന്യാസ്ത്രീയാണ് തിരുവസ്ത്രത്തില്‍ മാനഭംഗത്തിനിരയായത്. ബിഷപ്പ് കന്യാസ്ത്രീമഠം പതിവായി സന്ദര്‍ശിച്ചിരുന്നതായും പരാതിയുണ്ട്. പരാതികള്‍ പരിശോധിച്ചതിലും ബന്ധപ്പെട്ട കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകരെയും മറ്റും ചോദ്യം ചെയ്തതിലും അന്വേഷണോദ്യോഗസ്ഥര്‍ക്ക് കിട്ടിയ വിവരം ബിഷപ്പിനെ പ്രതിയാക്കാന്‍ തക്ക തെളിവുകളുണ്ടെന്നതാണ്. ഇതനുസരിച്ചാണ് ഏറെ അവധാനതയോടെ സംഘം പഞ്ചാബിലെത്തിയത്. എന്നാല്‍ ഇതിനിടയില്‍പോലും ഇരയെ സ്വാധീനിക്കാന്‍ വൈദികനടക്കമുള്ള ബിഷപ്പിന്റെ പിണിയാളുകള്‍ പരിശ്രമിച്ചുവെന്ന് വ്യക്തമായതാണ്. ഇതൊക്കെ കൊണ്ട് ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്യുകയാണ് പൊലീസ് തയ്യാറാകേണ്ടിയിരുന്നത്. എന്നാല്‍ നീതി പ്രതീക്ഷിച്ച ജനത്തിനും വിശ്വാസികള്‍ക്കും കിട്ടിയിരിക്കുന്നത് ഇരട്ടപ്രഹരമാണ്.
പരാതിയും കേസും കൊണ്ട് ഒരാള്‍ കുറ്റക്കാരനാകുമെന്ന് ആര്‍ക്കും പറയാനാകില്ല. ഇന്ത്യന്‍ശിക്ഷാനിയമം അതിന് അനുവാദവും നല്‍കുന്നില്ല. ചോദ്യം ചെയ്യലും തെളിവുശേഖരണവും കോടതിയിലെ ഇഴപിരിച്ചുള്ള വിചാരണകളും വാദപ്രതിവാദങ്ങള്‍ക്കും ശേഷമാണ് നീതിപീഠം കുറ്റവാളിയെ കണ്ടെത്തുന്നത്. അതുവരെയും അന്വേഷണ ഏജന്‍സിക്ക് പ്രതിയെ ചോദ്യം ചെയ്യാനും കസ്റ്റഡിയിലെടുക്കാനും വേണ്ടിവന്നാല്‍ ജയിലില്‍ ഇടാന്‍ ശുപാര്‍ശ ചെയ്യാനും അധികാരാവകാശങ്ങളുണ്ട്. എന്നാല്‍ സാധാരണക്കാരന്റെ കാര്യത്തില്‍ എളുപ്പം നടപ്പാകുന്ന ഈ നിയമം എന്തുകൊണ്ട് മതവിഭാഗത്തിന്റെ ഉന്നതന്‍ എന്നതുകൊണ്ടുമാത്രം നടക്കാതെ പോകുന്നു. ബിഷപ്പിനെതിരെ നിയമനടപടി സ്വീകരിക്കരുതെന്ന് കേരളത്തിലെ കൊച്ചുകുട്ടിപോലും ഇതുവരെയും പറഞ്ഞതായി അറിവില്ല. എന്നിട്ടും എന്തുകൊണ്ടാണ് സംസ്ഥാനസര്‍ക്കാര്‍ ഇത്രയും അലംഭാവം കാണിക്കുന്നത്?ഇതിനുപിന്നില്‍ പൊലീസിനെ ഭരിക്കുന്ന സര്‍്ക്കാരിന്റെയും അതിന് ചരടുവലിക്കുന്ന രാഷ്ട്രീയകക്ഷിയുടെയും പിന്‍ബലമല്ലേ ഉള്ളതെന്ന് ന്യായമായും സംശയി്ക്കണം. വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്ന, മതനിരപേക്ഷതയുടെ മുഖംമൂടികൊണ്ടുനടക്കുന്ന സി.പി.എമ്മിനെ സംബന്ധിച്ച് ഇതും ഇതിലപ്പുറവും വോട്ടിനുവേണ്ടി ചെയ്യാനാകും എന്നതിന് തെളിവുകള്‍ നിരവധി നമ്മുടെ മുന്നിലുണ്ട്.
ഓര്‍ത്തഡോക്‌സ് സഭയിലെ നാല് വൈദികര്‍ ചേര്‍ന്ന് കന്യാസ്ത്രീയെ അപമാനിച്ചുവെന്നകേസിലും ഇതേ അലംഭാവം കേരളജനത കണ്ടതാണ്. കോടതിയുടെ നിര്‍ദേശത്തെതുടര്‍ന്നാണ് പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് സന്നദ്ധത കാട്ടിയത്. നടന്‍ ദിലീപിനും കള്ളസന്യാസി സന്തോഷ്മാധവനും ലക്ഷങ്ങള്‍ അനുയായികളുള്ള ഗുര്‍മീതിനും കിട്ടാത്ത സൗമനസ്യം നിയമത്തിന്റെയും സാമാന്യനീതിയുടെയും കാര്യത്തില്‍ എന്തുകൊണ്ട് ജലന്ധര്‍ബിഷപ്പിനെതിരെ ഉണ്ടാവുന്നുവെന്നിടത്താണ് സകലസമകാലീന ഭരണകൂടനെറികേടുകളും പകല്‍പോലെകിടക്കുന്നത്.

SHARE