കോവിഡ് രണ്ടാമന്‍

ഒരാളറിയപ്പെടുന്നത് അയാളുടെ കൂട്ടുകെട്ടിലൂടെയാണെന്ന് ആംഗലേയത്തിലൊരുചൊല്ലുണ്ട്. ഉണ്ണിയെ കണ്ടാല്‍ ഊരിലെ പഞ്ഞമറിയാമെന്ന് മലയാളത്തിലും. ബ്രസീല്‍ പ്രസിഡന്റ് ജയര്‍ മെസിയാസ് ബോള്‍സനോരോയുടെ കാര്യത്തിലും ഒട്ടും പതിരില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യൂഹു, നമ്മുടെ നരേന്ദ്രമോദി. ഇവരാണ് ബോള്‍സനാരോയുടെ ഏറ്റവുമടുത്ത സുഹൃത്തുക്കള്‍. ഏറെക്കാലമായി ഭരണത്തില്‍ തുടരുന്ന മറ്റു മൂന്നുപേരുടെയും പ്രവൃത്തികളും പ്രസ്താവനകളും നോക്കി ബോള്‍സനാരോയെ വിലയിരുത്താമെന്നര്‍ത്ഥം. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗികളുള്ള മൂന്നുരാജ്യങ്ങളാണ് മേല്‍പറഞ്ഞവ മൂന്നും എന്നതുകൊണ്ട് ലവന്മാരുടെ കയ്യിലിരിപ്പിനെക്കുറിച്ചധികം പറയേണ്ടല്ലോ.

ട്രംപിനെപോലെ ചില വെടികളൊക്കെ ‘ട്രോപ്പിക്കല്‍ ട്രംപും’ (ബോള്‍സനാരോ അങ്ങനെയാണ് വിശേഷിപ്പിക്കപ്പെടുന്നത്) പൊട്ടിക്കാറുണ്ട്. പൊയ്‌വെടികളാണെന്ന് പറയേണ്ടല്ലോ. അതുകൊണ്ടാണ് 55ശതമാനം വോട്ടുനേടി 2019 പുതുവര്‍ഷദിനത്തില്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ബോള്‍സനാരോക്ക് ഇപ്പോള്‍ വെറും 36ശതമാനം പിന്തുണ മാത്രമായി കുറഞ്ഞിരിക്കുന്നത്. കോവിഡ്-19 അമേരിക്കയെയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്- 21ലക്ഷം. മരണസംഖ്യ 1,16,383. രണ്ടാംസ്ഥാനത്തുള്ള ബ്രസീലിന്റെ കോവിഡ് സംഖ്യ 8,28,810 ആണ്. മരണസംഖ്യ 41,828ഉം. അമേരിക്കയില്‍ ലോകത്തെ പകുതി കോവിഡ് രോഗികളാണെങ്കില്‍, ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യമായ ബ്രസീല്‍ ഉപഭൂഖണ്ഡത്തിലെ കോവിഡ്പ്രഭവകേന്ദ്രമായി മാറിയെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. എന്നിട്ടും യാതൊരു കുലുക്കവുമില്ലാതെ രാജ്യം മുഴുവന്‍ തുറന്നുകൊടുത്തിരിക്കുകയാണ് ബോള്‍സനാരോ. ‘ചെറിയപനി’ എന്നാണ് കോവിഡിനെ ബോള്‍സനാരോ ആദ്യംവിശേഷിപ്പിച്ചത്.

വലിയ പ്രക്ഷോഭങ്ങളാണ് രാജ്യത്തിന്ന് നടക്കുന്നത്. കഴിഞ്ഞദിവസം പ്രസിഡന്റിന്റെ മന്ദിരത്തിനുമുന്നിലെ സമരത്തിനിടെ പ്രശസ്തനടി പ്രസിഡന്റിന്റെ കോവിഡ് പ്രതിരോധ നടപടികളെ വിമര്‍ശിച്ചതിന് ബോള്‍സനാരോ പറഞ്ഞത് ‘ഇവിടുന്ന് ഇറങ്ങിപ്പോകൂ’ എന്നാണ്. ഒന്നേകാല്‍ വര്‍ഷത്തിനകം രണ്ട് ആരോഗ്യമന്ത്രിമാരാണ് ബോള്‍സനാരോയുമായി തെറ്റി പടിയിറങ്ങിപ്പോയത്. ധിക്കാരി, സ്വേച്ഛാധിപത്യമോഹി, വിടുവായന്‍, കുത്തകവാദി, സ്ത്രീവിരോധി, വേണ്ടി വന്നാല്‍ മറ്റൊരു ഹിറ്റ്‌ലര്‍ വരെയാകാന്‍ പോലും ബോള്‍സനാരോക്ക് ശേഷിയുണ്ടെന്നാണ് ചിലസാമൂഹികവിശാരദര്‍ വിലയിരുത്തുന്നത്. അതിന് കാരണവുമുണ്ട്; ജര്‍മനിയിലാണ് ടിയാന്റെ കുടുംബവേര്. തുറന്ന സമ്പദ്‌വ്യവസ്ഥ, സ്വവര്‍ഗ വിവാഹം, മതവിരോധം, അക്രമം എന്നിവയെയെല്ലാം പ്രോല്‍സാഹിപ്പിക്കുകയാണ് ബോള്‍സനാരോയുടെ ലൈന്‍. കോവിഡ് കാലത്ത് ട്രംപും മോദിയുമൊക്കെ ടി.വിയില്‍ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും ടിയാന് അതിലൊന്നും താല്‍പര്യമില്ല. കഴിഞ്ഞാഴ്ച രാജ്യത്തെ കോവിഡിന്റെ വ്യാപനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രസിഡന്റിന്റെ മറുപടി ഇങ്ങനെ: ‘അതിനെന്താണ്?’. ഏപ്രിലിലും സമാനമായിരുന്നു മറുപടി. ‘ഞാന്‍ ശവക്കുഴിതോണ്ടുന്നവനല്ല’. ബെസ്റ്റ് പ്രസിഡന്റ് !

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2019ല്‍ ലോകത്തെ ഏറ്റവും വലിയ ജൈവസമ്പത്തായ ആമസോണ്‍ മഴക്കാടുകള്‍ 80 ശതമാനം കത്തിയെരിഞ്ഞപ്പോഴും ഏതാണ്ടിതുതന്നെയായിരുന്നു പ്രസിഡന്റിന്റെ പ്രതികരണം. ബോള്‍സനാരോ തന്നെയാണ് തീവെപ്പുകാരനെന്ന രീതിയില്‍ പല ദിക്കുകളില്‍നിന്ന് ആരോപണം ഉയര്‍ന്നപ്പോള്‍ ‘അവരവരുടെ കാര്യം നോക്കട്ടെ, ആമസോണിന്റെ കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാമെന്നാ’യിരുന്നു ബോള്‍സനാരോയുടെ മറുവെടി. ആമസോണ്‍ ഇല്ലാതാക്കി അവിടെ ആണവവൈദ്യുതിനിലയങ്ങളും ജലവൈദ്യുതിനിലയങ്ങളുമൊക്കെ സ്ഥാപിക്കാമെന്നാണത്രെ ലക്ഷ്യം. ഇതുകൊണ്ട് അമേരിക്കയില്‍ മാത്രമല്ല, ഭൂമിയിലൊട്ടാകെ അന്തരീക്ഷതാപം വര്‍ധിക്കുമെന്നതാണ് സത്യം. പക്ഷേ ബോള്‍സനാരോയുടെ മന്ത്രി ഇതേക്കുറിച്ച് പറഞ്ഞതിതാണ്: ആഗോളതാപനമോ അത് വെറുംതട്ടിപ്പല്ലേ !

പല പാര്‍ട്ടികളില്‍ ചേര്‍ന്നും ചാടിയുമാണ് സോഷ്യല്‍ ലിബറല്‍ പാര്‍ട്ടിയിലൂടെയാണ് 2018ലെ തിരഞ്ഞെടുപ്പിനെതുടര്‍ന്ന് പ്രസിഡന്റ് കസേരയിലെത്തിയത്. പിന്നീട് അലയാന്‍ക പാര്‍ട്ടിയുടെ പ്രതിനിധിയായി .വിദ്യാഭ്യാസത്തിനുശേഷം പട്ടാളത്തില്‍ ചേര്‍ന്ന് ക്യാപ്റ്റനായെങ്കിലും അച്ചടക്കരാഹിത്യത്തിന് നടപടി വന്നതോടെ രാഷ്ട്രീയത്തിലേക്ക് ചാടി. തലസ്ഥാനമായ റയോ ഡീ ജനീറോയുടെ നഗരസഭാകൗണ്‍സിലറായി തുടക്കം. പിന്നീട് ക്രിസ്ത്യന്‍ ഡെമോക്രാറ്റിക്പാര്‍ട്ടി, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, റിഫോംപ്രോഗ്രസീവ് പാര്‍ട്ടി തുടങ്ങിയവയിലൂടെ 1991 മുതല്‍ പലതവണ പാര്‍ലമെന്റംഗമായി. 1998ലെ ഒരഭിമുഖത്തില്‍ പറഞ്ഞതുപോലെ അമിതാധികാരത്തോടുതന്നെയാണ് പ്രിയം. 20 വര്‍ഷക്കാലത്തെ പട്ടാളഭരണം ബ്രസീലിന്റെ സുവര്‍ണകാലമായിരുന്നുവെന്ന് പ്രഖ്യാപിച്ചു കക്ഷി. ഇസ്രാഈലിനനുകൂലമായും ഇറാനെതിരെയും സ്വീകരിച്ചിരിക്കുന്ന നിലപാടുകള്‍ തനിനിറം വെളിവാക്കുന്നുണ്ട്. ഫലസ്തീനെ അംഗീകരിക്കില്ലെന്ന് തുറന്നുപറഞ്ഞു. കഴിഞ്ഞവര്‍ഷം മാത്രം 63880 പേരാണ് രാജ്യത്ത്‌കൊല്ലപ്പെട്ടത്. ജനം സ്വയം പ്രതിരോധിക്കുകയാണെന്നാണ് ഇതിന് പ്രസിഡന്റിന്റെ മറുപടി. തിര.പ്രചാരത്തിനിടെ കത്തിക്കുത്തും ഏറ്റുവാങ്ങി. വളരുന്ന ബ്രസീലിന് താങ്ങാകാന്‍ തനിക്കാവില്ലെന്ന് ഇതിനകം തെളിയിച്ച പ്രസിഡന്റിന് കോവിഡ് കഴിയുമ്പോഴേക്കും താഴെയിറങ്ങേണ്ടിവരുമെന്നാണ് പലരും കരുതുന്നത്. മൂന്നാംഭാര്യ മൈക്കേല്‍പൗളയാണിപ്പോള്‍ ഈ 65കാരന്റെ കൂട്ട്. അഞ്ചുമക്കള്‍.

SHARE