പിണറായിയുടെ വര്‍ഗീയ മനസ് ജനം തിരിച്ചറിയും

ശബരിമല യുവതി പ്രവേശന വിധിയുടെ മറവില്‍ നടക്കുന്ന രാഷ്ട്രീയ സമരങ്ങളെ പ്രതിരോധിക്കാന്‍ ജനുവരി ഒന്നിന് കാസര്‍കോട്ടുമുതല്‍ തിരുവനന്തപുരം വരെ വനിതാമതില്‍ സൃഷ്ടിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വര്‍ഗീയമായി കേരളത്തെ രണ്ടു തട്ടിലാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്ന് ഇന്നലെ നിയമസഭയില്‍ നടന്ന സംഭവ വികാസങ്ങളും ഇതിനോടുള്ള മുഖ്യമന്ത്രിയുടെ അസഹിഷ്ണുതാപരമായ നിലപാടും സമൂഹ മനസാക്ഷിയോട് വിളിച്ചുപറയുകയാണ്. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായാണ് വനിതാമതില്‍ സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറയുമ്പോഴും ഈ കൊച്ചു സംസ്ഥാനത്തെ വര്‍ഗീയ കോമരങ്ങള്‍ക്ക് തീറെഴുതാനുള്ള ദുഷ്ടലാക്കാണ് ഇതിന് പിന്നിലെന്ന് ദിവസം ചെല്ലുന്തോറും മുഖ്യമന്ത്രിയുടെ നടപടികളില്‍ നിന്ന് ജനം മനസിലാക്കിക്കൊണ്ടിരിക്കയുമാണ്.
വനിതാമതില്‍ എന്ന സി.പി.എം പരിപാടി സര്‍ക്കാരിന്റെ ചെലവില്‍ നടത്തിയെടുക്കാനുള്ള പിണറായി വിജയന്റെ ഗൂഢ നീക്കങ്ങള്‍ക്കെതിരെ പ്രതിപക്ഷം അതിശക്തമായി രംഗത്തുവന്നതോടെ നില്‍ക്കക്കള്ളിയില്ലാതായ മുഖ്യമന്ത്രി എതിര്‍ക്കുന്നവരെ ചീത്ത പറഞ്ഞ് തോല്‍പ്പിക്കുക എന്ന പഴയ നമ്പറുമായി രംഗത്തെത്തിയിരിക്കുന്നത് സാംസ്‌കാരിക കേരളത്തിന് തന്നെ അപമാനമായിമാറിയിരിക്കുന്നു. വസ്തുതകളും ന്യായങ്ങളും കീഴ്‌വഴക്കങ്ങളും നിരത്തി വനിതാ മതിലിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും വര്‍ഗീയ അജണ്ട പ്രതിപക്ഷം പുറത്തുകൊണ്ടുവരുമ്പോള്‍ ബഹളം കൂട്ടിയും കടുത്ത പദപ്രയോഗങ്ങള്‍ നടത്തിയും അതിനെ നേരിടുന്ന മുഖ്യമന്ത്രിയുടെ മനസിലിരിപ്പ് പ്രബുദ്ധരായ കേരള ജനത ഇതിനകം മനസിലാക്കിക്കഴിഞ്ഞു. വനിതാ മതില്‍ എന്നു കേട്ടുകേള്‍വിയില്ലാത്ത സമര പരിപാടിയിലൂടെ നവോത്ഥാനത്തിന്റെ ആഗോളത്തുക ഏറ്റെടുക്കാനുള്ള പിണറായി വിജയന്റെ നീക്കങ്ങള്‍ക്ക് സാംസ്‌കാരിക കേരളം അതിശക്തമായ തിരിച്ചടി നല്‍കും എന്ന കാര്യത്തില്‍ സംശയമില്ല.
വനിതാമതില്‍ പ്രഖ്യാപനം മുതല്‍ ഇതുവരെയുള്ള ഓരോ കാര്യങ്ങളും വസ്തുതാപരമായി പരിശോധിച്ചാല്‍ കേരളത്തെ വര്‍ഗീയമായ ചേരിതിരിക്കാനുള്ള എല്ലാ ചേരുവകളും അതില്‍ ഒളിപ്പിച്ചിവെച്ചിട്ടുണ്ടെന്ന് സി.പി.എമ്മിന്റെ കോട്ടകളില്‍ തലച്ചോറ് പണയം വെച്ചിട്ടില്ലാത്ത ഏതൊരാള്‍ക്കും ഉള്ളറകളിലേക്ക് ചൂഴ്ന്നിറങ്ങാതെ തന്നെ വ്യക്തമാകുന്നതാണ്. പ്രബുദ്ധകേരളമെന്നും സാംസ്‌കാരിക കേരളമെന്നും സി.പി.എമ്മും പിണറായിയും നാഴികക്ക് നാല്‍പതുവട്ടം ആവര്‍ത്തിക്കുന്ന ഇവിടത്തെ ജനതയെ വനിതാ മതിലിന്റെ ആവശ്യകതയും ഉദ്ദേശ്യലക്ഷ്യങ്ങളും പ്രസക്തിയും മനസിലാക്കിക്കൊടുക്കുന്നതില്‍ ഭരണപക്ഷം അമ്പേ പരാജയപ്പെട്ടിരിക്കയാണ്. പ്രതിപക്ഷത്തിന് വിഭ്രാന്തിയാണെന്നാണ് ഇതു സംബന്ധിച്ച് ഏറ്റവുമൊടുവില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. വനിതാ മതിലിന്റെ സാധുതയും നടത്തിപ്പിലെ ഇരട്ടത്താപ്പും ചോദ്യം ചെയ്യുന്ന പ്രതിപക്ഷം സമൂഹ മനസാക്ഷിയുടെ നേരിട്ടുള്ള സംശയമാണ് ഉന്നയിച്ചിരിക്കുന്നതെന്ന യാഥാര്‍ത്ഥ്യം ജനാധിപത്യത്തെക്കുറിച്ച് മിനിറ്റിന് മിനിറ്റിന് കോള്‍മയിര്‍ക്കൊള്ളുന്ന മുഖ്യമന്ത്രി മനസിലാക്കണം.
നവോത്ഥാന നായകനായി സ്വയം ഉയര്‍ന്നുവരാനും നവോത്ഥാനം ഒരു പ്രത്യേക സമുദായത്തിന് പതിച്ചുകൊടുക്കാനുമുള്ള മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പാണ് ഇതിന് പിന്നിലെന്ന് പകല്‍പോലെ വ്യക്തമാണ്. ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി സി.പി. സുഗതന് വനിതാമതില്‍ സംഘാടകസമിതിയില്‍ ഉന്നത സ്ഥാനം നല്‍കിയതു മുതല്‍ ഉന്നയിക്കുന്ന വിഷയത്തോടുള്ള ആത്മാര്‍ത്ഥതയില്ലായ്മ ജനം മനസിലാക്കിയതാണ്. രാജ്യം പ്രത്യേകിച്ച് കേരളം നവോത്ഥാന രംഗത്ത് ഇന്ന് നേടിയെടുത്തിരിക്കുന്ന തുല്യതയില്ലാത്ത പുരോഗതി ഏതെങ്കിലും ഒരു സമുദായമൊ ഒരു വിഭാഗമൊ പണിയെടുത്തുണ്ടാക്കിയതല്ലെന്ന് മുഖ്യമന്ത്രി തിരിച്ചറിയണം. സ്വതസിദ്ധമായ ധാര്‍ഷ്ട്യത്തോടെ ഇത്തരം വാദങ്ങളെ പുച്ഛിച്ചുതള്ളുകയും ചീത്ത വിളിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി നവോത്ഥാന ചരിത്രത്തില്‍ മറ്റു സമുദായങ്ങള്‍ വഹിച്ച ത്യാഗോജ്വലമായ പങ്കിനെയും ചരിത്രത്തെ തന്നെയുമാണ് ചവറ്റുകൊട്ടയിലേക്ക് തള്ളാന്‍ ശ്രമിക്കുന്നത്. കാവിവല്‍ക്കരണ നീക്കവുമായി സംഘ്പരിവാറും കേന്ദ്രഭരണ കക്ഷികളും നടത്തുന്ന ഫാസിസ്റ്റ് നീക്കങ്ങളുടെ മറ്റൊരു ചീഞ്ഞളിഞ്ഞ മുഖമാണ് ഇതുവഴി മുഖ്യമന്ത്രി പുറത്തെടുത്തിരിക്കുന്നത്.
സി.പി. സഗുഗതനും വെള്ളാപ്പള്ളി നടേശനും ഉണ്ടാക്കുന്നത് വര്‍ഗീയ മതിലാണെന്ന് തുറന്നുപറഞ്ഞ പ്രതിപക്ഷം നിയമസഭക്കകത്തും പുറത്തും ഇതേ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. വനിതാമാതില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കുമെന്നും പ്രത്യാഘാതങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയത്തോടാണ് മുഖ്യമന്ത്രി അസഹിഷ്ണുത മുറ്റിനില്‍ക്കുന്ന തരത്തില്‍ പ്രതികരിച്ചത്. ഇത് അഭിമാനമതിലാണെന്നും പ്രതിപക്ഷത്തിന് വിഭ്രാന്തിയാണെന്നും മുഖ്യമന്ത്രി പറഞ്ഞതോടെയാണ് വര്‍ഗീയമതില്‍ ആണ് പണിയുന്നതെന്ന് പ്രതിപക്ഷം പറഞ്ഞത്. വനിതാ മതിലിനെ അധിക്ഷേപിക്കുന്നവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണെന്നതടക്കമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍ കേരള ജനതയുടെ ചെവിപ്പുറത്ത് നില്‍ക്കുന്നുമുണ്ട്. ശബരിമല വിഷയത്തില്‍ മൂന്ന് യു.ഡി.എഫ് എം.എല്‍.എമാര്‍ നടത്തിയ സത്യഗ്രഹം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ചെറുവിരല്‍ പോലും അനക്കിയില്ല എന്ന ആക്ഷേപം ശക്തമായി നിലനില്‍ക്കെ നിയമസഭാ സെക്ഷന്റെ അവസാന ദിവസമുണ്ടായ സംഭവ വികാസങ്ങള്‍ മുന്‍നിര്‍ത്തി സഭയുടെ കറുത്തദിനം എന്ന് പ്രതിപക്ഷ നേതാവ് വിശേഷിപ്പിച്ചെങ്കില്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല.
വനിതാമതില്‍ സംഘാടകസമിതിയില്‍ ഒരു സ്ത്രീപോലും ഇല്ലെന്ന ഭരണപക്ഷത്തിന്റെ വിമര്‍ശനത്തെ ക്ഷമയോടെ ഉള്‍ക്കൊണ്ട മുഖ്യമന്ത്രി സി.പി. സുഗതന്‍ പ്രശ്‌നം ഉള്‍പ്പെടെ പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങളില്‍ ഫാസിസ്റ്റുകളെ കവച്ചുവെക്കുന്ന അസഹിഷ്ണുതയാണ് പ്രകടിപ്പിക്കുന്നത്. ഹാദിയ കേസില്‍ ഉള്‍പ്പെടെ അവസരം കിട്ടിയപ്പോഴെല്ലാം ഒരു വിഭാഗത്തിനെതിരെ കൊലവിളി നടത്തിയ സി.പി. സുഗതനെ വനിതാമതില്‍ സംഘാടക സമിതിയുടെ ജോയിന്റ് കണ്‍വീനറാക്കിയതു മുതല്‍ ഭൂരിപക്ഷ വര്‍ഗീയതയോട് സമരസപ്പെടുന്ന മുഖ്യമന്ത്രിയുടെ മുഖം ഒരിക്കല്‍ കൂടി മറനീക്കി പുറത്തുവന്നതാണ്. അയോധ്യയില്‍ കര്‍സേവക്ക് പോയ സുഗതന്‍ ഈ വിഷയത്തില്‍ നടത്തിയ പ്രഖ്യാപനങ്ങളും മതേരത്വത്തില്‍ വിശ്വസിക്കുന്നവരാരും മറക്കില്ലെന്നുറപ്പാണ്.
ഹിന്ദുത്വ വര്‍ഗീയതയോടും ഭൂരിപക്ഷ വര്‍ഗീയതയോടും മുഖ്യമന്ത്രി പിണറായി വിജയന്റെ അനുകൂല നിലപാടാണ് വനിതാമതില്‍ പ്രഖ്യാപനത്തിലും നടത്തിപ്പിലും വ്യക്തമായിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ ചെലവില്‍ ഇത്തരം വര്‍ഗീയതകള്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കം പ്രബുദ്ധ കേരളം പരാജയപ്പെടുത്തുക തന്നെ ചെയ്യും. ഒപ്പം മുഖ്യമന്ത്രിയുടെ കപട മതേതരമുഖം സമൂഹത്തിന് തിരിച്ചറിയാനുള്ള അവസരം കൂടിയായി വനിതാമതില്‍ മാറുകയും ചെയ്യും.