വരുന്നൂ, ദുര്‍ഗ

ചരിത്രം നല്‍കുന്ന പാഠം, ചരിത്രത്തില്‍ നിന്ന് ആരും പാഠം പഠിക്കുന്നില്ലെന്നതാണല്ലോ. ജീവന്മരണ പോരാട്ടങ്ങളുടെ വലിയ പാഠങ്ങള്‍ തന്നെയുള്ള ഇസ്‌ലാമിക ചരിത്രത്തിലാണ്, ബ്രാഹ്മണ കുടുംബാംഗമായ മമത ബാനര്‍ജിക്ക് ബിരുദാനന്തര ബിരുദം. കള്ളപ്പണക്കാരെ പിടിക്കാനെന്ന വ്യാജേന രാജ്യത്തെ മുഴുവന്‍ ജനത്തെയും തൊഴിലും ഊണും ഉറക്കവും മതിയാക്കി ബാങ്കുകള്‍ക്ക് മുമ്പിലും എ.ടി.എമ്മിനു മുമ്പിലും വരി നിര്‍ത്തിയ നരേന്ദ്രമോദിക്കും ബി.ജെ.പിക്കും എതിരെ സാധാരണ ജനത്തെ അണിനിരത്തുന്നതില്‍ പ്രതിപക്ഷ കക്ഷികള്‍ അമ്പേ പരാജയപ്പെട്ടിരിക്കെയാണ്, ദുര്‍ഗാ പൂജയുടെ നാട്ടില്‍ നിന്ന് മമത പറന്നെത്തുന്നത്. മനസ്സില്‍ കവിതയും കാലില്‍ ഹവായി ചെരുപ്പും തെളിമയുള്ള കോട്ടണ്‍ സാരിയുമുടുത്ത് അതിവേഗം അവര്‍ ഡല്‍ഹിയിലൂടെ നടക്കുമ്പോള്‍ നാട് ആഗ്രഹിച്ചുപോവുന്നതു തന്നെയാണ് കുനില്‍ഘോഷ് പറഞ്ഞത്, ഇനി പ്രധാനമന്ത്രി പദത്തിലേക്ക് മോദിക്ക് പ്രതിയോഗി ദീദിയാണെന്ന്. ബംഗാളിലെ 42ല്‍ 40 ലോക്‌സഭാ സീറ്റും നേടുന്ന തൃണമൂല്‍ കോണ്‍ഗ്രസായിരിക്കും. പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന്.
ജനാധിപത്യത്തെ കുറിച്ച് എത്ര അലമുറയിട്ടാലും ഇന്ത്യക്കാരുടെ മനസ്സിലെ വീരാരാധന മാറിയിട്ടില്ല. ആജ്ഞാപിക്കൂ കല്പിക്കൂ, ജീവന്‍ തരാന്‍ തയ്യാറാണ് എന്ന് ആവേശത്തോടെ വിളിക്കാന്‍ ഇന്നും ഒരാളെ ജനം കാത്തിരിക്കുന്നു. 34 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച ബംഗാളില്‍ നിന്ന് സി.പി.എമ്മിനെ തൂത്തുവാരിയത് മമത എന്ന ഒറ്റയാള്‍. സി.പി.എമ്മിന് തുടര്‍ ഭരണം ഉണ്ടായാല്‍ ഇതും ബംഗാളാവുമെന്ന ഭയമായിരുന്നു മലയാള നാട്ടിലേതെങ്കില്‍ കോണ്‍ഗ്രസിനെ കൂട്ടുപിടിച്ചിട്ടുപോലും കര പോയിട്ട് രണ്ടക്കവര തൊടാന്‍ കഴിയാതിരിക്കുന്ന അവസ്ഥയിലാണിന്നവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ആ ദേഷ്യം കൊണ്ടുതന്നെയാണ്, മോദിക്കെതിരായ പ്രക്ഷോഭത്തില്‍ സഹകരണം തേടി മമത നല്‍കിയ കത്ത് സി.പി.എം ചവറ്റുകുട്ടയിലേക്ക് എറിഞ്ഞത്.
മോദിയും സംഘ് തന്ത്രജ്ഞരും നടത്തുന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ക്ക് മുമ്പില്‍ അസ്ത്പ്രജ്ഞരായിരിക്കുകയാണ് പ്രതിപക്ഷം. കള്ളപ്പണ നിയന്ത്രണത്തിന് ഈ രീതി പര്യാപ്തമല്ലെന്ന് 2004ല്‍ ബി.ജെ.പി തന്നെ വ്യക്തമാക്കിയിരിക്കെ ഒട്ടും മുന്നൊരുക്കമില്ലാത്ത ഈ അതിക്രമം നാട്ടുകാരോട്, സാധാരണക്കാരില്‍ സാധാരണക്കാരോട് കാട്ടിയ മോദിയെ പിച്ചിക്കീറി ജനത്തിന് ഇട്ടുകൊടുക്കാന്‍ കെല്‍പുള്ള ഒരാളെയും ദേശീയ തലത്തില്‍ കാണാതിരിക്കുമ്പോഴാണ് മമത കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്കും പാറ്റ്‌നയിലേക്കും ലഖ്‌നോവിലേക്കും വിമാനം കയറുന്നത്. മറ്റാരുടെ കാര്യത്തിലുമില്ലാത്ത ഉല്‍ക്കണ്ഠ ബി.ജെ.പിക്കുണ്ട്താനും. ബംഗാളിലേക്ക് പട്ടാളത്തെ അയക്കാനും അവര്‍ സഞ്ചരിച്ച വിമാനത്തില്‍ കുത്തിത്തിരിപ്പുണ്ടാക്കാനും ശ്രിക്കുന്നത് മറ്റൊന്നുകൊണ്ടുമല്ല. നോട്ട് നിരോധനം കൊള്ളയാണെന്ന് ഡോ. മന്‍മോഹന്‍ സിങും അമര്‍ത്യാസെന്നുമൊക്കെ പറഞ്ഞതിന് ശേഷവും ‘നടപ്പാക്കിയ രീതിയാണ് തെറ്റിയതെന്ന്’ പറയുന്ന കോണ്‍ഗ്രസുകാരും നിതീഷ്‌കുമാറടക്കമുള്ള നേതാക്കളും വലിയൊരു ജനകീയ പോരാട്ടത്തിന്റെ നട്ടെല്ല് ഒടിച്ചു കളയുകയാണ്.
എന്തുകൊണ്ട് മമത? സി.പി.എമ്മിനെ തുരത്തി ബംഗാളിന്റെ അമരത്തിരിക്കുന്ന മമതക്ക് ഇനി നേരിടാനുള്ളത് ബി.ജെ.പിയെയാണ്. ഡല്‍ഹി പിടിക്കാനല്ല തേഞ്ഞ റബര്‍ ചെരിപ്പുമായി ഡല്‍ഹി തെരുവീഥിയിലൂടെ സ്‌ട്രൈക്ക് നടത്തുന്നത്, കൊല്‍ക്കത്ത കൈവിടാതിരിക്കാനാണ്. വിഭജനത്തിന്റേതടക്കം അനേകം മുറിവുകളിലൂടെ കടന്നുപോയ ബംഗാളില്‍ സാമുദായിക വൈരത്തിന് വേരുണ്ടെന്നും അത് വളര്‍ത്തി തീപിടിപ്പിക്കുകയേ വേണ്ടൂവെന്നും സംഘ്പരിവാര കുബുദ്ധികള്‍ക്കല്ലേ നന്നായറിയുക. വര്‍ഗീയ വിഷപ്പാനപാത്രങ്ങള്‍ ബംഗാളിനെ ചൂടുപിടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇനി മോദിക്ക് ഉറക്കമില്ലെന്ന് ദീദി പറയുമ്പോള്‍ മനസ്സിലാക്കേണ്ടത് ദീദിക്ക് ഉറക്കം നഷ്ടപ്പെട്ടുവെന്നുകൂടിയാണ്. മമത കല്യാണം കഴിച്ചുവെന്നും ഗര്‍ഭഛിദ്രം നടത്തിയെന്നും ഇസ്‌ലാമിലേക്ക് മാറിയെന്നും…മമതയെ ലക്ഷ്യമിട്ട സംഘ് കഥകള്‍ അവിടെ പറപറക്കുന്നു. മുസ്‌ലിം പ്രീണനം എന്ന സ്ഥിരം മുദ്രാവാക്യം മമതക്കെതിരെയും പയറ്റുന്നു.
സ്വതന്ത്ര ഇന്ത്യയിലാണ് മമത ജനിച്ചത്. 1955 ജനുവരി അഞ്ചിന്. ബാനര്‍ജി കുടുംബമെന്നാല്‍ പണ്ഡിത പൗരോഹിത്യ കുടുംബമാണ്. മമതക്ക് പതിനേഴ് വയസ്സായിരിക്കെ ചികിത്സ കിട്ടാതെ അച്ഛന്‍ പ്രൊമിലേശ്വര്‍ ബാനര്‍ജി മരിച്ചു. കമ്യൂണിസ്റ്റുകളോട് ഒരു മമതയുമില്ലാതെ വിദ്യാര്‍ഥി രാഷ്ട്രീയം കോണ്‍ഗ്രസില്‍ തുടങ്ങിയ മമത അതിവേഗം ബംഗാള്‍ കോണ്‍ഗ്രസില്‍ താരമായി. 1997ല്‍ സ്വന്തമായി പാര്‍ട്ടി രൂപവത്കരിക്കും വരെ ബംഗാളിലെ കോണ്‍ഗ്രസിലെ മുത്തച്ഛന്‍മാര്‍ക്ക് തലവേദനയായിരുന്നു ഈ തീപ്പൊരി നേതാവ്. സ്വന്തം പാര്‍ട്ടി രൂപവത്കരിച്ച ശേഷവും കോണ്‍ഗ്രസിനോട് ഇണങ്ങിയും പിണങ്ങിയും നിന്നു. രണ്ടു തവണ കേന്ദ്ര മന്ത്രിയായി.യു.പി.എയിലും എന്‍.ഡി.എയിലും. തോന്നിയപ്പോഴൊക്കെ ഇറങ്ങിപ്പോന്നു. 1984ല്‍ സോമനാഥ് ചാറ്റര്‍ജിയെ തോല്‍പിച്ചാണ് പാര്‍ലിമെന്റിലെത്തിയത്. വനിതാ സംവരണ ബില്ലിനെ എതിര്‍ത്ത സമാജ് വാദി പാര്‍ട്ടിയിലെ ദരാഗപ്രസാദ് സരോജിനെ കോളര്‍ പിടിച്ചുന്തിയ മമതയെ 2012ല്‍ ടൈം മാഗസിന്‍ ലോകത്തെ സ്വാധീനിച്ച നൂറ്റുവരിലൊരാളാക്കി. ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍ എന്ന സംഘടന 2013ലെ ഏറ്റവും സത്യസന്ധയായ ഭരണാധികാരിയായും തെരഞ്ഞെടുത്തു. ഒരുവേള അണ്ണാ ഹസാരെ മമതക്കൊപ്പമായിരുന്നു. 2011ല്‍ ബംഗാളിലെ ഭരണം മമത പിടിയിലൊതുക്കിയത് തങ്ങള്‍ക്ക് പറ്റിയ കൈപ്പിഴയാണെന്ന സി.പി.എമ്മിന്റെ വിശ്വാസം 2016ല്‍ തിരുത്തിയാണ് രണ്ടാമതും ബംഗാള്‍ മുഖ്യമന്ത്രിയായത്. ഇനി സി.പി.എമ്മിനും നില്‍ക്കേണ്ടിവരും ഇവര്‍ക്ക് പിന്നില്‍.

SHARE