മുസ്‌ലിംലീഗ് നടത്തുന്ന ചരിത്രദൗത്യം

രാഷ്ട്രപിതാവിന്റെ വധത്തിനും ബാബരിമസ്ജിദ് ധ്വംസനത്തിനുംശേഷം ഇന്ത്യാചരിത്രത്തിലെ മൂന്നാമത്തെ മഹാദുരന്തത്തിനാണ് മറ്റൊരു ഡിസംബര്‍ മാസം രാജ്യം സാക്ഷ്യം വഹിച്ചിരിക്കുന്നത്. ജനുവരി 30നും ഡിസംബര്‍ ആറിനും ശേഷം ഡിസംബര്‍ 11 കൂടി. അന്നാണ് രാജ്യത്തിന്റെ ഭരണഘടനയെ അപ്പടി വിസ്മരിച്ചുകൊണ്ടും അവമതിച്ചുകൊണ്ടും ഇന്ത്യയിലെ ഫാസിസ്റ്റ് സ്വഭാവഭരണകൂടം നിയമനിര്‍മാണസഭയിലെ ഭൂരിപക്ഷമെന്ന മുഷ്ടി ഉപയോഗിച്ച് പൗരത്വഭേദഗതി നിയമം2019 പാസാക്കിയെടുത്തിരിക്കുന്നത്. 1955ലെ പൗരത്വനിയമത്തെ ഭേദഗതിചെയ്തുകൊണ്ടാണ് ഈ നിയമം ബി.ജെ.പി നേതൃത്വം നല്‍കുന്ന നരേന്ദ്രമോദി-അമിത്ഷാ സര്‍ക്കാര്‍ ആരോടും ആലോചിക്കാതെ ധൃതിപിടിച്ച് ചുട്ടെടുത്തത്. മഹാത്മാഗാന്ധിയുടെ പ്രപൗത്രന്‍ വിശേഷിപ്പിച്ചതുപോലെ ഈ നിയമം ഇന്ത്യയുടെ പരമ്പരാഗതമായുള്ള യശസ്സിനെ ലോകസമൂഹത്തിനുമുന്നില്‍ ഇടിച്ചുതാഴ്ത്തിയിരിക്കുന്നു. മുസ്്‌ലിംകളെ ഒഴിവാക്കി അയല്‍രാജ്യങ്ങളിലെ മറ്റ് പീഡിതസമുദായാംഗങ്ങള്‍ക്കും രാജ്യത്തേക്ക് പൗരത്വംനല്‍കുമെന്ന നിയമത്തിലെ നിര്‍ദേശം വരാനിരിക്കുന്ന നാളുകള്‍ രാജ്യത്തുണ്ടായേക്കാവുന്ന ഭീകരമായ അനുരണനങ്ങളെയാണ് സൂചിപ്പിക്കുന്നത്. കാര്യങ്ങള്‍ തങ്ങളുടെയും കൈവിട്ടുപോകുന്നുവെന്നാണ് ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാരിനും ബോധ്യമായിരിക്കുന്നതെന്നുവേണം ഇന്നലെ പ്രധാനമന്ത്രി അസം ജനതയോട് നടത്തിയ സമാധാനത്തിനായുള്ള അഭ്യര്‍ത്ഥനയില്‍നിന്ന് മനസ്സിലാക്കാന്‍.
അസമിലും ത്രിപുരയിലും ഇതര വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബില്ലിനെതിരായ അതിരൂക്ഷപ്രതിഷേധവും പ്രക്ഷോഭവുമാണ് ഇതിനകം ഉയര്‍ന്നുവന്നിരിക്കുന്നത്. അസം തലസ്ഥാനമായ ഗോഹട്ടിയില്‍ നരേന്ദ്രമോദിയും ജപ്പാന്‍പ്രധാനമന്ത്രി ഷിന്‍സോ ആബെയും ഞായറാഴ്ച നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ഉന്നതതല കൂടിക്കാഴ്ച മാറ്റിവെക്കേണ്ടിവന്നിരിക്കുകയാണ്. ഇത് അര്‍ത്ഥമാക്കുന്നത് അസമിലെ ബി.ജെ.പി സര്‍ക്കാരിന് പട്ടാളത്തെ വിളിച്ചിട്ടുപോലും ക്രമസമാധാനനില നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിയില്ലെന്നാണ്. ഇന്നലെയും ഗോഹട്ടിയിലെ തെരുവീഥികളില്‍ യുവാക്കളുടെ വന്‍ പ്രതിഷേധമാണ് കാണാന്‍കഴിഞ്ഞത്. ട്രെയിനുകളും വിമാനസര്‍വീസും നിര്‍ത്തിവെച്ചിരിക്കുന്നു. ഇന്നലെ രാവിലെ പട്ടാളം ഫഌഗ്മാര്‍ച്ച് നടത്തിയിട്ടും അതിനുശേഷവും യുവാക്കള്‍ തീക്കൊള്ളികളുമായി നഗരവീഥികള്‍ കീഴടക്കാന്‍ മുന്നോട്ടുവന്നു. തങ്ങള്‍ക്ക് സ്വസ്ഥമായി ജീവിച്ചാല്‍ മതി, ഇവിടേക്ക് മറ്റാരെയും കൊണ്ടുവന്ന് കുടിയിരുത്തേണ്ടെന്നാണ് പ്രതിഷേധിക്കുന്ന യുവാക്കളുടെ പക്ഷം. ഹിന്ദുവോ മുസ്്‌ലിമോ എന്നല്ല, ആരെയും ഇങ്ങോട്ട് കടത്തിവിടേണ്ടെന്നാണ് അവര്‍ പറയുന്നത്. അസമിലെ ആള്‍ അസം വിദ്യാര്‍ത്ഥിയൂണിയനും മറ്റും മുമ്പ് മോദി സര്‍ക്കാര്‍ വര്‍ഗീയ തിമിരത്താല്‍വെച്ച കെണിയില്‍ അവര്‍തന്നെ സ്വയം അകപ്പെട്ടു എന്നതാണ് സത്യം. ഇന്ത്യ ഹിന്ദുക്കളുടേതാണെന്നും ഇവിടെ മുസ്്‌ലിംകള്‍ക്ക് സ്ഥാനമില്ലെന്നും വാദിച്ച ആര്‍.എസ്.എസ്സിന്റെ അതേ ആദര്‍ശമാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്നതെങ്കില്‍, ഇന്ത്യ ഹിന്ദുക്കളുടേതാണെങ്കിലും അത് ബി.ജെ.പി പറയുന്നവരുടേത് മാത്രമല്ലെന്നാണ് അസമിലെയും ത്രിപുരയിലെയും ജനത ഇപ്പോള്‍ പറയുന്നത്. ഭരണഘടനയുടെ 371 -ാം വകുപ്പിലെ ആറാം ഉപവകുപ്പില്‍ നിര്‍ദേശിച്ചിരിക്കുന്ന പ്രത്യേക വിഭാഗങ്ങള്‍ക്ക് സംരക്ഷണം അനുവദിച്ചുകിട്ടണമെന്നാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ ആവശ്യപ്പെടുന്നത്. ഇന്ത്യയെ ഒരേ സംസ്്കാരത്തിലേക്കും ഒരൊറ്റ മതത്തിനുള്ളിലേക്കും ഒതുക്കാമെന്ന ആര്‍.എസ്.എസ് -ഹിന്ദുത്വ അജണ്ടയെയാണ് വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ ചോദ്യം ചെയ്യുന്നത്.ബംഗ്ലാദേശില്‍നിന്ന് ചക്മ അഭയാര്‍ത്ഥികള്‍ കൂട്ടത്തോടെ എത്തിയാല്‍ തങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാകുമെന്ന ജനതയുടെ ആശങ്കക്ക് മുന്‍തൂക്കം കൊടുത്തേ തീരൂ. അതുപോലെ തന്നെയാണ് ഹിന്ദുക്കളെന്നപേരില്‍ എത്തുന്ന മറ്റുള്ളവരുടെ കാര്യവും.
പൗരത്വഭേദഗതി നിയമത്തില്‍ മുസ്‌ലിംകളൊഴികെയുള്ള ആറ് മതവിഭാഗങ്ങള്‍ക്ക് രാജ്യത്ത് പൗരത്വം അനുവദിക്കുന്നതിനെ ചരിത്രത്തിലെ സുവര്‍ണഅധ്യായമെന്ന് വിശേഷിപ്പിക്കുന്ന മോദിയും അമിത്ഷായും ഇന്ത്യയുടെ മഹത്തായ മതേതരപാരമ്പര്യത്തെയും ഭരണഘടനയെയുമാണ് ചോദ്യം ചെയ്തിരിക്കുന്നത്. മതത്തിന്റെയോ ജാതിയുടെയോ വര്‍ണത്തിന്റെയോ വര്‍ഗത്തിന്റെയോ ഭാഷയുടെയോ പേരില്‍ ഇന്ത്യയില്‍ ഒരാള്‍ക്കും പൗരത്വം നിഷേധിക്കരുതെന്ന മഹത്തായ ഭരണഘടനാവകുപ്പിനാണ് ഇപ്പോള്‍ ക്ഷതമേറ്റിരിക്കുന്നത്. 1974ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ ജനാധിപത്യ, സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്നതില്‍ ‘മതേതരത്വം’ എന്ന വാക്കുകൂടി ഉള്‍ച്ചേര്‍ത്തി ഭരണഘടനാഭേദഗതി വരുത്തിയത്. മോദിയുടെയും ആര്‍.എസ്.എസ്സിന്റെയും അജണ്ടയെയും വരാനിരിക്കുന്ന വര്‍ഗീയവിപത്തിനെയും മുന്‍കൂട്ടി കണ്ടുകൊണ്ടായിരുന്നു നെഹ്‌റുപുത്രിയുടെ ഈ ധീരവും വിശാലമനസ്സോടെയുമുള്ള നടപടി. എന്നാല്‍ ഇതിനുമുമ്പുതന്നെ 1973ലെ കേശവാനന്ദഭാരതി കേസില്‍ സുപ്രീംകോടതി രാജ്യത്തിന്റെ ഭരണഘടനയുടെ സ്വഭാവംതന്നെ മതനിരപേക്ഷമാണെന്ന് വിധിച്ചിരുന്നു. ഇതെല്ലാം മറന്നുകൊണ്ടോ കേവലമായ രാഷ്ട്രീയലക്ഷ്യം മുന്നില്‍കണ്ടുകൊണ്ടോ ഹിന്ദുത്വരാഷ്ട്രസ്ഥാപനത്തിനുവേണ്ടിയോ ഏതിനായാലും മോദിസര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന കരിനിയമം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി വിശേഷിപ്പിച്ചതുപോലെ ‘ ഇന്ത്യാചരിത്രത്തിലെ കറുത്ത ദിനത്തിലാണ് ‘. അതുകൊണ്ടുതന്നെയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഒപ്പുവെച്ച ഹര്‍ജി സുപ്രീംകോടതിയില്‍ ഇന്നലെ നല്‍കാനിടവന്നത്. ഇന്ത്യയുടെ ഇന്ന് നാമനുഭവിക്കുന്ന സ്വാതന്ത്ര്യത്തിലും മതേതരജനാധിപത്യസംവിധാനത്തിലും പങ്കുള്ള ഒട്ടനവധി രാഷ്ട്രശില്‍പികളാണ് മുസ്്‌ലിംസമുദായത്തില്‍നിന്നുള്ളതെന്ന് ഈ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിരണ്ടാമാണ്ടിലും മോദിമാര്‍ ഓര്‍ക്കുന്നത് നന്ന്. അതറിയാന്‍ മോദിക്കും ഷാക്കും ഒന്നും അധികംദൂരേക്ക് പോകേണ്ട. തങ്ങളിരിക്കുന്ന ഭരണാധികാരമന്ദിരങ്ങളില്‍നിന്ന് നടന്നുചെന്നാല്‍ മാത്രം വായിച്ചെടുക്കാവുന്ന ദൂരത്തില്‍ ഡല്‍ഹി ഇന്ത്യാഗേറ്റില്‍ കൊത്തിവെച്ചിരിക്കുന്ന രാഷ്ട്രരക്തസാക്ഷികളുടെ പേരുകളില്‍ ഭൂരിപക്ഷവും മുസ്്‌ലിംകളുടേതാണെന്നതുമാത്രംമതി അവര്‍ക്കതിന്. അതുകൊണ്ടുതന്നെയാണ് മറ്റൊരുവ്യക്തിക്കും കക്ഷിക്കും മുമ്പേ പൗരത്വനിയമം രാജ്യസഭയും പാസാക്കി നേരംപുലര്‍ന്നയുടന്‍ രാജ്യത്തിന്റെ ഉന്നതനീതിപീഠത്തിലേക്ക് മുസ്്‌ലിംലീഗ് എം.പിമാര്‍ ആശ്വാസദാഹവുമായി കയറിച്ചെന്നത്. ഈ ഹര്‍ജി കേവലമൊരു നിവേദനമല്ല, രാജ്യത്തെ 24 കോടിയോളംവരുന്ന പൗരന്മാരുടെ കണ്ണീരും വിയര്‍പ്പും ആശങ്കയും ഭയവുമൊക്കെ നിറച്ച മഷിയാണിതില്‍. ഇന്ത്യന്‍ഭരണഘടനാസഭയിലെ അംഗമായിരുന്ന മുസ്്‌ലിംലീഗ് സ്ഥാപകന്‍ ഖാഇദേമില്ലത്ത് മുഹമ്മദ്ഇസ്്മാഈല്‍സാഹിബിന്റെ പിന്‍തലമുറയിലെ പ്രതിനിധികളാണ് എം.പിമാരായ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ്ബഷീറും പി.വി അബ്ദുല്‍വഹാബും നവാസ്ഗനിയും. ആ ചരിത്രം ഭരണകൂടം മറന്നാലും രാജ്യത്തെ ഉന്നതനീതിപീഠത്തിന് മറക്കാനാവില്ലെന്ന് പ്രതീക്ഷിക്കാം.