താഴ്‌വരയിലെ മാലാഖ ഇനി അനശ്വര

ഗസ്സയിലെ പ്രക്ഷോഭ ഭൂമിയില്‍ വെടിയേറ്റ് പിടയുന്ന ഫലസ്തീനികളെ പരിചരിക്കാനെത്തുന്ന അതിര്‍ത്തിയിലെ ആ മാലാഖയും കഴിഞ്ഞ ദിവസം ഇസ്രാഈലിന്റെ ക്രൂരതക്കിരയായിരിക്കുകയാണ്. ഫലസ്തീന്‍ നഴ്‌സ് റസാന്‍ അല്‍നജ്ജാര്‍ എന്ന 21 കാരിയാണ് ചോരകണ്ട് കൊതിതീര്‍ന്നിട്ടില്ലാത്ത ജൂതന്‍മാരുടെ വെടിയുണ്ട ഇടനെഞ്ചിറ്റിലേറ്റുവാങ്ങി ധീരരക്തസാക്ഷിത്വം വരിച്ചിരിക്കുന്നത്. ഗസ്സ അതിര്‍ത്തിയിലെ വെടിവെപ്പില്‍ പരിക്കേറ്റവരെ പരിചരിച്ച് അന്താരാഷ്ട്ര ശ്രദ്ധനേടിയ നജ്ജാറിനെ ഡ്യൂട്ടിക്കിടെയാണ് ഇസ്രാഈല്‍ സേന വെടിവെച്ചു കൊലപ്പെടുത്തിയത്.
വെള്ളിയാഴ്ച പ്രക്ഷോഭം പുനരാരംഭിച്ച ഫലസ്തീനികള്‍ക്കുനേരെ ഇസ്രാഈല്‍ നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റവരെ പരിചരിക്കാനെത്തിയതായിരുന്നു നജ്ജാര്‍. ഗുരുതരമായി പരിക്കേറ്റ ഒരാളെ പരിചരിക്കുന്നതിന് മരുന്നെടുക്കാനുള്ള ഓട്ടത്തിലായിരുന്നു അവര്‍. വെള്ള യൂണിഫോം ധരിച്ച് എല്ലാവരും കാണുന്ന രീതിയില്‍ കൈകള്‍ രണ്ടും ഉയര്‍ത്തിപ്പിടിച്ചായിരുന്നു അവള്‍ നടന്നത്. നഴ്‌സാണെന്ന് ഉറപ്പായിട്ടും ഇസ്രാഈല്‍ പട്ടാളക്കാര്‍ നജ്ജാറിനുനേരെ നിറയൊഴിച്ചു. നെഞ്ചിലേക്കാണ് അവര്‍ വെടിയുതിര്‍ത്തത്. പിടഞ്ഞുവീണ നജ്ജാറിന്റെ വെള്ളക്കോട്ട് ചോരച്ചുവപ്പായി മാറി. മാര്‍ച്ച് 30ന് ഫലസ്തീന്‍ അഭയാര്‍ത്ഥികളെ തിരിച്ചുവരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങിയ ശേഷം കൊല്ലപ്പെടുന്ന 119-ാമത്തെ ഫലസ്തീനിയാണ് നജ്ജാര്‍.
കഴിഞ്ഞ കുറേ ദിവസങ്ങളായി വെടിയേറ്റവരെ ശുശ്രൂഷിച്ചും മുറിവില്‍ മരുന്ന് വെച്ചുകെട്ടിയും പ്രക്ഷോഭഭൂമിയിലെ സാന്ത്വന സ്പര്‍ശമായിരുന്നു അവര്‍. ഇസ്രാഈല്‍ വെടിയുണ്ടകള്‍ക്കു മുന്നില്‍ ജീവന്‍ പണയം വെച്ച് ഓടിനടക്കുന്ന നജ്ജാറിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. നജ്ജാറിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യങ്ങള്‍ വഴി പ്രചരിക്കുകയുണ്ടായി. ഫലസ്തീന്‍ പോരാട്ട ഭൂമിയിലെ ‘മാലാഖ’ എന്നാണ് മാധ്യമങ്ങള്‍ അവരെ വിശേഷിപ്പിച്ചിരുന്നത്. ആഴ്ചകളായി അതിര്‍ത്തിയില്‍ പ്രക്ഷോഭകരെ പരിചരിക്കാനുണ്ടായിരുന്ന ഏക വനിതാ നഴ്‌സായിരുന്നു അവര്‍. പരിക്കേറ്റ് വരുന്നവരില്‍ സ്ത്രീകളുമുണ്ടായിരുന്നു. അവര്‍ക്ക് വലിയ ആശ്വാസമായിരുന്നു നജ്ജാര്‍. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ആയിരങ്ങളാണ് ഈ രക്തതാരകത്തിന് അഭിവാദ്യമര്‍പ്പിച്ച് രംഗത്തെത്തിയത്. ഖബറടക്ക ചടങ്ങുകളില്‍ സംബന്ധിച്ച ആയിരങ്ങള്‍ തങ്ങളുടെ പ്രിയ സഹോദരി നിലനില്‍പിനായുള്ള പോരാട്ടത്തിന് ആവേശം പകരുക തന്നെചെയ്യുമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നുണ്ടായിരുന്നു.
ഇസ്രാഈല്‍ കൈയേറിയ ഭൂമി തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് ഫലസ്തീനികള്‍ മാര്‍ച്ച് ആറിന് തുടങ്ങിയ പ്രതിഷേധ സമരത്തില്‍ ഇതുവരെ 120ലേറെ പേരാണ് ഇസ്രാഈലിന്റെ വെടിയുണ്ടകള്‍ക്കിരയായി മരണപ്പെട്ടിരിക്കുന്നത്. മെയ് 14 ന് പ്രതിഷേധം ആളിക്കത്തിയപ്പോള്‍ 61 പേരാണ് അന്നുമാത്രം കൊലചെയ്യപ്പെട്ടത്. തീര്‍ത്തും ന്യായമായ ആവശ്യത്തിന് വേണ്ടിയുള്ള ഈ പോരാട്ടത്തെ ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം കിരാതമായാണ് ഇസ്രാഈല്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. മേഖലയില്‍ പരിക്കേറ്റവരെ പരിചരിക്കാനെത്തുന്ന വളണ്ടിയര്‍മാരെയും ജീവകാരുണ്യ പ്രവര്‍ത്തകരെയും വരെ വെടിയുണ്ടകള്‍ക്കിരയാക്കുകയാണ്. കുട്ടികളോടും സ്ത്രീകളോടുമൊന്നും യാതൊരു കരുണയും കാണിക്കാത്ത ഈ നരാധമന്‍മാര്‍ ഇപ്പോള്‍ അംഗവൈകല്യമുള്ളവരെയും മറ്റു ദുര്‍ബലരേയും തിരഞ്ഞു പിടിച്ചു തോക്കിനിരയാക്കുകയാണ്. മാത്രമല്ല, വെടിനിര്‍ത്തല്‍ കരാറിന് തയ്യാറാണെന്ന് ഫലസ്തീന്‍ പലതവണ പ്രഖ്യാപിച്ചിട്ടും ഒരു തരത്തിലുള്ള കരാറിനും തങ്ങളില്ലെന്ന ധാര്‍ഷ്ഠ്യമാണ് ഇസ്രാഈലിന്റെ ഭാഗത്തുനിന്നുണ്ടായത്.
ഇസ്‌റാഈലിന്റെ ഈ ക്രൂതതയെക്കാളും ലോകമനസ്സാക്ഷിയെ മരവിപ്പിച്ചു കളയുന്നതാണ് അമേരിക്കയുടെ വിഷയത്തിലുള്ള സമീപനം. ലോക ജനതയുടെ മുറവിളികള്‍ക്ക് പുല്ലുവില കല്‍പ്പിച്ചുകൊണ്ട് ജറുസലേമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി ഏക പക്ഷീയമായി പ്രഖ്യാപിച്ചതിനു പിന്നാലെ ഫലസ്തീന്‍ ജനതക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം വീറ്റോ ചെയ്ത് പരാജയപ്പെടുത്തിയിരിക്കുകയാണ്. സമീപ കാലത്ത് ഗസ്സയില്‍ ഇസ്രാഈല്‍ സേന ഫലസ്തീന്‍ പ്രതിഷേധക്കാരെ വെടിവെച്ചു കൊലപ്പെടുത്തിയതിന് ഹമാസിനെ കുറ്റെപ്പടുത്തിയ ഏക രാജ്യമെന്ന നിലയില്‍ അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെട്ടിരിക്കുകയാണ് അമേരിക്ക. ഗസ്സയില്‍ 120ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ കുവൈത്ത് അവതരിപ്പിച്ച പ്രമേയം യു.എസ് വീറ്റോ ചെയ്യുകയായിരുന്നു. റഷ്യയും ഫ്രാന്‍സും ഉള്‍പ്പെടെ 10 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ബ്രിട്ടന്‍, പോളണ്ട്, നെതര്‍ലാന്‍ഡ്‌സ്, എത്യോപ്യ എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. ഇസ്രാഈലിന്റെ സ്വന്തക്കാരനായ അമേരിക്ക മാത്രമാണ് പ്രമേയത്തെ എതിര്‍ത്ത ഏക രാഷ്ട്രം. ഫലസ്തീന്‍ ജനതക്ക് അന്താരാഷ്ട്ര സമൂഹം സംരക്ഷണം നല്‍കണമെന്നായിരുന്നു പ്രമേയത്തിലെ പ്രധാന ആവശ്യം. മൂന്നു തവണ മാറ്റംവരുത്തി ഭേദഗതിയോടെയാണ് അവതരിപ്പിച്ചതെങ്കിലും അനുകൂലിക്കാന്‍ അമേരിക്ക തയാറായില്ല.
ഫലസ്തീന്‍ വിഷയത്തില്‍ ശാശ്വത സമാധാനം ഇനിയും സാധ്യമാകാത്തത് ആധുനിക ലോകം ഒരു ജനതയോട് കാണിക്കുന്ന ഒരിക്കലും പൊറുക്കാനാകാത്ത അപരാധമാണ്. മനുഷ്യത്വം മരവിച്ച് പോയ ഒരു സമൂഹത്തിനല്ലാതെ ഇത്തരം ക്രൂരതകള്‍ നോക്കിനില്‍ക്കാനാവില്ല. ജനിച്ച നാട്ടില്‍ അഭയാര്‍ത്ഥികളായി കഴിയേണ്ടി വരുന്ന ഈ നിര്‍ഭാഗ്യവാന്‍മാരായ ജനങ്ങളുടെ മേല്‍ അമേരിക്കയുടെ മൗനാനുവാദത്തോടെ ഇസ്രാഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരത നിസ്സംഗതയോടെ വീക്ഷിക്കുകയും അക്രമികള്‍ക്ക് സഹായകരമാകുന്ന രീതിയില്‍ മൗനം പാലിക്കുകയും ചെയ്യുന്ന ലോക രാഷ്ട്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഈ അതിക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. ഇസ്രാഈലിനെതിരെ ശക്തമായ സമ്മര്‍ദ്ദങ്ങള്‍ പ്രയോഗിക്കാനോ അക്രമങ്ങളെ അപലപിക്കാനോ പോലും അവര്‍ക്ക് സാധിക്കുന്നില്ല. ഐക്യരാഷ്ട്ര സഭയില്‍ ഇസ്രാഈലിന്റെ അക്രമങ്ങളെ അപലപിക്കുന്ന പ്രമേയങ്ങള്‍ വരുമ്പോള്‍ അമേരിക്ക നിരന്തരം വീറ്റോ ചെയ്യുകയാണ്. ഐക്യരാഷ്ട്ര സഭയുടെ സംഘടനാപരമായ ദൗര്‍ബല്യം കാരണം കാഴ്ച്ചക്കാരായി നില്‍ക്കേണ്ടി വരുന്നത് വീറ്റോ അധികാരമുള്ള മറ്റുരാജ്യങ്ങള്‍ പലപ്പോഴും സൗകര്യമായാണ് കാണുന്നത്.
അതിനിടെ ബ്രിട്ടനില്‍ നിന്ന് ഇസ്രാഈലിലേക്കുള്ള ആയുധ കയറ്റുമതി വര്‍ധിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത് സമാധാന കാംക്ഷികളെ മുഴുവന്‍ അസ്വസ്ഥരാക്കുന്നതാണ്. 2017ല്‍ 29.4 കോടി ഡോളറിന്റെ ആയുധമാണ് ബ്രിട്ടനില്‍ നിന്ന് ഇസ്രാഈലിലേക്ക് കയറ്റിഅയച്ചിരിക്കുന്നത്. 20016ല്‍ ഇത് 11.4 കോടിയുടേതായിരുന്നു. നിലവില്‍ ബ്രിട്ടനില്‍ നിന്നാണ് ഇസ്രാഈല്‍ ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്നത്.

SHARE