കര്‍ണാടകയില്‍ മതേതരത്വം ജയിക്കട്ടെ

കര്‍ണാടക നിയമസഭയിലേക്ക് മെയ് പന്ത്രണ്ടിന് നടന്ന വോട്ടെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ ഒരു കക്ഷിക്കും സ്വന്തമായി ഭരിക്കാനുള്ള കേവല ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. രാജ്യത്ത് ഇരുപത്തൊന്നാമത്തെ സംസ്ഥാനത്തേക്കാണ് ബി.ജെ.പിയുടെ കണ്ണ്. കര്‍ണാടകകൂടി നഷ്ടപ്പെട്ടാല്‍ പഞ്ചാബും മിസോറാമും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയും മാത്രമാണ് കോണ്‍ഗ്രസിന് അതിന്റെ കൈവെള്ളയില്‍ അവശേഷിക്കുന്നത്. ഈ സാഹചര്യത്തില്‍ ബി.ജെ.പിയെ അകറ്റാന്‍ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായിട്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനതാദള്‍ നേതാവിനെ പിന്തുണക്കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത് ആ കക്ഷിയുടെ വിശാല മനസ്‌കതയുടെ തെളിവാണ്. എം.എം കല്‍ബുര്‍ഗിയെയും ഗൗരിലങ്കേഷിനെയും രാജ്യത്തെ അശരണരായ നിരവധി പൗരന്മാരെയും അടിച്ചും തീവെച്ചും കൊന്നവരെ ഒരുനിലക്കും സര്‍ക്കാരുണ്ടാക്കാന്‍ അനുവദിച്ചുകൂടാ. ബി.ജെ. പിയുടെ നോമിനിയായ ഗവര്‍ണര്‍ ജനാഭിപ്രായം മാനിച്ച് പ്രവര്‍ത്തിക്കുമെന്നാണ് മതേതര വിശ്വാസികളുടെ പ്രതീക്ഷ. രാജ്യത്തെ വലിയ ഫാസിസ്റ്റ് ഭീഷണി കണ്ടും അനുഭവിച്ചും വരുന്ന കര്‍ണാടക പോലുള്ള സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അവര്‍ ബഹുഭൂരിപക്ഷവും ഇച്ഛിച്ച രീതിയില്‍ ബി.ജെ.പി വിരുദ്ധ മതേതരത്വ ഭരണം ഉണ്ടാക്കാന്‍ കഴിഞ്ഞാലത് ജനാധിപത്യ വിശ്വാസികളില്‍ വലിയ ആത്മവിശ്വാസമാണ് പകരുക.
2013ലെ നാല്‍പതു സീറ്റില്‍ നിന്ന് 104 സീറ്റിലേക്കാണ് പ്രതിപക്ഷ കക്ഷിയായ ബി.ജെ.പി മുന്നേറിയിരിക്കുന്നതെങ്കിലും അവര്‍ക്ക് മതേതര പാര്‍ട്ടികളായ കോണ്‍ഗ്രസും ജനതാദളും ചേര്‍ന്നാലത്തെ സീറ്റുകളില്ലെന്നതാണ് വലിയ ആശ്വാസം. കോണ്‍ഗ്രസിന് 122ല്‍ നിന്ന് 78 ലേക്ക് ഒതുങ്ങേണ്ടിവന്നെങ്കിലും അവരും ജനതാദളിന്റെ 37 ഉം ചേര്‍ന്നാല്‍ 115 സീറ്റാകും. വോട്ടെടുപ്പ് നടന്ന 222 സീറ്റില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട മൂന്നെണ്ണത്തിന്റെ കൂടുതല്‍. വോട്ടിങ് ശതമാനത്തിലും വലിയ വ്യത്യാസം ഇരുചേരികളും തമ്മിലുണ്ട്. ഏറ്റവും വലിയ കക്ഷിയായിട്ടും കോണ്‍ഗ്രസിനേക്കാള്‍ കുറഞ്ഞ വോട്ടിങ് ശതമാനമാണ് ബി.ജെ.പിക്കുള്ളത്- 36 ശതമാനം. കോണ്‍ഗ്രസിനാകട്ടെ 38 ഉം ജനതാദളിന് 18 ഉം ശതമാനം. അതായത് മൊത്തം 64 ശതമാനം വോട്ട് ബി.ജെ.പി വിരുദ്ധപക്ഷത്ത്. വോട്ടു കൊണ്ടും സീറ്റുകള്‍കൊണ്ടും ഭൂരിപക്ഷം വോട്ടര്‍മാരുടെ പിന്തുണ ബി.ജെ.പി വിരുദ്ധ-മതേതര പക്ഷത്തിനുതന്നെ എന്നര്‍ത്ഥം. 2013ലെ 36.6ല്‍ നിന്ന് ഒരു ശതമാനത്തിലധികം വോട്ടുകള്‍ വര്‍ധിച്ചത് കോണ്‍ഗ്രസിനെതിരെ ഭരണവിരുദ്ധ വികാരം ഇല്ലെന്നതിന് തെളിവാണ്. അതേസമയം ജനതാദളിനെ ചാക്കിലാക്കാന്‍ ബി.ജെ.പി പണച്ചാക്കുകളുമായി രംഗത്തിറങ്ങിക്കഴിഞ്ഞു. ഗോവയിലും മണിപ്പൂരിലും മേഘാലയയിലും കോണ്‍ഗ്രസ് വലിയ കക്ഷിയായിരുന്നിട്ടും അധികാരവും പണവുമുപയോഗിച്ച് ബി.ജെ.പി സ്വന്തം സര്‍ക്കാരുകളുണ്ടാക്കുന്ന കാഴ്ചയാണ് കണ്ടത്. അത് ഇവിടെയും ആവര്‍ത്തിക്കരുത്. അതോടൊപ്പം കര്‍ണാടകയിലെ ആറു മേഖലകളില്‍ അഞ്ചിടത്തും വന്‍മുന്നേറ്റം നടത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞത് വലിയ ചൂണ്ടുപലകയാണ്. യെദിയൂരപ്പയെപോലെ അഴിമതിക്ക് ജയിലില്‍ കഴിയേണ്ടി വന്നയാളെ മുന്‍നിര്‍ത്തി നടത്തിയ പ്രചാരണത്തില്‍ പോലും മൂന്നിരട്ടി സീറ്റ് നേടി ബി.ജെ.പിക്ക് വലിയ കക്ഷിയായി വിജയിച്ചുകയറാനായി എന്നതിന് കോണ്‍ഗ്രസിന്റെ ഭരണവീഴ്ചക്കപ്പുറം മതേതര ശക്തികളുടെ രാഷ്ട്രീയ ഭിന്നിപ്പിനെയാണ് കുറ്റപ്പെടുത്തേണ്ടത്. ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഇടയിലെ വിലപേശല്‍ ശക്തിയാകാമെന്ന് ജനതാദള്‍ നേതാക്കള്‍ ആശിച്ചു. അതിപ്പോള്‍ നടന്നിരിക്കുന്നു. പരമാവധി വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ എല്ലാ പാര്‍ട്ടികള്‍ക്കും കഴിഞ്ഞു എന്നതിന് തെളിവാണ് 72 ശതമാനം പേര്‍ വോട്ടു ചെയ്തു വെന്നതിന്റെ സൂചന. പതിനേഴു ശതമാനം വരുന്ന ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കിയതുള്‍പ്പെടെ തെരഞ്ഞെടുപ്പിന്റെ പതിനൊന്നാം മണിക്കൂറില്‍ സിദ്ധരാമയ്യ നടത്തിയ നീക്കങ്ങള്‍ തിരിച്ചടിയായോ എന്ന് പഠിക്കണം. ബദാമിയില്‍ വിജയിച്ചെങ്കിലും സ്വന്തം പരമ്പരാഗത മണ്ഡലമായ ചാമുണ്ഡേശ്വരിയിലെ തോല്‍വി അദ്ദേഹത്തിന്റെ നേതൃത്വത്തിനുള്ള ടെസ്റ്റ്‌ഡോസാണ്.
കഴിഞ്ഞ നാലു വര്‍ഷത്തെ കേന്ദ്രഭരണം ബി.ജെ.പിയെയും അതുള്‍ക്കൊള്ളുന്ന ദേശീയ ജനാധിപത്യ സഖ്യത്തെയും ജനമനസ്സുകളില്‍ പൂര്‍വാധികം തുറന്നുകാട്ടിയെങ്കിലും ഇതിനിടെ വിവിധ സംസ്ഥാനങ്ങളില്‍ ഭരണം ലഭിക്കുന്നതിന് അവര്‍ക്കതൊന്നും തടസ്സമായില്ലെന്നാണ് പുറത്തുവന്ന ഭൂരിപക്ഷം നിയമസഭാതെരഞ്ഞെടുപ്പു ഫലങ്ങളും വ്യക്തമാക്കിയത്. നാലുകൊല്ലംകൊണ്ട് ഏഴു സംസ്ഥാനങ്ങളില്‍ നിന്ന് മോദിയും അമിത്ഷായും കൈവരിച്ച ഈ നേട്ടത്തെ ലളിതമായി കാണാനാവില്ലതന്നെ. ആളുകളെ അവര്‍ ന്യൂനപക്ഷങ്ങളാകട്ടെ, ദലിതുകളാകട്ടെ പച്ചയ്ക്ക് തല്ലിക്കൊല്ലുക, ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കുമെന്ന് വിളിച്ചു പറയുക, സാംസ്‌കാരിക പ്രവര്‍ത്തകരെ വെടിവെച്ചുകൊല്ലുക, ഭരണഘടനാ സ്ഥാപനങ്ങളുടെ നേര്‍ക്ക് കൊഞ്ഞനംകുത്തുക തുടങ്ങി നരേന്ദ്രമോദി സര്‍ക്കാരിന്റെ കീഴില്‍ സംഘ്പരിവാരം നടത്തിവരുന്ന വെല്ലുവിളികളെ ഈ ഫലംകൊണ്ട് ന്യായീകരിക്കാമോ എന്നതാണ് സുപ്രധാനമായിരിക്കുന്ന ഇനിയത്തെ ചോദ്യം. ഗുജറാത്തിലെ കഴിഞ്ഞ വര്‍ഷത്തെ നിയമസഭാതെരഞ്ഞെടുപ്പ് തുടര്‍വിജയം പരിവാര സംഘടനകളെ കുറച്ചൊന്നുമല്ല അഹങ്കരിപ്പിച്ചത്. ഇത് ആവര്‍ത്തിക്കപ്പെട്ടുകൂടാ.
2019ലെ ലോക്‌സഭാതെരഞ്ഞെടുപ്പിനുള്ള ഡ്രസ് റിഹേഴ്‌സലായി കര്‍ണാടകയെ സമീപിക്കാവുന്നതാണ്. മതേതര ശക്തികളുടെ യോജിപ്പ് ഇന്നിന്റെ അനിവാര്യതയാണെന്ന് പുരപ്പുറത്തുകയറി പ്രസംഗിക്കുന്നവര്‍ തന്നെയാണ് കര്‍ണാടകയില്‍ സി.പി.എമ്മിനെപോലെ, പതിനൊന്ന് സീറ്റുകളില്‍ കോണ്‍ഗ്രസിനെതിരെ മല്‍സരിച്ചത്. എന്നിട്ടും കോണ്‍ഗ്രസ് വോട്ടുകള്‍ കുറക്കാനല്ലാതെ അവര്‍ക്ക് സ്വന്തമായി ഒന്നും നേടാനായതുമില്ല. ഒരുനിലക്കും കോണ്‍ഗ്രസുമായി നീക്കുപോക്കില്ലെന്ന് ജനതാദള്‍ ശഠിച്ചു. എസ്.ഡി.പി.ഐ പോലുള്ള ചെറു കക്ഷികള്‍ മതേതര വോട്ടുകളുടെ ഭിന്നിപ്പിന് ആക്കം കൂട്ടി. ഇരു പാര്‍ട്ടികളും സ്വന്തമായി നേടിയ വോട്ടുകള്‍ ഫലത്തില്‍ ബി.ജെ.പിയുടെ തിരിച്ചുവരവിനുള്ള ഒപ്പുചാര്‍ത്തലായി മാറി. കഷ്ടിച്ച് ഒരു വര്‍ഷത്തിനകം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് ഇപ്പോള്‍ തന്നെ ഒരുക്കങ്ങളും നീക്കുപോക്കുകളും ധാരണകളും ഉണ്ടാകേണ്ട സന്ദര്‍ഭമാണിത്. അതിന് കര്‍ണാടകം മാതൃകയാകണം. ഹിന്ദുത്വകാര്‍ഡ് ഒന്നുകൊണ്ട് മാത്രം ബി.ജെ.പിക്ക് തങ്ങളുടെ സാധ്യതകളെ ഫലിപ്പിച്ചെടുക്കാന്‍ കഴിയും. അതിനവര്‍ ഏതു തറ നിലവാരത്തിലേക്കും പോകുമെന്നതിന് തെളിവാണ് ഇരുപത്തൊന്ന് റാലികളിലായി രാഷ്ട്രം ആദരിക്കുന്ന പണ്ഡിറ്റ് നെഹ്‌റുവിനെ പോലും അധിക്ഷേപിച്ചുകൊണ്ട് മോദി നടത്തിയ പ്രസംഗങ്ങള്‍. അറുപത്തൊമ്പത് ശതമാനം പേര്‍ എതിര്‍ത്തിട്ടും വെറും മുപ്പത്തൊന്നു ശതമാനം വോട്ടുകള്‍ കൊണ്ടാണ് മോദി രാജ്യാധികാരം പിടിച്ചതെന്ന വിലപ്പെട്ട ഓര്‍മ ഇനിയും ചില മതേതര പാര്‍ട്ടി നേതാക്കളില്‍ ഉണര്‍ന്നിട്ടില്ല എന്നതാണ് രാജ്യത്തിന്റെ സങ്കടവും കാലവെല്ലുവിളിയും. കര്‍ണാടകയെങ്കിലും അതിന് അപവാദമാകട്ടെ.

SHARE