അപ്പീല്‍ ബഹളം അന്യായമാവരുത്

മണ്ണിലും മനസ്സിലും കലാവൈഭവത്തിന്റെ ഒരായിരം വര്‍ണങ്ങള്‍ ഒരുക്കിയാണ് ഇത്തവണ പൂരങ്ങളുടെ നാടായ തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം സമാപിച്ചത്. നൃത്തത്തിന്റെയും നാട്യകലകളുടെയും സംഗമം കൗമാരപ്രതിഭകളുടെ മാറ്റളക്കുന്ന ഹൃദ്യമായ വേദികള്‍ സഹൃദയലോകത്തിന് മുന്നില്‍ തുറന്നിടുകയായിരുന്നു. ഭരതനാട്യം, കുച്ചുപുഡി തുടങ്ങിയ നൃത്തകലകളും കഥകളി, ഓട്ടന്‍തുള്ളല്‍ തുടങ്ങിയ നൃത്യരൂപങ്ങളും കേരളത്തിന്റെ കണ്ണും കാതും ആകര്‍ഷിച്ചുകൊണ്ട് അഞ്ചുദിനം വേദികളെ സമ്പന്നമാക്കി. തുടര്‍ച്ചയായി പന്ത്രണ്ടാം തവണ സ്വര്‍ണക്കപ്പില്‍ മുത്തമിട്ടതിന്റെ ആഹ്ലാദനിറവിലാണ് കോഴിക്കോട്. 895 പോയന്റ് നേടിയാണ് സാമൂതിരിയുടെ തട്ടകം കിരീടം നിലനിര്‍ത്തിയത്. 893 പോയന്റുമായി പാലക്കാട് രണ്ടാമതെത്തി. മലപ്പുറത്തിന് 875 പോയന്റുമായി മൂന്നാം സ്ഥാനത്ത് നിലയുറപ്പിക്കാന്‍ കഴിഞ്ഞതും നേട്ടം തന്നെ. ആതിഥേയരായ തൃശൂര്‍ കണ്ണൂരിനൊപ്പം നാലാം സ്ഥാനം പങ്കിട്ടു. വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെയാണ് കലോത്സവം കൊടിയിറങ്ങിയത്. മാനുവല്‍ പരിഷ്‌കരണത്തിന്റെ ഫലമായി കാര്യങ്ങള്‍ക്ക് കുറച്ചൊക്കെ വ്യവസ്ഥ ഉണ്ടാക്കാന്‍ സാധിച്ചു. ഇക്കാര്യത്തില്‍ സംഘാടകസമിതിയും അതിന് പിന്നില്‍ അഹോരാത്രം പ്രവര്‍ത്തിച്ച അധ്യാപക സംഘടനകളും അധ്യാപകേതര ജീവനക്കാരുടെ സംഘടനകളും നാട്ടുകാരും ഭരണകര്‍ത്താക്കളും പ്രശംസ അര്‍ഹിക്കുന്നു.

ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്താതിരുന്നത് പോരായ്മയായെന്ന് വിലയിരുത്തപ്പെടുന്നു. പൊതുവെയുള്ള കീഴ് വഴക്കം ഇത്തവണ ഉണ്ടായില്ല. എങ്കിലും കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തൃശൂര്‍ കലാകൗമാരത്തിന്റെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊണ്ടു. നീര്‍മാതളം പൂത്തുലഞ്ഞ ഓര്‍മകളുടെ നിലാവിലേക്ക് കലാസ്വാദകരെ കൂട്ടിക്കൊണ്ടുപോകുന്നതായിരുന്നു അഞ്ചുദിവസത്തെ മേളം.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ചരിത്രം നമ്മുടെ സാംസ്‌കാരിക മണ്ഡലവുമായി ദൃഢമായി ബന്ധപ്പെട്ടു കിടക്കുന്നതാണെന്ന് കാണാം. മറ്റൊരു കലോത്സവത്തിനും ഇത്തരമൊരു പാരമ്പര്യം അവകാശപ്പെടാനില്ല. ഗാനഗന്ധര്‍വന്‍ യേശുദാസും ഭാവഗായകന്‍ പി. ജയചന്ദ്രനും നടന്‍ വിനീതും നടി മഞ്ജുവാരിയരും മറ്റും യുവജനോത്സവത്തിന്റെ അരങ്ങില്‍ നിന്ന് എത്തിയവരാണ്. ആ പാരമ്പര്യത്തിന്റെ കണ്ണികള്‍ ഇപ്പോഴും തുടരുന്നുണ്ട്. കലോത്സവത്തിന്റെ മഹത്വപൂര്‍ണമായ അരങ്ങിലേക്ക് മിഴി നട്ട് ഊണും ഉറക്കവും ഉപേക്ഷിച്ച ജനസഞ്ചയത്തെ തൃശൂരിലും കാണാനായി.

ഇപ്രകാരം ജനം നെഞ്ചേറ്റിയ ഉത്സവം വേറെയില്ലെന്ന് അഭിമാനിക്കുമ്പോഴും കലോത്സവ സംഘാടനത്തിലും മറ്റും ചില അപസ്വരങ്ങള്‍ കേള്‍ക്കുന്നുണ്ട് എന്ന് സമ്മതിക്കാതെ വയ്യ. അനാരോഗ്യകരമായ മത്സരത്തിന്റെ സാന്നിധ്യമാണ് കലോത്സവത്തിന്റെ മഹിമയെ വര്‍ഷങ്ങളായി ആക്രമിക്കുന്ന രോഗാവസ്ഥ എന്നു പറയേണ്ടിവരും. കായിക മത്സരത്തില്‍ ഉത്തേജകമരുന്ന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വരാറുണ്ട്. അതിന് സമാനമായ ചില സാമൂഹികവിരുദ്ധ സമീപനങ്ങള്‍ കലോത്സവത്തിന്റെ അരങ്ങിന് ചുറ്റും സഞ്ചരിക്കുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. അപ്പീല്‍ പ്രളയം എന്ന പിശാചിനെ പിടിച്ചുകെട്ടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കലയില്‍ ജനാധിപത്യം അനുവദിക്കുന്നതിന്റെ ഭാഗമായിട്ടാണത്രെ അപ്പീല്‍ എന്ന സംവിധാനം വന്നത്. ഇന്ന് കലോത്സവത്തിന്റെ സമയക്രമം മുഴുവന്‍ തകിടം മറയ്ക്കുന്ന ഏര്‍പ്പാടായി അത് മാറുകയാണ്. ഓരോ ജില്ലയിലെയും കലോത്സവ വിധിനിര്‍ണയത്തിനെതിരെ ആയിരത്തിലേറെ അപ്പീലുകളാണ് സംസ്ഥാനത്തേക്ക് പ്രവഹിച്ചത്. അപ്പീല്‍ നിയന്ത്രിക്കാന്‍ കര്‍ശന ഉപാധികള്‍ വെച്ചിരുന്നുവെങ്കിലും അവ വേണ്ടത്ര ഫലം ചെയ്തില്ല എന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. അപ്പീല്‍ വഴി ആയിരകണക്കിന് കുട്ടികള്‍ എത്തിയതോടെ മത്സരങ്ങള്‍ പലതും പുലര്‍ച്ചവരെ നീണ്ടു. ഇതിന്റെ കെടുതികള്‍ കുട്ടികളും രക്ഷിതാക്കളും അനുഭവിച്ചു.

സ്‌കൂള്‍ കലോത്സവം മത്സരരൂപത്തിലാവരുത്. കലകള്‍ അവതരിപ്പിക്കുക എന്ന നിലയില്‍ മാത്രമാവണം എന്നൊരു വാദം ഉയര്‍ന്നുവരുന്നുണ്ട്. അനാവശ്യമത്സരങ്ങളും വാക്‌പോരും കയ്യാങ്കളിയും മറ്റും ഇല്ലാതാക്കണം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. വിദ്യാലയങ്ങള്‍ തമ്മിലുള്ള കിടമത്സരം അതിരുവിട്ടതായി മാറുക പതിവാണ്. മത്സരിക്കുമ്പോഴും തൊട്ടടുത്ത കലാകാരിയെ അഥവാ കലാകാരനെ അംഗീകരിക്കാനും ആദരിക്കാനുമുള്ള മാനസിക ഭാവം ഉണ്ടാവണം. മത്സരം പൂര്‍ണമായി ഒഴിവാക്കിയാല്‍ കലോത്സവത്തിന്റെ സ്പിരിറ്റ് കിട്ടി എന്നു വരില്ല. രക്ഷിതാക്കളുടെയും സ്‌കൂള്‍ അധികൃതരുടെയും അമിതമായ ഇടപെടല്‍ ഒഴിവാക്കുകയാണ് വേണ്ടത്.
കലോത്സവത്തിന്റെ പിന്നിലുള്ള അധ്വാനത്തെ നമുക്ക് ചെറുതായി കാണാനാവില്ല. മാസങ്ങള്‍ നീളുന്ന പരിശീലനവും അതിനായി ചെലവഴിക്കുന്ന പണവും ചെറുതല്ല. ആയിരകണക്കിന് നൃത്താധ്യാപകരും മറ്റ് കലാകാരന്മാരും കലോത്സവത്തിന്റെ ഭാഗമായി ഏറെ പണിപ്പെടുന്നവരാണ്. പണക്കൊഴുപ്പിന്റെ മേളയായി കലോത്സവം മാറുന്നു എന്ന ആരോപണത്തിനും ഏറെ പഴക്കമുണ്ട്. അതിലെ വാസ്തവം നാം തിരിച്ചറിയണം. ഹൃദ്യവും ലളിതവുമായ രീതിയില്‍ കലാപ്രകടനം നടത്തുന്ന സംസ്‌കാരം പരീക്ഷിക്കുകയും പരിപോഷിപ്പിക്കുകയും വേണം.

മാന്വല്‍ പരിഷ്‌കരണം കുറച്ചൊക്കെ ഫലം ചെയ്തിട്ടുണ്ട്. ഏഴു ദിവസമായി നടത്തിയിരുന്ന കലോത്സവം അഞ്ചുദിവസമാക്കി ചുരുക്കിയത് ആശ്വാസകരമാണ്. ഘോഷയാത്ര ഒഴിവാക്കിയതും നല്ലത് തന്നെ. എങ്കിലും ചില പ്രശ്‌നങ്ങള്‍ അവശേഷിക്കുന്നു. വ്യാജ അപ്പീലുകളാണ് ഏറ്റവും വലിയ വില്ലനായി മാറിയത്. ബാലാവകാശ കമ്മീഷന്റെ പേരിലാണ് അപ്പീല്‍ എത്തിയത്. എന്നാല്‍ 2015ല്‍ കമ്മീഷന്റെ ഓഫീസില്‍ നിന്ന് മോഷണം പോയ സീല്‍ ഉപയോഗിച്ച് വ്യാജരേഖയുണ്ടാക്കിയെന്നാണ് വ്യക്തമായത്. നൃത്താധ്യാപകരും കലോത്സവത്തില്‍ ബന്ധപ്പെട്ടുവരുന്ന മറ്റു പലരും ഇതിന്റെ പിന്നിലുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. രണ്ടു പേര്‍ അറസ്റ്റിലായി. വേലി തന്നെ വിള തിന്നുന്ന ഗുരുതരമായ പ്രശ്‌നമാണിത്. 2019ല്‍ ആലപ്പുഴയില്‍ കലോത്സവം അരങ്ങേറുമ്പോള്‍ ഇത്തരം വ്യാജ അപ്പീലുകാരെ പുറത്തുനിര്‍ത്താന്‍ ജാഗ്രതയുണ്ടാവണം. പണക്കൊഴുപ്പിന്റെ ധാരാളിത്തത്തിനും തടയിടണം. നൈസര്‍ഗികമായ കലയുടെ നൂപുരധ്വനികള്‍ മുഴങ്ങുന്നതാകട്ടെ അടുത്ത കലോത്സവ വേദി

SHARE