പ്രധാനമന്ത്രിയുടെ ഫലസ്തീന്‍ സന്ദര്‍ശനം

ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം ഫലസ്തീനിലെത്തിയ നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് ആരാജ്യം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ വന്‍ വാര്‍ത്താ പ്രാധാന്യമാണ് ലഭിച്ചത്. സ്വതന്ത്ര രാഷ്ട്രം എന്ന ഫലസ്തീനികളുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ കൂടെയുണ്ടാകുമെന്ന് റാമല്ലയില്‍ നിന്ന് അദ്ദേഹം നടത്തിയ പ്രഖ്യാപനം പ്രതീക്ഷയോടെയാണ് ലോകം ശ്രവിച്ചത്. പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മോദിയുടെ പ്രഖ്യാപനമുണ്ടായത്. വിദേശികള്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയായ ഗ്രാന്റ് കൊലാര്‍ ഓഫ് ദ സ്റ്റേറ്റ് ഓഫ് ഫലസ്തീന്‍ പുരസ്‌കാരം നല്‍കിയാണ് ആ രാഷ്ട്രം ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചത്.

എന്നാല്‍ ജറുസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ശേഷം നടത്തുന്ന സന്ദര്‍ശനത്തില്‍ ആ വിഷയത്തില്‍ നരേന്ദ്രമോദി നടത്തുന്ന പ്രഖ്യാപനത്തിന് വേണ്ടിയായിരുന്നു ലോകം കാതോര്‍ത്തിരുന്നത്. എന്നാല്‍ തന്ത്രപ്രധാനമായി വിഷയത്തില്‍ മൗനം പാലിച്ച മോദിയുടെ സമീപനം നിരാശപ്പെടുത്തുന്നതും അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന്റെ തന്നെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്നതുമായിരിക്കുകയാണ്. ജറുസലേം തലസ്ഥാനമായ ഒരു സ്വതന്ത്ര രാജ്യം എന്നതാണ് ഫലസ്തീനികളുടെ സ്വപ്നം. ഫലസ്തീന്‍ ജനതക്ക് എക്കാലവും പിന്തുണ നല്‍കുകയും അവരുടെ വേദനകളില്‍ പങ്കാളികളാകുകയും ചെയ്ത മഹത്തായ പാരമ്പര്യം പേറുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ യ.എസിന്റെ ഏകപക്ഷീയമായ പ്രസ്താവനക്കെതിരായ പരാമര്‍ശം ആ രാജ്യം സ്വാഭാവികമായും പ്രതീക്ഷിച്ചതാണ്.

ഇവിടെയാണ് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പുലര്‍ത്തിപ്പോരുന്ന ഫലസ്തീന്‍ വിഷയത്തിലുള്ള ഇരട്ടത്താപ്പ് പ്രകടമാവുന്നത്. ഫലസതീനുമായി ഉപരിപ്ലവമായ കാര്യങ്ങളില്‍ മാത്രം പിന്തുണയും സഹകരണവും പ്രഖ്യാപിക്കുകയും ഇസ്രാഈലുമായും അമേരിക്കയുമായും അതിശക്തമായ നയതന്ത്ര ബന്ധം നിലനിര്‍ത്തിപ്പോരുകയും ചെയ്യുന്ന വഞ്ചനാപരമായ സമീപനമാണ് ബി.ജെ.പി ഇന്ത്യഭരിച്ചപ്പോഴെല്ലാം സ്വീകരിച്ചിട്ടുള്ളത്. നരേന്ദ്രമോദി ഫലസ്തീന്‍ മാത്രമല്ല ഇസ്രാഈലും സന്ദര്‍ശിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ്. മാത്രമല്ല കോണ്‍ഗ്രസ് ഗവണ്‍മെന്റുകളുടെ കാലത്ത് ഇസ്രാഈലുമായി ആയുധ ബന്ധങ്ങളുണ്ടായിരുന്നെങ്കിലും അത് ഒരു ചങ്ങാത്തത്തിലേക്ക് വളര്‍ന്നത് വാജ്‌പേയി ഗവണ്‍മെന്റിന്റെ കാലത്താണ്. ഒരു മുതിര്‍ന്ന കേന്ദ്രമന്ത്രി ഇസ്രാഈല്‍ സന്ദര്‍ശിച്ചതും ആ കാലയളവിലാണ്. 2000 ല്‍ എല്‍.കെ അദ്വാനിയായിരുന്നു ആ ദൗത്യം നിര്‍വഹിച്ചത്. അതിന്റെ തുടര്‍ച്ചയെന്നോണം വാജ്‌പേയി ഗവണ്‍മെന്റിന്റെ കാലത്ത് തന്നെ ഇസ്രാഈല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ ഇന്ത്യ സന്ദര്‍ശിക്കുകയും ആയുധക്കച്ചവട രംഗത്തും നയതന്ത്ര രംഗത്തും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുദൃഢമാക്കുകയും ചെയ്തു.

നരേന്ദ്രമോദി അധികാരത്തിലെത്തിയതോടെ ഇസ്രാഈല്‍ ബന്ധം അരക്കിട്ടുറപ്പിക്കാനണ് അദ്ദേഹം ശ്രമിച്ചത്. കഴിഞ്ഞ വര്‍ഷം ഇസ്രാഈല്‍ സന്ദര്‍ശിച്ച അദ്ദേഹം ആരാജ്യവുമായി നിരവധി കരാറുകളില്‍ ഒപ്പുവെക്കുകയും നേതന്യാഹുവുമായുള്ള ബന്ധം ഊഷ്മളമാക്കുകയും ചെയ്തു. ഇസ്രാഈല്‍ സന്ദര്‍ശന വേളയില്‍ ഫലസ്തീനെ അദ്ദേഹം ഒഴിവാക്കിയതും തന്റെ നിലപാട് വ്യക്തമാക്കുന്ന നടപടിയായാണ് വ്യാഖ്യാനിക്കപ്പെട്ടത്. ഇസ്രാഈല്‍ സന്ദര്‍ശിക്കുന്ന ലോക നേതാക്കളെല്ലാം ഫലസ്തീന്‍ സന്ദര്‍ശനവും അതിന്റെ ഭാഗമാക്കാറുണ്ട്. ട്രംപ് പോലും ഈ കീഴ്‌വയക്കം തെറ്റിച്ചിട്ടില്ലെന്നിരിക്കെയാണ് മോദിയുടെ ഇസ്രാഈലിനോടുള്ള വിധേയത്വം കാരണം വ്യത്യസ്ത സമീപനം സ്വീകരിച്ചിരിക്കുന്നത്. ഫലസ്തീന്‍ സന്ദര്‍ശനം ഇസ്രാഈല്‍ സ്പര്‍ശിക്കാതെ ജോര്‍ദാന്‍ വഴിയാക്കിയതും ഇസ്രാഈലിനെ വിഷമിപ്പിക്കാതിരിക്കാനാണ്. ജോര്‍ദാന്‍ തലസ്ഥനമായ അമ്മാനില്‍ നിന്ന് പ്രത്യേക ഹെലികോപ്റ്റര്‍ വഴിയാണ് അദ്ദേഹം രാമല്ലയിലെത്തിയത്. ഇന്ത്യക്കും ഫലസ്തീനുമിടയിലുള്ള അകലം കുറയ്ക്കാനാണ് ഇസ്രാഈല്‍ പോസ്റ്റുകള്‍ മുറിച്ചുകടക്കാതെ ജോര്‍ദാന്‍ വഴി റാമല്ലയിലെത്തിയതെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണമെങ്കിലും മോദിയുടെ മനസിലിരുപ്പ് നെതന്യാഹുവിന്റെ സംപ്തൃപ്തി മാത്രമാണ്.

ചുരുക്കത്തില്‍ ഫലസ്തീന്‍ രാഷ്ട്രത്തിന്റെ പരമാധികാരത്തിനും അവിടുത്തെ ജനങ്ങളുടെ വികാരങ്ങള്‍ക്കൊപ്പവുമാണ് ഇന്ത്യ എക്കാലവും നിലകൊണ്ടത്. നെഹ്‌റുവിന്റെ കാലത്തും ഇന്ദിരാഗാന്ധിയുടെ കാലത്തുമല്ലാം ശക്തമായ പിന്തുണയാണ് ഇന്ത്യ ഫലസ്തീന് നല്‍കിയിട്ടുള്ളത്. ഫലസ്തീന്‍ രാഷ്ട്രം നിലവില്‍ വന്നയുടന്‍ ആ രാജ്യത്തെ അംഗീകരിക്കുകയും ഇസ്രാഈലിന്റെ ക്രൂര കൃത്യങ്ങള്‍ക്കെതിരെ പൊരുതിയ യാസര്‍ അറഫാത്തിന്റെ പി.എല്‍.ഒക്ക് രാജ്യത്ത് ആസ്ഥാനം ഒരുക്കിക്കൊടുക്കുകയും ചെയ്ത പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. രണ്ടു യു.പി.എ ഗവണ്‍മെന്റുകളുടെ കാലത്തും ഈ ബന്ധം ഊഷ്മളമായി തന്നെയാണ് മുന്നേറിയത്. ഈ കാലയളവില്‍ ഇ. അഹമ്മദിലൂടെയായിരുന്നു രാജ്യം ഫലസ്തീനിനെ ചേര്‍ത്തു പിടിച്ചത്. കൃത്യമായ ഇടപെടലിലൂടെ അഹമ്മദ് ആ രാജ്യത്തിന്റെ പ്രിയപ്പെട്ടവരായിത്തീര്‍ന്നു. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ ഊഷ്മള ബന്ധത്തിന്റെ ശക്തമായ പാലമയി അദ്ദേഹം വര്‍ത്തിച്ചു. ഒരു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ആവശ്യമില്ലാത്ത വിധം അദ്ദേഹം കാര്യങ്ങളെല്ലാം തന്റെ സ്വത സിദ്ധമായ നയതന്ത്ര മികവോടെ കൈകാര്യം ചെയ്തു. ഫലസ്തീന്‍ വിഷയത്തിലെ അഹമ്മദിന്റെ കുറ്റമറ്റ രീതിയിലുള്ള ഇടപെടല്‍ മൂലം പ്രധാനമന്ത്രിതല സന്ദര്‍ശനം പോലും അപ്രസക്തമാവുകയായിരുന്നു. അത്‌കൊണ്ട് മാത്രമാണ് ഫലസ്തീന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന ഖ്യാതി നരേന്ദ്ര മോദിക്ക് ലഭിച്ചത്.

മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ചപ്പോള്‍ എനിക്കെന്റെ സഹോദരിയെ നഷ്ടപ്പെട്ടു എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് ഇന്ത്യയില്‍ പറന്നെത്തിയ യാസര്‍ അറഫാത്തും ഇ. അഹമ്മദിന്റെ വിയോഗത്തില്‍ മലയാളികളെ പോലെ വേദനിക്കുന്ന ഫല്‌സതീന്‍ നേതൃത്വവുമെല്ലാം നമ്മുടെ രാജ്യത്തിന് ഫലസ്തീനുമായുള്ള ആത്മാര്‍ത്ഥ ബന്ധത്തിന്റെ നിദര്‍ശനങ്ങളാണ്. എന്നാല്‍ ബി.ജെ.പി സര്‍ക്കാറും നരേന്ദ്ര മോദിയും ഈ പാരമ്പര്യത്തിന്റെ കടക്കല്‍ കത്തിവെച്ചുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര സമീപനങ്ങളിലെ സകല പാരമ്പര്യങ്ങളും കളഞ്ഞുകുളിച്ച് ലോകത്തിന്റെ മുന്‍പില്‍ ഇന്ത്യയെ ചെറുതാക്കിക്കൊണ്ടിരിക്കുന്ന മോദി സര്‍ക്കാര്‍ ഇസ്രാഈല്‍ അമേരിക്കന്‍ അച്ചുതണ്ടിന്റെ കുയലൂത്തുകാരായി മാറുകയാണ്. ജറുസലേം തലസ്ഥാനമായുള്ള സ്വതന്ത്ര ഫലസ്തീന്‍ എന്നത് ഒരു ജനതയുടെ പതിറ്റാണ്ടുകളുടെ പഴക്കമുള്ള സ്വപ്നമാണ്. ആ സ്വപ്നത്തിന്റെ മുകളിലാണ്് ലോക പൊലീസ് ചമയുന്ന അമേരിക്കയുടെ പ്രസിഡന്റ് മണ്ണുവാരിയിട്ടിരിക്കുന്നത്. സ്വപ്നം തകര്‍ന്നുപോയ, നിരാശയുടെ പുകപടലങ്ങളാല്‍ വലയം ചെയ്യപ്പെട്ട ഒരു ജനത അതിജീവനത്തിനു വേണ്ടി പ്രതീക്ഷയോടെ കാതോര്‍ക്കുമ്പോള്‍ വഞ്ചനാപരമായ സമീപനം സ്വീകരിക്കുന്നത് ഒരു ഭരണാധികാരിക്കും ഭൂഷണമല്ല.

ഫലസ്തീന്‍ ജനത ഇപ്പോള്‍ ആഗ്രഹിക്കുന്നത് ജറുസലേമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച ട്രംപിന്റെ ധിക്കാരപരമായ സമീപനത്തിന് ഒരു തിരുത്താണ്. അത് ആ രാജ്യം പ്രതീക്ഷിക്കുന്നത് ഇന്ത്യയെ പോലെ തങ്ങളുടെ ചിരകാല സുഹൃത്തുക്കളില്‍ നിന്നാണ്. രാജ്യം ഇക്കാലമത്രയും പുലര്‍ത്തിപ്പോന്ന അന്തര്‍ദേശീയ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് ധീരമായി നിലപാട് പ്രഖ്യാപിക്കുയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫലസ്തീന്‍ സന്ദര്‍ശനത്തില്‍ ചെയ്യേണ്ടിയിരുന്നത്. അതിന് പകരം കേവല സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് തന്ത്രപരമായി രക്ഷപ്പെടുന്ന സമീപനം രാജ്യത്തിന്റെ പാരമ്പര്യത്തിന് ചേര്‍ന്നതല്ല.

SHARE