ഗോഡ്‌സെക്ക്് പാദുകം ജിന്നക്ക് പാഷാണം

നളന്ദയെയും തക്ഷശിലയെയും പോലെ ഇന്ത്യാചരിത്രത്തിന്റെ നവോത്ഥാന വഴിയിലെ അവിസ്മരണീയമായ അധ്യായങ്ങളിലൊന്നാണ് ഉത്തര്‍പ്രദേശില്‍ സ്ഥിതിചെയ്യുന്ന അലിഗഡ് മുസ്‌ലിം സര്‍വകലാശാല. രാജ്യം കണ്ട നവോത്ഥാന നായകനും വിദ്യാഭ്യാസ വിചക്ഷണനും പുരോഗമനേച്ഛുവുമായ സര്‍ സയ്യിദ് അഹമ്മദ്ഖാന്റെ ധിഷണാഭാവനയില്‍ വിരിഞ്ഞ ഈ അക്ഷര വൃക്ഷത്തിന്റെ അടിവേരറുക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടം. ബ്രിട്ടീഷുകാര്‍ക്കെതിരെ ശബ്ദിച്ചതിന് ഇന്ത്യയിലെ മൂന്നിലൊന്നോളം മുസ്‌ലിം ജനത ഉപയോഗിച്ചുവന്നിരുന്ന ഉര്‍ദു ഭാഷയെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും കോടതികളില്‍ നിന്നും തുടച്ചുനീക്കാനുള്ള ബ്രിട്ടീഷ് തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് മുസ്‌ലിംകളുടെ ഇടയില്‍ ഇംഗ്ലീഷ് ഭാഷാസ്വാധീനം ഉണ്ടാക്കുന്നതിന് ഉദ്ദേശിച്ചുകൊണ്ട് സര്‍ സയ്യിദ് 1877ല്‍ മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളജിന് തുടക്കം കുറിക്കുന്നത്. ലോക പ്രശസ്തമായ ബ്രിട്ടനിലെ ഓക്‌സ്‌ഫോഡ്, കേംബ്രിജ് സര്‍വകലാശാലകളുടെ മാതൃക പിന്‍പറ്റിയാണ് ഇന്നു കാണുന്ന അലിഗഡ് മുസ്‌ലിം സര്‍വകലാശാല എന്ന കൂറ്റന്‍ വിദ്യാവടവൃക്ഷത്തിന് വിത്തുപാകിയത്. എന്നാല്‍ സംഘ്പരിവാര്‍ പ്രഭൃതികള്‍ അതിന്റെ കാട്ടാള നൃത്തം അരങ്ങേറ്റുകയാണ് ഇപ്പോള്‍ അലിഗഡിന്റെ വിശുദ്ധ മണ്ണിലും. ഈ മഹത് സ്ഥാപനത്തിന്റെ ന്യൂനപക്ഷ പദവി എടുത്തുകളയുന്നതിനുള്ള ശ്രമത്തിലാണ് കേന്ദ്രത്തിലെ ബി. ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ സര്‍ക്കാര്‍. അതിന് സാങ്കേതികവും നിയമപരവും സര്‍ഗാത്മകവുമായ തടസ്സങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കവെ, സ്ഥാപനത്തിന്റെ പ്രതിച്ഛായ തകര്‍ക്കുക എന്നതായിരിക്കുന്നു പുതിയ ഉന്നം. അത്തരത്തിലൊന്നാണ് കഴിഞ്ഞ ദിവസം അലിഗഡിലുണ്ടായ വേദനാനിര്‍ഭരമായ സംഭവവികാസം.
സ്വാതന്ത്ര്യസമര രംഗത്തെ മുന്നണിപ്പോരാളിയും സര്‍വേന്ത്യാമുസ്‌ലിംലീഗ് നേതാവുമായ മുഹമ്മദലി ജിന്ന 1934ല്‍ അലിഗഡ് സര്‍വകലാശാലയുടെ ആജീവനാന്ത അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. സര്‍ സയ്യിദിനെപോലെ തന്നെ വിദ്യാഭ്യാസ-രാഷ്ട്ര സംബന്ധിയായ കാര്യങ്ങളില്‍ ഇന്ത്യക്കാരുടെയും വിശിഷ്യാ മുസ്‌ലിംകളുടെയും പ്രതീക്ഷാസ്തംഭമായിരുന്നു പിന്നീട് പാക്കിസ്താന്റെ രാഷ്ട്രപിതാവായ മുഹമ്മദലി ജിന്ന. ഈ സരണിയിലെ രാജ്യത്തെ വിദ്യയുടെ പ്രതിഫലനമായിരുന്നു മൗലാനാഅബ്ദുല്‍കലാം ആസാദ്. മാലാനായുടെയും രാഷ്ട്രപതി, പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍നെഹ്‌റു എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പം ജിന്നയുടെയും ചിത്രം അലിഗഡ് മുസ്‌ലിം സര്‍വകലാശാലാ കാമ്പസില്‍ സ്ഥാപിക്കപ്പെട്ടതില്‍ അന്നുമുതല്‍ ഇക്കഴിഞ്ഞ ദിവസം വരെ കാര്യമായൊരു പ്രതിഷേധവും രാജ്യത്തെവിടെനിന്നും ഉയര്‍ന്നുവന്നിരുന്നില്ല. മുന്‍ എം.പി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മറ്റുചില ബി.ജെ.പി എം.പിമാര്‍ തുടങ്ങിയവര്‍ ജിന്നയുടെ ചിത്രം അലിഗഡ് സര്‍വകാലാശാലയില്‍ നിന്ന് മാറ്റണമെന്ന് വാദമുന്നയിച്ചിരുന്നു. അതൊന്നും മുഖ്യധാരാ സമൂഹത്തെയോ അക്കാദമിക തലത്തിലുള്ള സവ്യസാചികളെയോ ബാധിച്ച വിഷയവുമായില്ല.
എന്നാല്‍ മെയ് രണ്ടിന് ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എ.ബി.വി.പിയുടെ ഏതാനും പ്രവര്‍ത്തകര്‍ ജിന്നയുടെ ചിത്രം സ്ഥാപിച്ചിരിക്കുന്ന ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത് പ്രകോപനം ഉണ്ടാക്കാനും അതില്‍നിന്ന് വരുംകാലത്തേക്കുള്ള രാഷ്ട്രീയ മാംസത്തുണ്ടം കിട്ടുമോ എന്ന് നോക്കാനുമായിരുന്നു. സ്വാഭാവികമായും എ.ബി.വി.പിയുടെയും ബി.ജെ.പിയുടെയും കുബുദ്ധിയറിയാവുന്ന വിദ്യാര്‍ത്ഥികളും അക്കാദമിക സമൂഹവും സര്‍വകലാശാലക്കുള്ളില്‍ എതിര്‍പ്രതിഷേധം ഉയര്‍ത്തി. വെള്ളിയാഴ്ചയാണെന്നും മുസ്‌ലിംകള്‍ക്ക് പുണ്യമായ ജുമുഅ നമസ്‌കാരം നടക്കേണ്ട ദിവസമാണെന്നുമൊക്കെ അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു വര്‍ഗീയക്കോമരങ്ങളുടെ വിദ്യാക്ഷേത്രത്തിലേക്കുള്ള ഉറഞ്ഞുതുള്ളല്‍. സ്വാഭാവികമായും കാമ്പസിനുള്ളിലെ പള്ളികളിലെ ജുമുഅ തടയുകയും പകരം വിദ്യാര്‍ത്ഥികളടക്കമുള്ള നിരവധി പേര്‍ക്ക് പുറത്ത് പാതയിലും മറ്റും ജുമുഅ നമസ്‌കാരം നിര്‍വഹിക്കേണ്ടിയും വന്നു. നൂറ്റമ്പതോളം മലയാളികളടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാക്കാലമാണിത്. അത് രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചിരിക്കുന്നു. സംഘര്‍ഷാവസ്ഥ പടരാതിരിക്കാനെന്നു പറഞ്ഞ് കാമ്പസിലെയും നഗരത്തിലെയും ഇന്റര്‍നെറ്റ് സംവിധാനം നിര്‍ത്തലാക്കി. പ്രദേശത്ത് നിരോധനാജ്ഞയും ഏര്‍പെടുത്തി. ഇത്രയും വലിയൊരു സര്‍വകലാശാലയില്‍ നിരോധനാജ്ഞയും ഇന്റര്‍നെറ്റ്‌സേവനം നിഷേധിക്കലും ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍ ഇവിടെ പഠിക്കുന്ന കുട്ടികളുടെ അവസരങ്ങളെ ബാധിക്കുമെന്ന് തിരിച്ചറിഞ്ഞുതന്നെയായിരിക്കണം അവരിത് ചെയ്തത്. പൊലീസും പട്ടാളവുമൊന്നും കയറാതെ വിദ്യാലയാന്തരീക്ഷം ശാന്തമായൊഴുകുന്ന പുഴ പോലെയാകണമെന്ന കാഴ്ചപ്പാടിന് വിരുദ്ധമായ നടപടികളാണ് യോഗി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. മോദിയേക്കാള്‍ ന്യൂനപക്ഷ വിരുദ്ധത കാട്ടാന്‍ തിടുക്കപ്പെട്ടിരിക്കുന്ന ഹിന്ദുത്വ വര്‍ഗീയവാദികളെ ഇതും തൃപ്തിപ്പെടുത്തിയിരിക്കണം. വിദ്യാര്‍ത്ഥി യൂണിയന്‍ ഓഫീസിലെ ജിന്നയുടെ ചിത്രം എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എം.പി സതീഷ് ഗൗതം അലിഗഡ് സര്‍വകലാശാലാ വി.സിക്ക് എഴുതിയ കത്താണ് പ്രശ്‌നത്തിന് തുടക്കമിട്ടത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപീകരിച്ച ഹിന്ദു യുവ വാഹിനിയുടെ പ്രവര്‍ത്തകരായ അമിത് ഗോസ്വാമി, യോഗേഷ് വാഷ്‌നി എന്നിവര്‍ സാമൂഹിക മാധ്യമത്തിലൂടെ പ്രചരിപ്പിച്ച സന്ദേശമാണ് സംഘര്‍ഷത്തിന് കാരണം. ഇവരെ യോഗിയുടെ പൊലീസ് ഞായറാഴ്ച അറസ്റ്റ്‌ചെയ്തു.
ഇനി ജിന്നയുടെ പടമാണ് പ്രശ്‌നമെന്നിരിക്കട്ടെ. അത് അവിടെ സ്ഥാപിച്ചുതന്നെ ക്ലാസുകള്‍ മുന്നോട്ടുപോകണമെന്നൊന്നും ആരും ആവശ്യപ്പെടുന്നില്ല. അവിടെ ഇരുന്നതുകൊണ്ട് വിശേഷിച്ചെന്തെങ്കിലും കുറവ് വരാനും പോകുന്നില്ല. രാജ്യം നൂറ്റാണ്ടുകള്‍ ഭരിച്ച ബ്രിട്ടീഷ് ഭരണാധികാരികളുടെ പേരുകളാണ് പാലക്കാട് ഗവ. വിക്ടോറിയ കോളജിനും തലശ്ശേരി ബ്രണ്ണനും ഒക്കെ ഇന്നും നാം പേറി നടക്കുന്നതെങ്കില്‍ രാജ്യ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ഒരു നേതാവിന്റെ ചിത്രം അദ്ദേഹം അംഗമായ സ്ഥാപനത്തിന്റെ ഒരു മൂലയില്‍ ഇരിക്കുന്നതുകൊണ്ടെന്തിനാണ് തീവ്ര ദേശീയവാദികള്‍ക്ക് ചൊറിച്ചിലുണ്ടാകുന്നത്. മുംബൈയിലെ വിക്ടോറിയ ടെര്‍മിനല്‍ റെയില്‍വെ സ്‌റ്റേഷന്‍ ഛത്രപതി ശിവജിയാക്കി. ദലിതുകളുടെ നേതാവ് അംബേദ്കറുടെ പേര് യു.പി സര്‍ക്കാര്‍ രേഖകളില്‍ മാറ്റിയതെന്തിനായിരുന്നു? ബോംബെ ഹൈക്കോടതി മ്യൂസിയത്തിലടക്കം ജിന്നയുടെ ചിത്രമുണ്ട്. ഗാന്ധിജിയെ വധിച്ച ഗോഡ്‌സെയുടെ ക്ഷേത്രം പണിയുന്നവര്‍ക്ക് ചരിത്രത്തിലും ബഹുസ്വരതയിലും ലവലേശം താല്‍പര്യമുണ്ടാകാന്‍ വഴിയില്ലല്ലോ.

SHARE